Latest News

സന്ദേശം' കണ്ട് മാറിയ ജീവിതം; വക്കീല്‍പ്പണിയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോയത് അതിനുശേഷം; ഇടതുകോട്ടയായ പറവൂര്‍ പിടിച്ചടക്കി തുടക്കം; ഐസക്കിനെ മലര്‍ത്തിയടിച്ച ലോട്ടറി സംവാദം; ഒറ്റക്ക് വഴിവെട്ടിവന്ന രാഷ്ട്രീയ അത്ഭുതം! കേരള മുഖ്യന്‍ വി ഡി സതീശന്‍ എന്ന റിയല്‍ ഹീറോയുടെ കഥ 

Malayalilife
 സന്ദേശം' കണ്ട് മാറിയ ജീവിതം; വക്കീല്‍പ്പണിയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോയത് അതിനുശേഷം; ഇടതുകോട്ടയായ പറവൂര്‍ പിടിച്ചടക്കി തുടക്കം; ഐസക്കിനെ മലര്‍ത്തിയടിച്ച ലോട്ടറി സംവാദം; ഒറ്റക്ക് വഴിവെട്ടിവന്ന രാഷ്ട്രീയ അത്ഭുതം! കേരള മുഖ്യന്‍ വി ഡി സതീശന്‍ എന്ന റിയല്‍ ഹീറോയുടെ കഥ 

വടശ്ശേരി ദാമോദരന്‍ സതീശന്‍! ഈ കോണ്‍ഗ്രസ് നേതാവാണ്, ഇന്ന് കേരളത്തിന്റെ റിയല്‍ ക്യാപ്റ്റനായി മാറിയിരിക്കുന്നത്. 2021-ല്‍ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുന്ന ഘട്ടത്തില്‍, പിണറായിസത്തിന്റെ തേരോട്ടത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്തിയത് സതീശനാണ്. അവിടെനിന്ന് അയാള്‍ പാര്‍ട്ടിയെയും മുന്നണിയെയും കൈപിടിച്ച് ഉയര്‍ത്തി. വിവിധ സര്‍വേകള്‍ ഇടതുപക്ഷത്തിന്റെ വിജയം പ്രവചിക്കുമ്പോള്‍ സതീശന്‍ അക്ഷോഭ്യനായിരുന്നു. നൂറു സീറ്റ് നേടിയുള്ള വിജയത്തില്‍ കുറഞ്ഞൊന്നും അയാള്‍ പ്രതീക്ഷിച്ചില്ല. അത് കിട്ടിയില്ലെങ്കില്‍ താന്‍ വനവാസത്തിന് പോവുമെന്ന് പറഞ്ഞ് അണികളില്‍ ആത്മവിശ്വാസം നിറച്ചു.ഇപ്പോഴിയ ടീം യുഡിഎഫിന്റെ നായകായി അദ്ദേഹം മാറിയിരിക്കുന്നു. എംഎല്‍എമാരുടെ പിന്തുണയില്‍ പിന്നിലായെങ്കിലും വി ഡി സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തിലേക്ക് ജനവികാരം പരിഗണിച്ചാണ വിഡിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

കഠിനാധ്വാനത്തിലൂടെയും വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കാനുള്ള മികവിലൂടെയും കേരള രാഷ്ട്രീയത്തിന്റെ അമരത്തെത്തിയ നേതാവാണ് വി.ഡി. സതീശന്‍. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്നും തുടങ്ങി, ഇന്ന് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന പദവിയിലും, അതും കടന്ന് നിയുക്ത മുഖ്യമന്ത്രി എന്ന നിലയിലും നില്‍ക്കുമ്പോള്‍ അത് പൊരുതി നേടിയ വിജയങ്ങളുടെ കഥയാണ്. ശരിക്കും ഒറ്റക്ക് വഴിവെട്ടിവന്ന രാഷ്ട്രീയ അത്ഭുതമാണ് അദ്ദേഹം. 

