കേരളക്കരയാകെ വിങ്ങിപൊട്ടിയ വാര്‍ത്തയായിരുന്നു എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി ജീവിതത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവിന്റെത്. കലാലയത്തിന്റെ പശ്ചാത്തലത്തില്‍ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. നാന് പെറ്റ മകന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിമന്യുവുമായി ആത്മബന്ധമുണ്ടായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ വേഷം ചെയ്യുന്നത് ജോയ് മാത്യുവാണ്.
നവാഗതനായ സജി.എസ്.ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിമന്യുവായി എത്തുന്നത് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മിനോണ്‍ ജോണ്‍ ആണ്. അച്ഛന് മനോഹരനായി ശ്രീനിവാസനും അമ്മ ഭൂപതിയായി സീമ ജി.നായരും എത്തുന്നു. സിദ്ധാര്‍ഥ് ശിവ, മുത്തുമണി, സരയൂ, മറീന മൈക്കിള്‍ കുരിശിങ്കല്‍,മാല പാര്‍വതി, രേവതി എന്നിവരും മഹാരാജാസിലെ 20ഓളം വിദ്യാര്‍ഥികളും ചിത്രത്തിലുണ്ട്.
റെഡ്സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ പി.വി. സുനില്‍കുമാറാണ് സിനിമ നിര്‍മിക്കുന്നത്. കാമറ കുഞ്ഞുണ്ണി.എസ്. കുമാര്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, മുരുകന് കാട്ടാക്കട എന്നിവരുടെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യവാരമോ റിലീസ് ചെയ്യും.