പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മോട്ടിവേഷന്‍ സ്പീക്കറുമായ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം. തൃശൂര്‍ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് നിഷയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
കുട്ടിക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്ലാറ്റ് തര്‍ക്കമാണെന്ന് പ്രതിഭാഗത്തിന്റെ വാദം
പരാതി വ്യാജമാണെന്നാണ് നിഷയുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നത്.
പരാതിക്കാരനും നിഷയും തമ്മില്‍ ഫ്ലാറ്റുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ മുന്‍വൈരാഗ്യത്തിലാണ് പരാതി നല്‍കിയതെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ പരാതിക്കാരനായ കുട്ടിയുടെ പിതാവ് ഈ ആരോപണം നിഷേധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
നിഷയുമായി തനിക്ക് വ്യക്തിപരമായ വൈരാഗ്യമില്ലെന്നും ഇരുവരും തമ്മില്‍ അടുത്ത ബന്ധമില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവിന്റെ അഭാവത്തില്‍ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണവും കുടുംബവുമായി ബന്ധപ്പെട്ടവര്‍ ഉന്നയിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴി, മെഡിക്കല്‍ പരിശോധനാ വിവരങ്ങള്‍, പരാതിയില്‍ പറയുന്ന സംഭവങ്ങളുടെ സാഹചര്യം എന്നിവ അന്വേഷണത്തില്‍ നിര്‍ണായകമാകും.