മലയാളികളുടെ പ്രിയപ്പെട്ട ഗായികയും സോഷ്യല്‍ മീഡിയ താരവുമായ അഭിരാമി സുരേഷ് തന്റെ കരിയറിലെയും ജീവിതത്തിലെയും പുതിയ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നു. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ ബിസിനസ് വിശേഷങ്ങളും ജീവിതവീക്ഷണവും അഭിരാമി പങ്കുവെച്ചത്.
തന്റെ ജീവിതയാത്ര പ്രവചനാതീതമായിരുന്നുവെന്ന് അഭിരാമി പറയുന്നു. അഭിനയ മോഹവുമായി കലാരംഗത്തേക്ക് എത്തിയ താരം പിന്നീട് ആങ്കറിങ്, മോഡലിങ്, ബിസിനസ്, ബിഗ് ബോസ് തുടങ്ങി വിവിധ മേഖലകളില്‍ കൈവെച്ചു. ഒടുവില്‍ തന്റെ ഒരു പഴയകാല ആഗ്രഹം യാഥാര്‍ത്ഥ്യമായിരിക്കുന്ന സന്തോഷത്തിലാണ് താരം. 'ഒരു അബ്കാരിയാവണമെന്ന് ഞാന്‍ ഇടയ്ക്കിടെ പറയുമായിരുന്നു. ഇപ്പോള്‍ എന്റെ കടയില്‍ കള്ളുണ്ട്. പനങ്ങാടാണ് എന്റെ കഫേ ഉള്ളത്. എവിടുന്നൊക്കെയോ തുടങ്ങി ഇപ്പോള്‍ അബ്കാരിയില്‍ വന്ന് നില്‍ക്കുകയാണ്.' - അഭിരാമി സുരേഷ് പനങ്ങാടുള്ള തന്റെ കഫേയില്‍ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് അഭിരാമി നടത്തുന്നത്.
കള്ളിന്റെ ലൈസന്‍സ് മറ്റൊരാളുടെ പേരിലാണെങ്കിലും കഫേയിലെ വെറൈറ്റി വിഭവങ്ങള്‍ താരം നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. മുന്തിരികള്ള്, നെല്ലിക്ക-കാന്താരി കള്ള് തുടങ്ങി വൈവിധ്യമാര്‍ന്ന ഫ്‌ലേവറുകള്‍ ഇവിടെ ലഭ്യമാണ്. കള്ളിനൊപ്പം തന്നെ രുചികരമായ നാടന്‍ ഭക്ഷണവും കഫേയുടെ പ്രത്യേകതയാണ്. ഒരു കാര്യം തുടങ്ങിയാല്‍ അത് പൂര്‍ത്തിയാക്കാനുള്ള ക്ഷമ തനിക്കില്ലായിരുന്നുവെന്ന് അഭിരാമി സ്വയം തിരുത്തുന്നുണ്ട്. മുന്‍പ് വലിയ സ്വപ്നങ്ങള്‍ കണ്ടിരുന്നെങ്കിലും അവ നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രപഞ്ചം തനിക്ക് നല്‍കുന്ന അവസരങ്ങളില്‍ താരം സംതൃപ്തയാണ്. കൂടുതല്‍ ആഗ്രഹങ്ങള്‍ മനസ്സിലുണ്ടെങ്കിലും അവ ഇപ്പോള്‍ വെളിപ്പെടുത്താന്‍ അഭിരാമി തയ്യാറല്ല.