ആരാധികേ... മഞ്ഞുതിരും വഴിയരികേ.. അടുത്ത കാലത്തിറങ്ങിയ ഈ ഫേവറിറ്റ് മെലഡിയ്ക്ക് ഭരതനാട്യം ചുവടുകള്‍ വന്നാലോ? ആസ്വാദക മനസുകളെ പ്രണയത്തിന്റെ മാസ്മരികതയിലേക്ക് തള്ളിവിട്ട വരികള്‍ക്ക് അനുസൃതമായ ഭരതനാട്യം ചുവടുകളുമായി രംഗത്ത് വന്നത് പ്രസിദ്ധ നര്‍ത്തകി ശാരദാ തമ്പിയായിരുന്നു.ആരാധികേ ആലപിക്കാന്‍ പിന്നണി ഗായികയായ ലക്ഷ്മി രംഗനും ഗായിക ആനും എത്തുകയും ചെയ്തു. ശാരദ തമ്പിയും ലക്ഷ്മി രംഗനും ചേര്‍ന്ന് തിരുവനന്തപുരം കവടിയാറില്‍ നടത്തുന്ന കലാംഗന്‍ സംഗീതനൃത്ത വിദ്യാലയത്തിന്റെ ക്രിസ്മസ് ആഘോഷവേളയിലാണ് ഈ ഗാനത്തിന് ഭരതനാട്യത്തിന്റെ ക്ലാസിക്കല്‍ രീതിയിലുള്ള രംഗഭാഷ്യം ശാരദ തമ്പിനല്‍കിയത്.
പൊടുന്നനെ ചിട്ടപ്പെടുത്തിയ ചുവടുകള്‍ക്ക് അനുസൃതമായി ശാരദ തമ്പി പകര്‍ന്നാടിയപ്പോള്‍ അത് പ്രണയത്തിന്റെ വേറിട്ട ഭാഷ്യമായി മാറുകയും ചെയ്തു. ആസ്വാദക ഹൃദയങ്ങളെ പിടിച്ചു കുലുക്കിയ ഈ ചുവടുകള്‍ ഏറെ വൈകാതെ സോഷ്യല്‍ മീഡിയകളിലും വൈറല്‍ ആയി മാറി. താന്‍ ആലപിച്ച ഈ ഗാനത്തിന്റെ രംഗഭാഷ്യം കണ്ടപ്പോള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി ഗാനം ആലപിച്ച സൂരജ് സന്തോഷ് എത്തുകയും ചെയ്തു. ഈ അടുത്ത കാലത്ത് തന്നെ ഇത്രയും സ്വാധീനിച്ച ഗാനം ഉണ്ടായിട്ടില്ലെന്നാണ് സൂരജ് സന്തോഷിനു ശാരദ തമ്പി മറുപടി നല്‍കിയത്. ഇതിന്റെ ക്രെഡിറ്റ് വരികള്‍ക്ക് സംഗീതം നല്‍കിയ വിഷ്ണു വിജയിക്ക് തന്നെയാണെന്ന് സൂരജ് സന്തോഷ് മറുപടിയും നല്‍കുന്നു.