വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിനും കുടുംബത്തിനുമുണ്ടായ അപകടം മലയാളികളെ ഒരേ സമയം ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത വാര്‍ത്തയാണ്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണം നടന്ന് നാലു മാസം പിന്നിടുമ്പോഴും മലയാളികള്‍ക്ക് ആ മുഖങ്ങള്‍ മറക്കാന്‍ സാധിച്ചിട്ടില്ല. ബാലഭാസ്‌കറുടെ കുടുംബത്തിനുണ്ടായ അത്യാഹിതത്തില്‍ ദുരൂഹത ഉണ്ടെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ബാലുവാണ് വണ്ടി ഓടിച്ചതെന്ന് ഡ്രൈവര്‍ അര്‍ജ്ജുനും അതല്ല അര്‍ജ്ജുനാണ് വണ്ടി ഓടിച്ചതെന്ന് ബാലുവിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ബാലുവിന്റെ അച്ഛന്‍ സികെ ഉണ്ണി നല്‍കിയ പരാതിയിന്‍മേല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അര്‍ജ്ജുനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 25 ന് വടക്കുംനാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഇന്നോവ കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. അപകടത്തെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ബാലു ഓക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. അപകടമരണത്തില്‍ ബാലുവിന്റെ ജീവനക്കാരെ ചുറ്റിപ്പറ്റി കുറയേറെ വാര്‍ത്തകള്‍ പ്രചരിച്ചരുന്നു. ലക്ഷ്മി ആശുപത്രിയില്‍ കിടന്നപ്പോള്‍ പോലും പണം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല എന്നാണ് ആരോപണം ഉയര്‍ന്നത്. സഞ്ജയന ദിവസം ബാലുവിന്റെ അടുത്ത ബന്ധുവും ജീവനക്കാരനും തമ്മില്‍ വാക്കുതര്‍ക്കം നടന്നതും ഏറെ വിവാദമായിരുന്നു. പിന്നീട് കാര്‍ ഓടിച്ചത് ബാലുവാണെന്ന് കാര്‍ ഡ്രൈവര്‍ അര്‍ജ്ജുന്‍ പോലീസിന് മൊഴി നല്‍കിയ് പുറത്തുവന്നു. കൊല്ലം വരെ താനും എന്നാല്‍ പീന്നീട് ബാലുവുമാണ് കാര്‍ ഓടിച്ചത് എന്നാണ് അര്‍ജ്ജുന്‍ പോലീസിനോട് പറഞ്ഞത്. അതേസമയം അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും അര്‍ജ്ജുനാണ് ഓടിച്ചതെന്നുമാണ് ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത്. ഈ സാഹചര്യത്തിലാണ് ബാലുവിന്റെ പിതാവ് ഉണ്ണി അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗതത്തെത്തിയത്.
തുടര്‍ന്ന് ബാലഭാസ്‌കര്‍ മരിച്ചതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു. ഇപ്പോള്‍ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയിരിക്കയാണ്. ബാലഭാസ്‌കറുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍ അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ബാലഭാസ്‌കര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടിലായിരുന്നു ബാലുവിന്റെ കുടുംബം പ്രധാനമായും സംശയം പ്രകടിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെയും ഭാര്യയെയും ആറ്റിങ്ങല്‍ പൊലീസ് ചോദ്യം ചെയ്തു. ബാലഭാസ്‌കറില്‍നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും തിരിച്ചു നല്‍കിയതായും ഇവര്‍ മൊഴി നല്‍കി. ഇതിന്റെ ബാങ്ക് രേഖകളും ഹാജരാക്കി. ഇതോടെ സാമ്പത്തിക ഇടപാടുകളില്‍ സംശയം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിലാണു പൊലീസ്. എന്നാല്‍ അപകടസമയത്ത് ബാലഭാസ്‌കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഈ ഡോക്ടറുടെ ബന്ധുവാണ്. ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളിലെ പ്രതിയാണ് അര്‍ജുന്‍ എന്നാണ് പോലീസ് കണ്ടെത്തല്‍. അതേസമയം അര്‍ജുനാണോ ബാലഭാസ്‌കറാണോ അപകടസമയത്തു വാഹനം ഓടിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം തുടരുകയാണ്. ഫോറന്‍സിക് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുക.