Latest News

കുന്നിന്‍ മുകളിലെ വെറുമൊരു ജൈന ക്ഷേത്രം മാത്രമാകും.. പക്ഷെ ന്റെ സാറേ .. ആ കുന്നിന്റെ മുകളിന്ന് കിട്ടുന്ന കാഴ്ചകള്‍ .. ഒരു രക്ഷയും ഇല്ല..' കുണ്ടാദ്രി ബേട്ട '

Malayalilife
കുന്നിന്‍ മുകളിലെ വെറുമൊരു ജൈന ക്ഷേത്രം മാത്രമാകും.. പക്ഷെ ന്റെ സാറേ .. ആ കുന്നിന്റെ മുകളിന്ന് കിട്ടുന്ന കാഴ്ചകള്‍ .. ഒരു രക്ഷയും ഇല്ല..' കുണ്ടാദ്രി ബേട്ട '

ഗുംബെ മഴക്കാടുകള്‍ പിന്നിട്ടു പിന്നീട് പോയത് കുണ്ടാദ്രി ഹില്ലിലേക്കായിരുന്നു. മണ്‍സൂണ്‍ കാലത്ത് ഇത് വഴി ബൈക്കില്‍ പോകുന്നത് മഴ തുള്ളികളെയും കൂടെ കൂട്ടിയിട്ട് മാത്രമാകും. പിറകില്‍ ഇരിക്കുന്ന ഷിഫിന്‍ വിറച്ചു തുടങ്ങിയിട്ട് സമയം കുറെ ആയി. മഴ ഒന്നും ഒരു പ്രശ്‌നവും ഇല്ലാന്ന് പറഞ്ഞവന്‍ ബൈക് ഒന്ന് സൈഡ് ആക്കി തന്നാ മതിയെന്നായി. മഴക്കാടിനുള്ളിലൂടെ വിജനമായ വഴിയില്‍ മഴത്തുള്ളികള്‍ ചറപറാ വീഴുമ്പോള്‍ ഡ്രൈവ് ചെയ്യാന്‍ ന്താ പറയാ.. ഒരു പ്രതേക സുഖം തോന്നി. അട്ടയെ പോലെ എന്റെ പിറകില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഷിഫിന്റെ അഭ്യര്‍ത്ഥന മാനിച്ചു അടുത്ത് കണ്ട ഒരു ബസ് സ്റ്റോപ്പില്‍ ബൈക്ക് നിര്‍ത്തി.

പെട്ടെന്ന് തന്നെ എവിടെ നിന്നോ ഒരു നായ കുരച്ചു കൊണ്ട് ഓടി വന്നു. അവന്റെ അധീന സ്ഥലമായിരുന്നിരിക്കണം. അപരിചിതരായ ഞങ്ങളെ തുറിച്ചു നോക്കി മഴയത്ത് ഒന്ന് രണ്ടു റൗണ്ട് അടിച്ചു കക്ഷി സ്ഥലം വിട്ടു. മഴ മാറാന്‍ വേണ്ടി നില്‍ക്കുന്നത് മണ്ടത്തരമാണെന്നു മനസ്സിലാക്കി വീണ്ടും ഞങ്ങള്‍ ബൈക് സ്റ്റാര്‍ട്ട് ആക്കി . കുണ്ടാദ്രി ബെട്ടയിലേക്കുള്ള കവാടം കടന്നു മല കയറാന്‍ തുടങ്ങി. തിങ്ങി നിറഞ്ഞ കാടിന്റെപച്ചപ്പും നോക്കി മഴ നനഞു മുകളിലേക്ക് യാത്ര തുടര്‍ന്ന്. വീതി കുറഞ്ഞ അത്യാവശ്യം നല്ല കുത്തനെയുള്ള കയറ്റം തന്നെ ആയിരുന്നു. മുകളിലേക്ക് എത്തും തോറും കയറ്റത്തിന്റെ കാഠിന്യം കൂടി വന്നു. കൂട്ടിനു കോടയും..

