സിദ്ദിഖിന് പിന്നാലെ ഷാഫിയും മടങ്ങി. സിദ്ദിഖ്, റാഫി, ഷാഫി-ഇവര്‍ മൂന്ന് പേരും ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങള്‍. സിദ്ദിഖ് ലാല്‍ എന്ന സംവിധായക ഇരട്ടികള്‍ക്ക് ശേഷം എത്തിയ റാഫിയും മെക്കാര്‍ട്ടിനും. ഇരുവരും ചേര്‍ന്ന് ഹിറ്റ് ചിത്രങ്ങളൊരുക്കി. ഇതില്‍ റാഫിയാകട്ടെ സിദ്ദിഖിന്റെ അമ്മയുടെ സഹോദരന്‍. അതു കഴിഞ്ഞ് റാഫിയുടെ സഹോദരന്‍ ഷാഫിയും സംവിധായക കുപ്പായത്തിലെത്തി. മൂവരും മലയാളിയെ ചിരിപ്പിച്ചു. ഇതില്‍ സിദ്ദിഖ് അപ്രതീക്ഷിതമായി നമ്മെ വിട്ടുപോയി. ഇപ്പോഴിതാ ആ കുടുംബത്തിലെ രണ്ടാമനായ ഷാഫിയും. സഹോദരന്മാരായ റാഫിയുടെയും ഷാഫിയുടെയും അമ്മാവനായ സംവിധായകന്‍ സിദ്ദിഖാണ് കലാരംഗത്തേക്കും സിനിമയിലേക്കും രണ്ടു പേരേയും കൈപിടിച്ചു കൊണ്ടു വന്നത്.
സംവിധായകര്‍ക്കു പുറമേ ഒരു നിര്‍മാതാവും കുടുംബത്തില്‍ നിന്ന് ഉണ്ടായിരുന്നു. 'കാബൂളിവാല' ഉള്‍പ്പെടെയുള്ള സിനിമകള്‍ നിര്‍മിച്ച കാവ്യചന്ദ്രിക അസീസ്. സിദ്ദിഖിന്റെ പിതൃസഹോദരനായിരുന്നു അസീസ്. ഷാഫിക്ക് മുറ പ്രകാരം അപ്പൂപ്പന്റെ സഹോദരന്‍. റാഫിയ്ക്കും ഷാഫിക്കും പക്ഷേ റോള്‍ മോഡല്‍ സിദ്ദിഖായിരുന്നു. സിദ്ദിഖിന്റെ വേര്‍പാട് ഷാഫിയെ ഒരു പാട് വേദനിച്ചിരുന്നു. ആ വേദനയുമായി ഷാഫിയും മടങ്ങുകയാണ് സിദ്ദിഖിന്റെ അടുത്തേക്ക്.
കൊച്ചി പുല്ലേപ്പടിയിലെ കറുപ്പുനൂപ്പില്‍ തറവാട്ടില്‍ എല്ലാവരും ഒരുമിച്ച് കഴിഞ്ഞൊരു കാലമുണ്ടായിരുന്നു. ഇതില്‍ സിദ്ദിഖ് 2003ല്‍ മരിച്ചു. റാഫിയുടെയും ഷാഫിയുടെയും അമ്മയും സിദ്ദിഖും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. അമ്മാവനാണെങ്കിലും റാഫിയും ഷാഫിയും സിദ്ദിഖിനെ വിളിച്ചിരുന്നത് 'അണ്ണാ'യെന്ന്. പ്രായവും അണ്ണന്റെ ഇമേജ് മാത്രമാണ് സിദ്ദിഖിന് നല്‍കിയത്. സിദ്ദിഖിന്റെ സഹോദരങ്ങള്‍ വിളിക്കുന്നതുകേട്ടായിരുന്നു അണ്ണാ വിളി.
ശുദ്ധഹാസ്യത്തിലൂടെ വിമര്‍ശനം മലയാളിയിലേക്ക് എത്തിച്ച സംവിധായക പ്രതിഭകളായിരുന്നു സിദ്ദിഖും ഷാഫിയും പിന്നെ റാഫിയും. എം.എച്ച്. റഷീദ് എന്നാണ് ഷാഫിയുടെ യഥാര്‍ഥ പേര്. റാഫിയുടെയും ഷാഫിയുടെയും പിതാവ് എം.പി.ഹംസ മലബാറില്‍ നിന്ന് ചെറുപ്പത്തില്‍ കൊച്ചിയില്‍ എത്തി. കല്യാണം കഴിച്ചു പിന്നെ കൊച്ചിക്കാരനായി. കൂട്ടുകുടുംബത്തില്‍നിന്നു താമസം എളമക്കരയിലേക്കു താമസം മാറിയതോടെ വീട്ടില്‍ ദുരിതങ്ങളുമെത്തി. അച്ഛന് ക്രോംപ്ടണ്‍ ഗ്രീവ്‌സിലായിരുന്നു ജോലി നഷ്ടമായി. അമ്മ നബീസുമ്മയുടെ തയ്യല്‍ജോലി ഏക വരുമാനമായി. 10ാം ക്ലാസ് കഴിഞ്ഞതോടെ റാഫിയും ഷാഫിയും ജോലിക്കു പോയിത്തുടങ്ങി. മിമിക്‌സ് പരേഡിനോട് റാഫിക്ക് താല്‍പ്പര്യം കൂടി. സിദ്ദിഖിന്റെ വഴിയേ ആദ്യം പോയത് റാഫിയാണ്. അന്ന് ഷാഫിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം.ജോലിയുടെ ഇടവേളകളില്‍ ഷാഫിയും കലാപ്രവര്‍ത്തനം നടന്നു. റാംജിറാവുവും ഇന്‍ ഹരിഹര്‍ നഗറും ഗോഡ് ഫാദറുമായി സിദ്ദിഖ് മലയാളത്തിലെ സൂപ്പര്‍ സംവിധായകനായപ്പോള്‍ അമ്മാവന്റെ വഴിയേ അവരും സിനിമയിലെത്തി.
റാഫിക്ക് മെക്കാര്‍ട്ടിനെ പരിചയപ്പെടുത്തിയത് ഷാഫിയായിരുന്നു. പിന്നീട് റാഫിയും മെക്കാര്‍ട്ടിനും മലയാള സിനിമയിലെ ഹിറ്റ് ജോടിയായത് ചരിത്രം. റാഫിയുടെ ശുപാര്‍ശയില്‍ ക്ലാപ് ബോയ് ആയിട്ടാണു ഷാഫിയുടെ തുടക്കം. പിന്നീട് 14 സിനിമകളില്‍ സഹസംവിധായകന്‍; അവിടെ നിന്ന് ഉയര്‍ന്നത് ഹിറ്റ് സംവിധായകനായാണ്. റാഫിയുടെയും ഷാഫിയുടെയും അമ്മാവന്മാരായ അപ്പാക്കുട്ടി, ഷെരീഫ് എന്നിവര്‍ നാടക നടന്മാരായിരുന്നു. ഇതായിരുന്നു സിദ്ദിഖിനെ കലാകാരനാക്കിയത്. എന്നാല്‍, സിദ്ദിഖ് തിരഞ്ഞെടുത്തതു മിമിക്രിയും മോണോ ആക്ടുമാണ്. സിദ്ദിഖ് വഴിയാണു റാഫിയും ഷാഫിയും മിമിക്രിക്കാരായത്. തുടക്കത്തില്‍ എല്ലാം പഠിപ്പിച്ചകും സിദ്ദിഖ്. സിദ്ദിഖ് എഴുതിക്കൊടുത്ത മോണോആക്ട് അവതരിപ്പിച്ച് റാഫിയും ഷാഫിയും കൈട്ടയി നേടി. 'ഇന്‍ ഹരിഹര്‍ നഗര്‍' മുതല്‍ 'കാബൂളിവാല'വരെ റാഫിയും 'ഹിറ്റ്ലര്‍' മുതല്‍ 'ഫ്രണ്ട്സ്' വരെ ഷാഫിയും അമ്മാവന്റെ സഹായി ആയിരുന്നു. തൊമ്മനും മക്കളും കണ്ടിട്ട് നടന്‍ വിക്രമാണ് ചിത്രം തമിഴില്‍ ചെയ്യാന്‍ ഷാഫിയെ ക്ഷണിച്ചത്.
വിക്രമും അസിനും നായികാനായകന്മാരായ മജാ തമിഴകത്തും ഷാഫിക്ക് മേല്‍വിലാസം നല്‍കി. മായാവിയില്‍ സലിംകുമാര്‍ ചെയ്ത സ്രാങ്കും ചട്ടമ്പിനാട്ടില്‍ സുരാജ് വെഞ്ഞാറമൂട് ചെയ്ത ദശമൂലം ദാമുവും ഇന്നും ട്രോളന്മാരുടെ ഇഷ്ട കഥാപാത്രങ്ങള്‍, രാജസേനന്റെ ആദ്യത്തെ കണ്‍മണിയില്‍ സഹസംവിധാകനായാണു ഷാഫിയുടെ തുടക്കം. പിന്നീടു നാലു ചിത്രങ്ങളിലും രാജസേനന്റെ ഒപ്പമായിരുന്നു. രണ്ടു സിനിമയില്‍ സിദ്ദിഖിനൊപ്പം ചേര്‍ന്നു. ഹിറ്റ്‌ലറിലും ഫ്രണ്ട്‌സിലും സഹസംവിധായകനായി. സിദ്ദിഖ് ലാല്‍ സിനിമയുടെ ചിരിയും വേഗവുമാണു ഷാഫിയുടെ മനസ്സിലെ സിനിമയുടെ കാമ്പും കാതലും. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി തുടങ്ങി ഹിറ്റുകളും ഇതിന്റെ തുടര്‍ച്ചയായിരുന്നു. 2022ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദമാണ് ഷാഫിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.