രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാട്ടാനക്കൂട്ടങ്ങള്‍ വിഹരിക്കുന്ന, മനുഷ്യസാന്നിധ്യം അന്യമായ കൊടുംവനം. കര്‍ണാടകയിലെ തടിയന്‍ഡമോള്‍ എന്ന ആ മലമ്പ്രദേശത്ത് നാദാപുരത്തുകാരി ശരണ്യ ഒറ്റപ്പെട്ടുപോയത് മൂന്നു രാത്രികളും രണ്ടു പകലുകളുമാണ്. ഒടുവില്‍ മരണത്തെയും ഭയത്തെയും തോല്‍പ്പിച്ച് ശരണ്യ ഈസ്റ്റര്‍ ദിനത്തില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ 'ദൈവത്തിന്റെ കയ്യൊപ്പ്' എന്നാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ വിശേഷിപ്പിച്ചത്.
നാദാപുരത്തുകാരിയായ ശരണ്യ കൊച്ചിയില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറായി ജോലി ചെയ്യുകയാണ്. അഗസ്ത്യകൂടം മലയടക്കം ട്രക്കിംഗ് നടത്തി കീഴടക്കിയിട്ടുള്ള ശരണ്യ ഈസ്റ്റര്‍ അവധി കണക്കാക്കിയാണ് കുടകിലേക്കും എത്തിയത്. ഒറ്റയ്ക്കായിരുന്നു ആ വരവ്. ബുധനാഴ്ച കക്കബ്ബെ ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ തങ്ങിയ ഇവര്‍ ജീവനക്കാരോട് ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോകണമെന്ന ആഗ്രഹം പറഞ്ഞിരുന്നു. അതനുവദിക്കാതെ വ്യാഴാഴ്ച രാവിലെ 12 അംഗ സംഘത്തിനൊപ്പമാണ് മലകയറാന്‍ വിട്ടത്. എന്നാല്‍ ഒരു മണിക്കൂറിനകം ശരണ്യയെ കാണാതാവുകയായിരുന്നു.
കുടകിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ തടിയന്‍ഡമോള്‍ മലമ്പ്രദേശത്താണ് വ്യാഴാഴ്ച ഉച്ചയോടെ ശരണ്യയെ കാണാതായത്. തിരച്ചില്‍ നടത്തിവന്ന ആദിവാസിയുവാക്കള്‍ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഉള്‍വനത്തില്‍ ഒരു അരുവിക്കുസമീപം പാറയ്ക്കുമുകളില്‍ അവശനിലയില്‍ ഇരിക്കുന്ന നിലയിലാണ് ശരണ്യയെ കണ്ടെത്തിയത്. ട്രക്കിങ് തുടങ്ങിയ ഇടത്തുനിന്നും ഒരു കിലോമീറ്റര്‍ അകലെയായിരുന്നു ഇത്. ട്രക്കിങ്ങിനെ പ്രണയിച്ച ടെക്കിയായ ശരണ്യക്ക് മലമുകളില്‍നിന്ന് രക്ഷപ്പെടാന്‍ കരുത്തായത് അനുഭവസമ്പത്തും തെളിനീരുറവയുമാണ്. അഗസ്ത്യകൂടം ചെമ്പ്രഗുഡി മലനിരകളെ കീഴടക്കിയ ശരണ്യക്ക് തടിയന്‍ഡമോള്‍ മല നിസ്സാരമായിരുന്നു. പക്ഷേ, ഗൈഡ് കൂടെ വരാഞ്ഞതും ഒപ്പം ട്രക്കിങ്ങിന് വന്നവര്‍ പരിചയക്കാരല്ലാത്തതും വിനയായി മാറുകയായിരുന്നു.
