സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോള്‍ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. ഇപ്പോഴിതാ മൂത്ത മകള്‍ അഹാന കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട്, ഒരഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞ കാര്യങ്ങളും സോഷ്യലിടങ്ങളില്‍ വൈറലാകുകയാണ്.
അഹാന വിവാഹിതയാകാന്‍ പോകുന്നുവെന്ന സൂചനയാണ് കൃഷ്ണകുമാര്‍ സ്ഥിരീകരിച്ചത്. മക്കളുടെ വ്യക്തിപരമായ തീരുമാനങ്ങള്‍ക്ക് കുടുംബം നല്‍കുന്ന പിന്തുണയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാകാറുള്ള കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ നിന്നുള്ള ഈ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാകുകയാണ്.
അഹാന അടുത്തിടെ തനിക്ക് വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് സന്ദേശമയച്ചതായി കൃഷ്ണകുമാര്‍ പറഞ്ഞു. സ്വന്തം ചെലവില്‍ വിവാഹം നടത്തിയ രണ്ടാമത്തെ മകള്‍ ദിയയുടെ മാതൃക ഓര്‍മ്മിപ്പിച്ച്, മറ്റു മക്കളോടും ഇതേ പാത പിന്തുടരാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം തമാശയോടെ കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന് തനിക്ക് ചെലവ് വരാത്തതില്‍ സന്തോഷമുണ്ടായിരുന്നുവെന്നും കൃഷ്ണകുമാര്‍ സൂചിപ്പിച്ചു.
അഹാന കഴിഞ്ഞ ദിവസം ഒരു മെസേജ് അയച്ചു, കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന്. മക്കള്‍ ഓരോരുത്തരും കല്യാണം കഴിക്കാന്‍ പോകുന്നത് ആരെയാണെന്ന് എനിക്ക് അറിയാം. കാര്യങ്ങള്‍ വളരെ എളുപ്പമായില്ലേ. എന്ത് ആവശ്യമുണ്ടെങ്കിലും ഇപ്പോഴേ എനിക്ക് ഇവരോടൊക്കെ പറയാം, അശ്വിന്‍ അത് ചെയ്‌തേക്കണേ, അര്‍ജുന്‍ അങ്ങനെയാണേ, നിമിഷ് ഇങ്ങനെയാണേ എന്നൊക്കെ. ഇവരൊക്കെ ഇടയ്ക്ക് വീട്ടില്‍ വരാറുമുണ്ട്.
നിമിഷിന്റെ അച്ഛന്‍ രവിയും ഞാനുമായിട്ട് 33 കൊല്ലം ആയുള്ള പരിചയം ആണ്. സിനിമയിലെ പ്രൊഡ്യൂസര്‍ ആയിരുന്നു രവി. അഹാനയും നിമിഷുമൊക്കെ ഒന്നിച്ച് ഷോര്‍ട്ട് ഫിലിം ചെയ്യുമ്പോഴാണ് നിമിഷിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് അസാധാരണമായ വളര്‍ച്ചയാണ് നിമിഷിന് ഉണ്ടായത്. നിമിഷിന്റെ അച്ഛന്റെ കുറേ മോഹങ്ങളുണ്ട്, അദ്ദേഹം സിനിമയില്‍ കുറേ നിക്ഷേപം നടത്തിയ മനുഷ്യനാണ്, അങ്ങനെ പൈസ പോയ മനുഷ്യനാണ്. ആ മനുഷ്യന്‍ അന്നെടുത്ത പ്രയത്‌നങ്ങള്‍ക്ക് ദൈവം വിജയം കൊടുക്കുന്നത് മക്കളിലൂടെ ആയിരിക്കും. ഞാന്‍ വളരെ പരിമിതമായിട്ടാണ് നിമിഷുമായിട്ട് ഇടപെട്ടിട്ടുള്ളത്. വളരെ എളിമയുള്ള, സിംപിള്‍ ആയിട്ടുള്ള വ്യക്തിയാണ്. അച്ഛനമ്മമാരുടെ ക്വാളിറ്റി ആയിരിക്കും അത്'', എന്നാണ് അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞത്.
അഹാനയുടെ അടുത്ത സുഹൃത്തായ നിമിഷ് രവിയുമായി ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണുള്ളത്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ മുതല്‍ നിലനിന്നിരുന്നെങ്കിലും അവര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. കൃഷ്ണകുമാറിന്റെ ഈ വെളിപ്പെടുത്തലോടെ ഈ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമാവുകയായിരുന്നു.
മക്കളുടെ വിവാഹ കാര്യത്തില്‍ തനിക്ക് വലിയ നിര്‍ബന്ധങ്ങളൊന്നുമില്ലെന്നും വിവാഹം ഒരു സ്വാഭാവികമായ കാര്യമായിട്ടാണ് താന്‍ കാണുന്നതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ആര്‍ക്ക് എപ്പോള്‍ വേണമെന്ന് തോന്നുന്നുവോ അപ്പോള്‍ അത് ചെയ്യാം എന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിയയുടെ വിവാഹം സ്വന്തം ഇഷ്ടപ്രകാരം നൂറുപേരെ മാത്രം വിളിച്ച്, അവര്‍ തന്നെ എല്ലാ ചെലവുകളും വഹിച്ചുകൊണ്ട് നടത്തിയതിലുള്ള സന്തോഷവും കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. താരകുടുംബത്തിന്റെ ഈ പുതിയ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ താല്‍പ്പര്യം സൃഷ്ടിച്ചിട്ടുണ്ട്.