Latest News

'ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ യാതൊരു വിശ്വാസവുമില്ല, അവാര്‍ഡ് 'സ്പിരിറ്റി'ല്‍ കിട്ടണമായിരുന്നു; സ്‌പെഷ്യല്‍ ജൂറിയെങ്കിലും തരാമായിരുന്നുവെന്ന് ഐ വി ശശി പറഞ്ഞു; വെളിപ്പെടുത്തലുമായി നന്ദു 

Malayalilife
 'ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ യാതൊരു വിശ്വാസവുമില്ല, അവാര്‍ഡ് 'സ്പിരിറ്റി'ല്‍ കിട്ടണമായിരുന്നു; സ്‌പെഷ്യല്‍ ജൂറിയെങ്കിലും തരാമായിരുന്നുവെന്ന് ഐ വി ശശി പറഞ്ഞു; വെളിപ്പെടുത്തലുമായി നന്ദു 

അവാര്‍ഡുകളില്‍ തനിക്ക് ഒട്ടും വിശ്വാസവുമില്ലെന്നും തനിക്ക് അവാര്‍ഡ് ലഭിക്കണമായിരുന്നെങ്കില്‍ അത് രഞ്ജിത്ത് സംവിധാനം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ 'സ്പിരിറ്റ്' എന്ന ചിത്രത്തിലൂടെ കിട്ടണമായിരുന്നുവെന്നും നടന്‍ നന്ദു. സിനിമാ പുരസ്‌കാര നിര്‍ണയങ്ങള്‍ക്ക് പിന്നില്‍ പലതരം ഇടപെടലുകളാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന സ്വകാര്യ അനുഭവങ്ങളാണ് ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്. 

'സ്പിരിറ്റ്' എന്ന ചിത്രത്തിലെ 'മണി' എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചിരുന്നതായി നന്ദു ഓര്‍ത്തെടുക്കുന്നു. എന്നാല്‍ അന്ന് സഹനടനുള്ള പുരസ്‌കാരം നല്‍കിയത് മറ്റൊരു ചിത്രത്തില്‍ നായകനായി മത്സരിച്ച മനോജ് കെ. ജയനായിരുന്നു. നായകനായി അപേക്ഷിച്ച മനോജിന് മികച്ച നടന് പകരം സഹനടന്റെ അവാര്‍ഡ് നല്‍കുകയായിരുന്നു. ഇതിന് പിന്നില്‍ വലിയ അഭ്യാസങ്ങള്‍ നടന്നിട്ടുണ്ടെന്ന് മനോജ് കെ. ജയന്‍ തന്നെ തന്നോട് വെളിപ്പെടുത്തിയതോടെയാണ് അവാര്‍ഡുകളിലുള്ള വിശ്വാസം തനിക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടതെന്ന് നന്ദു പറഞ്ഞു. 

ചിത്രം ഇറങ്ങി 13 വര്‍ഷം പിന്നിടുമ്പോഴും ജനങ്ങള്‍ ആ വേഷത്തെക്കുറിച്ച് ഓര്‍ത്തു സംസാരിക്കുന്നതാണ് തന്റെ യഥാര്‍ത്ഥ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം പുറത്തിറങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമാണ് 'സ്പിരിറ്റിലെ' അവാര്‍ഡ് നഷ്ടത്തിന് പിന്നിലെ കഥ നന്ദു അറിയുന്നത്. 

കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വെച്ച് അന്നത്തെ ജൂറി ചെയര്‍മാനായിരുന്ന അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി. ശശിയെ കണ്ടുമുട്ടിയ അനുഭവവും നന്ദു പങ്കുവെച്ചു. 'സ്പിരിറ്റിലെ നിന്റെ അഭിനയം അസാധ്യമായിരുന്നുവെന്നും ശരിക്കും നിനക്കായിരുന്നു അവാര്‍ഡ് കിട്ടേണ്ടതെന്നും ശശിയേട്ടന്‍ പറഞ്ഞു. എന്നാല്‍ അവസാന നിമിഷം ചില സംഭവങ്ങള്‍ നടന്നു. നിനക്ക് വേണമെങ്കില്‍ ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് തരാമായിരുന്നുവെന്നും അത് നല്‍കാന്‍ സാധിക്കാതെ പോയത് തന്റെ ഭാഗത്തുനിന്നുണ്ടായ അബദ്ധമാണെന്നും' ഐ.വി. ശശി തുറന്നുസമ്മതിച്ചതായി നന്ദു പറഞ്ഞു. അവാര്‍ഡ് പ്രതീക്ഷിച്ചല്ല അഭിനയിച്ചതെങ്കിലും ജൂറി ചെയര്‍മാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ വല്ലാത്ത വിഷമമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. 

തന്റെ പേരെഴുതിയ ട്രോഫിയിലെ പേര് മാറ്റി മറ്റൊരാള്‍ക്ക് നല്‍കിയ ഞെട്ടിക്കുന്ന അനുഭവവും നന്ദു വെളിപ്പെടുത്തി. 'മറ്റൊരു പ്രശസ്തമായ അവാര്‍ഡ് നിശയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് പങ്കെടുത്ത നന്ദുവിന് പക്ഷേ അന്ന് പുരസ്‌കാരം ലഭിച്ചില്ല. എനിക്കതില്‍ ഒരു വിഷമവും തോന്നിയില്ല. ഞാനതില്‍ നോമിനേഷനിലുണ്ടായിരുന്നു. അങ്ങനെ അത് വേറൊരാള്‍ക്ക് കിട്ടി. ഇതില്‍ വിഷമം വന്നത് എപ്പോഴാണെന്നോ. നാളുകള്‍ക്ക് ശേഷം ഞാനൊരു പടം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആ മേക്കപ്പ്മാന്റെ അസിസ്റ്റന്റ് എന്നോട് പറഞ്ഞു. 

 അന്നത്തെ അവാര്‍ഡ് ദാനച്ചടങ്ങില്‍, അവരുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. 'അന്ന് സപ്പോര്‍ട്ടിങ് ആക്ടറുടെ അവാര്‍ഡ് ചേട്ടനാണ് കിട്ടേണ്ടത്'. അപ്പോള്‍ ഞാന്‍ ചോദിച്ചു, 'എന്നിട്ടെന്താ കിട്ടാതിരുന്നതെ'ന്ന്. ആ ചടങ്ങില്‍ സ്റ്റേജിന് പുറകില്‍ നിന്ന് ഷീല്‍ഡുകള്‍ എടുത്ത് കൊടുത്തിരുന്നത് ഇവനാണ്. അപ്പോള്‍ ആരോ ഓടി വന്നിട്ട് പറഞ്ഞു, 'എടാ മറ്റേ ആര്‍ട്ടിസ്റ്റ് വന്നിട്ടുണ്ടെന്ന്'. പ്രതിമയില്‍ നിന്ന് എന്റെ പേര് ഇളക്കി മാറ്റി മറ്റേയാളുടെ പേര് ഒട്ടിച്ചത് ഇവനാണ്. പറഞ്ഞ കമ്പിനിയും കാര്യങ്ങളുമൊന്നും ഞാന്‍ പറയുന്നില്ല'. - നന്ദു പറഞ്ഞു.

Read more topics: # നന്ദു.
nandhu about award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES