Latest News

ഫിലിപ്പീന്‍സ് - വര്‍ണ്ണക്കാഴ്ചകളുടെ അനന്തസാഗരം;കേരളത്തിന്റെ സ്വന്തം അപരന്‍

Malayalilife
topbanner
ഫിലിപ്പീന്‍സ് - വര്‍ണ്ണക്കാഴ്ചകളുടെ അനന്തസാഗരം;കേരളത്തിന്റെ സ്വന്തം അപരന്‍

മ്മുടെ കേരളത്തിന്റെ തനി പകര്‍പ്പായ ഫിലിപ്പീന്‍സിലെ ബോഹോളിലേക്ക് ഫെറിയില്‍ പോവുകയാണ്.. ഫിലിപ്പീന്‍സില്‍ കടല്‍ക്ഷോഭമൊക്കെ ഇടയ്ക്കിടയ്ക്ക് ഉണ്ടാവാറുള്ളതിനാല്‍ ഒരു ഇന്‍ഷുറന്‍സ് ഒക്കെ എടുത്തുവെച്ചിട്ട് കടല്‍യാത്രക്കിറങ്ങുന്നത് നന്നാവും. 'സെബു' സിറ്റിയില്‍നിന്നും അതിരാവിലെ യാത്ര തുടങ്ങിയ ഫെറി 2 മണിക്കൂര്‍കൊണ്ട് ബോഹോളിലെ തഗ്ബിലാരന്‍ (Tagbilaran) എന്നയിടത്ത് കരയ്ക്കടുപ്പിച്ചു..

ഇവിടെത്തന്നെയാണ് ബോഹോളിലേക്കെത്തുന്നതിനുള്ള മറ്റൊരു മാര്‍ഗമായ തഗ്ബിലാരന്‍ എയര്‍പോര്‍ട്ടും ഉള്ളത്. ഫെറിയില്‍നിന്നും ഇറങ്ങുമ്പോള്‍ത്തന്നെ ട്രൈസൈക്കിള്‍ ചേട്ടന്മാര്‍ എവിടെ വേണമെങ്കിലും കൊണ്ടോവാമെന്ന് പറഞ്ഞ് പൊതിയും. മനില സിറ്റിയില്‍ ഉള്ളതില്‍നിന്നും കുറച്ച് വ്യത്യസ്തമായി അത്യാവശ്യം തലയെടുപ്പുള്ള ട്രൈസൈക്കിളുകളാണ് ബോഹോളിലേത്.ഫിലിപ്പീന്‍സ് യാത്രയ്ക്ക് മുന്‍പേ സ്ഥലങ്ങളൊക്കെ ഗൂഗിള്‍ സ്ട്രീറ്റ് വഴി ഒന്ന് നടന്നുകണ്ടതിനിടയ്ക്ക് ഫെറി ഇറങ്ങുന്നതിനടുത്ത് തന്നെ ബൈക്ക് റെന്റ് ഷോപ് ദൃഷ്ടിയില്‍പെട്ടിരുന്നു. അതുകൊണ്ട് ട്രൈസൈക്കിള്‍ ചേട്ടന്മാരെയെല്ലാം വകഞ്ഞുമാറ്റി ആ ഷോപ്പ് മാത്രം ലക്ഷ്യമിട്ട് നീണ്ട കടല്‍പ്പാലം വഴി സ്ലോ മോഷനില്‍ നടന്നു. ഇതല്ലെങ്കില്‍ എല്ലാ ഹോട്ടലുകളിലും സ്‌കൂട്ടര്‍ വാടകയ്ക്ക് കിട്ടും, എന്റെ ഹോട്ടല്‍ കുറച്ച് ദൂരെയായതിനാലാണ് ഇവിടുന്നേ എടുക്കുന്നത്.

ഷോപ്പിലെത്തി പുതുപുത്തന്‍ ഹോണ്ട സ്‌കൂട്ടര്‍ രണ്ടുദിവസത്തേക്ക് കരസ്ഥമാക്കി. തായ്ലന്റ് ലൈസന്‍സ്, ആസിയാന്‍ (ASEAN) രാജ്യങ്ങളിലെല്ലാം ഉപയോഗിക്കാം എന്നൊരു കരക്കമ്പി മുന്‍പെവിടെയോ കേട്ടതിന്റെ പിന്‍ബലത്തിലാണ് രണ്ടുംകല്പിച്ച് വണ്ടിയൊക്കെ എടുക്കുന്നത്, അല്ലാതെ ഇന്റര്‍നാഷണല്‍ ലൈസന്‍സൊന്നും ദൈവം സഹായിച്ച് ഇല്ല. . ബോഹോളില്‍ തലങ്ങും വിലങ്ങും പ്രൈവറ്റ് ബസ്സുകളുടെ വിളയാട്ടമാണ്, കൂടാതെ ജീപ്പ്‌നിയും വേണ്ടുവോളം സര്‍വീസ് നടത്തുന്നു. അതുകൊണ്ട് ബൈക്ക് എടുത്തില്ലെങ്കില്‍കൂടിയും യാത്രാക്ലേശമൊന്നും ഉണ്ടാവില്ലെന്നുറപ്പ്.

