നെടുമ്പാശേരി അത്താണി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേരുടെ ദാരുണ മരണത്തിന് കാരണമായ വാഹനാപകടം കേരള സമൂഹത്തിന് നല്‍കുന്നത് ഗൗരവമേറിയ ചില സാമൂഹിക പാഠങ്ങളാണ്. സാധാരണ വിദ്യാര്‍ത്ഥികള്‍ കോളേജ് ബസിലോ പൊതുഗതാഗത സംവിധാനങ്ങളിലോ യാത്രാക്കൂലി നല്‍കി പഠനത്തിന് പോകുമ്പോള്‍, മകന് കോളേജില്‍ പോകാനായി അത്യന്താധുനിക ആഡംബര കാറായ 'മിനി കൂപ്പര്‍' പിറന്നാള്‍ സമ്മാനമായി വാങ്ങിനല്‍കിയ മാതാപിതാക്കളുടെ അമിതമായ ലാളനയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്.
ആലപ്പുഴ ആലിശ്ശേരി സ്വദേശിയും രാജഗിരി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയുമായ സുഹൈല്‍ സജീവിനാണ് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ 'ഇഹ ഡിസൈന്‍സിന്റെ' ഉടമയായ മാതാവ് നൂഹ സജീവ് ഈ ആഡംബര വാഹനം സമ്മാനിച്ചത്. മകന്റെ ഡ്രീം കാര്‍ എന്ന് വിശേഷിപ്പിച്ച് മാതാവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആ സന്തോഷ പ്രകടനത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹത്തിന്റെ കടുത്ത വിമര്‍ശനത്തിന് ഇരയാകുകയാണ്. പണത്തിന്റെ ധൂര്‍ത്തും ആഡംബര പ്രദര്‍ശനങ്ങളും മക്കളുടെ ജീവനെടുക്കുന്ന ഭീകരതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.
കോളേജില്‍ പോകാന്‍ വാങ്ങിനല്‍കിയ ലക്ഷങ്ങളുടെ ആഡംബര കാര്‍ പണത്തിന്റെ ഹുങ്കില്‍ ചീറിപ്പായാനുള്ള ഉപാധിയായാണ് സുഹൈല്‍ ഉപയോഗിച്ചത്. 215 കിലോമീറ്ററിലധികം വേഗതയില്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് കയ്യടി നേടിയ ഇയാള്‍, നിയമങ്ങളെയോ സഹജീവികളുടെ ജീവനേയോ ഒട്ടും വിലവച്ചില്ല. പണവും സമ്പത്തും ഉണ്ടെങ്കില്‍ എന്തും കാണിക്കാമെന്ന അഹങ്കാരമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത്. ശനിയാഴ്ച രാത്രിയില്‍ വിവിധ ബാറുകളില്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചു പൂസായ ശേഷമാണ് സുഹൈല്‍ മിനി കൂപ്പറുമായി റോഡിലിറങ്ങിയത്.
നൈറ്റ് ഡ്രൈവുകളുടെയും മത്സരയോട്ടങ്ങളുടെയും പശ്ചാത്തലത്തില്‍ നടന്ന ഈ നരാധമ വേട്ടയില്‍ പൊലിഞ്ഞത് മൂന്ന് നിരപരാധികളുടെ ജീവനാണ്. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ പാര്‍ട്ട്‌ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് തത്ക്ഷണം മരണപ്പെട്ടത്. അപകടത്തിന് ശേഷവും പ്രതിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ കുറ്റബോധവും ഉണ്ടായില്ല എന്നത് സമൂഹത്തെ ഞെട്ടിക്കുന്നതാണ്. കാര്‍ തകര്‍ന്ന് മൂന്ന് ജീവനുകള്‍ പൊലിഞ്ഞിട്ടും ഡോറിന്റെ സെന്‍സര്‍ കേടാകുമെന്ന വിചിത്രമായ ന്യായവാദമാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്.
പണത്തിന്റെ ബലത്തില്‍ കേസ് ഒതുക്കാമെന്നും 'വാപ്പ നോക്കിക്കോളും' എന്നുമുള്ള ഇയാളുടെ ആക്രോശം പണക്കൊഴുപ്പിന്റെ പരകോടിയെയാണ് വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ആഡംബരം ആഘോഷമാക്കുന്ന മാതാപിതാക്കളുടെയും മക്കളുടെയും അമിത സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഈ ദുരന്തം ഓര്‍മ്മിപ്പിക്കുന്നത്. മദ്യലഹരിയില്‍ വാഹനമോടിച്ച് മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് സുഹൈല്‍ ഇല്ലാതാക്കിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും യുവാക്കള്‍ക്കും അനിയന്ത്രിതമായി മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെയും എക്സൈസ് വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ പ്രതിക്കെതിരെ നരഹത്യയ്ക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിസമ്പന്നതയുടെയും അമിത ലാളനയുടെയും ഫലമായി വളര്‍ന്നുവരുന്ന ഒരു തലമുറയുടെ അശ്രദ്ധ എത്രത്തോളം വലിയ വിപത്താണ് സമൂഹത്തിന് സമ്മാനിക്കുന്നതെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു. നിയമത്തിന്റെ മുന്നില്‍ കര്‍ശന ശിക്ഷാ നടപടികള്‍ക്ക് പ്രതി വിധേയനാകുമ്പോള്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതാപിതാക്കളും സമൂഹവും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതുണ്ട്.