സ്‌കൂള്‍ ലീഡറായി തുടക്കം

എല്ലാം തളികയില്‍വെച്ച് കിട്ടിയ നേതാവല്ല വി ഡി സതീശന്‍. കോണ്‍ഗ്രസിലെ പതിവ് രീതി അനുസരിച്ച് മക്കള്‍ രാഷ്ട്രീയത്തിലുടെ കടന്നുവന്ന ആളുമല്ല. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതും.1964 മെയ് 31-ന് എറണാകുളം ജില്ലയിലെ നെട്ടൂരിലാണ്, ജനനം. പിതാവ് കെ. ദാമോദര മേനോന്‍ കൊച്ചിന്‍ റിഫൈനറീസിലെ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് വി. വിലാസിനി അമ്മ വീട്ടമ്മയാണ്. ഒരു സാധാരണ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്. 

സ്‌കൂള്‍ പഠനകാലത്ത് കിലോമീറ്ററുകളോളം നടന്നുപോയാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.വി.ഡി. സതീശന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെയായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് പനങ്ങാട് ഹൈസ്‌കൂളിലെ സ്‌കൂള്‍ ലീഡറായിരുന്നുകൊണ്ടാണ് അദ്ദേഹം തന്റെ നേതൃപാടവം തെളിയിച്ചത്. തുടര്‍ന്ന് കോളേജ് വിദ്യാഭ്യാസകാലത്ത് കെ.എസ്.യു വിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 

സതീശന്റെ റോള്‍ മോഡല്‍ കോണ്‍ഗ്രസ് നേതാവായ ജി. കാര്‍ത്തികേയന്‍ ആയിരുന്നു. കാര്‍ത്തികേയന്റെ പ്രസംഗശൈലിയും രാഷ്ട്രീയ നിലപാടുകളുമാണ് തന്നെ, ഏറെ സ്വാധീനിച്ചതെന്നും, പ്രസംഗങ്ങളില്‍ കാര്‍ത്തികേയന്റെ ശൈലി അനുകരിക്കാന്‍ ശ്രമിച്ചിരുന്നതായും സതീശന്‍ പറഞ്ഞിട്ടുണ്ട്. നന്നായി സംസാരിക്കാന്‍ അറിയുന്ന സതീശന്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വളരെ പെട്ടെന്നുതന്നെ ശ്രദ്ധേയനായി. 

തേവര സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ പഠിക്കുമ്പോള്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1986-87 കാലഘട്ടത്തില്‍ എം.ജി സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

എസ്.എഫ്.ഐയുടെ ശക്തമായ സ്വാധീനത്തെ മറികടന്നുള്ള ആ വിജയം സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. കോളേജ് കാലത്ത് പ്രസംഗ മത്സരങ്ങളിലെ സ്ഥിരം ജേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ വിവിധ കോളേജുകളില്‍ നടന്ന പ്രസംഗ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്. ഈ മികവാണ് അദ്ദേഹത്തെ കെ.എസ്.യുവിന്റെ മുന്‍നിരയിലേക്ക് എത്തിച്ചത്. വിദ്യാര്‍ത്ഥി നേതാവെന്ന നിലയിലുള്ള മികവ് പരിഗണിച്ച് അദ്ദേഹത്തെ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറിയായി നിയമിച്ചു. അന്ന് ദേശീയ അധ്യക്ഷനായിരുന്ന മുകുള്‍ വാസ്നിക്കിനൊപ്പം ഇന്ത്യയിലുടനീളം യാത്ര ചെയ്യാനും രാഷ്ട്രീയ അനുഭവങ്ങള്‍ നേടാനും ഇത് സതീശനെ സഹായിച്ചു: 

കെ.എസ്.യു കാലഘട്ടത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരവധി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എം.ജി, കേരള സര്‍വകലാശാലകളില്‍ യൂണിയന്‍ കൗണ്‍സിലറായും സതീശന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സന്ദേശം സിനിമുണ്ടാക്കിയ മാറ്റം 
ഫൂള്‍ ടൈം രാഷ്ട്രീയവുമായി നടന്ന വി ഡി സതീശന്‍ എന്ന ചെറുപ്പക്കാരന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയത് ഒരു സിനിമയാണ്. മലയാളത്തില്‍ ഇന്നും ക്ലാസിക്ക് കള്‍ട്ടായി കണക്കാക്കുന്ന, ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം' സിനിമയായിരുന്നു അത്. 1991-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കണ്ടതിനുശേഷമാണ്, രാഷ്ട്രീയത്തിനൊപ്പം പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്ന് വി ഡി സതീശന്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. 