ആദ്യമായി വലതുവശം ചേര്‍ന്ന് വണ്ടിയോടിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ്. മൊത്തം പത്തിരുന്നൂറ് കിലോമീറ്ററോളം അവിടെ വണ്ടി ഓടിച്ചിട്ടും യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് മാത്രമല്ല ശരിക്കും ആസ്വദിക്കുകയായിരുന്നു.പച്ചക്കമ്പിളി പുതച്ച ബോഹോളിന്റെ മടിത്തട്ടിലേക്ക് സ്‌കൂട്ടറോടിച്ച് ഇറങ്ങിച്ചെല്ലാന്‍ പോവുകയാണ്.. ഭൂപ്രകൃതിയില്‍ മാത്രമല്ല ജീവിതരീതികളില്‍പോലും ഇവിടുത്തുകാര്‍ പല കാര്യത്തിലും നമ്മോടു സാമ്യം പുലര്‍ത്തുന്നു. നെല്ല്, തെങ്ങ്, വാഴ, പപ്പായ, ആല്‍മരം, വട്ട, മാവ്, പുളി, ചെമ്പരത്തി തുടങ്ങി കാടുപിടിച്ചുകിടക്കുന്നയിടത്തെ ഓരോ പുല്‍നാമ്പുകളില്‍പോലും കേരളത്തിന്റെ മുഖഛായ കൊത്തിയെടുത്തിരിക്കുന്നു. എന്തിനേറെ, റോഡ് വക്കില്‍ കമ്പുകള്‍ നാട്ടി നെടുനീളത്തില്‍ കെട്ടിയിരിക്കുന്ന പരസ്യതോരണങ്ങള്‍ പോലുമുണ്ട്. പണ്ട് പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ തെറിച്ച് പോയ ഒരു പീസാവാനെ സാധ്യതയുള്ളൂ. മാപ്പെടുത്തുനോക്കിയാല്‍ കാണാം, കേരളത്തിന്റെ അതേ അക്ഷാംശരേഖയിലാണ് ബോഹോളും ഉള്ളത്.

ഫെറി ഇറങ്ങിയതിനടുത്ത് തന്നെ പംഗ്‌ളാവോ എന്ന ഒരു കുട്ടി ദ്വീപുണ്ട്, ബോഹോളില്‍ നിന്നും പാലം കടന്ന് അവിടേക്കെത്തി. ബോഹോളിലെത്തുന്ന വിദേശികളുടെ പ്രധാന അജണ്ടയാണ് ഈ ദ്വീപ്. അങ്ങേയറ്റം ശുദ്ധീകരിച്ച് വരുന്ന മിനറല്‍ വാട്ടറിനേക്കാളും തെളിമയാണ് ഇവിടുത്തെ കടല്‍ത്തീരങ്ങള്‍ക്ക്. അതിമനോഹരങ്ങളായ വെട്ടിത്തിളങ്ങുന്ന കുറച്ച് ബീച്ചുകളും ഇതിനോട് ചേര്‍ന്ന റിസോര്‍ട്ടുകളും, സ്‌കൂബാ ഡൈവിങ് ഉള്‍പ്പെടെയുള്ള കടലിലെ നിറയെ വിനോദങ്ങളുമൊക്കെയായി അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലമാണിത്. വിജനമായ ഊടുവഴികളിലൂടെ ആരും പോകാത്ത കടല്‍ത്തീരങ്ങളിലേക്കൊക്കെയാണ് ഞാന്‍ ചെന്നെത്തിയത്.വെറുമൊരു പാത്രവുംകൊണ്ട് പോയി തീരത്തുനിന്നുതന്നെ മീന്‍ പിടിക്കുന്ന തദ്ദേശീയരുടെ കരവിരുത് കണ്ടുനിന്നു. ഫിലിപ്പീന്‍സിന്റെ മാത്രം കുത്തകയായ ചിറകുവെച്ച ബോട്ടുകളും നിരവധി കടലില്‍ തത്തിക്കളിച്ച് നടക്കുന്നുണ്ട്.

