വണ്ണപ്പുറത്തിനടുത്തുള്ള കോട്ടപ്പാറമലയില്‍ മഞ്ഞു പെയ്യുന്ന ചിത്രം മനസ്സിനെ വല്ലാതെ മോഹിപ്പിച്ചിരുന്നു. ഒരു ഞായറാഴ്ച്ച വെളുപ്പാന്‍ കാലത്ത്,ഒരു 4 മണിയായിക്കാണും ഉള്‍വിളിയെത്തി ''കോട്ടപ്പാറയിലെത്തണം മഞ്ഞിന്‍ കണങ്ങളെ ഒരു നോക്ക് കാണണം.'' വീട്ടുകാരെപ്പോലും ശല്യം ചെയ്യാതെ ബൈക്ക് തള്ളി റോഡില്‍ കൊണ്ടു പോയി സ്റ്റാര്‍ട്ട് ചെയ്ത് യാത്ര തുടങ്ങി. ആളും അനക്കവുമില്ലാത്ത റോഡിലൂടെ കൂരിരുട്ടിനെ മറികടന്ന്എല്ലാ സ്വാതന്ത്ര്യത്തോടും കൂടി വണ്ടി ഓടിച്ചു. രാത്രിയില്‍ പൂത്തുലയുന്ന ഏഴിലം പാലയുടെ ഗന്ധം മത്തുപിടിപ്പിക്കുന്നതായിരുന്നു.
കൂരിരുട്ടില്‍ എന്റെ ശകടത്തിന്റ വെളിച്ചം മാത്രം.മാറികയിലും വഴിത്തലയിലും കോടമഞ്ഞ് യാത്ര തടസ്സം സൃഷ്ടിച്ചു കൊണ്ട് കാഴ്ച്ചയെ മറിച്ചിരുന്നു. ഇവിടെ ഇങ്ങനെ ആണെങ്കില്‍ അവിടെ എന്തായിരിക്കും അവസ്ഥ. പിന്നേയും വണ്ടി മുന്നോട്ട് തന്നെ പാഞ്ഞു. നാടു മുഴുവന്‍ ഇതിനും മാത്രം പാലമരങ്ങള്‍ ഉണ്ടെന്ന നഗ്‌ന സത്യം ഞാനും മനസ്സിലാക്കി. രാത്രിയുടെ അവസാന യാമവും പിന്നിട്ടിരിക്കുന്നു ,പാലപ്പൂക്കള്‍ പൊഴിഞ്ഞു തുടങ്ങിയതിനാല്‍ മത്തുപിടിപ്പിക്കുന്ന മാദക ഗന്ധം എന്റ ഉള്ളിലെ ഉറക്കച്ചടവിനെ പാടെ എടുത്തെറിഞ്ഞിരുന്നു.
നേരം വെളുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു കൊണ്ട് വെളുത്ത പ്രകാശം കിഴക്കന്‍ ചേരിയില്‍ വീണു തുടങ്ങിയിരിക്കുന്നു. തൊടുപുഴ പിന്നിട്ടതോടെ ഒരു കടും കാപ്പിക്കായി കൊതിയോടെ കടകളിലേക്ക് നോക്കിയെങ്കിലും ഒന്നും തന്നെ തുറന്നിരുന്നില്ല. വീണ്ടും യാത്ര തുടര്‍ന്നു.
സമയം അഞ്ചരയോടടുക്കുകയാണ് ഒരു വല്യപ്പന്‍ ചായക്കട തുറന്നിട്ടുണ്ട്. കടുംകാപ്പി ഇതു പോലെയുള്ള യാത്രകളില്‍ ഒരു കൂടപ്പിറപ്പിനെപ്പോലെ കൂടെയുണ്ടാകും. രാത്രിയുടെ കാവല്‍ക്കാരായ നായ്ക്കളുടെ കണ്ണുകള്‍ തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ തിളങ്ങി നില്ക്കുകയാണ്. ഇടക്ക് കുറച്ച് ബൈക്കുകള്‍ കടന്നു പോയതൊഴിച്ചാല്‍ വഴി ഏറക്കുറെ ശൂന്യമായിരുന്നു.
റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പാതകളെ പിന്നിലാക്കി മുന്നോട്ട് പായുന്നതിനിടയ്ക്കും കണ്ടു മഞ്ഞിന്റെ കരിമ്പടം പുതച്ച റബ്ബര്‍ മരങ്ങളെ, ഒരു മൂന്നുംകൂടിയ കവലയില്‍ സൂര്യനുണരും മുമ്പേ ഒത്തുകൂടിയ പഴയ തലമുറയിലെ വല്യപ്പന്മാരോട് വല്ലാത്ത ബഹുമാനം തോന്നി.വഴി ചോദിച്ചപ്പോള്‍ 80 കളുടെ മധ്യത്തിലെത്തി നില്ക്കുന്ന വാര്‍ദ്ധക്യത്തിലും നാല്പ്പതുകളുടെ ചുറുചുറുക്കോടെ മറുപടി തന്നിരുന്നു.
ഇടയ്ക്ക് കണ്ട വനം വകുപ്പിന്റെ ബോര്‍ഡ് കാട്ടിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കി തന്നു. പുലിയേയും മറ്റും കണാന്‍ പറ്റിയില്ലെങ്കിലും കാട്ടാനയേയോ,മാന്‍ കൂട്ടത്തേയോ കാണാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. ലക്ഷ്യസ്ഥാനം അടുത്തെത്തിയിരിക്കുന്നതിന്റെ സൂചന നല്കിക്കൊണ്ട് വണ്ണപ്പുറം എത്തിയിരിക്കുന്നു. ടൗണില്‍ നിന്നും ഭാരത് പെട്രോളിയം പമ്പിനോട് ചേര്‍ന്ന് കിടക്കുന്ന ഇടത്തേ വശത്തേക്കുള്ള റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ വല്ലാത്ത ആഹ്ലാദം മനസ്സില്‍ അലയടിച്ചു തുടങ്ങിയിരുന്നു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മലമ്പാതയിലൂടെ ഹെയര്‍പ്പിന്‍ വളവുകള്‍ താണ്ടി ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിനു മുന്നേ ഒരു വ്യൂ പോയിന്റും മഞ്ഞ് മൂടിയ മലനിരകളും കണിയായി കിട്ടി.
സമയം ആറു മണിയോടടുക്കുകയാണ്.അധികം താമസിക്കാതെ കോട്ടപ്പാറയെന്ന മഞ്ഞുറയുന്ന താഴ്വരയിലേക്ക് നടന്നടുത്തു. ഞായറാഴ്ചയായതിനാല്‍ സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. ഞാനും അവരില്‍ ഒരാളായി കാഴ്ച്ചയുടെ പറുദീസ തേടി മുന്നോട്ട് നടന്നു. കാട്ടുപുല്ലിനോടു കിന്നാരം പറഞ്ഞ് മരച്ചില്ലകളെത്തഴുകി ആ വിശാലമായ കാഴ്ച്ചയുടെ അരികിലെത്തി. ആരും ആദ്യ നിമിഷത്തില്‍ ഒന്നു സ്തംബിച്ചു പോകും. ഒന്നും ഒരിയാടാനാകാതെ ഈ വശ്യഭംഗി മോഹിപ്പിച്ചു നിര്‍ത്തിക്കളയും. കണ്ണെത്ത ദൂരത്തില്‍ പരന്നു നിമ്‌നോന്നതങ്ങളായ മലനിരകളെ മഞ്ഞിന്‍ കണങ്ങള്‍ കോടമഞ്ഞിന്റെ പട്ടുടുപ്പിച്ച് ആരേയും കാണിക്കാതെ അവരുടെ സ്വകാര്യ അഹങ്കാരമായി ചേര്‍ത്തു നിര്‍ത്തുന്ന കാഴ്ച്ച നമുക്ക് മുന്നില്‍ എത്തുന്ന അപൂര്‍വ്വ നിമിഷം.
വളരെ വിശാലമായ വ്യൂ പോയിന്റായതിനാല്‍ ഒരുപാട് സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്.മലയുടെ കിഴക്കന്‍ ചേരി വാരത്ത് ഇടുക്കി ഇവിടാണ് എന്നു വിളിച്ചു പറയാതെ പറയുകയാണ് ഉപ്പുകുന്നിലെ മലനിരകള്‍. മഞ്ഞാല്‍ പൊതിഞ്ഞ കിഴക്കന്‍ മലനിരകളില്‍ പുലരിയുടെ പൊന്‍കിരണങ്ങളും എത്തിത്തുടങ്ങിയിരുന്നു. ഇവിടെ നിന്നാല്‍ തൊടുപുഴ പട്ടണത്തോടു ചേര്‍ന്നു കിടക്കുന്ന എല്ലാ പ്രദേശങ്ങളും കാണാന്‍ സാധിക്കുന്നത്ര ഉയരത്തിലാണ് കോട്ടപ്പാറ മലയുടെ നില്പ്പ്. ആരോ അറിഞ്ഞിട്ട പേരുപോലെ തോന്നി.
താഴെ അടിവാരത്തു നിന്നും മലകയറി ഇരുചക്രവാഹനങ്ങളുടെ ഒരു വലിയ വ്യൂഹം തന്നെ വരുന്നുണ്ട്. ഇനി മടക്കമാണ്. പുലരിയുടെ വരവറിയിച്ചു കൊണ്ട് അരുണ വര്‍ണ്ണം തൂകി സൂര്യ ഭവാന്‍ മലകള്‍ക്കിടയിലൂടെ എത്തി നോക്കി തുടങ്ങിയിട്ടുണ്ട്. ഒരു കാഴ്ച കണ്ട സംതൃപ്തിയോടെ, എനിക്ക് ഒരു നല്ല പുലരി സമ്മാനിച്ച കോട്ടപ്പാറയോട് വിട ചൊല്ലി മലയിറങ്ങി