നടി മഞ്ജു വാര്യരെക്കുറിച്ച് നടി മല്ലിക സുകുമാരന്‍ നടത്തിയ പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ മഞ്ജു വാര്യര്‍ക്കെതിരെ നടത്തിയ പ്രതിഷേധങ്ങളുടെയും പരാമര്‍ശങ്ങളുടെയും പശ്ചാത്തലത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം. ഒരു അഭിമുഖത്തിലാണ് അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മഞ്ജു വാര്യര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച മല്ലിക, താരം പുലര്‍ത്തുന്ന മൗനത്തെയും ആത്മാഭിമാനത്തെയും ശക്തമായി അഭിനന്ദിച്ചു.
'മഞ്ജുവിന്റെ രീതി നല്ലതാണെന്നാണ് എന്റെ അഭിപ്രായം. എനിക്ക് ആ കുട്ടിയോട് വലിയ ബഹുമാനമാണ്. എന്തിനാണ് ആവശ്യമില്ലാതെ സംസാരിക്കുന്നത്. അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരുടേയും മനസില്‍ അത് തോന്നും. ഞാനൊരു അമ്മയുടെ സ്ഥാനത്തു നിന്നും പറയുന്നതാണ്. ആ സെക്രട്ടറിയേറ്റിന് മുമ്പില്‍ എന്താണ് നടക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഒരു അപേക്ഷയാണ്. കേരളത്തിലെ പെണ്ണുങ്ങള്‍ നിങ്ങളുടെ കാല് തൊട്ട് നമസ്‌കരിക്കും. ആ കസേരയോടെ അങ്ങേരെ അവിടുന്ന് എടുത്ത് മാറ്റാന്‍ പറ്റുമോ ആര്‍ക്കെങ്കിലും?' എന്നാണ് മല്ലിക സുകുമാരന്‍ ചോദിക്കുന്നത്.
സംവിധായകന്റെ പ്രവൃത്തികളെയും വിമര്‍ശിച്ചുകൊണ്ട് മല്ലിക കടുത്ത ഭാഷയിലാണ് സംസാരിച്ചത്. 'എവിടെയായിരുന്നു ഇങ്ങേര്? പ്രേമിച്ച കാലം തൊട്ടുള്ള കഥകളൊന്നും ഞങ്ങളാരും കേട്ടിട്ടില്ലല്ലോ. ആ കൊച്ച് ഒന്ന് മനസമാധാനത്തോടെ രണ്ടാമത് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇങ്ങേര്‍ക്കിത് പറയാന്‍ തോന്നിയത്? അപ്പോഴെ അറിഞ്ഞൂടെ കള്ളനാണെന്ന്. അയാളെ എനിക്ക് അറിയില്ല. അയാളെപ്പറ്റി പറയാനും ഉദ്ദേശിക്കുന്നില്ല. പക്ഷെ ഈ
കാണിക്കുന്ന പ്രവര്‍ത്തിയൊന്നും ശരിയല്ല' എന്നും അവര്‍ വ്യക്തമാക്കി.
മഞ്ജു വാര്യര്‍ പ്രതികരിക്കാതെ മാറി നില്‍ക്കുന്നതിനെക്കുറിച്ചും മല്ലിക സംസാരിച്ചു. 'അഞ്ചാറ് പെണ്ണുങ്ങള്‍ അവിടെ കുത്തിയിരുന്ന് ഇവനെ പറ്റി ഇതുപോലെ ഓരോ കഥയങ്ങ് പറഞ്ഞാലോ? പിന്നെ തെളിയിക്കാന്‍ പോണ്ടേ? അങ്ങനെ തെളിയിക്കാന്‍ പോകാത്തവരെല്ലാം മണ്ടന്മാരാണെന്ന് വിചാരിക്കരുത്. സെല്‍ഫ് റെസ്പെക്ട് ഉള്ളതുകൊണ്ട് എന്തിനാണ് ഇവനൊക്കെ മറുപടി കൊടുക്കാന്‍ പോകുന്നതെന്ന് ചിന്തിക്കുന്നതാണ്' എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ മഞ്ജുവിന്റെ നിലപാടിനെ പിന്തുണച്ചത്.
അഭിമുഖത്തിന് പിന്നാലെ സനല്‍കുമാര്‍ കുറിപ്പുമായി എത്തി. കുറിപ്പ് ഇങ്ങനെ:
മല്ലികാ സുകുമാരന്‍ ചില ഓണ്‍ലൈന്‍ ചാനലുകളില്‍ വന്നിരുന്ന് എന്നെ അപഹസിക്കുന്നത് കുറേ നാളായി കാണുന്നു. ഇന്നലെയും കണ്ടു ഒരു പുതിയ താടഹാസം. പ്രായമാകുമ്പോള്‍ മേധാക്ഷയം സ്വാഭാവികമാണ്. അതുകൊണ്ട് പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്. ഇതിനിയും ആവര്‍ത്തിക്കാനുള്ള മട്ടാണ് ആ സ്ത്രീക്ക് ഉള്ളതെന്ന് തോന്നിയത് കൊണ്ട് പറയുന്നതാണ്.
മല്ലികാ സുകുമാരന് എന്റെ അമ്മയേക്കാള്‍ പ്രായം കുറവാണ്. എങ്കിലും എന്റെ അമ്മയ്ക്ക് അവരുടെ മകനോടുള്ള വികാരവായ്പ്പ് തന്നെയാവും മല്ലികാ സുകുമാരന് പൃഥ്വിരാജ് സുകുമാരനോടുള്ളത്. രണ്ടുസ്ത്രീകളും പത്തുമാസം ചുമന്നു പ്രസവിച്ചത് കൊണ്ടാണ് അമ്മമാരായത്. നിങ്ങളുടെയത്ര പണവും പ്രശസ്തിയും എന്റെ അമ്മയ്ക്കില്ലെങ്കിലും അവര്‍ക്കും ഞാന്‍ മകന്‍ തന്നെയാണ്.
ഞാന്‍ മഞ്ജു വാര്യരെ അപമാനിച്ചു എന്നാണ് മല്ലികാസുകുമാരന് എന്നോടുള്ള കോപകാരണം. മാഡം, മകന് രാക്ഷസപ്രീതിക്ക് വേണ്ടിയാണ് ജപിക്കുന്നത് എന്നെനിക്കറിയാം. അപമാനം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയില്ല എന്നും മനസിലായി. ഞാനും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്ക് അറിയില്ലായിരിക്കും. അറിയാവുന്നവര്‍ എല്ലാവരും ചേര്‍ന്ന് എന്നെ ബലിയാടാക്കുന്നത് കൊണ്ട് അങ്ങനെയൊന്നും ഇല്ല എന്നിങ്ങനെ വല്ലാതെ വെമ്പരുത്.
ഇനി മകനെ കാണുമ്പോള്‍ അയാളോട് രഹസ്യമായി ഇന്ത്യയില്‍ നിന്ന് പലായനം ചെയ്ത ഞാന്‍ എങ്ങനെയാണ് അറ്റ്‌ലാന്റയില്‍ എത്തിയത് എന്നൊന്ന് ചോദിച്ചുനോക്കണം. എന്നെക്കൊണ്ട് കൂടുതല്‍ പറയിക്കരുത്.