പംഗ്‌ളാവോ ദ്വീപിലെ ഒരാകര്‍ഷണമായ 'Hinangdanan cave' ലേക്കാണ് അടുത്തതായി എത്തിയത്. ഭൂമിക്കടിയിലേക്ക് കുത്തനെയുള്ള പടികള്‍ ഇറങ്ങിച്ചെല്ലുമ്പോഴുള്ള ചുണ്ണാമ്പുകല്ലുകള്‍ വിസ്മയം തീര്‍ത്തിരിക്കുന്ന പേടിപ്പെടുത്തുന്ന, എന്നാല്‍ അതിമനോഹരമായ ഒരു ഗുഹയാണിത്. നാച്ചുറല്‍ വെളിച്ചവും അല്ലാത്ത ലൈറ്റും സംയോജിച്ച് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഇതിനുള്ളിലെ തെളിനീല ലഗൂണ്‍ ആണ് ഏറ്റവും കണ്ണഞ്ചിപ്പിക്കുന്നത്. ഈ തണുത്ത ജലാശയത്തില്‍ നീന്തേണ്ടവര്‍ക്ക് അതിനും അവസരമൊരുക്കിയിട്ടുണ്ട്.ഇനി താമസം ബുക്ക് ചെയ്തിരിക്കുന്നതും അതിലുപരി മനസിന് കുളിര്‍മയേകുന്നതുമായ ലോബൊക് (Loboc) എന്നയിടത്തേക്ക്. 30 കിലോമീറ്ററോളം സഞ്ചരിച്ച് വേണം ലോബോക്കിലെത്താന്‍. 1734 ല്‍ പണിത ലോബൊക്ക് ചര്‍ച്ച് ആണ് ഇവിടുത്തെ പ്രധാനി.

90 ശതമാനത്തിനു മുകളില്‍ ക്രിസ്തീയ മതവിശ്വാസികളുള്ള ഫിലിപ്പീന്‍സില്‍, പള്ളികള്‍ എല്ലായിടത്തുമുണ്ട്. 2013 ല്‍ ബോഹോളിലുണ്ടായ ഉഗ്രനൊരു ഭൂകമ്പത്തില്‍ നൂറോളം ജീവനുകള്‍ നഷ്ടമാവുകയും ആരാധനാലയങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. ലോബൊക് പള്ളിയും അന്ന് അത്യാവശ്യം തകര്‍ന്നു. ഇപ്പൊ അതിന്റെ പുനരുദ്ധാരണങ്ങളും പിന്നെ യുനെസ്‌കോയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളുമൊക്കെ നടന്നുവരുന്നു. ഇപ്പോഴും ഏതുനിമിഷവും ഭൂകമ്പ ഭീതിയിലാണിവിടുത്തെ ജനങ്ങള്‍ കഴിയുന്നത്.

ഇരുകരയിലും കാഴ്ചകളുടെ പൊന്‍വസന്തം തീര്‍ക്കുന്ന ലോബൊക് നദിയുടെ തീരത്താണ് ഹോട്ടല്‍ ബുക്ക് ചെയ്തത്. ബോഹോളിലെത്തുന്ന ഏവരുടെയും മുഖ്യ പരിപാടികളിലൊന്നാണ് ഈ നദിയിലൂടെയുള്ള ലഞ്ച് ക്രൂയിസ്. റൂമിനടുത്ത് തന്നെയുള്ള ഇതിനു തുടക്കം കുറിക്കുന്നയിടത്തേക്കെത്തി. രണ്ടു വള്ളങ്ങള്‍ കൂട്ടിച്ചേര്‍ത്ത വിശാലമായ പ്ലാറ്റ്‌ഫോമില്‍ ബൊഫെ സംവിധാനത്തിലുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാണ് ലഭിക്കുക. പട്ടിണി കിടന്നിട്ടാണെങ്കിലും വേണ്ടില്ല മനോഹര കാഴ്ചകള്‍ മുഴുവനും ഒന്നൊഴിയാതെ ഒപ്പിയെടുത്തിരിക്കും എന്നുറപ്പിച്ചാണ് ചെന്നത്. പക്ഷെ ഫ്ളോട്ടിങ് റെസ്റ്റോറന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ വള്ളം, പുഴയിലൂടെയുള്ള യാത്ര തുടങ്ങുന്നതിനുമുമ്പ് കുറച്ച്‌നേരം നിര്‍ത്തിയിടും. ആ സമയത്ത് തന്നെ വെട്ടിനിരത്തല്‍ പൂര്‍ത്തിയാക്കി ഒരേമ്പക്കവും വിട്ടിരുന്നാല്‍ ബാക്കി സമയം സമാധാനമായി കാഴ്ചകള്‍ കാണാനും ഫോട്ടം പിടിക്കുന്നതിനും വിനിയോഗിക്കാം. ദുഫായീന്ന് വെള്ളക്കുപ്പായമൊക്കെ ഊരിയെറിഞ്ഞ് നിക്കറുമിട്ട് കാമുകിയോടൊപ്പം ഉല്ലസിക്കാനെത്തിയ പ്രായമായ അറബിയായിരുന്നു എന്റടുത്തിരുന്നത്.

സ്വന്തമായി ഓയില്‍ കമ്പനിയൊക്കെ ഉള്ള ആളാണത്രെ. അറിയാവുന്ന കുറച്ച് മലയാളമൊക്കെയും വെച്ചുകാച്ചി മൂപ്പര്.നല്ല മരതകപച്ച നിറത്തില്‍ സമാധാനിയായി നിലകൊള്ളുന്ന നദിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകളും മറ്റു മരങ്ങളുമെല്ലാം ചേര്‍ന്ന് മൊത്തത്തില്‍ കണ്ണടിച്ചുപോകുന്ന തരത്തിലുള്ള ഹരിതാഭയാണ്. നദിക്കരയില്‍ താമസിക്കുന്ന തലതെറിച്ച ആണ്‍പിള്ളേരുടെ കുളിസീനും ക്രൂയിസിന് പൊലിമ കൂട്ടി. പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്ന് കൂടാതെ, നദിക്കരയിലെ ഒരു താല്‍ക്കാലിക ഷെഡില്‍ ലോക്കല്‍സിന്റെ മിന്നുന്ന പ്രകടനവും ഉണ്ട്. തനതായ നാടന്‍പാട്ടും അതിനൊത്ത് മെയ്വഴക്കത്തോടെ ചുവടുവെയ്ക്കുന്ന പെണ്‍കൊടികളും ആരുടേയും മനംകവരും. യാത്രക്കാര്‍ കൊടുക്കുന്ന ടിപ്പ് മാത്രമാണ് ഇവരുടെ പ്രതീക്ഷ. അന്തര്‍ദേശീയ തലത്തില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഒരു കുട്ടി ഗായകസംഘവും ഈ ലോബൊക് ഗ്രാമത്തിലുണ്ട്. ബുസായ് (Busay) എന്ന ചെറുവെള്ളചാട്ടം വരെയേ പുഴയാത്ര സാധ്യമാകൂ, അവിടുന്ന് യൂ ടേണ്‍ അടിച്ച് വീണ്ടും തുടങ്ങിയിടത്തേക്ക്. രാവിലെ ലോബോക്കിലേക്കെത്തുന്ന വഴിയില്‍ത്തന്നെ ഈ നദി കടലിലേക്ക് ചെന്നുചേരുന്ന കണ്ടല്‍ക്കാടുകള്‍ നിറഞ്ഞയിടം കണ്ടിരുന്നു. അങ്ങിനെ ഒരു മണിക്കൂറോളം നീണ്ടുനിന്ന അതിഗംഭീര കാഴ്ചകള്‍ക്ക് ശേഷം തിരിച്ചെത്തി.

റൂമിലേക്കെത്തി കുറച്ച് സണ്‍ക്രീമെല്ലാം വാരിത്തേച്ച് വീണ്ടുമിറങ്ങി. നാളത്തേക്ക് മാറ്റിവെച്ച ബോഹോളിന്റെ പ്രധാന ആകര്‍ഷണമായ ചോക്ലേറ്റ് ഹില്‍സ് ഇന്നേ കണ്ടേക്കാമെന്നു വെച്ചു. ലോബോക്കില്‍നിന്നും അവിടേക്കുള്ള നാല്പത് കിലോമീറ്റര്‍ യാത്ര അവിസ്മരണീയമാണ്. നമ്മുടെ നാട്ടിലെ പല സ്ഥലങ്ങളില്‍ക്കൂടി സഞ്ചരിക്കുമ്പോഴുള്ള അനുഭൂതിയായിരുന്നു.. ലോബൊക്ക്എന്നത്, നദിയും കാടുപിടിച്ച സ്ഥലങ്ങളും നദിക്കരയിലൂടെയുള്ള റോഡുകളുമെല്ലാം ചേര്‍ന്ന് ഒരു പത്തനംതിട്ട സ്‌റ്റൈല്‍; അവിടുന്ന് കുറച്ചുചെന്നാല്‍ ഇടുക്കിയിലെപ്പോലെ മലഞ്ചെരിവുകള്‍ കൊത്തിയെടുത്തുണ്ടാക്കിയ വഴികളിലൂടെ കുറച്ചുനേരം; അതും കഴിഞ്ഞാല്‍ അതിരപ്പള്ളി കഴിഞ്ഞുള്ള കാട്ടിലൂടെ പോകുന്ന അവസ്ഥ; അതിനുംശേഷം ആലപ്പുഴ ശൈലിയില്‍ നെടുനീളത്തില്‍ കിടക്കുന്ന റോഡും ഇരുവശത്തും നെല്‍പ്പാടങ്ങളും. ഇത്രയും കഴിഞ്ഞാല്‍ പ്രശസ്തമായ ചോക്കലേറ്റ് ഹില്‍സ് എത്തുകയായി. കാണുന്നിടത്തെല്ലാം നിര്‍ത്തി നിര്‍ത്തി ഈ കാഴ്ചകളൊക്കെ കണ്ട് അന്തംവിട്ട് നില്‍ക്കുന്ന എന്നോട് എല്ലാവരും ചിരിച്ചും, അഭിവാദ്യം ചെയ്തുമാണ് കടന്നുപോകുന്നത്. നാട്ടുകാരുടെ സ്‌നേഹം കൊണ്ട് ഞാനങ്ങ് വീര്‍പ്പുമുട്ടീന്ന് പറഞ്ഞാല്‍ മതീലോ.ഇടയ്ക്കുള്ള ഒന്നുരണ്ട് സംഗതികള്‍ പറഞ്ഞിട്ട് ചോക്ലേറ്റ് ഹില്‍സിലേക്ക് വരാം. ലോബോക്കില്‍ നിന്നും കുറച്ച് ചെല്ലുമ്പോള്‍ത്തന്നെ നിറയെ മഹാഗണി മരങ്ങള്‍ തിങ്ങിനിറഞ്ഞ വെളിച്ചം കടക്കാത്ത 2 കിലോമീറ്ററോളമുള്ള സ്ഥലത്തുകൂടിയാണ് കടന്നുപോവുക. ഇതാണ് 'Man made forest', അഥവാ മനുഷ്യന്റെ കഠിന പ്രയത്നത്താല്‍ ഉരുത്തിരിഞ്ഞ നിബിഡവനം. ഇരുട്ടുവീണുകഴിഞ്ഞ് വിജനമായ ഈ വഴിയിലൂടെ തിരിച്ച് വന്നപ്പോള്‍ കുറച്ച് പേടിച്ചു എന്നത് ഇത് നിര്‍മിച്ചവരുടെ വിജയത്തെ സൂചിപ്പിക്കുന്നു.. ഇനി, പോകുന്നവഴിക്കുള്ള മറ്റൊരു സംഗതി. കുഞ്ഞിലെയൊക്കെ വഴക്കാളിത്തരം കാട്ടുമ്പോള്‍ വിളിക്കുന്ന പേരില്ലേ, 'കുട്ടിത്തേവാങ്ക്'. എടുത്താല്‍പൊങ്ങാത്ത വലിയ കണ്ണുള്ള കുരങ്ങിന്റെ വിഭാഗത്തില്‍പെട്ട കുഞ്ഞന്‍ ജീവിയാണിത്. കുട്ടിത്തേവാങ്കിന്റെ അതേ രൂപമുള്ള ടാര്‍സിയര്‍ (Tarsier) എന്ന ജീവിയെ അതിന്റെ ആവാസവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ കാണുന്നതിനുള്ള സൗകര്യം ബോഹോളിലുണ്ട്. ചോക്ലേറ്റ് ഹില്‍സ് എത്തുന്നതിനു മുന്‍പായുള്ളയിടത്ത് ഇതിനെ കാണാന്‍ ചെന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ സമയം കഴിഞ്ഞുപോയിരുന്നു.അങ്ങിനെ ഏറ്റവുമവസാനം ചോക്ലേറ്റ് ഹില്‍സ് ദര്‍ശിക്കുന്നതിനുള്ള സ്ഥലത്തേക്കെത്തി.

