പ്രിയപ്പെട്ടവര്‍ക്കാര്‍ക്കെങ്കിലും സുഖമില്ലെന്നോ വയ്യാതായെന്നോ അറിഞ്ഞാല്‍ ഓടിയെത്തി കാണുകയും അതിനു പറ്റിയില്ലെങ്കില്‍ നിരന്തരം ഫോണ്‍ ചെയ്ത് അന്വേഷിക്കുകയും പ്രിയപ്പെട്ടവരെ അവര്‍ക്കരികിലേക്ക് അയക്കുകയും ചെയ്യുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ. പി ജയചന്ദ്രന്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞ് മോഹന്‍ലാല്‍ വിദേശത്തെ ഷൂട്ടിംഗ് തിരക്കിനിടയില്‍ നിന്നും ഫോണ്‍ ചെയ്ത് അന്വേഷിക്കുന്നതിന്റെ വീഡിയോ ഗായകന്റെ മരണശേഷം പ്രിയപ്പെട്ടവര്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ, തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനും സഹപ്രവര്‍ത്തകനും സംവിധായകനുമൊക്കെയായ ഷാഫിയെ കാണുവാന്‍ മമ്മൂക്ക ആശുപത്രിയിലെത്തിയതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മമ്മൂട്ടിയുടെ കരിയറില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ നല്‍കിയ സംവിധായകനാണ് ഷാഫി. ഷാഫിയുടെ വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് സിനിമകളും വലിയ ബോക്സ് ഓഫീസ് ഹിറ്റുമായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ഷാഫി. തുടര്‍ന്നാണ് ഇന്നലെ ഷാഫിയെ കാണാന്‍ മമ്മൂക്ക എത്തിയത്. നിര്‍മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി ഷാഫിയെ സന്ദര്‍ശിക്കാന്‍ എത്തിയത്.
അതേ സമയം ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാഫി വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. വിദഗ്ധ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു. കുറച്ചു കാലമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. ജനുവരി 16നാണ് സംവിധായകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സിനിമാപ്രവര്‍ത്തകരും ആശുപത്രിയില്‍ ഉണ്ട്.
സംവിധായകന്‍ റാഫിയുടെ അനുജനും അന്തരിച്ച സംവിധായകന്‍ സിദ്ദിഖ് ഷാഫിയുടെ അമ്മാവനുമാണ്. 90കളുടെ പകുതിയില്‍ ആദ്യത്തെ കണ്‍മണി എന്ന ചിത്ത്രില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഷാഫി സംവിധാന രംഗത്തേക്ക് എത്തിയത്. വണ്‍ മാന്‍ ഷോ, സൂപ്പര്‍മാന്‍, ദി കാര്‍, ഫ്രണ്ട്സ്, തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, പുലിവാല്‍കല്യാണം, ചോക്ലേറ്റ്, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, ടു കണ്‍ട്രീസ് തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധായകനായും സഹസംവിധായകനായും ഷാഫി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മമ്മൂക്കയെ കൂടാതെ എം.വി. ഗോവിന്ദന്‍ അടക്കമുള്ള പ്രമുഖരും ആശുപത്രിയിലെത്തി ഷാഫിയെ സന്ദര്‍ശിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ആശുപത്രിയിലുണ്ട്. ഷാഫിക്ക് ലഭ്യമായ എല്ലാ ചികിത്സകളും നല്‍കുമെന്ന് ബി. ഉണ്ണികൃഷ്ണന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഷാഫി മസ്തിഷ്‌ക രക്തസ്രാവത്തിനുള്ള ചികിത്സയിലാണെന്നും രോഗം ഉടന്‍ ഭേദമാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.