രണ്ടുമണിക്കൂറുകൊണ്ട് മലകയറി വരാനായിരുന്നു പദ്ധതി. സംഘത്തില്‍ നിന്നും അല്‍പം മാറി പിന്നിലായാണ് ശരണ്യ സഞ്ചരിച്ചത്. കൂട്ടത്തിലുള്ളവരെ മുകളില്‍ കണ്ട് ശരണ്യ അവിടേക്ക് എത്തിയെങ്കിലും അപ്പോഴും അവര്‍ തിരിച്ചിറങ്ങിയിരുന്നു. സംഘം യാത്ര തുടങ്ങിയ ഇടത്ത് എത്തിയപ്പോഴാണ് ശരണ്യ കൂട്ടത്തിലില്ലെന്ന് മനസിലായത്. അപ്പോഴേക്കും തനിക്ക് വഴിതെറ്റിയെന്ന് അറിയിച്ച് ശരണ്യയുടെ ഫോണ്‍കോളും റിസോര്‍ട്ടിലേക്കെത്തിയിരുന്നു. തെറ്റിയ വഴിയിലൂടെ നടന്നപ്പോള്‍ ആനപ്പിണ്ടത്തിന്റെ മണമറിഞ്ഞപ്പോള്‍ ആ വഴി ഉപേക്ഷിച്ച് മറ്റൊരു വഴി നടന്ന് വിശാലമായൊരു പാറപ്പുറത്ത് തങ്ങി. അരുവിവെള്ളം കുടിച്ച് ക്ഷീണമകറ്റി. രണ്ടുമണിക്കൂറുകൊണ്ട് മടങ്ങിവരാവുന്ന ട്രക്കിങ്ങായതിനാല്‍ ഭക്ഷണസാധനങ്ങളോ മറ്റ് ട്രക്കിങ് സാമഗ്രികളോ കരുതിയിരുന്നില്ല. പവര്‍ ബാങ്ക് എടുത്തുമില്ല. ഫോണില്‍ ചാര്‍ജ് തീരാറായപ്പോള്‍ സുഹൃത്തിനെ വിളിച്ചിട്ട് സര്‍ക്കാരിന്റെ ആരണ്യ സൈറ്റില്‍ കയറി കാര്യംപറയാന്‍ പറയുമ്പോഴേക്കും ഫോണ്‍ ഓഫായി.
അപ്പോഴേക്കും സമയം ഇരുട്ടായിരുന്നു. ആ രാത്രി അവിടെ ചെലവഴിച്ച ശരണ്യ പിറ്റേദിവസം രാവിലെ മുതല്‍ കൂക്കിവിളിച്ച് ഒച്ചയുണ്ടാക്കിയിരുന്നു. ഡ്രോണുകള്‍ എങ്ങാനും വന്നാല്‍ കാണാന്‍ പാകത്തിനായിരുന്നു വിശാലമായ പാറപ്പുറത്തു തന്നെ തങ്ങിയത്. അങ്ങനെ ഒച്ചയുണ്ടാക്കിയതാണ് ഞായറാഴ്ച ശരണ്യയെ കണ്ടത്താന്‍ സഹായകമായത്. കുറ്റിക്കാടുനിറഞ്ഞ ഉയര്‍ന്ന സ്ഥലത്താണ് കഴിഞ്ഞത് എന്നതിനാല്‍ മൃഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നുവേണം കരുതാന്‍. നാലുദിവസം വെള്ളം മാത്രമേ കുടിച്ചുള്ളൂവെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെയാണ് പുറത്തേക്കുവന്നത്. വര്‍ഷങ്ങളായുള്ള ട്രക്കിങ് പരിചയവും മനോബലവും തിരിച്ചുവരവിനുള്ള കരുത്തായി മാറുകയായിരുന്നു. രാത്രിയോടെ വീരാജ് പേട്ട പോലീസ് സ്റ്റേഷനില്‍നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ആശുപത്രിയില്‍നിന്ന് ആരോഗ്യപരിശോധന നടത്തി ബന്ധുക്കള്‍ക്കൊപ്പം രാത്രിയോടെ നാട്ടിലേക്ക് തിരിച്ചു.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണ്. ബെംഗളൂരുവില്‍ എന്‍ജിനീയറാണ് സഹോദരന്‍ ശ്യാം.