Latest News

ഇസ്രയേല്‍-ഇറാന്‍ യുദ്ധഭീതി: വ്യോമപാത അടച്ചതോടെ തമിഴ് സൂപ്പര്‍താരം അജിത് ദുബായില്‍ കുടുങ്ങി; താരം സുരക്ഷിതനാണെന്ന് മാനേജര്‍

Malayalilife
 ഇസ്രയേല്‍-ഇറാന്‍ യുദ്ധഭീതി: വ്യോമപാത അടച്ചതോടെ തമിഴ് സൂപ്പര്‍താരം അജിത് ദുബായില്‍ കുടുങ്ങി; താരം സുരക്ഷിതനാണെന്ന് മാനേജര്‍

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധസമാനമായ സംഘര്‍ഷത്തെത്തുടര്‍ന്ന് വ്യോമപാതകള്‍ അടച്ചതോടെ തമിഴ് താരം അജിത് കുമാര്‍ ദുബായില്‍ കുടുങ്ങി. മേഖലയിലെ സുരക്ഷാസാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പെട്ടെന്ന് റദ്ദാക്കിയതാണ് താരത്തിന്റെ മടക്കയാത്ര തടസ്സപ്പെടുത്തിയത്. റേസിംഗുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് താരം ദുബായിലെത്തിയത്. ശനിയാഴ്ച ചെന്നൈയിലേക്ക് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തിയെങ്കിലും സര്‍വീസുകള്‍ മുടങ്ങിയതിനെത്തുടര്‍ന്ന് താമസസ്ഥലത്തേക്ക് തന്നെ തിരിച്ചുപോരുകയായിരുന്നു. 

അജിത് കുമാര്‍ പൂര്‍ണ്ണ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നും മാനേജര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര റേസിംഗ് സര്‍ക്യൂട്ടില്‍ സജീവമായ അജിത്, അബുദാബിയില്‍ വരാനിരിക്കുന്ന എന്‍ഡുറന്‍സ് റേസിനായുള്ള പരിശീലനത്തിലായിരുന്നു. അടുത്തിടെ നടന്ന '24H ദുബായ്' റേസില്‍ മികച്ച പ്രകടനം നടത്തി അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 

വ്യോമപാതകള്‍ അടച്ചതോടെ അജിത്തിനൊപ്പം ആയിരക്കണക്കിന് ഇന്ത്യന്‍ യാത്രക്കാരാണ് ദുബായ് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസമാനമായ സാഹചര്യം മാറുന്നതുവരെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് എയര്‍ലൈന്‍ അധികൃതര്‍ നല്‍കുന്ന സൂചന. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' ആണ് അജിത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിനുശേഷം വീണ്ടും ആദിക് രവിചന്ദ്രനൊപ്പം തന്നെയാകും താരം ഒന്നിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Is Ajith Kumar Safe In Dubai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES