ലഹരി വസ്തുക്കള്‍ കൈവശം വച്ചതിന് മകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ടിനി ടോം. കഴിഞ്ഞ ദിവസമാണ് ടിനി ടോമിന്റെ മകന്‍ ആദം ഷീം ലഹരി വസ്തുക്കള്‍ കൈവശംവച്ചകേസില്‍ ഉള്‍പ്പെട്ടത് വിവാദമായതിന് പിന്നാലെയായിരുന്നു പ്രതികരണം. മറ്റുള്ളവന്റെ വീഴ്ചയില്‍ സന്തോഷിക്കുന്നവര്‍ ആഘോഷിക്കട്ടേയെന്നും എല്ലാം കാലം തെളിയിക്കുമെന്നുമാണ് ടിനി ടോം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മകന് ലഭിച്ച ഫലകത്തിന്റേയും സര്‍ട്ടിഫിക്കറ്റിന്റേയും ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് ടിനി ടോമിന്റെ കുറിപ്പ്. മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തില്‍ നേട്ടം കരസ്ഥമാക്കിയ എന്റെ മകന്‍ ആദം ഷീമിന് ആശംസകള്‍. നീ എപ്പോഴുമെന്റെ ഹീറോയാണ്. സങ്കീര്‍ത്തനം 91; അവന്‍ നിന്നെ വേട്ടക്കാരന്റെ കെണിയില്‍ നിന്നും, നാശകരമായ മഹാമാരിയില്‍ നിന്നും വിടുവിക്കും.
തന്റെ തൂവലുകള്‍ കൊണ്ട് അവന്‍ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയില്‍ സന്തോഷിക്കുന്നവര്‍ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പന്‍ ഉണ്ടെടാ കൂടെ'- ടിനി ടോം കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മകന്റെ ലഹരിക്കേസിനെക്കുറിച്ച് ചോദിച്ചവരോട് 'അവന്റെ കയ്യില്‍ നിന്നല്ല ലഹരിവസ്തുക്കള്‍ പിടിച്ചത്' എന്ന് ടിനി ടോം കമന്റ് നല്‍കിയിട്ടുണ്ട്. ലഹരിയെ പേടിച്ച് മകന് സിനിമയില്‍ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന് രണ്ട് വര്‍ഷം മുന്‍പ് ഒരു പ്രസംഗത്തില്‍ ടിനി ടോം പറഞ്ഞിരുന്നു. മകന്‍ ലഹിക്കേസില്‍ അറസ്റ്റിലായതോടെ സോഷ്യല്‍ മീഡിയ ടിനി ടോമിനെതിരേ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് താരത്തിന്റെ പ്രതികരണം.
കഴിഞ്ഞദിവസമാണ് കഞ്ചാവ് കൈവശംവെച്ച കേസില്‍ നടന്‍ ടിനി ടോമിന്റെ മകന്‍ ആദം ഷെം ഉള്‍പ്പെടെ മൂന്നുയുവാക്കളെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദം ഷീമിന് പുറമേ കാര്‍ത്തിക് (20), അമിത് ജോര്‍ജ് (21) എന്നിവരും പിടിയിലായി. മൂന്നുപേര്‍ക്കുമെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കാര്‍ത്തിക് എന്നയാളുടെ പാന്റിന്റെ പോക്കറ്റില്‍നിന്നാണ് സിപ് ലോക്ക് കവറിലായി നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മൂവരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.