തന്റെ രണ്ടാം വിവാഹജീവിതത്തെക്കുറിച്ചും അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി യമുന റാണി. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് യുഎസിലെ ബിസിനസുകാരനായ ദേവന്‍ യമുനയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. യാദൃശ്ചികമായി പരിചയപ്പെട്ട ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഡ്രീം കാച്ചര്‍ മീഡിയക്ക് നല്‍കിയ പുതിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വാടക വീടിന്റെ ഭാരവും മക്കളുടെ പഠനച്ചെലവുകളും തങ്ങളുടെ ജോലിയിലെ അനിശ്ചിതത്വവും കാരണം ഏറെ ബുദ്ധിമുട്ടിയിരുന്ന കാലത്താണ് താന്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചതെന്ന് യമുന റാണി പറയുന്നു. സുഹൃത്തായ രജിനിക്കൊപ്പം നാല് സെന്റ് സ്ഥലം വാങ്ങി ലോണെടുത്ത് വീട് വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുഹൃത്തായ രജിനിക്ക് റിയല്‍ എസ്റ്റേറ്റ് പരിചയമുണ്ടായിരുന്നു.
ആ സമയത്താണ് ദേവേട്ടന്റെ സ്ഥലം വില്‍ക്കാന്‍ രജിനിയെ ഏല്‍പ്പിക്കുന്നതും, തനിക്കെങ്ങനെ ആ ബന്ധം ഉണ്ടായതെന്നും നടി വിശദീകരിക്കുന്നു. ഉള്ളൂരുള്ള സ്ഥലം ഒരാള്‍ എന്നെ വില്‍ക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. നമുക്കതില്‍ നിന്ന് മൂന്ന് സെന്റ് വാങ്ങാം, എന്റെ കമ്മീഷന്‍ കുറച്ച് നിനക്കത് വാങ്ങാം എന്ന് പറഞ്ഞു.
കൊവിഡ് സമയത്ത് കോടികളുള്ളവര്‍ പോലും ബുദ്ധിമുട്ടിയതുപോലെ ദേവനും പണത്തിന് അത്യാവശ്യമുണ്ടായിരുന്നു. എങ്ങനെയെങ്കിലും സ്ഥലം വിറ്റേ പറ്റൂ എന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. അങ്ങനെ സുഹൃത്ത് വഴിയാണ് ആ സ്ഥലം താന്‍ വാങ്ങിയതെന്ന് യമുന വ്യക്തമാക്കുന്നു. സ്ഥലം വാങ്ങി ഒരു മാസം കഴിഞ്ഞാണ് രജിനി തന്നോട് വിവാഹാലോചനയെക്കുറിച്ച് സംസാരിക്കുന്നത്. കൊവിഡ് സമയത്ത് കൂടെ ആരുമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് ജീവിതത്തില്‍ കൂട്ടിനായി ഒരാള്‍ വേണമെന്ന ചിന്ത ശക്തമായതെന്ന് യമുന പറയുന്നു.
തനിക്ക് അസുഖം വരുമ്പോള്‍ പത്തും ഏഴും വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് എങ്ങനെയാണ് കാര്യങ്ങള്‍ നോക്കാന്‍ കഴിയുക എന്ന ചിന്തയുണ്ടായിരുന്നു. ആ സമയത്ത് ദുബായിലായിരുന്ന രജിനിയാണ് തങ്ങളുടെ മനസ്സിലേക്ക് വിവാഹമെന്ന ചിന്ത ആദ്യമായി കൊണ്ടുവന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് ദേവേട്ടന്റെ വിവാഹാലോചന വരുന്നതും താന്‍ ആ വിവാഹത്തിന് തയ്യാറാകുന്നതും എന്ന് യമുന റാണി അഭിമുഖത്തില്‍ പറയുന്നു. പ്രതിസന്ധി നിറഞ്ഞ കൊവിഡ് കാലഘട്ടത്തില്‍ യാദൃശ്ചികമായി തുടങ്ങിയ സൗഹൃദമാണ് പിന്നീട് സന്തോഷകരമായ ഒരു കുടുംബജീവിതത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് നടി ഓര്‍ത്തെടുക്കുന്നു.