Latest News

കൊച്ചിയില്‍ എത്തിയോ! ഹില്‍പാലസ് കണ്ട് മടങ്ങാം

Malayalilife
കൊച്ചിയില്‍ എത്തിയോ! ഹില്‍പാലസ് കണ്ട് മടങ്ങാം

രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്‍മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്‍പാലസ്. ഏകദേശം 50 ഏക്കറോളം വരുന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന 47 കെട്ടിട സമുച്ചയങ്ങള്‍ കേരളത്തിന്റെ തനതായ വാസ്തു ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത്യപൂര്‍വ്വമായ ഔഷധസസ്യങ്ങളും, സുന്ദരമായ ഭുപ്രകൃതിയും നിറഞ്ഞതാണ് ഈ മ്യൂസിയം.

കൊച്ചി രാജാക്കന്മാരുടെ സ്വകാര്യ ശേഖരത്തില്‍പ്പെട്ട എണ്ണച്ചായ ചിത്രങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, കല്ലില്‍ നിര്‍മ്മിച്ച കൊത്തു പണികള്‍, ശിലാശാസനങ്ങള്‍, നാണയങ്ങള്‍, കൈയ്യെഴുത്തു പ്രതികള്‍ എന്നിവ കൂടാതെ പരമ്പരാഗതമായ സിംഹാസനം, മറ്റുപകരണങ്ങള്‍ എന്നിവയും ഈ മ്യൂസിയത്തില്‍ കാണാന്‍ കഴിയും.

ചൈനയില്‍ നിന്നും, ജപ്പാനില്‍ നിന്നും, കൊണ്ടുവന്നതും 200 ലേറെ വര്‍ഷം പഴക്കമുള്ളതുമായ ചീനച്ചട്ടികളും മണ്‍പാത്രങ്ങളും, കുടക്കല്ല്, തൊപ്പിക്കല്ല്, ശിലായുഗത്തില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന കല്ലു കൊണ്ടുള്ള ആയുധങ്ങള്‍, തടികൊണ്ടുള്ള ക്ഷേത്രമാതൃകകള്‍ എന്നിവ ഈ മ്യൂസിയത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുന്നു. സിന്ധു തട സംസ്‌കാരത്തിലെ മോഹന്‍ ജോ ദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ സമകാലീന കലകളുടെ ഒരു ശേഖരം തന്നെ ഇവിടെ കാണാം. 

എട്ടുകെട്ടിന് സമീപത്തെ കുളം, കുട്ടികളുടെ പാര്‍ക്കിന് സമീപത്തെ കുളം, പത്തുമുറി ഭാഗത്തെ തീണ്ടാരിക്കുളം എന്നിവയെല്ലാം ചെങ്കല്ലുകെട്ടി, കേടുപാടുകള്‍ തീര്‍ത്ത് മനോഹരമാക്കിയിരിക്കുന്നു. കുളവും കടവുകളും കുളക്കടവിലേക്കുള്ള പടികളും എല്ലാം സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതായി ഇപ്പോള്‍ മാറിയിരിക്കുന്നു.

Read more topics: # kochi hilpalace ,# travel
kochi hilpalace travel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES