ഇപ്പോള്‍ നടന്‍ കുശാല്‍ പഞ്ചാബിയുടെ ആത്മഹത്യയാണ് സിനിമാ സീരിയല്‍ ലോകത്തെ ഞെട്ടിക്കുന്നത്. മൂന്നുവയസുള്ള മകനെ പ്രാണനെപോലെ സ്‌നേഹിച്ച കുശാല്‍ മകനൊപ്പം ക്രിസ്മസ് ആഘോഷിച്ച ശേഷമാണ് മരണത്തിന്റെ പാത തെരെഞ്ഞെടുത്തത്. മകനും മാതാപിതാക്കള്‍ക്കും ആയി കത്തെഴുത്തിവച്ച ശേഷം ആത്മഹത്യ ചെയ്ത കുശാലിന്റെ മരണം ബോളിവുഡിനെയാകെ കരയിക്കുകയാണ്.
നടന്‍ കുശാല്‍ പഞ്ചാബിയെ ബാന്ദ്ര പാലിഹില്ലിലുള്ള വീട്ടിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് എഴുതി വെച്ച ശേഷമാണ് 37കാരനായ കുശാല്‍ ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇതു കുശാല്‍ എഴുതിയതാണെന്നാണ് പൊലീസ് നിഗമനം. സ്വത്തിന്റെ പകുതി മൂന്നുവയസ്സുള്ള മകന്‍ കിയാനും ബാക്കി 50 ശതമാനം മാതാപിതാക്കള്‍ക്കും സഹോദരിക്കും തുല്യമായും നല്‍കണമെന്ന് ആത്മഹത്യക്കുറിപ്പിലുള്ളതായി പൊലീസ് അറിയിച്ചു.
മരണ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെ കുശാല്‍ കടുത്ത വിഷാദത്തിന് അടിമയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പാലിഹില്ലിലുള്ള വീട്ടില്‍ തനിച്ചായിരുന്നു താമസം. ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കുശാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അവരാണ് പൊലീസില്‍ വിവരമറിയിച്ചത്. സ്വാഭാവിക മരണമാണ് എന്നും സംശയിക്കത്തക്കതായി ഒന്നും വീട്ടില്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
2015ലായിരുന്നു യൂറോപ്യന്‍ വംശജയായ യുവതിയുമായുള്ള കുശാലിന്റെ വിവാഹം. എന്നാല്‍ അധികം വൈകാതെ ഇവര്‍ പിരിഞ്ഞു. ഇവര്‍ തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നടന്നുവരികയാണ്. ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകള്‍കൂടാതെ തൊഴില്‍പരമായ വിഷയങ്ങളും സാമ്പത്തികകാര്യങ്ങളും കുശാലിനെ വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്കുമുമ്പ്, മകന്റെ കൂടെയുള്ള ചിത്രം കുശാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മകനെ ഏറെ സ്‌നേഹിച്ചിരുന്ന പിതാവായിരുന്നു കുശാല്‍.
'ഇഷ്‌ക് മേം മര്‍ജാവന്‍' എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഫര്‍ഹാന്‍ അക്തറിന്റെ ലക്ഷ്യ, കാല്‍, തുടങ്ങിയ ബോളിവുഡ് ചലച്ചിത്രങ്ങളിലും പ്രശസ്തമായ നിരവധി സീരിയലുകളിലും 'ഫിയര്‍ഫാക്ടര്‍' എന്ന റിയാലിറ്റി ഷോയിലും കുശാല്‍ അഭിനയിച്ചിട്ടുണ്ട്. അന്ത്യകര്‍മങ്ങള്‍ മുംബൈയില്‍ നടന്നു. 1995ല്‍ ഡാന്‍സറും കൊറിയോഗ്രാഫറുമായാണ് കുുശാല്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ കുശാലിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.