വക്കീല്‍ പരീക്ഷ മികച്ച മാര്‍ക്കോടെ പാസായി എന്റോള്‍ ചെയ്തിരുന്നെങ്കിലും, കെ.എസ്.യുവിലൂടെയുള്ള സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ തിരക്ക് കാരണം അദ്ദേഹം പ്രാക്ടീസ് ചെയ്യാന്‍ പോയിരുന്നില്ല. എന്നാല്‍ 'സന്ദേശം' സിനിമ കണ്ടതോടെ ആ ചിന്ത മാറി. സിനിമയുടെ അവസാനം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ശ്രീനിവാസന്റെ കഥാപാത്രം വക്കീലായി പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിക്കുന്നത് അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. സിനിമ കണ്ടതിന്റെ പിറ്റേദിവസം തന്നെ സതീശന്‍ വക്കീല്‍ ഓഫീസില്‍ പോയി ജോലി തുടങ്ങുകയായിരുന്നു. രാവിലെ എട്ടു മണിക്ക് ഓഫീസിലെത്തുകയും രാത്രി ഒരു മണി വരെ വക്കീല്‍ ജോലിയില്‍ മുഴുകുകയും ചെയ്യുന്ന ശീലത്തിലേക്ക് അദ്ദേഹം മാറി. 

എട്ടു വര്‍ഷത്തോളം നീണ്ട തന്റെ വക്കീല്‍ പ്രാക്ടീസ് പിന്നീട് നിയമസഭയിലെ ഇടപെടലുകളിലും നിയമനിര്‍മ്മാണ ചര്‍ച്ചകളിലും വലിയ രീതിയില്‍ സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയത്തെ ഒരു 'മുഴുസമയ ജോലി' എന്നതിലുപരി ഉത്തരവാദിത്തബോധമുള്ള ഒരു പ്രൊഫഷനൊപ്പം കൊണ്ടുപോകണമെന്ന പാഠമാണ് ഈ ചിത്രം വി ഡി സതീശന്് നല്‍കിയത്. 

കോണ്‍ഗ്രസില്‍ എ ഐ ഗ്രൂപ്പുരാഷ്ട്രീയം ശക്തമായിരുന്ന കാലത്തും, ഒരു രീതിയിലുള്ള വിഴുപ്പലക്കലുകള്‍ക്ക് കൂട്ടുനില്‍ക്കാതെ, ഗ്രൂപ്പ് അതീതനായി നിന്ന വ്യക്തിയാണ് സതീശന്‍. താന്‍ രാഷ്ട്രീയ ഗുരുവായി കണക്കാക്കുന്ന കാര്‍ത്തികയേന്‍ ആദ്യം ഐ ഗ്രൂപ്പിലും പിന്നീട് തിരുത്തല്‍വാദിയുമായി കണക്കാക്കപ്പെട്ടതോടെ സതീശനിലും ആ ബന്ധം ആരോപിക്കപ്പെട്ടു. തുടക്കകാലത്ത, കെ. കരുണാകരന്റെയും പിന്നീട് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഐ വിഭാഗത്തോടായിരുന്നു അദ്ദേഹത്തിനും അടുപ്പും. പക്ഷേ ഗ്രൂപ്പുകള്‍ക്ക് അതീതമാണ് പാര്‍ട്ടി എന്ന നിലപാടയിരുന്നു സതീശന് എന്നും. ഉമ്മന്‍ ചാണ്ടിയെയും രാഷ്ട്രീയത്തില്‍ തനിക്ക് വലിയ മാതൃകയാക്കാവുന്ന വ്യക്തിയായാണ് സതീശന്‍ കാണുന്നത്. സഭ്യമായ ഭാഷയും വ്യക്തിഹത്യ നടത്താത്ത ശൈലിയും ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പഠിച്ചതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

പറവൂര്‍ പിടിച്ചെടുക്കുന്നു

മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി അപ്പന്‍ കട്ടിലൊഴിയുമ്പോള്‍, മണ്ഡലം പതിച്ച് കിട്ടപ്പെടുന്ന നെപ്പോ കിഡല്ല സതീശന്‍. അദ്ദേഹം ഓരാന്നും എതിരാളികളുടെ കൈയില്‍നിന്ന് പിടിച്ചെടുത്തതാണ്. അതുവരെ ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നു പറവൂര്‍ പിടിച്ചെടുത്തുകൊണ്ടാണ് വി ഡി സതീശന്‍ നിയസഭാ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. 