ഇതൊരു വ്യൂ പോയന്റ് ആണ്. സൂര്യോദയം കാണാന്‍ ഒരു കിടിലന്‍ സ്ഥലം.! കുണ്ടകുണ്ടാചാര്യ എന്ന ജൈന സന്യാസി ജീവിച്ചിരുന്ന സ്ഥലം ആയിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ആണ് ഈ കുന്നിന്റെ മുകളില്‍ ഒരു ജൈന ക്ഷേത്രം നിര്‍മിച്ചത്. പാര്‍ശ്വനാഥാ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ട..നല്ല വൃത്തികേടായിട്ട് തന്നെ ക്ഷേത്രം പെയിന്റ് ചെയ്തിട്ടുണ്ട്. പുരാതനമായ നിര്‍മിതികള്‍ അതിന്റെ ആ പഴമയില്‍ നില നിര്‍ത്തതാണതാകും നല്ലതെന്ന് തോന്നി. ക്ഷേത്രത്തിനു ചുറ്റും ഇന്റര്‌ലോക്കിട്ടത് കൂടെ കണ്ടപ്പോള്‍ തൃപ്തി ആയി. മഞ്ഞയും ചുമപ്പും ഒക്കെ ആയിട്ട് ഒരു തരം അലമ്പ് ഫീല്‍.. ഈ കുന്നിന്‍ മുകളില്‍ കരിങ്കല്ലില്‍ രൂപപ്പെട്ട രണ്ട് കുളങ്ങളുണ്ട്. വേനല്‍ കാലത്ത് പോലും ഇതിലെ വലിയ കുളത്തില്‍ വെള്ളം ഉണ്ടാകാറുണ്ട്. അതില്‍ നിന്നാണ് ക്ഷേത്രത്തിനു ആവശ്യമായ വെള്ളം എടുക്കാറെന്ന് അവിടത്തെ പൂജാരി പറഞ്ഞു തന്നു. പിന്നെ ഇവിടെ വരുന്നവര്‍ ഈ ക്ഷേത്രം കാണാന്‍ സമയം കണ്ടെത്താറില്ല എന്നതാണ് വസ്തുത.. കാരണം ഈ കുന്നിന്റെ മുകളില്‍ നിന്ന് കിട്ടുന്ന അസാധ്യ കാഴ്ച തന്നെ .. പച്ചപുതച്ചു കിടക്കുന്ന താഴ്വാരവും അതിനിടയില്‍ ഇടുങ്ങിയ നെല്‍ വയലുകളും ചെറു ജലാശയങ്ങളും ഒക്കെ 2700 അടി മുകളില്‍ നിന്ന് കാണാം.. മണ്‍സൂണ്‍ തന്നെയാണ് ഇവിടെ വരാന്‍ ഏറ്റവും നല്ല സമയം. പക്ഷെ കോടമഞ്ഞു കാഴ്ചകളെ മിക്കപ്പോഴും മറച്ചു നില്‍ക്കാറുണ്ട്.! അങ്ങിനെ വന്നാല്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്നവരുടെ ഇരുണ്ട രൂപം മാത്രമേ കാണാന്‍ കഴിയൂ.. മലയടിവാരത്തിലെ കാഴ്ച വെള്ള നിറമായിട്ട് അവശേഷിക്കും. 

ഞങ്ങള്‍ മലമുകളില്‍ എത്തിയപ്പോഴും കോട മഞ്ഞില്‍ പൊതിഞ്ഞ ക്ഷേത്രവും കുന്നിന്‍ നിരപ്പും ആയിരുന്നു കാഴ്ച.. തിരക്ക് കൂട്ടി യാത്ര ചെയ്യാറില്ലാത്തത് കൊണ്ട് തന്നെ കോട മാറി താഴ്വാരം കാണാന്‍ പറ്റുന്ന 'നല്ല സമയത്തിനു ' ഞങ്ങള്‍ കാത്തിരുന്നു.

Read more topics: # kundandri betta ,# travelogue
kundandri betta travelogue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES