അച്ഛന്റെ ഓര്‍മ്മ ദിനത്തില്‍ വികാരഭരിതയായി നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. അച്ഛന്റെ നാലാം ചരമവാര്‍ഷിക ദിനത്തിലാണ് പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സുപ്രിയ രംഗത്തെത്തിയത്. അച്ഛന്‍ പോയതില്‍ പിന്നെ ജീവിതം ശൂന്യതയില്‍ തളച്ചിട്ടത് പോലെയാണെന്നാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അച്ഛനോടൊപ്പം ചെയ്യാന്‍ താന്‍ ആഗ്രഹിച്ച പല കാര്യങ്ങള്‍ ഇനിയും ബാക്കിയാണെന്നാണ് സുപ്രിയ പറയുന്നത്. സന്തോഷമുള്ള നിമിഷങ്ങളില്‍ പോലും മനസ്സില്‍ ഒരു നീറ്റലായി ആ വേദന എന്നും അവശേഷിക്കുന്നുവെന്നും അച്ഛനൊപ്പം കുറച്ച് കൂടി സമയം കിട്ടിയിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിച്ച് പോകുന്നുവെന്നും സുപ്രിയ കുറിച്ചു.
ശിശുദിനത്തിലാണ് അച്ഛന്‍ തന്നെ വിട്ടുപോയത് എന്നതിലെ വിരോധാഭാസം മറക്കാനാവില്ലെന്നും സുപ്രിയ പറയുന്നു. അച്ഛനെ ഓരോ ദിവസവും ഒരുപാട് മിസ് ചെയ്യുന്നുവെന്നും അവര്‍ കുറിച്ചു. വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ തീരാത്തത്രയും തന്റെ അച്ഛനെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് സുപ്രിയ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. മൈ ഡാഡി എന്ന ഹാഷ്ടാഗോടു കൂടിയാണ് സുപ്രിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം അച്ഛനൊപ്പമുള്ള രണ്ട് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
'അച്ഛാ, ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് നാല് വര്‍ഷം. അച്ഛന്‍ പോയതിന് ശേഷം ഇന്നുവരെ എന്റെ ജീവിതം ഒരു ശൂന്യതയില്‍ തളച്ചിട്ട പോലെയാണ്. സന്തോഷമുള്ള നിമിഷങ്ങളില്‍ പോലും മനസ്സില്‍ ഒരു നീറ്റലായി ആ വേദന എന്നും അവശേഷിക്കുന്നു. അച്ഛനൊപ്പം കുറച്ച് കൂടി സമയം കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ മോഹിച്ച് പോകുന്നു. അച്ഛനോടൊപ്പം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ച എത്രയെത്ര കാര്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്.
കുറച്ച് സമയമെങ്കിലും തിരികെ കിട്ടാനായി ഞാന്‍ എന്താണ് ചെയ്യേണ്ടത്! അച്ഛന്‍ എന്നെ വിട്ടുപോയത് ഒരു ശിശുദിനത്തിലാണ് എന്നതിലെ വിരോധാഭാസം എനിക്ക് മറക്കാനാവില്ല! ഡാഡി, ഓരോ ദിവസവും ഞാന്‍ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ തീരാത്തത്രയും മിസ് ചെയ്യുന്നു' -സുപ്രിയ മേനോന്‍ കുറിച്ചു.
ഏറെ നാളുകള്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന സുപ്രിയയുടെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ മരിക്കുന്നത് 2021ലാണ്. തന്റെ അച്ഛനുമായുള്ള ആത്മബന്ധം എല്ലായിപ്പോഴും പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് സുപ്രിയ. ജീവിതത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയും ഏറ്റവും അടുത്ത സുഹൃത്തുക്കളുമെല്ലാം അച്ഛനാണെന്നും സുപ്രിയ പല വേദികളില്‍ പറഞ്ഞിട്ടുണ്ട്.