മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് കലാഭവന്‍ മണി. കലാഭവന്‍ മണി വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിരിക്കയാണ്. മലയാളികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ മരണം. പോലീസ് അന്വേഷിച്ചിട്ട് ഫലം ലഭിക്കാത്തതിനാല്‍ കുടുംബക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെതുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറിയിരുന്നു. ഇപ്പോള്‍ മണിയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ് കണ്ടെത്തിയിരിക്കയാണ് സിബിഐ.
നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് പിന്നാലെ വന്‍ വിവാദങ്ങളാണ് ഉയര്‍ന്നത്. 2016 മാര്‍ച്ച് ആറിന് ചാലക്കുടിയിലെ ഒഴിവുകാല സങ്കേതമായ പാടിയില്‍ രക്തം ഛര്‍ദിച്ച് അവശനിലയിലായ കലാഭവന്‍ മണിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ഏഴേകാലോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. സിനിമാ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത 'പാടി'യിലെ ആഘോഷത്തിനൊടുവില്‍ മണി രക്തം ഛര്‍ദിച്ച് അബോധാവസ്ഥയിലാകുകയായിരുന്നു. ഞെട്ടലോടെയാണ് മണിയുടെ മരണവാര്‍ത്ത മലയാളികള്‍ കേട്ടത്.
മണിയുടെ ശരീരത്തില്‍ മീതൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതായി ചികിത്സിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടു. നടന്‍ ദിലീപ്, സാബുമോന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരുടെ മേല്‍ ബന്ധുക്കള്‍ സംശയം ആരോപിച്ചിരുന്നു. എന്നാല്‍ ഇവരെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരം പോലീസിന് ലഭിച്ചില്ല. മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം 2016 മാര്‍ച്ച് 18നു പൊലീസിനു ലഭിച്ചു. മണിയുടെ ശരീരത്തില്‍ മീതൈല്‍ ആല്‍ക്കഹോളിന്റെയും ഈതൈല്‍ ആല്‍ക്കഹോളിന്റെയും ഓര്‍ഗനോ ഫോസ്ഫറസ് എന്ന കീടനാശിനിയുടെയും അംശം കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മണിയുടെ മരണം സ്വാഭാവികമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്.
ഇതോടെയാണ് കേസ് നിര്‍ജീവമാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നത്. ഇതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തത്.എന്നാല്‍ മണിയുടെ മരണം സ്വാഭാവികം തന്നെയാണെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. മണിയുടെ ശരീരത്തിലെ കീടനാശിനിയുടെ സാനിധ്യവും മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശത്തെ ചൊല്ലിയുള്ള സംശയങ്ങളും ദുരീകരിച്ചാണ് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മണിയുടെ മരണം കൊലപാതകമല്ലെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മണിയുടെ രക്തത്തില്‍ കണ്ടെത്തിയ ലഹരിപദാര്‍ഥം അദ്ദേഹം കഴിച്ചിരുന്ന ആയുര്‍വേദ ലേഹ്യത്തില്‍നിന്നാണെന്നും പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതുകൊണ്ടാണ് ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയുടെ ശരീരത്തില്‍ നാലു മില്ലീഗ്രാം മീഥൈല്‍ ആല്‍ക്കഹോളാണ് കണ്ടെത്തിയത്. അത് മരണകാരണമാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അവസാനകാലങ്ങളില്‍ ബിയറാണ് മണി കൂടുതല്‍ ഉപയോഗിച്ചിരുന്നത്. 15 കുപ്പി ബിയര്‍വരെ കഴിച്ചിരുന്ന മണിയുടെ കരളിന്റെ അവസ്ഥ അതീവ ദുര്‍ബലമായിരുന്നു. ബിയറില്‍ കുറഞ്ഞ അളവിലാണ് മീഥൈല്‍ ആല്‍ക്കഹോളുള്ളത്. എന്നാല്‍, കരള്‍ വളരെ ദുര്‍ബലമായതിനാല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍നിന്നു പുറന്തള്ളാതെ കിടക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യപിക്കരുതെന്ന് പലതവണ ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടും മണി അതൊന്നും കേള്‍ക്കാതിരുന്നതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതെന്ന് സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ച്ചയായ അമിത മദ്യപാനം കൊണ്ടുണ്ടായ കരള്‍ രോഗമാണ് മണിയുടെ മരണത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ സിബി ഐ വ്യക്തമാക്കുന്നുണ്ട്. വയറിനുള്ളില്‍ കണ്ടെത്തിയ വിഷം മദ്യത്തില്‍ നിന്നുണ്ടായതാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.