1996-ല്‍ പറവൂര്‍ മണ്ഡലത്തില്‍ വി.ഡി. സതീശന് സീറ്റ് ലഭിച്ചത്, യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന്റെ ഭാഗമായായിരുന്നു. വി.ഡി. സതീശന്റെ പേര് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ നിര്‍ദ്ദേശിച്ചതും രാഷ്ട്രീയ ഗുരുവായി സതീശന്‍ വിശേഷിപ്പിക്കുന്ന ജി കാര്‍ത്തികേയന്‍ ആയിരുന്നു. കെ.എസ്.യുവിലും എന്‍.എസ്.യുവിലും സതീശന്‍ കാഴ്ചവെച്ച പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. അക്കാലത്ത് എറണാകുളം ജില്ലയിലെ പറവൂര്‍ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.ഐയുടെ ഉറച്ച കോട്ടയായിരുന്നു. പുതുമുഖങ്ങളെയും യുവാക്കളെയും ഇറക്കി ഇത്തരം കോട്ടകള്‍ പിടിച്ചെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് സതീശനെ ഇറക്കിയത്. അത് മാത്രമല്ല, തോല്‍ക്കുന്ന സീറ്റില്‍ നില്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. 

1996 വരെ പറവൂര്‍ മണ്ഡലം സി.പി.ഐയുടെ ശക്തമായ സ്വാധീനമേഖലയായിരുന്നു. 1957-ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ എന്‍. ശിവന്‍പിള്ളയാണ് ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് സിപിഐയും കോണ്‍ഗ്രസും ഇവിടെ മാറിമാറി ജയിച്ചിട്ടുണ്ട്. പക്ഷേ എണ്‍പതുകള്‍ക്ക് ശേഷം മണ്ഡലം സി.പി.ഐയുടെ ഉറച്ച കോട്ടയായി മാറി. 82ലും, 87ലും ശിവന്‍ പിള്ള ഇവിടെനിന്ന് വിജയം ആവര്‍ത്തിച്ചു. 1991-ല്‍ ശിവന്‍പിള്ളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മകന്‍ പി. രാജു സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും 2,832 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. 96-ലെ കന്നിയങ്കത്തില്‍ സതീശനെ, 1,116 വോട്ടിനാണ് പി. രാജു പരാജയപ്പെടുത്തിയത്. അന്ന് അവസാനവട്ടംവരെ ശക്തമായ മത്സരം കാഴ്ചവെച്ചാണ്, വി ഡി തോറ്റത്. തോറ്റുകഴിഞ്ഞിട്ടും മണ്ഡലം കേന്ദ്രീകരിച്ച് വി ഡി പ്രവര്‍ത്തനം തുടര്‍ന്നു. അത് ഫലം കണ്ടു. തുടര്‍ന്നുള്ള കാലം പരവൂരില്‍ ത്രിവര്‍ണ്ണപതാകയല്ലാതെ മറ്റൊന്നും പാറിയിട്ടില്ല. 

2001-ല്‍ അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. അതിനുശേഷം 2006, 2011, 2016, 2021 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം വിജയം ആവര്‍ത്തിച്ചു. ഓരോ തവണയും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ 25 വര്‍ഷമായി പറവൂര്‍ മണ്ഡലത്തെ കോണ്‍ഗ്രസ് കോട്ടയാക്കി. ക

