ഇന്ന് എല്ലാ സ്‌കൂളുകളിലും ഷൂസ് നിര്‍ബന്ധമാണ്. പാദസംരക്ഷണത്തിന് ഷൂസുകള്‍ നല്ലതു തന്നെ. ഷൂസ് തിരഞ്ഞെടുക്കുമ്പോള്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ഷൂസ് മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. കുട്ടികളുടെ പാദങ്ങളുടെ അളവ് അര ഫൂട്ട് സൈസ് വീതം എങ്കിലും ആറുമാസത്തിലൊരിക്കല്‍ കൂടാറുണ്ട്. അതുകൊണ്ട് തന്നെ എട്ട് ആഴ്ച കൂടുമ്പോള്‍ കുട്ടികളുടെ ഫൂട്ട് സൈസ് അളക്കുന്നത് ഗുണം ചെയ്യും. കാലിലെ ഉപ്പൂറ്റി മുതല്‍ തള്ളവിരലിന്റെ അറ്റം വരെയാണ് നീളം അളക്കുന്നത്.
ഷൂസിന്റെ ഹീല്‍ വളരെ പ്രധാനമാണ്. ഹീല്‍ ആണ് പാദങ്ങള്‍ക്ക് ആവശ്യമായ സപ്പോര്‍ട്ട് നല്‍കുന്നത്. ഷൂസ് വാങ്ങുമ്പോള്‍ ഹീലിന്റെ വശങ്ങളില്‍ പിടിച്ച് രണ്ടു കൈയും കൊണ്ട് അമര്‍ത്തണം. ഉള്ളിലേക്ക് അമര്‍ന്നു പോകുന്നുവെങ്കില്‍ ഷൂസ് ഉപയോഗപ്രദമല്ല. ഷൂസിന്റെ മുന്‍ഭാഗത്തിന് ആവശ്യത്തിന് വീതി ഉണ്ടായിരിക്കണം. ഷൂസിന്റെ മുന്‍ഭാഗം മുതല്‍ തള്ളവിരല്‍ വരെ, കാലിലെ തള്ളവിരല്‍ നഖത്തിന്റെ അത്രയും അകലം ഉണ്ടായിരിക്കണം. മുന്‍ ഭാഗത്തിന് വീതിയില്ലാത്ത ഷൂകള്‍ കാലിന്റെ വിരലുകളെ ബാധിക്കും. ആവശ്യത്തിന് വായു സഞ്ചാരമുള്ള ഷൂ വേണം തിരഞ്ഞെടുക്കാന്‍. വായൂ സഞ്ചാരമില്ലാത്ത ഷൂ ഉപയോഗിച്ചാല്‍ പൂപ്പല്‍ ബാധയുണ്ടാവാന്‍ സാധ്യത ഉണ്ട്.