പലവര്‍ണ്ണങ്ങളിലുള്ള ബാഗുകള്‍ തൂക്കി കുട്ടികള്‍ സ്‌കൂളില്‍ പോവുന്നതു കാണാന്‍ നല്ല ഭംഗിയാണ്. എന്നാല്‍ അതിന് പിന്നില്‍ ഒരു അമ്മയുടെ കഷ്ടപ്പാട് കാണും. കാരണം എല്ലാ വീടുകളിലും അമ്മമ്മാരുടെ ജോലിയാണല്ലോ ഇങ്ങനെ ബാഗൊരുക്കിക്കൊടുക്കല്‍. രാവിലെ സ്‌കൂള്‍ ബസ്സ് വന്ന് ഹോണടിക്കുമ്പോഴാവും ബാഗ് ഒരുക്കിയിട്ടില്ലെന്ന് ഓര്‍മ വരിക. പിന്നെ ഒരു ഓട്ടപ്പാച്ചിലാണ്. അതിനിടയില്‍ പകുതി സാധനങ്ങള്‍ മറന്ന് പോവുകയും ചെയ്യും. തലേദിവസം ഒന്ന് ശ്രദ്ധിച്ചാല്‍ ഈ ഓട്ടപ്പാച്ചില്‍ ഒഴിവാക്കാവുന്നതേ ഉള്ളൂ.
* ടിഫിന്‍ ബോക്‌സും, സ്‌നാക്‌സ് ബോക്‌സും, വാട്ടര്‍ ബോട്ടിലും ഒഴിച്ചുള്ളവ എല്ലാം തലേദിവസം തന്നെ ബാഗില്‍ എടുത്ത് വയ്ക്കുക
* ഹോം വര്‍ക്കുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം ചെയ്ത് കഴിഞ്ഞതിന് ശേഷം ടൈംടേബിള്‍ നോക്കി പുസ്തകങ്ങള്‍ എടുത്ത് വയ്ക്കണം. ചെറിയ കുട്ടികളെ ഇക്കാര്യത്തില്‍ സഹായിക്കേണ്ട ചുമതല അച്ഛനമ്മമാര്‍ക്കുണ്ട്.
* ഇന്‍സ്ട്രുമെന്റ് ബോക്‌സും മറ്റും കൃത്യമായി എടുത്ത് വയ്ക്കാന്‍ മറക്കരുത്
* മഴക്കാലമാണെങ്കില്‍ കുടയോ, മഴക്കൊട്ടോ ബാഗില്‍ എടുത്ത് വയ്ക്കാന്‍ മറക്കരുത്
* ടിഫിന്‍ ബോക്‌സ് എടുത്ത് വയ്ക്കുമ്പോള്‍ കറി വേറെ പാത്രത്തില്‍ എടുക്കണം. ഇത് പ്ലാസ്റ്റിക് കവര്‍കൊണ്ട് പൊതിയുന്നത് നന്നായിരിക്കും. മത്സ്യം, മാംസം തുടങ്ങിയവ സ്‌കൂളില്‍കൊടുത്തുവിടാതിരിക്കുന്നതായിരിക്കും നല്ലത്
* ടിഫിന്‍ ബോക്‌സും, സ്‌നാക്‌സ് ബോക്‌സും ചെറിയൊരു ക്യാരി ബാഗിനുള്ളില്‍ കൊടുത്ത് വിടുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ കറികളും മറ്റും മറിഞ്ഞ് പുസ്തകങ്ങള്‍ കേടുവരാന്‍ ഇടയാകും
* തിളപ്പിച്ചാറിയ വെള്ളം എപ്പോഴും വാട്ടര്‍ ബോട്ടിലില്‍ കൊടുത്തുവിടാന്‍ മറക്കരുത്.
മേല്‍ പറഞ്ഞവയെല്ലാം കുട്ടികള്‍ക്ക് ചെയ്തുകൊടുത്താല്‍ മാത്രം പോരാ. കുട്ടികളെ കൊണ്ട് ചെയ്ത് പഠിപ്പിക്കുകയും വേണം.