2001-ല്‍ സതീശന്‍ തന്റെ ആദ്യ വിജയം നേടിയപ്പോള്‍ 7,434 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. 2006-ലെ രണ്ടാമത്തെ വിജയത്തില്‍ 7,792 വോട്ടിന്റെ ലീഡ് നേടി. 2011-ല്‍ സി.പി.ഐയിലെ പന്ന്യന്‍ രവീന്ദ്രനെ പരാജയപ്പെടുത്തിയപ്പോള്‍ ഭൂരിപക്ഷം 11,349 വോട്ടായി ഉയര്‍ന്നു. 2016-ല്‍ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനെ 20,634 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ്് അദ്ദേഹം തോല്‍പ്പിച്ചത്. 2021-ല്‍ അഞ്ചാം തവണയും വിജയിച്ചപ്പോള്‍ ഭൂരിപക്ഷം വീണ്ടും വര്‍ധിച്ച് 21,301 വോട്ടായി മാറി. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുകൊണ്ട് പറവൂരിനെ തന്റെ സുരക്ഷിത കോട്ടയാക്കി സതീശന്‍ മാറ്റി. അത് പുതിയ തലമുറയോട് സതീശന്‍ എപ്പോഴും പറയുന്ന കാര്യമാണ്. ഞങ്ങള്‍ വന്നത് ഇടതുപക്ഷത്തിന്റെ സിറ്റംഗ് സീറ്റ് പിടിച്ചുകൊണ്ടാണ്. അതുപോലെ നിങ്ങളും ഫൈറ്റ് ചെയ്തുവരൂ എന്ന്. 

നിയമസഭയില്‍ കത്തിക്കയറി 

പറവൂര്‍ എംഎല്‍എ എന്ന പ്രാദേശിക സ്ഥാനത്തില്‍നിന്ന് മാറി കേരളം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവായി വി ഡി സതീശന്‍ മാറുന്നത്, 2006-2011 കാലഘട്ടത്തിലാണ്. നിയസഭാ പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആയുധം. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നിരയിലിരുന്ന് വി.ഡി. സതീശന്‍ നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുവര്‍ണ്ണകാലമായി കണക്കാക്കപ്പെടുന്നു. വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ കാലയളവിലാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. നിയമസഭയിലെ സാമ്പത്തിക വിഷയങ്ങളിലെ അവഗാഹം കണക്കിലെടുത്ത് ആര്യടന്‍ മുഹമ്മദിനെ സഭയിലെ തന്റെ ഗുരുവായി അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. 

സാന്‍ഡിയാഗോ മാര്‍ട്ടിന്‍ വിവാദമാടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്തി. അത്താണിക്കടുത്ത് 200 കോടി രൂപ വിലമതിക്കുന്ന ഭൂമി, ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിന് വെറും 5.50 കോടി രൂപയ്ക്ക് കൈമാറാനുള്ള നീക്കം വി.ഡി. സതീശന്‍ സഭയില്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് വി.എസ്. അച്യുതാനന്ദന്‍ ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നടത്തുന്ന ക്രമക്കേടുകളും ലോട്ടറി മാഫിയയുടെ ഇടപെടലുകളും അദ്ദേഹം സഭയില്‍ നിരന്തരമായി ഉന്നയിച്ചു. 

ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുകയും കേരളത്തില്‍ ഇതര സംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നിയമസഭയ്ക്കുള്ളിലെ പരിസ്ഥിതി വാദികളുടെ കൂട്ടായ്മയായ 'ഗ്രീന്‍ ഗ്രൂപ്പിന്' സതീശന്‍ നേതൃത്വം നല്‍കി. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് അദ്ദേഹം രംഗത്തെത്തി. പരിസ്ഥിതി സംരക്ഷണത്തിനും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമങ്ങള്‍ക്കും വേണ്ടി സതീശന്‍ നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍, സബ്മിഷന്‍ ഉന്നയിച്ച എംഎല്‍എ എന്ന കീര്‍ത്തിയും അദ്ദേഹത്തിന് കിട്ടി. കണക്കുകളും രേഖകളും സഹിതം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന അദ്ദേഹത്തിന്റെ ശൈലിക്ക് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പോലും പലപ്പോഴും ബഹുമാനം നല്‍കിയിരുന്നു. 

താന്‍ പറയുന്ന കാര്യങ്ങള്‍ യുക്തിസഹമാണെങ്കില്‍ വി.എസ്. അത് അംഗീകരിക്കാന്‍ തയ്യാറാകുമായിരുന്നു എന്ന് സതീശന്‍ തന്നെ ഓര്‍മ്മിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ കൃത്യമായി ചൂണ്ടിക്കാട്ടുകയും എന്നാല്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതിലൂടെ ഒരു 'മികച്ച പാര്‍ലമെന്റേറിയന്‍' എന്ന നിലയിലേക്ക് വി.ഡി. സതീശന്‍ വളര്‍ന്നു. 

ഐസക്കിനെ മലര്‍ത്തിയടിച്ച സംവാദം

 ലോട്ടറി മാഫിയക്കെതിരെ വി.ഡി. സതീശന്‍ നടത്തിയ പോരാട്ടവും ഡോ. തോമസ് ഐസക്കുമായുള്ള പരസ്യ സംവാദവും അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ വളരെ നിര്‍ണ്ണായകമായിരുന്നു. 2010 സെപ്റ്റംബര്‍ 13-നാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് ഈ ചരിത്രപ്രസിദ്ധമായ ലോട്ടറി സംവാദം നടന്നത്. ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിനെ സഹായിക്കുന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക് സ്വീകരിക്കുന്നതെന്നായിരുന്നു സതീശന്റെ പ്രധാന വിമര്‍ശനം. ഇതേതുടര്‍ന്നാണ് തോമസ് ഐസക്ക് സതീശനെ സംവാദത്തിന് വിളിച്ചത്. പക്ഷേ അത് ഐസക്കിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി. വലിയ ബുദ്ധിജീവി ജാടയില്‍ തുടങ്ങിയ ഐസക്കിന് സതീശനില്‍നിന്ന് കണക്കിന് കിട്ടി. പിറ്റേന്ന് പത്രങ്ങള്‍ എഴുതിയത് ഐസക്കിനെ സതീശന്‍ മലര്‍ത്തിയടിച്ചു എന്നായിരുന്നു. കണക്കുകളും രേഖകളും സഹിതം സതീശന്‍ നടത്തിയ വാദങ്ങള്‍ അദ്ദേഹത്തെ 'പഠിച്ചു പ്രസംഗിക്കുന്ന നേതാവ്' എന്ന നിലയിലേക്ക് ഉയര്‍ത്തി.ഒരു യുവ എം.എല്‍.എ എന്ന നിലയില്‍ അനുഭവസമ്പന്നനായ ഒരു ധനമന്ത്രിയോട് ആത്മവിശ്വാസത്തോടെ സംവദിച്ചത് കേരള രാഷ്ട്രീയത്തില്‍ വി.ഡി. സതീശന്റെ പ്രതിച്ഛായ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. 

സതീശനടക്കമുള്ളവര്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ്, 2011-ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയത്. പക്ഷേ എന്നിട്ടും സതീശനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. സതീശനെപ്പോലെ സീനിയറായ ഒരാളെ ഒഴിവാക്കി ജൂനിയേഴ്സിന് മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയത് അന്ന് പലരെയും അത്ഭുതപ്പെടുത്തി. 2006-11 കാലയളവില്‍ പ്രതിപക്ഷത്തിരുന്ന് അദ്ദേഹം നടത്തിയ പോരാട്ടം പരിഗണിക്കുമ്പോള്‍, സതീശന്‍ തീര്‍ച്ചയായും മന്ത്രിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ അദ്ദേഹം തഴയപ്പെടാന്‍ കാരണമായി പറയുന്ന പ്രധാന കാര്യം, സമുദായ നേതാക്കളുടെ അതൃപ്തിയായിരുന്നു. 
മന്ത്രിസ്ഥാനത്തിന് വേണ്ടി സമുദായ നേതാക്കളുടെ പിന്തുണ തേടാന്‍ സതീശന്‍ തയ്യാറായില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നതിനെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു. 

'ഒരു സമുദായ നേതാവിന്റെയും ഔദാര്യത്തില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട' എന്ന അദ്ദേഹത്തിന്റെ കര്‍ശന നിലപാട് ഇതിന് കാരണമായി. ഇന്നും വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരുടെ കണ്ണിലെ കരടാണ് സതീശന്‍. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സ്പീക്കര്‍ പദവി വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് അദ്ദേഹം വിനയപൂര്‍വ്വം നിരസിക്കുകയായിരുന്നു. പകരം അദ്ദേഹം ചീഫ് വിപ്പ് പദവിയാണ് സ്വീകരിച്ചത്. അര്‍ഹതയുണ്ടായിട്ടും സതീശന്‍ തഴയപ്പെട്ടത് 'മെറിറ്റിന് മേല്‍ നെപ്പോട്ടിസം വിജയിച്ച സാഹചര്യം' എന്നാണ് അന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. തനിക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്നും ഇതുപോലെ പലകാര്യങ്ങളും തനിക്ക് കപ്പിനും ചുണ്ടിനും ഇടയില്‍വെച്ച് നഷ്ടമായിട്ടുണ്ടെന്നും, സതീശന്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. 

നല്ല വായനക്കാരന്‍ 

2016-ല്‍ വന്‍ ഭൂരിപക്ഷത്തിന്, ഇടതുപക്ഷം ജയിച്ചുകയറിപ്പോള്‍, ഉമ്മന്‍ചാണ്ടി മാറി നില്‍ക്കയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അന്ന് രമേശ് ചെന്നിത്തലക്ക് വലിയ പിന്തുണയാണ്, വി ഡി സതീശന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ചെന്നിത്തല ഉയര്‍ത്തിയ സ്പ്രിന്‍ക്ലര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളിലെല്ലാം കൃത്യമായ ഇടപെടലുകളാണ് സതീശനും നടത്തിയത്. പക്ഷേ കോവിഡ് കാലത്തിനുശേഷം വന്ന ഗുഡ് ഗവേണന്‍സിന്റെ ബലത്തില്‍ പിണറായി വിജയന്‍ വീണ്ടും അധികാത്തിലേറി. ആ സമയത്താണ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ, രമേശ് ചെന്നിത്തല മാറി നില്‍ക്കുന്നത്. 
കോണ്‍ഗ്രസ് ആകെ ഒരു പ്രതിസന്ധിയില്‍ പെട്ടുപോയ നിമിഷം. ഇനി ഒരു തിരിച്ചുവരവ് പാര്‍ട്ടിക്ക് സാധ്യമാവുമോ എന്ന രീതിയില്‍, കോണ്‍ഗ്രസ് പാര്‍ട്ടി അമ്പരന്നുപോയ നിമിഷം. ആ സമയത്താണ് സതീശന്‍ പ്രതിപക്ഷ നേതാവ് ആവുന്നത്. 

അതായത് ഒരു സ്ഥാനവും അദ്ദേഹത്തിന് വെറുതെ കിട്ടുന്നതല്ല. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കിട്ടുന്നത്. തളര്‍ന്നുപോയ യുഡിഎഫിനെ മുന്നില്‍നിന്ന് നയിച്ച്, ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച വിജയത്തിലേക്ക് നയിക്കാന്‍ വി ഡി സതീശന് കഴിഞ്ഞു. എന്നിട്ടും കപ്പിനും ചുണ്ടിനും ഇടയില്‍ പലതും നഷ്ടപ്പെട്ട ആ പഴയകാലം വീണ്ടും ഓര്‍മ്മവരികയാണ്. ഇപ്പോള്‍ യുഡിഎഫ് വന്‍ വിജയം നേടുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്, രമേശ് ചെന്നിത്തലയുടെയും, കെ സി വേണുഗോപാലിന്റെയുമൊക്കെ പേരുകള്‍ കൂടി ഉയര്‍ന്നുവരികയാണ്. പക്ഷേ യുഡിഎഫ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസ്സില്‍ ഒറ്റപേരെയുള്ളൂ. അത് വി ഡി സതീശന്റെതാണെന്ന് ഉറപ്പാണ്. അടിമുടി മുങ്ങാന്‍ നിന്ന ഒരു വള്ളത്തെ, അമരത്ത് നിന്നുകൊണ്ട് കരക്ക് അടുപ്പിച്ച 'ദ റിയല്‍ ക്യാപ്റ്റനാണ്' സതീശന്‍. 

മികച്ച വായനക്കാരനും സിനിമാ പ്രേമിയും കൂടിയാണ് സതീശന്‍. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും അദ്ദേഹം വായനയ്ക്കായി സമയം കണ്ടെത്തുന്നു. ഓരോ വര്‍ഷവും താന്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങളുടെ പട്ടിക അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. 2025-ല്‍ മാത്രം അദ്ദേഹം 60 പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തുവെന്ന് അദ്ദേഹം പറയുന്നു. ഇതില്‍ 22 എണ്ണം ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു. 2024-ല്‍ 43 പുസ്തകങ്ങളും 2022-ല്‍ 21 പുസ്തകങ്ങളും അദ്ദേഹം വായിച്ചിരുന്നു.സല്‍മാന്‍ റുഷ്ദിയുടെ 'നൈഫ്', അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി', അമിതാവ് ഘോഷിന്റെ 'ദ നട്ട്മെഗ്സ് കേഴ്സ്' തുടങ്ങിയവ അദ്ദേഹത്തിന്റെ വായനാപട്ടികയിലെ പ്രധാന പുസ്തകങ്ങളാണ്. 

ഡോ. ലിസ മോസ്‌കോണിയുടെ 'ദ മെനോപോസ് ബ്രെയിന്‍' എന്ന പുസ്തകം വായിച്ചതിനുശേഷം സ്ത്രീകളോടും സ്വന്തം ഭാര്യയോടുമുള്ള തന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 'ലോകത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ളവരാണ് ഏറ്റവും കൂടുതല്‍ വായിക്കുന്നത്' എന്നാണ് വായനയെക്കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണം. വായന തനിക്ക് വലിയ ഊര്‍ജ്ജവും സന്തോഷവും നല്‍കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ ജീവിതാനുഭവങ്ങളെയും രാഷ്ട്രീയ യാത്രയെയും കുറിച്ച് വി.ഡി. സതീശന്‍ എഴുതിയ പുസ്തകമാണ് 'നേരനുഭവങ്ങള്‍'. അതും ബെസ്റ്റ് സെല്ലറാണ്. അടുത്തിടെ വായിച്ച് ഏറെ ഹൃദയസ്പര്‍ശിയായി തോന്നിയ ബാബു എബ്രഹാമിന്റെ 'കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍' എന്ന പുസ്തകത്തെക്കുറിച്ച് സതീശന്‍ ഏറെ വാചാലനാവാറുണ്ട്. ആ പുസ്തകത്തിന്റെ ചൂടപ്പംപോലുള്ള വിറ്റുപോകലിന് സതീശന്റെ പ്രചാരണവും ഗുണം ചെയ്തിട്ടുണ്ട്. 

വായനയ്ക്ക് പുറമേ യാത്രകളും ട്രെക്കിംഗുമാണ് വി.ഡി. സതീശന്റെ പ്രധാന ഹോബികള്‍. സജീവമായ ഒരു ട്രെക്കറാണ് അദ്ദേഹം. പ്രകൃതിയുമായുള്ള ബന്ധം നിലനിര്‍ത്താനും മാനസികോല്ലാസത്തിനുമായി അദ്ദേഹം വനയാത്രകളും ട്രെക്കിംഗും തിരഞ്ഞെടുക്കാറുണ്ട്. പ്രകൃതിസ്നേഹിയായ അദ്ദേഹം തന്റെ തിരക്കുകള്‍ക്കിടയിലും ഇത്തരം വിനോദങ്ങള്‍ക്കായി സമയം കണ്ടെത്താറുണ്ട്. ഈയിടെ 'വനവാസം' എന്ന ഗസ്റ്റ്ഹൗസില്‍ താമസിച്ചതും ട്രോളായി മാറി. ഭാര്യ ആര്‍. ലക്ഷ്മിപ്രിയ വീട്ടമ്മയാണ്. മകള്‍: ഉണ്ണിമായ. എറണാകുളം ജില്ലയിലെ നിലവില്‍ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായ അദ്ദേഹം, തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് താമസമെങ്കിലും കുടുംബവീട് പറവൂരിലാണ്. വടക്കന്‍ പറവൂരിലുള്ള 'ദേവരാഗം' എന്ന വീട്ടിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ വീടായി മാറിയിരിക്കയാണ്. 

വാല്‍ക്കഷ്ണം: 'നുണേശന്‍' എന്ന് വിളിച്ചുകൊണ്ട് എല്‍ഡിഎഫ് ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചത് വി ഡി സതീശനെ തന്നെയായിരുന്നു. 'സതീശന്റെ നുണകള്‍' എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജുതന്നെ അവര്‍ തുടങ്ങി. പക്ഷേ അതൊന്നും വിലപ്പോയില്ല. ജനം സതീശന് ഒപ്പംതന്നെ നിന്നു. ഒടുവില്‍ വി ഡി സതീശന്‍ എന്ന നിലപാടുകളിലെ കാര്‍ക്കശ്യക്കാരന്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ചവിട്ടിക്കയറുകയാണ്.
 

v d satheshan life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES