കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആഡംബര വിവാഹമായിരുന്നു ലോക കോടീശ്വരന്‍മാരില്‍ പ്രമുഖനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെത്. ഇഷയുടെ ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ അന്നേ ഏറെ ചര്‍ച്ചയായി. ബോളിവുഡ് നടീനടന്‍മാരുടെയും സെലിബ്രിറ്റീസിന്റെയും സാനിധ്യം കൊണ്ട് അന്നേ തന്നെ കല്യാണം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സഹപാഠിയും സുഹൃത്തുമായ ആനന്ദ് പിരമലിനെയാണ് ഇഷ വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ കൂടുതല്‍ കുടുംബ വിശേഷങ്ങള്‍ വോഗിന് നല്‍കിയ അഭിമുഖത്തില്‍ ഇഷ വെളിപ്പെടുത്തിയിരിക്കയാണ്. അതില്‍ പലതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായി ഇപ്പോള്‍ വൈറലാകുകയാണ്.
അച്ഛന്‍ മുകേഷ് അംബാനിയെകുറിച്ചും അമ്മ നിത അംബാനിയെ കുറിച്ചും ഇഷ നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അച്ഛനമ്മമാരുടെ വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളാണ് താനും ആകാശുമെന്നുമാണ് ഇഷ തുറന്നുപറഞ്ഞിരിക്കുന്നത്.. ഐവിഎഫ് ചികില്‍സയിലൂടെയാണ് അച്ഛനമ്മമാര്‍ക്ക് തങ്ങളെ ലഭിച്ചതെന്നും ഇഷ പറയുന്നു. ബിസിനസ് സംബന്ധമായി അച്ഛനും അമ്മയും എന്നും തിരക്കായിരുന്നു എന്നാല്‍ ഏറെ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം എന്നെയും ആകാശിനെയും ലഭിച്ചപ്പോള്‍ അമ്മ ഫുള്‍ടൈം വീട്ടമ്മയായി മാറി. പിന്നീട് തങ്ങള്‍ക്ക് അഞ്ചു വയസ്സായപ്പോഴാണ് ജോലിത്തിരക്കിലേക്ക് അമ്മ മടങ്ങിയതെന്നും ഇഷ പറയുന്നു. അച്ഛന്‍ സോഫ്റ്റ് ആണെന്നും അമ്മ പക്ഷേ സ്ട്രിക്റ്റ് ആണെന്നുമാണ് ഇഷ വെളിപ്പെടുത്തുന്നത്.
കോടീശ്വര കുടുംബത്തിലാണ് പിറന്നതെങ്കിലും സമ്പത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിനയത്തിന്റെയും മൂല്യം അറിഞ്ഞാണ് തങ്ങള്‍ വളര്‍ന്നതെന്നാണ് ഇഷ പറയുന്നത്. അച്ഛന്‍ കഷ്ടപെടുന്നത് കണ്ടാണ് തങ്ങള്‍ വളര്‍ന്നത്. അതിനാല്‍ പണത്തിന്റെ വിലയും അറിയാം. ബിസിനസ് തിരക്കിനിടയിലും അച്ഛന്‍ തങ്ങള്‍ക്കായി സമയം നീക്കി വയ്ക്കാറുണ്ടായിരുന്നു.
2018 ഡിസംബര്‍ 12നായിരുന്നു ഇഷ അംബാനിയുടെ വിവാഹം. വിവാഹത്തിന് താന്‍ ധരിച്ചത് അമ്മ നിത അംബാനിയുടെ വിവാഹ വസ്ത്രമായിരുന്നു എന്നും ഇഷ വെളിപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. അമ്മ നിതയുടെ 35 വര്‍ഷം പഴക്കമുള്ള ചുവന്ന വിവാഹസാരിയും ദുപ്പട്ടയുമാണ് ഇഷയും ധരിച്ചത് പക്ഷേ സ്‌റ്റൈലിസ്റ്റ് ആമിഗുപ്തയുടെ കൈവിരുതില്‍ അത് കൂടുതല്‍ മനോഹരമാക്കിയ ശേഷമാണ് എന്നുമാത്രം.. വിവാഹ ദിനത്തില്‍ തന്നെ രാജകുമാരിയെപ്പോലെ മനോഹരിയാക്കിയ സ്‌റ്റൈലിസ്റ്റിനെക്കുറിച്ചും മേക്കപ്പ് ആര്‍ട്ടിസ്റ്റിനെക്കുറിച്ചുമെല്ലാം ഇഷ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. തന്റെ അമ്മയാണ് തന്റെ എല്ലാമെന്നും ഇഷ പറയുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളില്‍പ്പോലും ജോലിത്തിരക്കും വീട്ടുകാര്യവും ഒരു പോലെ ബാലന്‍സ് ചെയ്യുന്ന അമ്മ എന്നും തനിക്കൊരു അദ്ഭുതമാണെന്നാണ് ഇഷ പറയുന്നത്.