രജനികാന്തിനെ നായകനാക്കി നെല്സണ് സംവിധാനം ചെയ്ത ജയിലര് 2 തിയേറ്ററുകളില് വിജയകരമായി പ്രദര്ശനം തുടരുകയാണ്. മലയാളിതാരം രാജേഷ് മാധവും ചിത്രത്തില് അഭിനയിച്ചിരുന്നു. തലൈവര്ക്കൊപ്പം ഒരുമിച്ച് അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് താരം.
'അല്ല ബോലെലോ' എന്ന് തുടങ്ങുന്ന ഡാന്സ് നമ്പറിലാണ് രാജേഷ് മാധവ് എത്തുന്നത്. ഷംന കാസിം തകര്ത്താടിയ ഈ ഗാനരംഗത്തില് ഗായകനായാണ് രാജേഷ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ജീവിതത്തില് സ്വപ്നം പോലും കാണാത്ത വലിയ അവസരമാണ് രാജേഷിന് ലഭിച്ചതെന്ന് പറയുകയാണ് താരത്തിന്റെ പങ്കാളിയും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കരാട്ട്.
രാജേഷിന്റെ ജീവിതപങ്കാളിയായിരിക്കുന്നതിന്റെ സൗഭാഗ്യങ്ങളിലൊന്നായാണ് രജനികാന്തിനൊപ്പം ചെലവഴിക്കാന് കഴിഞ്ഞ നിമിഷങ്ങളെ ദീപ്തി വിവരിച്ചത്. ജയിലര് സെറ്റില് നിന്നെടുത്ത ചിത്രങ്ങള്ക്കൊപ്പമായിരുന്നു ദീപ്തിയുടെ കുറിപ്പ്.
'എന്റെയൊരു ചെറിയ അഹങ്കരം. സിനിമയെ അത്രയേറെ സ്നേഹിക്കുന്നവര്ക്ക് രജനികാന്തിനെ മനസ്സില് കാണുന്നതും അദ്ദേഹം അഭിനയിക്കുന്നത് നോക്കിനില്ക്കുന്നതുമൊക്കെ വാക്കുകളില് വിവരിക്കാന് പോലുമാകാത്ത വലിയൊരു സ്വപ്നമാണ്.
അങ്ങനെയുളളപ്പോഴാണ്, എന്റെ ഈ ഭാഗ്യവാനായ ആള്ക്ക് (രാജേഷ് മാധവന്) അദ്ദേഹത്തോടൊപ്പം സ്ക്രീന് പങ്കിടാന് അവസരം കിട്ടുന്നത്. അതൊക്കെ എത്ര വലിയ കാര്യമാണെന്ന് ആലോചിച്ചു നോക്കൂ?
സിനിമയില് വലിയ വലിയ സ്വപ്നങ്ങള് കാണാന് പോലും ഒരിക്കലും തുനിയാതിരുന്ന ഒരാളെ സംബന്ധിച്ച് ഇത് സ്വപ്നങ്ങള്ക്കും എത്രയോ അപ്പുറമാണ്. നിന്നെയോര്ത്ത് ഒരുപാട് ഒരുപാട് അഭിമാനം തോന്നുന്നു കുഞ്ഞാ...
സത്യം പറഞ്ഞാല് രാജേഷിന്റെ പങ്കാളിയായതുകൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യങ്ങളില് ഒന്നായിത്തന്നെ ഞാന് ഇതിനെ കാണുന്നു' എന്നായിരുന്നു ദീപ്തി കുറിച്ചത്.