നാന സിനിമാ വാരിക തുടങ്ങിയത് മുതല്‍ വാരികയ്ക്ക് ഒപ്പം നടന്ന ഫോട്ടോഗ്രാഫറാണ് ഇന്നു പുലര്‍ച്ചെ വിടവാങ്ങിയത്. നാനയുടെ കാതും കണ്ണുമായിരുന്നു കൃഷ്ണന്‍ കുട്ടി എന്ന നാനാ കൃഷ്ണന്‍കുട്ടി. നാന കൃഷ്ണന്‍ കുട്ടി എന്ന് പറഞ്ഞാല്‍ ഒരു കാലത്ത് അറിയാത്ത സിനിമാക്കാരുണ്ടായിരുന്നില്ല. നാല് പതിറ്റാണ്ടോളമാണ് നാനയ്ക്കും കേരള ശബ്ദത്തിനും വേണ്ടി ദൃശ്യങ്ങള്‍ അദ്ദേഹം പകര്‍ത്തിയത്. മലയാള സിനിമാ ചരിത്രത്തിന്റെ ഓര്‍മ്മയില്‍ തൂങ്ങുന്ന പല ഫ്രെയിമുകള്‍ക്കും പിന്നിലുള്ളത് നാന കൃഷ്ണന്‍കുട്ടിയുടെ ക്ലിക്കുകളാണ്. കേരളശബ്ദം ഗ്രൂപ്പിന്റെ ഫോട്ടോഗ്രാഫറായാണ് ചുമതലയേറ്റത് എങ്കിലും നാന കൃഷ്ണന്‍ കുട്ടി എന്ന പേരില്‍ നാനയുടെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. മലയാള സിനിമയിലെ ഒരു തലമുറയില്‍ കൃഷ്ണന്‍കുട്ടിയുടെ ക്യാമറാ കണ്ണുകള്‍ പതിയാത്ത ഒരു മുഖം പോലുമില്ല. അത്രമാത്രം പ്രസിദ്ധിയും സമ്മതിയും കൃഷ്ണന്‍ കുട്ടിയ്ക്കുണ്ടായിരുന്നു. നാന കൃഷ്ണൻ കുട്ടി എടുത്തു കൂട്ടിയ ചിത്രങ്ങൾ മലയാള സിനിമയുടെ ചരിത്രം കൂടിയാണ് പറയുന്നത്. കുറെക്കാലമായി വാര്‍ധക്യ സഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് മണക്കാടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് അന്ത്യവും സംഭവിക്കുന്നത്. ''
കൃഷ്ണന്‍കുട്ടിയെ അറിയാത്തവര്‍ മലയാള സിനിമാ രംഗത്ത് ഉണ്ടായിരുന്നില്ല. വ്യക്തി ബന്ധങ്ങളായിരുന്നു കൃഷ്ണന്‍കുട്ടിയുടെ കരുത്ത്. സൗമ്യവ്യക്തിത്വവുമായിരുന്നു. ആരുമായും വഴക്കിനു ജീവിതകാലത്ത് ഒരിക്കലും കൃഷ്ണന്‍കുട്ടി മുതിര്‍ന്നതേയില്ല. പകരം സിനിമാ രംഗത്തെ വഴക്കുകള്‍ പരിഹരിക്കുന്ന മധ്യസ്ഥന്‍ കൂടിയായി അദ്ദേഹം. നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം നാന സിനിമാ രംഗം വാഴുന്ന കാലം കൂടിയായിരുന്നു ഇത്. എന്നിട്ടും വിവാദങ്ങള്‍ക്ക് അതീതമായിതുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സിനിമാ മാധ്യമ പ്രവര്‍ത്തനത്തില്‍ വളരെയധികം കഴിവുകള്‍ ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു കൃഷ്ണന്‍കുട്ടി. ഏതാണ് വാര്‍ത്തകള്‍. ഏതല്ല വാര്‍ത്തകള്‍ എന്ന കാര്യത്തില്‍ തികഞ്ഞ ബോധ്യം കൃഷ്ണന്‍കുട്ടിയ്ക്കുണ്ടായിരുന്നു. ഫോട്ടോകള്‍ക്ക് ഒപ്പം പോപ്പുലര്‍ വാര്‍ത്തകള്‍ കൂടി അദ്ദേഹം നാനയ്ക്ക് സംഭാവന ചെയ്തു. ഫോട്ടോയും വാര്‍ത്തകള്‍ക്കും പിന്നില്‍ അന്ന് അദൃശ്യസാന്നിധ്യമായി അദ്ദേഹം വര്‍ഷങ്ങള്‍ തന്നെ നാനയ്ക്ക് പിന്നില്‍ നിന്നു. മലയാള സിനിമയുടെ ഒരു തലമുറയ്ക്ക് സമ്മതനായ വ്യക്തികൂടിയായിരുന്നു അദ്ദേഹം. ഈ വ്യക്തിബന്ധങ്ങള്‍ കാരണമാണ് വളരെ പെട്ടെന്ന് പോപ്പുലര്‍ ആയി മാറിയ ക്യാമറയ്ക്ക് മുന്നിലും പിന്നിലും എന്ന നാന പംക്തി അദ്ദേഹം നിര്‍ത്തിയത്. നാനയുടെ ഫോട്ടോഗ്രാഫര്‍ ആയി തുടരുമ്പോള്‍ തന്നെയാണ് അദ്ദേഹം സ്വന്തം അനുഭവങ്ങള്‍ ആസ്പദമാക്കി മലയാള സിനിമയുടെ ചരിത്രത്തില്‍ തൊട്ട് അദ്ദേഹം പംക്തിയെഴുതിയത്. കടുത്ത എതിര്‍പ്പുകള്‍ ആണ് ഈ പംക്തിയുടെ പേരില്‍ അദ്ദേഹത്തിനു നേരെ ഉയര്‍ന്നത്. ഒരു തുറന്ന എഴുത്താണ് പംക്തിയില്‍ അദ്ദേഹം നടത്തിയത്. സിനിമാ രംഗത്തെ പല സംഭവങ്ങളും പംക്തി വഴി വെളിയില്‍ വന്നു. ഫോട്ടോ ആദ്യം എടുത്തപ്പോഴുള്ള നടന്, നടിയ്ക്ക് പിന്നീട് വന്ന മാറ്റങ്ങളാണ് പംക്തിയിലൂടെ തുറന്ന എഴുത്തിനു അദ്ദേഹം വിധേയമാക്കിയത്.
മലയാള സിനിമയിലെ പല അന്തപ്പുര രഹസ്യങ്ങളും അറിയാവുന്ന ആള്‍ പംക്തി എഴുതിയാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ തിരിച്ചറിഞ്ഞാണ് രൂക്ഷമായ എതിര്‍പ്പ് അദ്ദേഹത്തിനു നേരെ ഉയര്‍ന്നത് ഇത് മനസിലാക്കിയാണ് പംക്തി എഴുത്ത് അദ്ദേഹം നിര്‍ത്തിയതും. ഈ അനുഭവം പ്രശസ്ത സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ പല്ലിശ്ശേരി വിവരിക്കുന്നത് ഇങ്ങനെ: അന്ന് എംജിആര്‍ തമിഴ്നാട് വാഴുന്ന കാലം. ആ ഘട്ടങ്ങളില്‍ നാന സിനിമാ രംഗത്ത് കത്തി നില്‍ക്കുന്ന സമയമാണ്. കൊല്ലത്തെ നാന ഓഫീസില്‍ നിന്ന് പല്ലിശ്ശേരിയും കൃഷ്ണന്‍കുട്ടിയും ക്യാമറയുമായി ഇറങ്ങുകയാണ് ചെന്നൈയിലേക്ക്. പിന്നെ കുറെ നാള്‍ ചെന്നൈ വാസമാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമാ ലൊക്കേഷനുകള്‍ എല്ലാം ഇവര്‍ കവര്‍ ചെയ്യും. മലയാള സിനിമ അന്ന് ചെന്നൈയില്‍ കേന്ദ്രീകരിച്ച കാലവുമാണ്. കോടമ്പാക്കം വീഥിയിലൂടെ ഇങ്ങിനെ റിപ്പോര്‍ട്ടിംഗിനായി പോകുമ്പോഴാണ് ഇവരെ കടന്നു പോയ ഒരു കാര്‍ തിരികെ റിവേഴ്സ് എടുത്ത് തിരികെ വന്നത്. എംജിആര്‍ കാലത്ത് ചെന്നയില്‍ എന്തിനും അധികാരമുള്ളവരായി വിലസിയിരുന്നവരില്‍ പ്രമുഖരായിരുന്നു അംബിക, രാധ, സരസമ്മ. എംജിആറുമായി ഇവര്‍ക്ക് ഉണ്ടായിരുന്ന വ്യക്തി ബന്ധമാണ് ചെന്നെയിലെ സ്വാധീന ശക്തിയുള്ള നടി കുടുംബമായി ഇവരെ മാറ്റിയത്.
തിരികെ പാഞ്ഞു വന്ന കാറില്‍ രാധയും അമ്മ സരസമ്മയുമായിരുന്നു. കാര്‍ തുറന്നു ചാടിയിറങ്ങിയ സരസമ്മ കൃഷ്ണന്‍കുട്ടിയുമായി കൊമ്പ് കോര്‍ത്തു. കൃഷ്ണന്‍കുട്ടിയുടെ നാന പംക്തിയാണ് സരസമ്മയെ ചൊടിപ്പിച്ചത്. ഇതോടെ പല്ലിശ്ശേരി പ്രശ്നത്തില്‍ ഇടപെട്ടു. സരസമ്മ പറഞ്ഞു 'മോന്‍ ഈ പ്രശ്നത്തില്‍ ഇടപെടേണ്ട...ഇത് ഞങ്ങളുടെ കുടുംബ പ്രശ്നമാണ്. നാന കൃഷ്ണന്‍ കുട്ടി എന്റെ ബന്ധുവാണ്. ഇത് ഞങ്ങള്‍ തമ്മില്‍ തീര്‍ക്കും. ഇതോടെ ഞാന്‍ പറഞ്ഞു... അത് നിങ്ങള്‍ വീട്ടില്‍ തീരുമാനിച്ചാല്‍ മതി. ഇത് എന്റെ കൂടെ റിപ്പോര്‍ട്ടിംഗിന് വന്ന കൃഷ്ണന്‍കുട്ടിയാണ്. അതുകൊണ്ട് തന്നെ വഴക്ക്കൂടാന്‍ കഴിയില്ല-ഞാന്‍ നിലപാട് എടുത്തു. ഇതോടെ തര്‍ക്കം മൂത്തു. സരസമ്മ പറഞ്ഞു.. 'നിങ്ങളെ രണ്ടുപേരെയും ഞങ്ങള്‍ പിടിച്ചു കൊണ്ടുപോയി റൂമില്‍ അടച്ചിട്ടു ഒരു പെണ്ണിനേയും കൊണ്ട് നിര്‍ത്തി അനാശാസ്യം എന്ന് പറഞ്ഞു പോലീസിനെയും കൊണ്ട് റെയിഡ് നടത്തിയാല്‍ എന്താകും സ്ഥിതി. എനിക്ക അതിനുള്ള സ്വാധീനം ഇവിടെ ചെന്നെയിലുണ്ട്. മനസിലായോ? പക്ഷെ ഞാന്‍ ഒരമ്മയാണ്. അതുകൊണ്ട് ഞാന്‍ ഒരിക്കലും അത് ചെയ്യില്ല. പക്ഷെ നിങ്ങള്‍ ഇങ്ങിനെ എഴുതാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് കൃഷ്ണന്‍കുട്ടി... കൃഷ്ണന്‍ കുട്ടി എഴുതിയതിലാണ് എനിക്ക് വിഷമം...'സരസമ്മ പറഞ്ഞു. പിന്നെ അത് പറഞ്ഞു പരിഹരിച്ചാണ് സരസമ്മയും രാധയും പോയത്.
തിലകനുമായുള്ള പ്രശ്നം നടക്കുമ്പോഴും എനിക്ക് ഒപ്പം കൃഷ്ണന്‍കുട്ടിയുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആയിരുന്നു കൃഷ്ണന്‍ കുട്ടിയ്ക്ക് താത്പര്യം. അദ്ദേഹം ആരെയും ഒരിക്കലും ദ്രോഹിച്ചില്ല. അന്ന് ഇന്നത്തെ പോലുള്ള സിനിമാ രംഗമല്ല. വൈകീട്ട് ഷൂട്ട് കഴിഞ്ഞാല്‍ സിനിമാ താരങ്ങളും പത്രക്കാരും ഒരുമിച്ച് കൂടും. മദ്യപാന സദസും ഉണ്ടാകും. കൃഷ്ണന്‍ കുട്ടി ഈ സദസുകളില്‍ പ്രമുഖനായിരുന്നു. അധികം കഴിക്കാതെ കൃഷ്ണന്‍കുട്ടി എല്ലാം ഒപ്പിയെടുക്കും. ഫോട്ടോയും വാര്‍ത്തകളും ഉള്‍പ്പെടെയുള്ളവ. ഇതാണ് പിന്നീട് നാനയില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. അവയെല്ലാം പോപ്പുലര്‍ ആയി മാറി-പല്ലിശ്ശേരി പറയുന്നു.