കുഞ്ഞ് ശരിയായി ഭക്ഷണം കഴിക്കുന്നില്ലെങ്കിലോ ഭക്ഷണം കഴിക്കാതിരിക്കുകയാണെങ്കിലോ നിങ്ങള്‍ക്ക് അതേ കുറിച്ച് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ഭക്ഷണം നല്‍കാന്‍ ഏതെല്ലാം രീതിയില്‍ ശ്രമിച്ചാലും നിങ്ങളുടെ കുഞ്ഞ് അല്പം പോലും താല്പര്യം കാണിക്കണമെന്നില്ല.
കുട്ടി ശരിയായി ഭക്ഷണം കഴിക്കുന്നില്ല എന്ന് കരുതി നിങ്ങള്‍ അത്ര അസ്വസ്ഥരാവേണ്ട കാര്യമില്ല. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ ഭക്ഷണത്തോടെ താല്പര്യം കാണിക്കാതിരിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. നിങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കുട്ടികള്‍ ഭക്ഷണം കഴിച്ചില്ല എങ്കില്‍ അതേക്കുറിച്ച് ഓര്‍ത്ത് പരിഭ്രമിക്കേണ്ട കാര്യമില്ല. അതേസമയം, നിങ്ങളുടെ കുട്ടി വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയും കുഞ്ഞുങ്ങളുടെ ഭാരം കുറയുകയും കാഴ്ചയില്‍ അസ്വാഭാവികത തോന്നിക്കുകയും ചെയ്താല്‍, മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്താന്‍ ശിശുരോഗവിദഗ്ധന്‍/വിദഗ്ധയുടെ സേവനം തേടേണ്ടതാണ്.
കുട്ടികളുടെ ഭക്ഷണ രീതിയെ ഗൗരവതരമായി ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്.
* ജങ്ക് ഭക്ഷണം: ചിപ്‌സ്, മിഠായികള്‍, കുക്കികള്‍, കൃത്രിമ ജ്യൂസുകള്‍ തുടങ്ങിയ അനാരോഗ്യകരങ്ങളായ ഭക്ഷണങ്ങള്‍ നിങ്ങളുടെ കുട്ടി കഴിക്കാറുണ്ടോ? ഉണ്ട്, എന്നാണ് ഉത്തരമെങ്കില്‍ അത് അവസാനിപ്പിക്കേണ്ടതുണ്ട്. ജങ്ക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയാന്‍ കാരണമാവുകയും സ്വാഭാവിക ഭക്ഷണങ്ങളോടുള്ള താല്പര്യം കുറയാന്‍ കാരണമാവുകയും ചെയ്യും.
* എണ്ണമയമുള്ളതും കട്ടിയുള്ളതുമായ ഭക്ഷണം: എണ്ണമയമുള്ളതും കട്ടിയുള്ളതുമായ ആഹാരമാണോ നിങ്ങള്‍ കുട്ടിക്ക് നല്‍കുന്നത്. ഇത്തരം ഭക്ഷണം നല്‍കുന്നത് കുട്ടിയുടെ വയര്‍ പൂര്‍ണമായി നിറയാന്‍ കാരണമാവും. അതിനാല്‍, അടുത്ത തവണ ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടുകയും ചെയ്‌തേക്കാം. നിങ്ങളുടെ കുട്ടി കുടിക്കുന്ന പാലിന്റെ അളവിലും നിയന്ത്രണം ഏര്‍പ്പെടുത്തണം.
* കൗച്ച് പൊട്ടറ്റോ: പുതിയ തലമുറയിലുള്ള മിക്ക കുട്ടികളും സ്മാര്‍ട്ട്‌ഫോണിലും ടാബ്ലറ്റിലും കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണ്. ഇവ ഉപയോഗിക്കുമ്പോള്‍ മണിക്കൂറുകളോളം ഒരു ചെറിയ ശബ്ദം പോലും ഉണ്ടാക്കാതെ ഇരിക്കാന്‍ ഇവര്‍ക്കു കഴിയും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും ഇല്ലാതാകുന്നതും വിശപ്പില്ലായ്മയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അലസമായി ഇരിക്കുന്ന സമയത്ത് ജങ്ക് ഭക്ഷണങ്ങള്‍ കഴിക്കുക കൂടി ചെയ്താല്‍ അത് വിശപ്പ് തീരെ ഇല്ലാതാക്കും.