നിമിഷ് രവി യുടെയും - അഹാന കൃഷ്ണയുടെയും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇനി ഒരു ദിവസം മാത്രമേ വിവാഹത്തിനായിട്ടുള്ളൂ. എന്നാല്‍ ഇതുവരെ വാര്‍ത്തകളോട് അഹാനയോ നിമിഷ് രവിയോ പ്രതികരിച്ചിട്ടില്ല. സെപ്റ്റംബര്‍ 12 ന് കോവളത്ത് വച്ച് സ്വകാര്യമായി വിവാഹം നടക്കുമെന്നാണ് വിവരം.
അതിനിടയില്‍, അടുത്തിടെ മാതൃഭൂമി ഇംഗ്ലീഷിനു നല്‍കിയ അഭിമുഖത്തില്‍ അഹാനയെ കുറിച്ച് നിമിഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.അഹാനയുമൊത്ത് യാത്ര ചെയ്യുന്നതും ജോലി ചെയ്യുന്നതും വളരെ റീഫ്രഷിംഗ് ആയ അനുഭവമാണെന്ന് നിമിഷ് പറയുന്നു. തങ്ങള്‍ രണ്ടുപേരും രണ്ടു രീതിയിലാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും നിമിഷ് കൂട്ടിച്ചേര്‍ക്കുന്നു.
അഹാന വളരെ സ്‌പോണ്ടേനിയസ് ആണ്. എന്നാല്‍ ഞാന്‍ എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത്, കൃത്യമായി സെറ്റ് ചെയ്ത് വര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. രസകരമായ എന്തെങ്കിലും കാഴ്ച കണ്ടാല്‍ അപ്പോള്‍ തന്നെ ഫോണെടുത്ത് ഷൂട്ട് ചെയ്യുന്ന രീതിയാണ് അഹാനയുടേത്. എന്നാല്‍ താന്‍ ആ പ്രോസസിനെ വളരെ വ്യത്യസ്തമായ രീതിയിലാണ് കാണുന്നത്. മ്യൂസിക് വീഡിയോകള്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഒന്നിച്ച് പ്രൊഫഷണലായി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് വര്‍ക്ക് ചെയ്യുന്നത്. 'തോന്നല്‍', 'പൂക്കള്‍' തുടങ്ങിയ പ്രൊജക്റ്റുകള്‍ അങ്ങനെ രൂപപ്പെട്ടതാണ്. ഇതില്‍ 'തോന്നല്‍' നിര്‍മ്മിച്ചതും അഹാന തന്നെയായിരുന്നു.'
അഹാന തന്റെ ജീവിതത്തെ വളരെ 'ടേസ്റ്റ്ഫുളി' ക്യാപ്ചര്‍ ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്ന് നിമിഷ് പറഞ്ഞു. 'ഒരു 20 വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ അത് ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഞാന്‍ അന്ന് ആരായിരുന്നു എന്ന് എന്നെത്തന്നെ ഓര്‍മ്മിപ്പിക്കാന്‍, എനിക്ക് വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്,' എന്നാണ് അഹാന തന്റെ വ്‌ലോഗുകളെയും വീഡിയോകളെയും കുറിച്ച് പറയാറുള്ളത്.
സഹപ്രവര്‍ത്തകര്‍ എന്നതിനേക്കാള്‍ അഹാന തന്റെ അടുത്ത സുഹൃത്ത് കൂടിയാണെന്ന് നിമിഷ് പറയുന്നു. പരസ്പരം സംസാരിച്ചാണ് തങ്ങള്‍ ഓരോ പുതിയ പ്രൊജക്റ്റുകളിലേക്കും എത്താറുള്ളത്. കാണുന്നവരുടെ മുഖത്ത് ചെറിയൊരു ചിരി വിടര്‍ത്തുന്നതും, ആളുകള്‍ക്ക് സന്തോഷം നല്‍കുന്നതുമായ ലളിതവും മനോഹരവുമായ വിഷയങ്ങളാണ് അഹാന എപ്പോഴും തിരഞ്ഞെടുക്കാറുള്ളതെന്നും നിമിഷ് കൂട്ടിച്ചേര്‍ത്തു.
അഹാന നായികയായി തരംഗം സൃഷ്ടിച്ച 'ലൂക്ക' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നിമിഷ് ആയിരുന്നു. ചിത്രത്തിലെ ഫ്രെയിമുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നീട് അഹാന സംവിധാനം ചെയ്ത 'തോന്നല്‍', 'പൂക്കള്‍' എന്നീ മ്യൂസിക് ആല്‍ബങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചതും നിമിഷ് തന്നെ. പ്രൊഫഷണല്‍ വര്‍ക്കുകള്‍ക്ക് പുറമെ, അഹാനയുടെ യാത്രാവേളകളില്‍ ഒപ്പമുണ്ടാവാറുള്ള നിമിഷ്, അഹാനയുടെ വ്‌ലോഗുകള്‍ക്ക് വേണ്ടി കണ്ടെന്റുകള്‍ ഷൂട്ട് ചെയ്തു നല്‍കാറുമുണ്ട്.