ശ്രീജിത്ത് വിജയ് എന്ന നടനെ മലയാളികള്‍ ഏറ്റവും കൂടുതല്‍ അറിഞ്ഞത് രണ്ടു കഥാപാത്രങ്ങളിലൂടെയാണ്. അതിലൊന്ന് രതിനിര്‍വേദത്തിലെ പപ്പുവും രണ്ടാമത്തേത് കുടുംബവിളക്ക് പരമ്പരയിലെ സുമിത്രയുടെ മൂത്തമകനായ അനിരുദ്ധ് ആയുമാണ്. പരമ്പരയില്‍ നിന്നും ഇടയ്ക്ക് ശ്രീജിത്ത് പിന്മാറിയെങ്കിലും അവസാന മാസങ്ങളോട് അടുത്തപ്പോള്‍ ശ്രീജിത്ത് പരമ്പരയിലേക്ക് തിരിച്ചു വന്നിരുന്നു. 2018ലായിരുന്നു ശ്രീജിത്ത് വിവാഹിതനായത്. പ്രണയ വിവാഹമായിരുന്നു നടന്റേത്. കണ്ണൂര്‍ സ്വദേശിനി ആണെങ്കിലും ഡെല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയായ അര്‍ച്ചന ഗോപിനാഥിനെയാണ് ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ കൊച്ചിയില്‍ വച്ച് നടന്ന അതിഗംഭീരമായ വിവാഹ ചടങ്ങില്‍ ശ്രീജിത്ത് താലിചാര്‍ത്തിയത്. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് ആറു വര്‍ഷങ്ങള്‍ പിന്നിടവേ താനൊരു അച്ഛനാകാന്‍ പോകുന്നുവെന്ന വിശേഷമാണ് ശ്രീജിത്തും അര്‍ച്ചനയും പങ്കുവച്ചിരിക്കുന്നത്.
പൂര്‍ണ ഗര്‍ഭിണിയായി നില്‍ക്കുന്ന രണ്ട് ചിത്രങ്ങളാണ് അര്‍ച്ചന പങ്കുവച്ചിരിയ്ക്കുന്നത്. ഈ ബംബിന്‍ സ്‌നേഹിക്കുന്നു, ബേബി ലോഡിങ് എന്ന ഹാഷ് ടാഗോടെ പങ്കുവച്ച ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ജസ്റ്റിന്‍ ആന്റണിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിയ്ക്കുന്നത്. ശ്രീജിത്തിനും ആര്‍ച്ചനയ്ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. രണ്ട് ദിവസം മുന്‍പ് 'ഞങ്ങളുടെ കുഞ്ഞ് രഹസ്യം, നിന്നെ കാണാന്‍ ഇനിയും കാത്തിരുന്നുകൂടാ' എന്ന് പറഞ്ഞ് ഒരു വീഡിയോ ഇരുവരും പങ്കുവച്ചിരുന്നു. നവംബറില്‍ കുഞ്ഞുവാവ് വരും എന്ന സന്തോഷ വാര്‍ത്തയായിരുന്നു വീഡിയോയില്‍. അതിന് ശേഷമാണ് ഇപ്പോള്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്
വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അര്‍ച്ചനയേയും ശ്രീജിത്തിനേയും തേടി കുഞ്ഞുവാവ വിശേഷം എത്തിയിരിക്കുന്നത്. വെഡ്ഡിംഗ് പ്ലാനര്‍ ആയി ജോലി ചെയ്യുകയാണ് അര്‍ച്ചന. ഇരുവരും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ച് രണ്ട് പേരും യൂട്യൂബില്‍ എത്തുന്നതും പതിവാണ്. പക്ഷേ ഈ സന്തോഷ വാര്‍ത്ത മാത്രം ഒരുപാട് വൈകിയാണ് പങ്കുവച്ചിരിയ്ക്കുന്നത്. നേരത്തെ ഇരുവരും സ്വന്തമായി ഒരു ഫ്‌ളാറ്റ് വാങ്ങിയ സന്തോഷ വാര്‍ത്തയൊക്കെ ആരാധകരെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫലമായി എന്നാണ് അന്ന് പറഞ്ഞത്.
ജീവിതം ഒന്ന് സെറ്റായിട്ട് മതി കുട്ടികള്‍ എന്ന തീരുമാനമായിരിക്കാം, 2023 ലാണ് ശ്രീജിത്തും ഭാര്യയും പുതിയ വീട്ടിലേക്ക് മാറിയത്. ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും, ജീവിതത്തിലേക്ക് പുതിയ ആള്‍ വരാന്‍ പോകുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ചും കുഞ്ഞു കുഞ്ഞു വഴക്കുകളെ കുറിച്ചുമൊക്കെ നേരത്തെ രണ്ടു പേരും വാചാലരായിട്ടുണ്ട്. അടി കൂടുമ്പോള്‍ അര്‍ച്ചനയുടെ ഫോട്ടോ എടുത്ത് കൊടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുമത്രെ. എന്തൊക്കെയായാലും വളരെ സപ്പോര്‍ട്ടീവാണ് രണ്ട് പേരും. വിവാഹം കഴിഞ്ഞാല്‍ ബോറടിയാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്, പക്ഷെ എന്നെ സംബന്ധിച്ച് അര്‍ച്ചന കൂടെയില്ലെങ്കില്‍ ഭയങ്കര ബോറടിയാണെന്നാണ് നടന്‍ പറയുന്നത്.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ജനുവരി 15നായിരുന്നു വിവാഹനിശ്ചയം. ഫാസില്‍ സംവിധാനം ചെയ്ത ലിവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് സിനിമയിലെത്തിയത്. രണ്ടാം രതിനിര്‍വേദത്തിലെ പപ്പുവിനെ അവതരിപ്പിച്ചാണ് ശ്രീജിത്ത് ശ്രദ്ധനേടുന്നത്. ഭരതന്‍ സംവിധാനം ചെയ്ത് 1978ല്‍ റിലീസായ രതിനിര്‍വേദം പുനര്‍നിര്‍മ്മിച്ചപ്പോള്‍ പപ്പുവായെത്തിയത് ശ്രീജിത്തായിരുന്നു. ശ്വേതാ മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധാനം ടി കെ രാജീവ്കുമാറായിരുന്നു. പത്തിലധികം സിനിമകള്‍ ചെയ്തിട്ടുള്ള ശ്രീജിത്ത് പിന്നീട് ടെലിവിഷന്‍ പരമ്പരകളിലേക്ക് മാറുകയായിരുന്നു. ഷോയും സീരിയലുകളുമൊക്കെയായി ശ്രീജിത്ത് തിരക്കിലാണ്