Latest News

'ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തുടങ്ങുന്നത്; അത്രയും നാള്‍ 'പ്രേമലു 2'വിന്റെ വര്‍ക്കുകളിലായിരുന്നു; അപ്രതീക്ഷിതമായി അത് ഒഴിവാക്കേണ്ടിവന്നു, അത് ഞങ്ങളെ ഭയങ്കരമായി ബാധിച്ചു'; ഒടുവില്‍ തുറന്ന് പറഞ്ഞ് ഗിരീഷ് എ.ഡി. 

Malayalilife
 'ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തുടങ്ങുന്നത്; അത്രയും നാള്‍ 'പ്രേമലു 2'വിന്റെ വര്‍ക്കുകളിലായിരുന്നു; അപ്രതീക്ഷിതമായി അത് ഒഴിവാക്കേണ്ടിവന്നു, അത് ഞങ്ങളെ ഭയങ്കരമായി ബാധിച്ചു'; ഒടുവില്‍ തുറന്ന് പറഞ്ഞ് ഗിരീഷ് എ.ഡി. 

 'പ്രേമലു 2'വിനു വേണ്ടി ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ടുവെന്നും അപ്രതീക്ഷിതമായി ആ സിനിമ വേണ്ടെന്നുവെക്കേണ്ടി വന്നത് തന്നെ മാനസികമായും തൊഴില്‍പരമായും വലിയ രീതിയില്‍ ബാധിച്ചുവെന്നും തുറന്നുപറഞ്ഞ് സംവിധായകന്‍ ഗിരീഷ് എ.ഡി. ആ പ്രതിസന്ധി ഘട്ടത്തില്‍ ഭാവന സ്റ്റുഡിയോസും തിരക്കഥാകൃത്ത് കിരണ്‍ ജോസിയും ഡയറക്ഷന്‍ ടീമും നല്‍കിയ പിന്തുണ കൊണ്ടാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഇത്ര വേഗത്തില്‍ യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊച്ചിയില്‍ സംഘടിപ്പിച്ച 'ബെത്ലഹേം കുടുംബ യൂണിറ്റ്' വിജയാഘോഷ വേളയില്‍ സംസാരിക്കുകയായിരുന്നു ഗിരീഷ്. 

പ്രേമലുവിന്റെ വലിയ വിജയത്തിനു പിന്നാലെ അതിന്റെ രണ്ടാം ഭാഗത്തിന്റെ പണികളിലായിരുന്നു തങ്ങളെന്ന് ഗിരീഷ് പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് ബെത്ലഹേം തുടങ്ങുന്നത്. അത്രയും നാള്‍ 'പ്രേമലു 2'വിന്റെ വര്‍ക്കുകളിലായിരുന്നു. അപ്രതീക്ഷിതമായി അത് ഒഴിവാക്കേണ്ടിവന്നു, അത് ഞങ്ങളെ ഭയങ്കരമായി ബാധിച്ചൊരു പ്രശ്‌നമായിരുന്നു. ഞങ്ങളുടെ ഒരു വര്‍ഷമാണ് അത് മൂലം നഷ്ടമായത്. അത്രയും സമയം കളയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ബെത്ലഹേം ചെയ്യണമെന്ന ആഗ്രഹം നേരത്തേ ഉണ്ടായിരുന്നെങ്കിലും 'പ്രേമലു' വന്‍ഹിറ്റായതോടെ അതിന്റെ രണ്ടാം ഭാഗത്തിനു പിന്നാലെ പോവുകയായിരുന്നുവെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു. 

ആ സമയത്ത് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും കിട്ടിയ പിന്തുണയെക്കുറിച്ചും ഗിരീഷ് വൈകാരികമായി സംസാരിച്ചു. 'ആ സമയത്ത് കുറച്ച് പാടായിരുന്നു. ആ സമയത്ത് എന്റെ കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും കൂടെ എഴുതുന്ന കിരണ്‍ ജോസിയും ഡയറക്ഷന്‍ ടീമുമാണ്. അവരെല്ലാം നല്ല പിന്തുണ തന്നതുകൊണ്ടാണ് വളരെ പെട്ടെന്ന് 'ബെത്ലഹേമി'ന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. 'പ്രേമലു 2' സംഭവിച്ചിരുന്നെങ്കില്‍ കഴിഞ്ഞ വിഷുവിനാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. അതില്‍ നിന്നും മൂന്നാല് മാസം കഴിഞ്ഞാണ് 'ബെത്ലഹേം' റിലീസ് ചെയ്യുന്നത്. അത്ര സമയമൊന്നും നഷ്ടമായിട്ടില്ല, കാരണം അത്രയും വേഗത്തില്‍ ഈ സിനിമയുടെ വര്‍ക്ക് ചെയ്തതുകൊണ്ടാണ്. അപ്പോഴും ഞങ്ങള്‍ വിചാരിച്ചില്ല, ഇത് ഇത്ര വലിയ വിജയമാകുമെന്നോ ഇന്‍ഡസ്ട്രി ഹിറ്റ് ആകുമെന്നോ. ഇത് വ്യക്തിപരമായ വിജയമായി കാണുന്നു. 

കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി,' ഗിരീഷ് പറഞ്ഞു. അതേസമയം, 'പ്രേമലു 2' ഉപേക്ഷിച്ചതിനു പിന്നില്‍ നടന്‍ നസ്ലിനുമായി ബന്ധപ്പെട്ട പ്രതിഫലത്തര്‍ക്കമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇന്‍ഡസ്ട്രിയില്‍ പ്രചരിക്കുന്നുണ്ട്. സംവിധായകന്‍ ആലപ്പി അഷ്‌റഫ് ആണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഗിരീഷിന് വലിയ പ്രതീക്ഷയും സ്വപ്നങ്ങളുമൊക്കെ ഉണ്ടായിരുന്നെന്നും, നസ്ലിന്‍ ഉയര്‍ന്ന പ്രതിഫലം ചോദിച്ചതാണ് ചിത്രം മുടങ്ങാന്‍ കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഗിരീഷിന്റെ സ്‌ക്രിപ്റ്റിനെ നസ്ലിന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അഭിനയിക്കാന്‍ തയാറായിരുന്നുവെന്നും പറഞ്ഞ ആലപ്പി അഷ്‌റഫ് തുടര്‍ന്ന് വ്യക്തമാക്കിയത് ഇങ്ങനെയാണ്, 'എന്നാല്‍ അതിനായി നസ്ലിന്‍ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് അവരെല്ലാം ഞെട്ടിപ്പോയി, അമ്പരന്നുപോയി. സാധാരണ നടീനടന്മാര്‍ അവരെ കൈപിടിച്ചുകയറ്റിയ കമ്പനികളോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ അനുഭവപൂര്‍വമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. ഇവിടെ പ്രേമലുവിന്റെ രണ്ടാം ഭാഗത്തിലേക്ക് നസ്ലിന്‍ എന്ന അഭിനേതാവ് ഒരു അവിഭാജ്യ ഘടകമാണെന്നുള്ള ബോധ്യമായിരിക്കാം വന്‍തുക പ്രതിഫലമായി ചോദിക്കുവാനുള്ള കാരണം. അതുകൊണ്ടാകണം സംവിധായകന്‍ പറഞ്ഞത് 'അവരുടെ കാര്യം നടക്കണമെങ്കില്‍ അവര്‍ വേറെ പോകട്ടെ' എന്ന്. 

ഈ പ്രതിഫല തര്‍ക്കത്തെക്കുറിച്ചുള്ള വിവരം ഞാന്‍ അറിഞ്ഞത് കമ്പനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലരില്‍ നിന്നുമാണ്.' തുടര്‍ന്ന് നസ്ലിനോട് ഒരു പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്നും ആലപ്പി അഷ്‌റഫ് അഭ്യര്‍ത്ഥിച്ചു. 'ഈ കേട്ടത് സത്യമാണെങ്കില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ നസ്ലിന് ഉയരങ്ങള്‍ താണ്ടാന്‍ ചവിട്ടുപടി പണിതു തന്നവരോട് ഒരു പ്രതിബദ്ധതയൊക്കെ ഉണ്ടായിരിക്കേണ്ടതല്ലേ. 'പ്രേമലു' രണ്ടാം ഭാഗത്തെക്കുറിച്ച് വലിയ സ്വപ്നവും പ്രതീക്ഷയും വച്ചുപുലര്‍ത്തുന്ന ആളാണ് എ.ഡി. ഗിരീഷ്. അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരാന്‍ നസ്ലിന്‍ കുറച്ച് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ അതൊരു നല്ല കാര്യമല്ലേ? നസ്ലിന്‍ ഒരു പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ നല്ലൊരു കലാസൃഷ്ടി കണ്ടസ്വദിക്കുവാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കും. മാത്രമല്ല, നിങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും അടുപ്പത്തിനും കൂടുതല്‍ ദൃഢതയും വരും. 

അത് നസ്ലിന്‍ എന്ന പുതുതലമുറ നായകനോടുള്ള പ്രേക്ഷകരുടെ ഇഷ്ടവും സ്‌നേഹവും വര്‍ദ്ധിക്കുവാനുള്ള കാരണമാവുകയും ചെയ്യും. അങ്ങനെ സംഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു,' ആലപ്പി അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. പ്രതിഫലത്തര്‍ക്കത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ഗിരീഷ് എ.ഡിയോ നസ്ലിനോ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും, 'പ്രേമലു 2' ഒഴിവാക്കേണ്ടി വന്ന പ്രതിസന്ധികളെ മറികടന്ന് 'ബെത്ലഹേം കുടുംബ യൂണിറ്റ്' നേടിയ വന്‍വിജയത്തിന്റെ സന്തോഷത്തിലാണ് ഗിരീഷും അണിയറപ്രവര്‍ത്തകരും
 

gireesh ad reeals decision

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES