വീണ്ടും ഇടുക്കിയുടെ കാഴ്ചകളിലേക്ക്. യാത്ര, അത് എത്ര തവണ ആയാലും ശരി, നമ്മള്‍ക്ക് പുതുമകള്‍ മാത്രം.സമ്മാനിക്കുന്ന ഒരു ഭൂവിഭാഗമാണ് ഇടുക്കി. പുറം ലോകം ഇനിയും അറിയാത്ത ,കാഴ്ചകളുടെ ഒരു നിധി തന്നെ.ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.അത്തരം ചില കാഴ്ച്ചകളിലേക്ക്.
കുമളി-മൂന്നാര്‍ സ്റ്റേറ്റ് ഹൈവേ 19 ല്‍, കുമളിയില്‍ നിന്നും 12 കിമി ദൂരെയായി,സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് അണക്കര.അവിടെ നിന്നും 4 കി.മീ. കിഴക്കുള്ള ചെല്ലാര്‍ കോവില്‍ എന്ന ചെറു ഗ്രാമത്തിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. കുമളിയില്‍ നിന്നും നല്ല റോഡ് ആയതു കൊണ്ട് 20 മിനിറ്റ് കൊണ്ട് അണക്കരയിലും,അടുത്ത 10 മിനിറ്റില്‍ ചെല്ലാര്‍ കോവിലിലുമെത്താനായി. UNDP പദ്ധതിപ്രകാരമുള്ള,സ്പൈസ് ടൂറിസ്റ്റ് സര്ക്യൂടുസ്റ്റേഷന് ആയി മാറിയ ഈ ഗ്രാമം അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്സ്ഥാനംപിടിച്ചു കഴിഞ്ഞു. ഏലവും കുരുമുളകും സമൃദ്ധമായി വിളയുന്ന, മലയോരകര്ഷകരുടെഈ ഗ്രാമം ഇനി മുതല്‍ ടൂറിസ്റ്റുകള്‍ക്കും സ്വന്തം.
ഇളം തണുപ്പുള്ള കാലാവസ്ഥയിലാണ്, ചെല്ലാര്‍ കോവിലില്‍ ഞാന്‍ എത്തുന്നത്. നല്ല സുഖപ്രദമായ, മലിനീകരണം തൊട്ടു തീണ്ടാത്ത അന്തരീക്ഷം. ഏലം മണക്കുന്ന വഴികളിലൂടെയുള്ള എന്റെ യാത്ര ഏറെ ഹൃദ്യമായിരുന്നു. വനംവകുപ്പിന്റെ ഒരു വാച്ച് ടവറും ലഘു ഭക്ഷണ ശാലയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഒരു ചായയും കഴിച്ചു ഞാന്‍ മെല്ലെ വാച്ച് ടവറിലേക്ക് കയറി. ചെല്ലാര്‍ കോവില്‍ വ്യൂ പോയന്റില്‍ നിന്നും, കിഴക്കന്‍ താഴ്വരയിലെ തമിഴ്നാടിന്റെ സമതലങ്ങളിലേക്കുള്ള കാഴ്ച്ച, അവാച്യമായ അനുഭൂതി പകരുന്ന ഒന്നാണ്. ഇവിടെ നിന്നാല്‍ കമ്പവും,തേനിയുമെല്ലാം വ്യക്തമായി കാണാം. മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കൊണ്ടുപോകുന്ന പെന്‍ സ്ടോക്ക് പൈപ്പുകളും,കനാലും, സംഗീത സംവിധായകന് ഇളയ രാജയുടെ ബംഗ്ലാവുമെല്ലാം ഈ ഉയരത്തില്‍നിന്നുള്ള കാഴ്ചകളാണ്. മഴക്കാലത്ത്, വന്യമായി പതിക്കുന്ന പാണ്ടിക്കുഴി വെള്ള ചാട്ടം വറ്റി വരണ്ടിരിക്കുന്നു. അങ്ങകലെ ഗളാദേവി മലയിലെ ടവറും കാണാം. ഞാന്‍ എത്തിയ സമയം,താഴ്വരയില് മൂടല്‍ മഞ്ഞ് പരന്നിരുന്നത് കൊണ്ട്,കാഴ്ച്ചകള്‍ അത്ര വ്യക്തമായിരുന്നില്ല.
സഞ്ചാരികള്‍ക്ക് താമസത്തിനായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഹോം സ്റ്റേകള്‍ ഈ
പ്രദേശത്ത് ലഭ്യമാണ്. അണക്കരയില്‍,വിമാനത്താവളം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, നിരവധി പുതിയഹോട്ടലുകളും നിര്‍മ്മാണമാരംഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയുടെയും തമിഴ്നാടിന്റെ തെക്ക് കിഴക്കന്പ്രദേശങ്ങളുടേയും, സമഗ്ര ടൂറിസം വികസനത്തിനുതകുന്ന വിമാനത്താവളം സമീപ ഭാവിയില്ത്തന്നെയാഥാര്ത്ഥ്യമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. പ്രശസ്തമായ മോണ്ട് ഫോര്‍ട്ട് സ്കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
അണക്കരക്ക് സമീപത്തായി മൂന്നാര്‍ റോഡില്‍ തന്നെയുള്ള മറ്റൊരു ചെറു പട്ടണമായ പുറ്റടിയിലെക്കാണ്പിന്നീട് ഞാന്‍ എത്തിയത്. ഇവിടെ സ്പൈസസ് ബോര്‍ഡിന്റെ കാര്‍ഡമം കോമ്പ്ലെക്സ് ദ്രുതഗതിയില്നിര്മ്മാണം പൂര്‍ത്തിയായി വരുന്നു.
സുഗന്ധ വിളകളുടെ സംസ്ക്കരണവും ദീര്‍ഘകാല സംരക്ഷണവും എല്ലാം ഇനി ഇവിടെ സാദ്ധ്യമാകും. ഈപ്രദേശത്തിന്റെ കുതിച്ചു ചാട്ടത്തിന് കാര്‍ഡമം കോമ്പ്ലെക്സ് കാരണമാകുന്നു. അവിടെയെല്ലാം ഒരു ഓട്ടപ്രദിക്ഷണം നടത്തി ഞാന്‍ മടക്ക യാത്രക്കൊരുങ്ങി. തിരികെ വണ്ടന്മേട്, പുളിയന്മല, ഇടുക്കി, തൊടുപുഴവഴിയാണ് മടക്കം. വഴി നീളെ തഴച്ചു വളര്‍ന്നു നില്ക്കുന്ന ഏലത്തോട്ടങ്ങള്‍. കാഴ്ചകള്‍ തേടിയെത്തുന്ന നിരവധി വിദേശ സഞ്ചാരികളും അവരെ തോട്ടം കാണിക്കുവാന്‍ കൊണ്ട് പോകുന്ന കര്‍ഷകരും.
ഫാം ടൂറിസം ഇടുക്കിയില്‍ പ്രചാരം നേടി വരികയാണ്. ഏലത്തിനു ഉയര്‍ന്ന വില ലഭിക്കുന്നത് മൂലം കര്‍ഷകരും സന്തോഷത്തിലാണ്. അവരുമായി ആ സന്തോഷം പങ്കു വെച്ച് ഞാന്‍ മടങ്ങി. വാല്‍ക്കഷണം:- ഈ സ്റ്റേറ്റ് ഹൈവെയില്‍ മരണം പതിയിരിക്കുന്ന കെണികളും. ഒരു അപായ സൂചനാ ബോര്‍ഡ് പോലുമില്ലാതെ നടുറോഡില്‍, നല്ല ഇറക്കത്തില്‍, കോണ്‍ക്രീറ്റ് പാരപ്പറ്റുകള്‍ ഉയര്‍ന്നു നില്ക്കുന്നു!!
ഇരുചക്ര വാഹനക്കാര്‍ ജാഗ്രതൈ. അധികൃതര്‍ ഇതൊന്നു നീക്കം ചെയ്തിരുന്നെങ്കില്‍!