എല്ലാം തികഞ്ഞവര്‍ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അടിയും പിടിയും പതിവാണ്. ഭാര്യയിലോ ഭര്‍ത്താവിലോ എന്തെങ്കിലും ചെറിയൊരു മാറ്റം വന്നാല്‍ പോലും അതുള്‍ക്കൊളളാന്‍ കഴിയാത്തവര്‍ നിരവധിയുണ്ട്. എന്നാല്‍ സ്വന്തം കുറവുകളും ബുദ്ധിമുട്ടുകളും പരസ്പരം മനസിലാക്കുകയും അതുള്‍ക്കൊണ്ട് ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ? അവരുടെ ജീവിതമായിരിക്കും ഏറ്റവും മനോഹരം. തങ്ങള്‍ക്കിടയിലേക്ക് വരുന്ന എല്ലാ കുഞ്ഞു നിമിഷങ്ങളും ആസ്വാദ്യകരമാക്കുന്ന അവര്‍ക്ക് ഇതുപോലെ എന്നും സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കണേ എന്നു മാത്രമായിരിക്കും പ്രാര്‍ത്ഥിക്കാനുള്ളത്. അങ്ങനെ രണ്ടു പേരാണ് സിത്താരയും അമലും.
പൊക്കക്കുറവിന്റെ പേരില്‍ പലയിടങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും അവഗണന നേരിടുകയും ചെയ്ത ഇവര്‍ക്കിടയിലേക്ക് പ്രണയം എത്തിയപ്പോള്‍ അമല്‍ കാണിച്ച ധൈര്യവും മനോബലവുമാണ് ഇവരെ ഇന്ന് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയാണ് സിത്താര. അമല്‍ കോഴിക്കോട് കൊയിലാണ്ടിക്കാരനും. പൊക്കം കുറഞ്ഞവരുടെ ഒരു വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് സിത്താരയും അമലയും പരിചയപ്പെടുന്നത്. അങ്ങനെയാണ് ആ ഗ്രൂപ്പിന്റെ ഓണപ്പരിപാടി തീരുമാനിച്ചത്. അതിന്റെ കോര്‍ഡിനേറ്റര്‍ ആയിരുന്നു അമല്‍. എല്ലാവരോടും അവതരിപ്പിക്കുവാന്‍ താല്‍പര്യപ്പെടുന്ന പരിപാടികള്‍ വാട്സ്പ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
പിറ്റേദിവസം അമലിനെ തേടിയെത്തിയത് സിത്താരയുടെ ഒരുപാട്ട് ആയിരുന്നു. തൊട്ടടുത്ത ദിവസം പാട്ട് പാടുന്ന വീഡിയോയും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രാത്രി 12 മണി കഴിഞ്ഞപ്പോള്‍ അമലിന്റെ ഫോണിലേക്ക് എത്തിയത് ഐ ലവ് യൂ എന്ന സിത്താരയുടെ മെസേജും. പിന്നാലെ വീഡിയോ കോള്‍ വിളിച്ചെങ്കിലും അമല്‍ ഫോണ്‍ എടുത്തില്ല. പിറ്റേദിവസം അമല്‍ ചെയ്തത് ട്രസ്റ്റിന്റെ സെക്രട്ടറിയോട് ഇക്കാര്യം നേരിട്ട് പറയുകയായിരുന്നു. തുടര്‍ന്ന് അവര്‍ തന്നെ നേരിട്ട് സിത്താരയെ വിളിക്കുകയും അമലിന് താല്‍പര്യമില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ തന്റെ ഇഷ്ടം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു സിതാര.
കുറച്ചു കഴിഞ്ഞ് സിതാര തന്നെ അമലിനെ നേരിട്ട് വിളിക്കുകയും തന്നെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം തുറന്നു പറയുകയും ചെയ്തു. നേരിട്ട് കാണാം എന്നായിരുന്നു അമലിന്റെ മറുപടി. ആറന്മുള ക്ഷേത്രത്തില്‍ കൂടിക്കാഴ്ച തീരുമാനിച്ചപ്പോള്‍ സിതാര എത്തിയത് തന്നേക്കാള്‍ കുറച്ചു കൂടി മാത്രം ഉയരമുള്ള അമ്മയേയും കൂട്ടിയാണ്. പിന്നീട് വീട്ടുകാരുമായും അമല്‍ സംസാരിച്ചതോടെ എല്ലാവര്‍ക്കും ഇഷ്ടമായി. തുടര്‍ന്ന് ഡിസംബര്‍ 29ന് വിവാഹവും തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അമലിനെ സിത്താരയുടെ വീട്ടിലേക്ക് വീട്ടുകാര്‍ ക്ഷണിച്ചത്. അതനുസരിച്ച് അമല്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും പറഞ്ഞത് വിവാഹം അല്‍പം കൂടി നീട്ടിവെക്കണം എന്നായിരുന്നു. സാമ്പത്തികമായിരുന്നു പ്രധാന കാരണം.
ഇതു കേട്ട അമല്‍ സിത്താരയോട് ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. രഹസ്യമായി ബാഗില്‍ അത്യാവശ്യം ഡ്രസുകളും ഐഡി കാര്‍ഡ് അടക്കമുള്ള രേഖകളും എടുത്തുവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അമ്പലത്തിലേക്കാണെന്നു പറഞ്ഞ് പുറപ്പെട്ട ഇരുവരും നേരെ പോയത് റെയില്‍വേ സ്റ്റേഷനിലേക്ക് ആയിരുന്നു. ഭിന്നശേഷിക്കാരുടെ കോച്ചില്‍ കയറി. ഒരു പ്രോഗ്രാം കഴിഞ്ഞു വരികയാണെന്നും തങ്ങളെ ഒന്നു ശ്രദ്ധിച്ചോളണേ എന്നു പിറകിലുള്ള ഗാര്‍ഡിനോട് പറയുകയും ചെയ്തു. ട്രെയിന്‍ പുറപ്പെട്ടതിനു പിന്നാലെയാണ് സിത്താരയുടെ അമ്മയുടെ ഫോണ്‍ കോള്‍ എത്തിയത്. നിങ്ങളെവിടെയാണ് എന്നു തിരക്കിയായിരുന്നു കോള്‍. തൊഴുതുകൊണ്ടിരിക്കുകയാണെന്നുപറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. കുറച്ചു കഴിഞ്ഞ് അമലിന്റെ ചേച്ചിയാണ് സിത്താരയുടെ അമ്മയെ വിളിച്ച് അവന്‍ സിതാരയേയും കൂട്ടി നാട്ടിലേക്ക് പോന്നു എന്നറിയിച്ചത്. എറണാകുളത്തെ ചേച്ചിയുടെ വീട്ടിലേക്കായിരുന്നു അമല്‍ സിതാരയേയും കൂട്ടി എത്തിയത്. പിറ്റേന്ന് കോഴിക്കോടെത്തി വിവാഹവും.
പ്രണയ സാഫല്യത്തിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും ഇവര്‍ രണ്ടു പേരെയും വേദനിപ്പിക്കുന്നത് ഒന്നു മാത്രമാണ്. സ്ഥിരമായി ഒരു ജോലിയില്ലല്ലോ എന്ന സങ്കടം. ഇപ്പോള്‍ എറണാകുളത്ത് ചേച്ചി നടത്തുന്ന ഹോസ്റ്റലില്‍ സഹായിയായി നില്‍ക്കുകയാണ് അമല്‍. നിരവധി സ്ഥലങ്ങളില്‍ ജോലിയ്ക്കായി പോയെങ്കിലും പൊക്കമില്ലായ്മയുടെ പേരില്‍ എല്ലാം നഷ്ടമായതിന്റെ വേദനയില്‍ സിതാരയും.