തെന്നിന്ത്യന്‍ സിനിമാലോകത്തെയാകെ പിടിച്ചുലയ്ക്കുന്ന വാര്‍ത്തകളാണ് സൂപ്പര്‍താരം വിജയ്‌യുടെ കുടുംബജീവിതത്തില്‍ നിന്ന് പുറത്തുവരുന്നത്. വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള ദീര്‍ഘകാലത്തെ ദാമ്പത്യം തകര്‍ച്ചയുടെ വക്കിലാണെന്നും സംഗീത ചെങ്കല്‍പേട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തുവെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് പിതാവിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്തകള്‍ കൂടി വന്നതോടെ ആരാധകര്‍ വലിയ ആശങ്കയിലാണ്.
സംഗീത കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജയ്‌ക്കെതിരെ അത്യന്തം ഗൗരവകരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ പ്രമുഖ നടിയുമായി വിജയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നാണ് സംഗീതയുടെ പ്രധാന ആരോപണം. 2021 ഏപ്രില്‍ മുതല്‍ ഈ ബന്ധം തുടരുന്നതായും, ഇത് അവസാനിപ്പിക്കാമെന്ന് വിജയ് തനിക്ക് വാക്ക് നല്‍കിയിരുന്നെങ്കിലും പിന്നീട് അത് ലംഘിച്ചതായും ഹര്‍ജിയില്‍ പറയുന്നു. വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചുവെന്നും ദാമ്പത്യ കടമകളില്‍ നിന്ന് താരം പൂര്‍ണ്ണമായും പിന്മാറിയെന്നും സംഗീത ആരോപിക്കുന്നു.
പുറത്ത് ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശയാത്രകള്‍ നടത്തിയെന്നും ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് തനിക്കും മക്കള്‍ക്കും വലിയ നാണക്കേടും മാനസിക വിഷമവും ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് പിതാവിനെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇതിനെതിരെ വിജയ് ആരാധകര്‍ ശക്തമായി രംഗത്തുവന്നു.
ജേസണ്‍ സഞ്ജയ് തന്റെ പിതാവിനെ ഇതുവരെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്തിട്ടില്ലെന്നും, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ മനഃപൂര്‍വം കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്നും ആരാധകര്‍ വാദിക്കുന്നു. നിലവില്‍ വിജയ് സേതുപതി ഉള്‍പ്പെടെ 36 പേരെ മാത്രമാണ് ജേസണ്‍ സഞ്ജയ് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്.
1998 ജൂലൈ 10-നായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. സംഗീത യുകെ പൗരത്വമുള്ള വ്യക്തിയായതിനാല്‍ ലണ്ടനില്‍ വെച്ചായിരുന്നു ആദ്യ വിവാഹച്ചടങ്ങുകള്‍ നടന്നത്. പിന്നീട് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയില്‍ വെച്ച് തമിഴ് ആചാരപ്രകാരം വീണ്ടും ചടങ്ങുകള്‍ നടത്തിയിരുന്നു. ഏകദേശം 25 വര്‍ഷത്തോളം നീണ്ട ഈ ബന്ധത്തിലാണ് ഇപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നത്.
തമിഴ് രാഷ്ട്രീയത്തിലും സിനിമയിലും വലിയ മാറ്റങ്ങള്‍ക്ക് വിജയ് തയ്യാറെടുക്കുന്നതിനിടെ പുറത്തുവന്ന ഈ വിവാദങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിനെ എങ്ങനെ ബാധിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഈ വിഷയത്തില്‍ വിജയ്‌യുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം, വിജയിന്റെ കരിയറിലെ ഓരോ വളര്‍ച്ചയിലും സംഗീതയുടെ സാന്നിധ്യമുണ്ടായിരുന്നു. താരത്തിന്റെ വസ്ത്രധാരണം മുതല്‍ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ വരെ സംഗീത അഭിപ്രായങ്ങള്‍ പറയാറുണ്ടായിരുന്നു. 2022-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ 'അവള്‍ എന്റെ ഏറ്റവും വലിയ വിമര്‍ശകയാണ്' എന്ന് വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. വിജയ് ആരുടെ വാക്ക് കേട്ടില്ലെങ്കിലും സംഗീതയുടെ വാക്കുകള്‍ മാനിക്കാറുണ്ടെന്ന് താരത്തിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖറും പണ്ട് വെളിപ്പെടുത്തിയിരുന്നു.
ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. വിവാഹമോചന വാര്‍ത്ത പുറത്തുവന്നതോടെ വിജയിന്റെ ആരാധകര്‍ വലിയ നിരാശയിലാണ്. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സുപ്രധാന ഘട്ടത്തില്‍ നില്‍ക്കുന്ന വിജയ്ക്ക് ഈ വ്യക്തിജീവിതത്തിലെ പ്രതിസന്ധി വലിയൊരു വെല്ലുവിളിയാകും. തമിഴകത്തെ ചക്രവര്‍ത്തിയായി തിളങ്ങുമ്പോഴും തന്റെ കുടുംബം സംരക്ഷിക്കാന്‍ താരത്തിന് കഴിഞ്ഞില്ലേ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.