കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍മന്തറില്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ് സമരവേദിയിലെത്തി. രാജ്യത്ത് വിദ്യാഭ്യാസം അത്രയേറെ പ്രധാനപ്പെട്ട വിഷയമാണെന്നും, നീറ്റ് പരീക്ഷാ തട്ടിപ്പുകളിലും വിദ്യാര്‍ഥികളുടെ ഭാവി തകരുന്ന പ്രശ്‌നങ്ങളിലും ഉത്തരം പറയാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാലാണ് താന്‍ സമരത്തിന് പിന്തുണയുമായി എത്തിയതെന്നും രഞ്ജിനി ഹരിദാസ് പ്രതികരിച്ചു
ഏത് സമരമാണെങ്കിലും അതിന്റെ ലക്ഷ്യമെന്താണെന്ന് നോക്കിയാണല്ലോ പിന്തുണയ്ക്കുന്നത്. വിദ്യാഭ്യാസം നമ്മളെ സംബന്ധിച്ച് അത്രയേറെ പ്രധാനമാണ്. നീറ്റ് പരീക്ഷയ്ക്ക് നമ്മുടെ രാജ്യത്ത് വളരെ പ്രധാന്യമുണ്ട്. ഗ്രാമങ്ങളില്‍ കൂലിപ്പണി ചെയ്തും മറ്റുമുണ്ടാക്കുന്ന പണം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികള്‍ ജീവനൊടുക്കുന്ന സ്ഥിതിയുണ്ടായി. അതേക്കുറിച്ചെല്ലാം ചോദിക്കുമ്പോള്‍ ഒരു ഉത്തരം പോലും തരുന്നില്ല എന്നതാണ് നിരാശാജനകമായ കാര്യമെന്നും രഞ്ജിനി പ്രതികരിച്ചു.
ജന്തര്‍ മന്തറിലെത്താന്‍ പോലും നിരവധി തടസ്സങ്ങളാണ്. യുവാക്കള്‍ ഇവിടെ എത്തിയത് അടിയുണ്ടാക്കാനൊന്നുമല്ല. എന്നിട്ടാണ് ലാത്തിചാര്‍ജും ടിയര്‍ ഗ്യാസും കൊണ്ട് അവരെ പൊലീസ് നേരിടുന്നത്. തനിക്കും ലാത്തിചാര്‍ജ് കിട്ടിയേനെ. അടി കിട്ടിയ കുട്ടികള്‍ക്ക് വെള്ളം പോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് രഞ്ജിനി പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയല്ല നിലപാടിനെതിരെയാണ് താന്‍ സംസാരിക്കുന്നത്. അതിന് എന്തിനാണ് ഭയക്കുന്നതെന്നും രഞ്ജിനി ചോദിക്കുന്നു.
വിദ്യാഭ്യാസം മനുഷ്യനെ സംബന്ധിച്ച് പ്രധാന വിഷയമാണെന്നും അതിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുള്ള സമരമായതിനാലാണ് സിജെപിയുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. വാങ്ചുക്കിനെ സമര വേദിയില്‍ നിന്ന് കൊണ്ടുപോയത് കണ്ട് സഹിച്ചില്ല. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്നയാളെ ഏറെ അനാദരവോടെയാണ് കൊണ്ടുപോയത്. യൂണിഫോം പോലും ഇടാത്ത ആളുകള്‍ വെള്ളത്തുണിയില്‍ മൃതദേഹം കൊണ്ടു പോകും പോലയാണ് എടുത്തു കൊണ്ടുപോയതെന്ന് രഞ്ജിനി പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വിഷയത്തില്‍ തന്റെ ശക്തമായ വിയോജിപ്പും സങ്കടവും രഞ്ജിനി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വിഷയങ്ങളില്‍ അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയോ ചര്‍ച്ചയോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്കപ്പുറം നേരിട്ട് പ്രതിഷേധ സ്ഥലത്തേക്ക് തിരിക്കാന്‍ താരം തീരുമാനിച്ചത്.
തുടര്‍ച്ചയായുണ്ടാകുന്ന പരീക്ഷാ ചോര്‍ച്ചകളും അതുമൂലം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളും തുടര്‍ച്ചയായ ആത്മഹത്യകളും തീയറ്ററുകളിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ തെന്നെ മാനസികമായി ആഴത്തില്‍ ബാധിച്ചുവെന്ന് രഞ്ജിനി വ്യക്തമാക്കി. ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണമെന്നാണ് ജനവികാരം.
ലഡാക്കിന്റെ പ്രത്യേക പദവിക്കായി സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അടക്കമുള്ളവര്‍ നടത്തുന്ന സമാധാനപരമായ നിരാഹാര സമരങ്ങളോട് ഭരണകൂടം കാണിക്കുന്ന അവഗണനയും പ്രതിഷേധാര്‍ഹമാണെന്ന് രഞ്ജിനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത രീതി തികച്ചും അന്യായമാണെന്നും, ഈ ജനാധിപത്യ വിരുദ്ധ നടപടിയാണ് തന്നെ പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.