വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താരങ്ങളായ നിരവധി പേര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. രമേഷ് പിഷാരടി, വീണാ നായര്‍, അഞ്ജലി നായര്‍, ലക്ഷ്മി പ്രിയ, അഖില്‍ മാരാര്‍ എന്നിവരൊക്കെ താര മത്സരാര്‍ത്ഥികളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതില്‍ രമേഷ് പിഷാരടിയുടെ പേരാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. പാലക്കാടാണ് രമേഷ് പിഷാരടി മത്സരിക്കുന്നത്. ട്വന്റി20 ക്കാണ് ഏറ്റവും കൂടുതല്‍ താര സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. ട്വന്റി 20യുടെ ഭാഗമായാണ് നടി അഞ്ജലി നായര്‍, ലക്ഷ്മി പ്രിയ, വീണാ നായര്‍ എന്നിവരൊക്കെ മത്സരിക്കുന്നത്. ലക്ഷ്മി പ്രിയ താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച അദ്ദേഹം, താല്‍ക്കാലികമായി അരങ്ങിലെ കലാപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അറിയിച്ചു. തന്റെ ജന്മനാടായ പാലക്കാടാണ് പിഷാരടി മത്സരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിഷാരടി ഈ വിവരം പുറത്തുവിട്ടത്. സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യയെ ഒരു മതേതര രാഷ്ട്രമായി കെട്ടിപ്പടുക്കുന്നതില്‍ ഒറ്റയ്ക്ക് നിലകൊണ്ട കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പമാണ് താനെന്ന് അദ്ദേഹം കുറിച്ചു. അരനൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്ത് ഏറ്റവും കൂടുതല്‍ വോട്ട് അടയാളപ്പെടുത്തിയ കൈപ്പത്തി ചിഹ്നത്തിലാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാടന്‍ ജനങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും തന്നെയാണ് താന്‍ ഇനി പ്രഥമ പരിഗണന നല്‍കുന്നതെന്നും പിഷാരടി വ്യക്തമാക്കി. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി വേദികളിലൂടെയും ടെലിവിഷന്‍, സിനിമ, മറ്റ് മാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് മുന്നിലെത്തിയ താന്‍, ഈ കാലയളവില്‍ ചിന്തകളും ചിരികളും സഭ്യവും മാന്യവുമായി പങ്കുവെക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കക്ഷിരാഷ്ട്രീയത്തിന്റെയോ വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേര്‍തിരിവുകളില്ലാത്ത സ്നേഹമാണ് തനിക്ക് ലഭിച്ചതെന്നും, ആ സ്നേഹം തിരികെ നല്‍കാന്‍ കഠിനമായി പ്രയത്നിക്കുമെന്നും പിഷാരടി ഉറപ്പുനല്‍കി.
രമേഷ് പിഷാരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: ജനവിധി തേടി ജന്മനാട്ടിലേക്ക് പ്രിയപ്പെട്ടവരെ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷന്‍, സിനിമ ,മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങള്‍ക്ക് മുന്നിലെത്തിയ ആളാണ് ഞാന്‍.
ഇക്കാലമത്രയും ചിന്തയും ചരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു. ഇനി പുതിയ ഒരു ഉത്തരവാദിത്ത്വവുമായി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് ; നിയമസഭാ സ്ഥാനാര്‍ഥി ആയി. സ്വാതന്ത്ര്യ സമരം മുതല്‍ 'ഇന്ത്യ'എന്ന മഹാരാജ്യം ; മതേതരരാജ്യം കെട്ടിപ്പെടുക്കുന്നതില്‍ ഒറ്റയ്ക്ക് നിലകൊണ്ട് കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ?ചിഹ്നത്തില്‍ ആണ് മത്സരിക്കുക.......അഭിമാനം സന്തോഷം
ഇനി പാലക്കാടുള്ള ജനങ്ങള്‍ക്കും....അവരുടെ ആവശ്യങ്ങള്‍ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങില്‍ ഞാന്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം.... കക്ഷി രാഷ്ട്രീയത്തിന്റെയോ,വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേര്‍തിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് ഞാന്‍ നിങ്ങളില്‍ നിന്നും അനുഭവിച്ചത് എനിക്ക് തന്ന സ്‌നേഹം തിരികെ തരാന്‍ കഠിന പ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളില്‍ എന്ന പോലെ ഒപ്പം നിങ്ങള്‍ ഉണ്ടെന്ന വിശ്വാസത്തോടെ... സ്നേഹത്തോടെ രമേഷ് പിഷാരടി...
പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ലക്ഷ്മി പ്രിയ മത്സരിക്കുന്നത്. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തന്റെ ആഭിമുഖ്യം ലക്ഷ്മിപ്രിയ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. ബിജെപി ജയിച്ചാലും തോറ്റാലും മരണം വരെ തന്റെ വോട്ട് പാര്‍ട്ടിക്കായിരിക്കുമെന്ന ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ലക്ഷ്മി പ്രിയയുടെ പ്രതികരണം ഇങ്ങനെ:
'നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂര്‍ എന്നത് എന്റെ തൊട്ട് അയല്‍പക്കത്തുള്ള സ്ഥലമാണ്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബിജെപി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. തന്നെയുമല്ല മത്സരിക്കാന്‍ സമയമായിട്ടില്ലായിരുന്നു. നമുക്കും പരുവപ്പെടണം. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം. ജനങ്ങള്‍ക്ക് അവരുടെ മനസിലുള്ള കാര്യങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യങ്ങള്‍ എന്നുള്ളത് എന്നോട് പങ്കുവെക്കാന്‍ കഴിയണം. ഞാന്‍ അത്രയും ഫ്രീയായി അവരോട് ഇടപെടണം. ട്വന്റി20യെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഒരു പാത അവര്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. കുറച്ചുനാളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അമ്മയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു പോകുന്നുണ്ട്. അമ്മയുടെ കുടുംബസംഗമം വിജയകരമായി നടത്തി. എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികളിലും പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ല. സഹപ്രവര്‍ത്തകരായ അമ്മയിലെ താരങ്ങളോട് ഒന്നും ഞാന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. അവര്‍ക്ക് ഇതൊക്കെ ഞെട്ടല്‍ ആയിരിക്കും. പ്രചാരണത്തിന് എല്ലാവരെയും പ്രതീക്ഷിക്കുന്നുണ്ട്. ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ധിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹം - ലക്ഷ്മി പ്രിയയുടെ വാക്കുകള്‍.
വീണാ നായര്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലും അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍ പ്രോമി കുര്യാക്കോസ് അങ്കമാലി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകും
കിഴക്കമ്പലം മോഡല്‍ വികസനം കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാകാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് വീണാ നായര്‍ പറഞ്ഞു. സ്വന്തം നാടായ ഏറ്റുമാനൂരില്‍തന്നെ മത്സരിക്കാന്‍ അവസരം തന്നതില്‍ നന്ദിയുണ്ട്. മാറ്റം ആവശ്യമാണെന്നും വീണാ നായര്‍ പറഞ്ഞു. ഏറ്റുമാനൂരിലെ ഐമനത്തുള്ള പരിപ്പ് സ്വദേശിയാണ് വീണാ നായര്‍.
സ്വന്തം നാടായ തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അഞ്ജലി നായര്‍ പ്രതികരിച്ചു. താന്‍ രാഷ്ട്രീയ പ്രവര്‍ത്തകയാകാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. ആദ്യമായാണ് തെരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നത്. തൃപ്പൂണിത്തുറക്കാര്‍ക്കൊപ്പം ഒരു കുടുംബാംഗത്തെപ്പോലെ ഉണ്ടാകുമെന്നും അഞ്ജലി നായര്‍ കൂട്ടിച്ചേര്‍ത്തു.