പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം 'കല്‍ക്കി 2898 എ.ഡി' 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഇരട്ടനേട്ടം സ്വന്തമാക്കി. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവുമാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തില്‍ വിസ്മയകരമായ ലോകം സൃഷ്ടിച്ചെടുത്ത നിതിന്‍ സിഹാനി ചൗധരിക്കാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്. ഈ അഭിമാനകരമായ പുരസ്‌കാര നേട്ടത്തില്‍ പ്രേക്ഷകര്‍ക്കും ദേശീയ അവാര്‍ഡ് ജൂറിക്കും നന്ദി അറിയിച്ച നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ്, കല്‍ക്കിയുടെ രണ്ടാം ഭാഗം ഇതിലും വലിയ ഒരു ദൃശ്യവിരുന്നായിരിക്കുമെന്ന് ഉറപ്പുനല്‍കുന്നു.
പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരനിര അണിനിരന്ന ഈ മിത്തോളജിക്കല്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമാണ് നേടിയത്. ജൂണ്‍ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 1200 കോടിക്ക് മുകളിലാണ് ആഗോള തലത്തില്‍ ഗ്രോസ് കളക്ഷന്‍ നേടിയത്. ഹിന്ദിയില്‍ നിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ കല്‍ക്കി 2898 എ.ഡി, 2024-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. സംവിധായകന്‍ നാഗ് അശ്വിന്റെ ദീര്‍ഘവീക്ഷണവും മികച്ച വിഷ്വല്‍ എഫക്ട്‌സും ചിത്രത്തെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു വലിയ നാഴികക്കല്ലാക്കി മാറ്റി. സി. അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന് സംഗീതം നല്‍കിയത് സന്തോഷ് നാരായണനാണ്. സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ക്കൊപ്പം നാഗ് അശ്വിനും റുഥം സമറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജോര്‍ഡ്‌ജെ സ്റ്റോജില്‍കോവിച്ച് ഛായാഗ്രഹണവും കോട്ടഗിരി വെങ്കടേശ്വര റാവു എഡിറ്റിംഗും നിര്‍വ്വഹിച്ചു.
ദേശീയ പുരസ്‌കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിനൊപ്പം കല്‍ക്കിയുടെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ ഭാഗം വന്‍ വിജയമായതോടെ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. നിലവില്‍ ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് 2027-ല്‍ കല്‍ക്കിയുടെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്തും.