പൊലീസ് സംരക്ഷണം വേണം എന്നാവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലീസിന് മുന്നില്‍ ഹാജരായി. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി എത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി സെന്‍ട്രല്‍ പൊലീസ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് സുരക്ഷ തേടി വീണ്ടും പെണ്‍കുട്ടി എത്തിയത്. തന്റെ പാസ്പോര്‍ട്ടും പണവും അടക്കം പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുമുണ്ട്.
കഴിഞ്ഞയാഴ്ച ഹൈക്കോടതി പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം പിന്‍വലിച്ചിരുന്നു. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് നടപടി. പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസിനോട് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് കാട്ടി ഭര്‍ത്താവിനെതിരെ പോക്സോ നിയമപ്രകാരം മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനു വേണ്ടി ഫര്‍ഹാന്‍ മുന്‍കൂര്‍ ജാമ്യം തേടി മധ്യപ്രദേശ് കോടതിയെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളി. ഈ ഘട്ടത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുന്നതും സുരക്ഷ ആവശ്യപ്പെടുന്നതും. പെണ്‍കുട്ടിയെ ഫര്‍ഹാന്‍ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്.
പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ സുരക്ഷ നല്‍കാന്‍ സെന്‍ട്രല്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് സുരക്ഷ പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിച്ചത്.