നെടുമ്പാശേരിയില്‍ മദ്യലഹരിയില്‍ മിനി കൂപ്പര്‍ കാറോടിച്ച് മൂന്നുപേരുടെ ജീവനെടുത്ത പ്രതിക്ക് പ്രായപൂര്‍ത്തിയായവര്‍ക്ക് ലഭിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് മേജര്‍ രവി. പ്രതിയായ സുഹൈലിനെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെയും മേജര്‍ രവി വിമര്‍ശിച്ചു. പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ കാട്ടിക്കൂട്ടുന്ന അഹങ്കാരത്തെ സമൂഹം ഒറ്റപ്പെടുത്തണമെന്നും, ഇത്തരം കുറ്റവാളികള്‍ക്ക് പ്രായപൂര്‍ത്തിയായവര്‍ക്കുള്ള അര്‍ഹമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'അവന്റെ അഹങ്കാരം നോക്കൂ. അഹങ്കാരമുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണം. പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം. അംബാനിക്ക് പൈസയുണ്ടെന്ന് പറഞ്ഞ് എന്റെ വീട്ടില്‍ അടുപ്പ് കത്തില്ല. പണക്കാരനെ കണ്ടിട്ട് ഓച്ഛാനിച്ച് നില്‍ക്കരുത്. പണക്കാരന് അഹങ്കാരമുണ്ടെങ്കില്‍ അടിച്ചൊതുക്കാനുള്ള ചങ്കൂറ്റം വേണം', എന്നും മേജര്‍ രവി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ ജുവനൈല്‍ ഹോമിലേക്ക് അയക്കുന്ന നിയമവ്യവസ്ഥയെ ന്യായീകരിക്കുമ്പോഴും, പ്രായപൂര്‍ത്തിയായ ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ആരാണെന്ന് സംവിധാകന്‍ വ്യാസനും ചോദിക്കുന്നു.
''പ്രായപൂര്‍ത്തിയാവാത്ത ഒരു കൊലയാളിയെ ജുവൈനല്‍ ഹോമിലേക്ക് അയക്കുന്നത് നീതീകരിക്കാം, പക്ഷേ പ്രായപൂര്‍ത്തിയായ ഈ ക്രിമിനലിനെ ജയിലില്‍ അയയ്ക്കാതെ സംരക്ഷിക്കുന്നത് ആരാണ്? അധികാര സ്ഥാനങ്ങളിലേക്ക് കോടികള്‍ മറിഞ്ഞോ?വ്യാസന്‍ തന്റെ കുറിപ്പില്‍ ചോദിച്ചു. സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ സംഭവത്തില്‍ ഉന്നതതലങ്ങളില്‍ നിന്ന് നിയമനടടികള്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്ന സംശയമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ പങ്കുവെക്കുന്നത്.