പണ്ടൊക്കെ മണ്ണപ്പം ചുട്ടുകളിക്കുന്ന അതെ ഷേയ്പ്പില്‍ നിരനിരയായി 1200 നു മേലെ കുന്നുകളാണ് ഇവിടെയുള്ളത്. സാധാരണ സമയങ്ങളില്‍ പച്ചപുതച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന ഇവ വേനല്‍ക്കാലത്ത് ചോക്ലേറ്റ് നിറമാകുന്നു, അതിനാലാണ് ചോക്ലേറ്റ് ഹില്‍സ് എന്ന പേര് വീണതും. ഏകദേശം ചതുരാകൃതിയില്‍ 50 സ്‌ക്വയര്‍ കിലോമീറ്റര്‍ പരന്നുകിടക്കുന്ന കുന്നുകളുടെ നടുക്കായാണ് 'ചോക്ലേറ്റ് ഹില്‍സ് ലുക്ക് ഔട്ട്' എന്ന സ്ഥലമുള്ളത്. ഉയരത്തിലുള്ള ഇവിടെ നിന്നുകൊണ്ടുള്ള 360 ഡിഗ്രി കാഴ്ചയുടെ മാധുര്യം പറഞ്ഞറിയിക്കാനാവാത്തതാണ്. കുറേ നേരം അവിടെ ചിലവഴിച്ച ശേഷം സന്ധ്യക്ക് മുന്‍പേ തിരിച്ച് യാത്രയായി.ഇങ്ങോട്ടേയ്ക്കുള്ള യാത്രയില്‍ മനസിന് കുളിര്‍മയേകുന്ന, നമ്മുടെ നാടിനെ അനുസ്മരിപ്പിക്കുന്ന കുറച്ച് കാഴ്ചകള്‍ കണ്ടത് പറയാം;

കേരളത്തിന്റെ ഭൂപ്രകൃതിയും, റോഡുകളും, വീടുകളും, കാലാവസ്ഥയുമെല്ലാം യാതൊരു മാറ്റവുമില്ലാതെ ഉള്ളത് പറഞ്ഞെല്ലോ. കൂടാതെ നമ്മുടെ അതേമാതിരിയുള്ള ബസ് സ്റ്റോപ്പുകള്‍, തണല്‍മരങ്ങള്‍. സ്‌കൂള്‍ വിട്ട് ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന കുട്ടികള്‍, കുറെയെണ്ണം ബസിലും ട്രൈസൈക്കിളിലുമൊക്കെ തൂങ്ങിക്കിടന്ന് പോകുന്നു, കുറച്ച് മാങ്ങാണ്ടിപ്പിള്ളേര്‍ മാവിന് കല്ലെറിഞ്ഞ് ഫുള്‍ അലമ്പായിട്ട് നടന്നു പോകുന്നു. മറ്റൊരിടത്ത് സ്‌കൂള്‍ വിട്ട് ഒരു കെട്ടിടത്തിന്റെ മുകളില്‍ ഫുള്‍ കലപിലയുമായി ട്യൂഷന്‍ ടീച്ചറെയും കാത്തിരിക്കുന്ന കുട്ടികള്‍. വൈകുന്നേരം മുറ്റമടിച്ചുവാരി തീയിടുന്ന വീട്ടമ്മ, റോഡരികില്‍ ക്യാരംസ് കളിച്ചിരിക്കുന്ന ചേട്ടന്മാര്‍, സൈക്കിള്‍ ചവിട്ടിപ്പോകുന്ന അപ്പുപ്പന്‍, സന്ധ്യ മയങ്ങുവോളം ഗ്രൗണ്ടില്‍ ഫുട്ബാളും മറ്റും കളിക്കുന്ന യുവമിഥുനങ്ങള്‍ അങ്ങിനെയങ്ങിനെ മറ്റനേകം കാഴ്ചകളും കണ്ട് ഇരുട്ടുവീണതിനുശേഷമാണ് തിരിച്ചു റൂമിലെത്തിയത്. പിറ്റേന്നും ബോഹോള്‍ തന്നെയാണ് പ്ലാന്‍ ചെയ്തതെങ്കിലും, അത്യാവശ്യം സംഭവങ്ങളെല്ലാം കണ്ടുകഴിഞ്ഞതിനാല്‍ ഒരു സംഗതി കൂടി തീര്‍ത്തിട്ട് പോകാമെന്ന് വെച്ചു. ലോബൊക്ക് എക്കോ ടൂറിസം അഡ്വെഞ്ചന്‍ പാര്‍ക്കിലേക്കാണെത്തിയത്.

ലോബൊക്ക് നദിയുടെ വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നദിക്കു കുറുകെയുള്ള ഒരു തട്ടിക്കൂട്ട് കേബിള്‍ കാറും സിപ് ലൈനും (കയറില്‍ത്തൂങ്ങി പോകല്‍) ആണുള്ളത്. നല്ല കുറച്ച് ഫോട്ടോകളെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് കേബിള്‍ കാര്‍ മാത്രമാക്കിയതെങ്കിലും, സിപ് ലൈനില്‍ ഹനുമാനെപ്പോലെ ആളുകള്‍ പറന്ന് പോകുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല, അതിനും ടിക്കെറ്റെടുത്ത് ചെന്നു. തികച്ചും വ്യത്യസ്തമായ, പേടിപ്പെടുത്തുന്ന, എന്നാല്‍ താഴെ മനം കുളിര്‍ക്കുന്ന കാഴ്ചകളാല്‍ സമ്പുഷ്ടമായ ഈ സാഹസിക കയറില്‍ത്തൂങ്ങി പോക്കിനെ ശെരിക്കും നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു. ലോബൊക്ക് നദിയും, വെള്ളച്ചാട്ടങ്ങളും, പച്ചക്കാടുകളുടേയുമെല്ലാം ഉയരത്തില്‍നിന്നുള്ള അതിശയകരമായ കാഴ്ചകളാണ് ലഭ്യമാകുക. ഇവിടേക്ക് വന്നില്ലായിരുന്നെങ്കില്‍ വമ്പന്‍ നഷ്ടമായിപ്പോയേനെ. തിരിച്ച് പോകുന്നവഴി ലോബൊക്ക് നദിക്ക് കുറുകെയുള്ള ഇരട്ട തൂക്കുപാലവും കണ്ടു. ഒരു ഉള്‍ഗ്രാമത്തിലേക്ക് മാറിയാണ് ഇവയുള്ളത്. മുള കൊണ്ടുണ്ടാക്കിയ ഈ പാലങ്ങളിലൂടെയുള്ള നടത്തം പേടിപ്പെടുത്തുന്നതാണ്.
ഫിലിപ്പീന്‍സില്‍ പോകുമ്പോള്‍, ബീച്ചുകളും സിറ്റിയുമൊന്നുമല്ലാതെ വ്യത്യസ്ത അനുഭവമാണ് വേണ്ടതെങ്കില്‍ തീര്‍ച്ചയായും ബോഹോളില്‍ പോകണം. ബോഹോളിലെ മറക്കാനാവാത്ത കാഴ്ചകള്‍ക്ക് വിരാമമിട്ട് ഉച്ചയോടെ തിരിച്ചു തഗ്ബിലാരനിലേക്കെത്തി. ഒരു കോഫിയും ഫിലിപ്പീന്‍സ് സ്പെഷ്യല്‍ പഞ്ചസാരയില്‍ മുക്കിയ രണ്ട് പഴംപൊരിയും കഴിച്ചു.ഉച്ചയ്ക്കുശേഷമുള്ള ഫെറിയില്‍ നേരെ സെബുവിലേക്ക്. രണ്ട് മണിക്കൂറെടുത്ത് വൈകിട്ടോടെ സെബു പോര്‍ട്ടില്‍ തിരിച്ചെത്തി. രാത്രിയുള്ള ഫ്ളൈറ്റില്‍ മനിലയിലേക്ക് പോകുന്നതിനുമുന്പായുള്ള സമയംകൊണ്ട് പറ്റുന്ന എന്തെങ്കിലും കാണണം എന്നേ ഉദ്ദേശമുള്ളൂ..

സെബു പോര്‍ട്ടിനടുത്ത് തന്നെ സ്ഥലം സ്‌പോട്ട് ചെയ്തു; ഫോര്‍ട്ട് സാന്‍ പെഡ്രോ (Fort San Pedro). മിലിട്ടറി ഡിഫന്‍സ് ഘടനയിലുള്ള പഴയകാല കോട്ടയാണിത്. അവിടേക്ക് നടന്നെത്തി. സ്പാനിഷുകാര്‍ നിര്‍മിച്ച ഈ കോട്ട ത്രികോണാകൃതിയില്‍ നിറയെ മരങ്ങളും പൂക്കളുമൊക്കെയായി സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നു. കുറച്ച് ചരിത്രവിവരങ്ങളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. കോട്ടയ്ക് മുകളിലൂടെ ചുറ്റിനും നടക്കാം. ഇതിനു തൊട്ടടുത്ത് തന്നെയായി ഒരു മോണുമെന്റും വിശാലമായ പാര്‍ക്കും ഉണ്ട്. അവിടെവെച്ചു പരിചയപ്പെട്ട സെബു സ്വേദേശി തന്നെയായ ചെറുപ്പക്കാരനുമായി ചങ്ങാത്തമായി. ഫോട്ടോ ഭ്രാന്ത് തലയ്ക്കുപിടിച്ച് ക്യാമറയും തൂക്കി ഇറങ്ങിയിരിക്കുകയാണ് കക്ഷി. ചങ്ങാതിയോടൊപ്പം സിറ്റിയിലൂടെ കാഴ്ചകളൊക്കെ കണ്ട് കുറെ നടന്നു. സെബു സ്‌പെഷ്യല്‍ ജീപ്പ്‌നിയില്‍ കയറി ഒരു മ്യൂസിയത്തിലേക്കെത്തി ഞങ്ങള്‍; സുഗ്ബോ മ്യൂസിയം (Museo Sugbo). സെബു എന്ന പട്ടണത്തിന്റെയും ഫിലിപ്പീന്‌സിന്റെയും മുഴുവന്‍ ചരിത്രവും ഭൂമിശാസ്ത്രവും അടങ്ങിയ സര്‍വവിജ്ഞാനകോശം ആയിരുന്നു ആ മ്യൂസിയം.

അവിടെ മുഴുവന്‍ അരിച്ചുപെറുക്കിയ ശേഷം ഇറങ്ങി, ചങ്ങാതി വീട്ടിലേക്കും പോയി ഞാന്‍ അടുത്ത പരിപാടി ആലോചിച്ച് നിന്നു.ഷോപ്പിംഗ് മാളുകള്‍ വെറും ടെന്റടിക്കുന്ന ലാഘവത്തോടെ പണിതുകൂട്ടുന്ന ഫിലിപ്പീന്‍സില്‍ ഇതുവരെ 36 മാളുകളുണ്ട്. ലോകത്തിലേക്കും വലിയ ഷോപ്പിംഗ് മാളിലൊന്നായ സെബുവിലെS.M സിറ്റി മാളിലേക്കാണ് സന്ധ്യയോടെ എത്തിയത്. അവധി ദിവസമൊന്നും അല്ലാഞ്ഞിട്ടുകൂടി വമ്പന്‍ തിരക്കാണ് ഇവിടെ.. ഫുഡൊക്കെ കഴിച്ച് തെണ്ടിത്തിരിഞ്ഞ്, കുറച്ച് സമയം കളയുക
എന്നതാണ് ലക്ഷ്യം. ഒറ്റയ്ക്കുള്ള യാത്രകളില്‍ ഇരുട്ട് വീണുകഴിഞ്ഞാല്‍ കഴിവതും ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ തിരിഞ്ഞുകളിക്കുന്നതാണ് ബുദ്ധി. നാല് ദിവസ ഫിലിപ്പീന്‍സ് യാത്രയില്‍ ഇന്ത്യയില്‍നിന്നുള്ള ഒരു പൂച്ചകുഞ്ഞിനെപ്പോലും എവിടെയും കണ്ടില്ല. അങ്ങിനെ ഫിലിപ്പീന്‍സ് ട്രിപ്പിന് മൊത്തത്തില്‍ ശുഭസമാപ്തി കുറിച്ചുകൊണ്ട് ഓണ്‍ലൈന്‍ ഗ്രാബ് ടാക്‌സി വിളിച്ച് സെബു എയര്‍പോര്‍ട്ടിലേക്ക്. രാത്രി 12 മണിക്കുള്ള ഡൊമസ്റ്റിക് ഫ്ളൈറ്റില്‍ മനിലയിലേക്കും രാവിലെ 6 മണിക്ക് അവിടുന്ന് ബാങ്കോക്കിലേക്കും. ഒരു രാത്രിയിലെ ഹോട്ടല്‍ കാശ് ലാഭമായി എന്നതാണ് ഇവിടെ എടുത്ത് പറയണ്ട സംഗതി.

Read more topics: # philipains ,# travelogue
philipains, travelogue

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES