ഒരാഴ്ച മുമ്പാണ് സീരിയല്‍ നടന്‍ റെയ്ജന്‍ രാജന്‍ തനിക്ക് നിരന്തരം വരുന്ന ഒരു വാട്സാപ്പ് മെസേജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വളരെ മോശകരമായ രീതിയില്‍ വിവാഹിതയും അമ്മയുമായ ഒരു സ്ത്രീ ഇഷ്ടം മാത്രം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ എത്തിയും അല്ലാതെ വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം വഴിയെല്ലാം നടന് അശ്ലീലകരമായ കണ്ടാല്‍ അറപ്പു തോന്നുന്ന തരത്തിലുള്ള മെസേജുകളാണ് നടന് അയച്ചത്. ആദ്യമൊക്കെ കണ്ടഭാവം നടിക്കാതെ വിട്ട റെയ്ജന്‍ എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിയന്ത്രണം വിട്ട അവസ്ഥയിലാണ്. ഇപ്പോഴിതാ, സീരിയല്‍ നടിയും റെയ്ജന്റെ സഹതാരവുമായ മൃദുല വിജയിയാണ് റെയ്ജനേയും ഭാര്യയേയും ടാഗ് ചെയ്തുകൊണ്ട് നടനെ കഴിഞ്ഞ ആറു വര്‍ഷത്തോളമായി ശല്യപ്പെടുത്തുന്ന യുവതിയുടെ സോഷ്യല്‍ മീഡിയാ പേജ് മെന്‍ഷന്‍ ചെയ്തുകൊണ്ട് പ്രതികരിച്ചിരിക്കുന്നത്. വീഡിയോയില്‍ മൃദുലയും ആ സ്ത്രീയ്ക്കെതിരെ രൂക്ഷമായാണ് പറഞ്ഞിരിക്കുന്നത്. തന്റെ കണ്മുന്നില്‍ വച്ചു നടന്ന സംഭവങ്ങളും മൃദുല പറയുന്നുണ്ട്.
പല സീരിയലുകളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഈ സ്ത്രീ കഴിഞ്ഞ ആറു വര്‍ഷത്തോളമായി ഈ റെയ്ജനു പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്. ലൊക്കേഷനുകളില്‍ എത്തിയും നേരിട്ടും പല നമ്പറുകളില്‍ നിന്നും ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ഒക്കെയാണ് ഈ സ്ത്രീയുടെ ശല്യം. റെയ്ജന്‍ ആദ്യമൊക്കെയത് മൈന്‍ഡ് ചെയ്യാതെ വിട്ടെങ്കിലും ഇപ്പോഴത് അസഹ്യമായ അവസ്ഥയിലാണ്. ഇതോടെയാണ് ഒരാഴ്ച മുമ്പ് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം പങ്കുവച്ച് റെയ്ജന്‍ ഫോണ്‍ നമ്പറും വെളിപ്പെടുത്തിയത്. നടന് വളരെ വൃത്തികെട്ട രീതിയിലാണ് യുവതി അയച്ച മെസേജുകള്‍ മുഴുവന്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ താനിങ്ങനെ ഒന്നും ചെയ്തിട്ടില്ലെന്നും ഇതു ഞാനല്ലെന്നും അടക്കമുള്ള നിലപാടാണ് യുവതി സ്വീകരിച്ചത്. നിയമ പരിരക്ഷയില്‍ സ്ത്രീകള്‍ പറയുന്നതിനാണ് മുന്‍ഗണന കൊടുക്കുക എന്ന കാര്യം അറിയാവുന്നതിനാലാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. എന്നാല്‍, ഇപ്പോള്‍ താനും കൂടി സാക്ഷിയായ സംഭവമാണ് കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ ഉണ്ടായതെന്ന് പറയുകയാണ് മൃദുല.
സെറ്റില്‍ ഇവര്‍ വലിയ ശല്യമായപ്പോള്‍ പലപ്പോഴും ഒഴിവാക്കിയിരുന്നു. ഒരു ദിവസം ഇഷ്ടം മാത്രം സീരിയല്‍ സെറ്റില്‍ എത്തുകയും റെയ്ജനോട് സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. താല്‍പര്യമില്ലാതെ എഴുന്നേറ്റു പോയ റെയ്ജന്റെ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുന്നതാണ് പിന്നീട് മൃദുല കണ്ടത്. ഇതോടെ അവരെ അവിടെ നിന്ന് പിടിച്ചു പുറത്താക്കുകയും ചെയ്തു. പിന്നാലെയാണ് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ ഇവര്‍ പര്‍ദ്ദയിട്ട് വന്നതും പരമ്പരയിലെ കുട്ടിയെ കാണാനെന്ന വ്യാജേന റെയ്ജന് മുന്നിലെത്തി ചോക്ലേറ്റ് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തത്. അവരെ കണ്ടപ്പോഴേ കാര്യം മനസിലായ റെയ്ജന്‍ ഒഴിവാക്കി വിടുകയും സെറ്റില്‍ നിന്നും വീണ്ടും പിടിച്ച് പുറത്താക്കുകയുമായിരുന്നു. തന്റെ കണ്മുന്നില്‍ സംഭവിച്ച ഈ രണ്ടു കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് മൃദുലയും ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, മൂന്നു വര്‍ഷം മുമ്പ് വിവാഹിതനായ നടനാണ് റെയ്ജന്‍. മിനി സ്‌ക്രീനിലെ പൃഥ്വിരാജ് എന്നറിയപ്പെടുന്ന റെയ്ജന്‍ മോഡലിങ്ങിലൂടെയാണ് ഈ രംഗത്തേക്ക് പ്രവേശിച്ചത്. മകള്‍ സീരിയലിലും ആത്മസഖിയിലും അഭിനയിച്ച് ഭാവന എന്ന പരമ്പരയില്‍ അഭിനയിക്കവേയാണ് വിവാഹം കഴിച്ചത്. കോഴിക്കോട് സ്വദേശിനി ശില്‍പ ജയരാജിനെയാണ് റെയ്ജന്‍ പ്രണയിച്ചു വിവാഹം ചെയ്തത്. തൃശൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായ വിവാഹം നടന്നത്.
പൊതുവെ സിനിമാ-സീരിയല്‍ താരങ്ങള്‍ക്ക് നേരെ ആരാധകരുടെ സ്‌നേഹപ്രകടനങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും റെയ്ജന്റെ കാര്യത്തില്‍ അത് അതിരുവിട്ട് ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ് എന്ന് മൃദുല പറയുന്നു. ഒരു പുരുഷന്‍ ഇതേക്കുറിച്ച് പരാതി പറഞ്ഞാല്‍ സമൂഹത്തില്‍ വേണ്ട ശ്രദ്ധ കിട്ടില്ല എന്നുള്ളതുകൊണ്ടാണ് ഇതുവരെ തുറന്നു പറയാത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റെയ്ജന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ എല്ലാവരും റെയ്ജനൊപ്പം നില്‍ക്കണമെന്നും മൃദുല വിജയ് വിഡിയോയില്‍ പറഞ്ഞു.
്‌നടി പങ്ക് വച്ചത് ഇങ്ങനെ: പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. അതായത്, എന്റെ കൂടെ പ്രവര്‍ത്തിക്കുന്ന ഒരു സഹതാരത്തിന് ലൊക്കേഷനില്‍ മോശപ്പെട്ട രീതിയില്‍ ഒരു അനുഭവം ഉണ്ടായി. റെയ്ജന്‍ ചേട്ടനായിരുന്നു അങ്ങനെ ഒരു അനുഭവം ഉണ്ടായത്. ഇതിനെപ്പറ്റി ഞാന്‍ എന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസില്‍ കുറച്ച് കാര്യങ്ങള്‍ എഴുതിയിരുന്നു. സംഭവം ചുരുക്കി പറയാം. കഴിഞ്ഞ ആറു വര്‍ഷമായി ഒരു സ്ത്രീ, അതായത് നമ്മുടെ സെറ്റുകളില്‍ വന്നുകൊണ്ടിരിക്കുന്ന ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, റെയ്ജന്‍ ചേട്ടന് തുടരെ മെസ്സേജുകള്‍ അയയ്ക്കുന്നു. അതും വളരെ മോശമായിട്ടുള്ള സന്ദേശങ്ങളാണ് അയച്ചുകൊണ്ടിരുന്നത്.
ചേട്ടന്‍ പ്രതികരിക്കാതെ വന്നപ്പോള്‍ പുള്ളിക്കാരി ഭയങ്കരമായി പ്രകോപിതയാവുന്നു. പിന്നെ പല പല ഫോണ്‍ നമ്പറില്‍ നിന്ന് വിളിക്കുന്നു. ചീത്ത വിളിക്കുന്നു. പിന്നെയും ക്ഷമ ചോദിച്ച് സന്ദേശം അയയ്ക്കുന്നു. വീണ്ടും വളരെ വൃത്തികെട്ട സെക്ഷ്വല്‍ ആയുള്ള സന്ദേശങ്ങള്‍ അയക്കുന്നു. സംഭവം അഞ്ചാറ് വര്‍ഷമായി തുടങ്ങിയിട്ട്. ഞങ്ങളുടെ ചിത്രീകരണ സ്ഥലത്ത് തന്നെ രണ്ട് സംഭവങ്ങള്‍ ഇതിനിടയിലും ഉണ്ടാവുകയും ചെയ്തു. ഇത് പറയുമ്പോള്‍ എല്ലാവരും വിചാരിക്കുന്ന ഒരു കാര്യം ഇത്രയും വര്‍ഷമായി നടക്കുന്ന ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടാണ് പരാതി ഒന്നും നല്‍കിയില്ല എന്നാണ്. ശരിക്കും പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ നിയമം ആണ് കാരണം എന്ന് തന്നെ പറയും.
കാരണം, ഒരു പെണ്ണ് ഒരു പരാതി പറഞ്ഞാല്‍ അവളെ പിന്തുണയ്ക്കുന്ന ഒരുപാട് പേര് ഉണ്ടാകും. അതിനുപകരം ഒരു ആണാണ് പറയുന്നത് എങ്കില്‍ ഇത് ശ്രദ്ധിക്കാനോ അതിന് പിന്തുണ നല്‍കാനോ ആള്‍ക്കാര്‍ ഉണ്ടാവാറില്ല. റെയ്ജന്‍ ചേട്ടന്‍ പ്രതികരിക്കാന്‍ തുടങ്ങിയിട്ട് വളരെ കുറച്ച് ദിവസങ്ങളെ ആകുന്നുള്ളൂ. കാരണം ആളുടെ ക്ഷമ മൊത്തം പോയതിനുശേഷമാണ് ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയത്. പ്രതികരിച്ചു കഴിഞ്ഞപ്പോള്‍ ഇന്ന് വന്ന ഒരു സന്ദേശം, 'ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കുകയാണ്, എനിക്ക് ഇതിനെ പറ്റിയിട്ടൊന്നും അറിയില്ല' എന്നാണ്.
ലൈവ് ആയി രണ്ട് സംഭവങ്ങള്‍ നേരിട്ടു കണ്ട വ്യക്തിയാണ് ഞാന്‍. അതുകൊണ്ടാണ് ഞാനിപ്പോള്‍ ഇത് തുറന്നു പറയുന്നത്. ഒരു പ്രാവശ്യം നമ്മുടെ ചിത്രീകരണ സ്ഥലത്ത് റെയ്ജന്‍ ചേട്ടന്റെ അടുത്ത് പുള്ളിക്കാരി സംസാരിക്കാന്‍ വേണ്ടി പോയ സമയത്ത് ആള് എഴുന്നേറ്റ് പോയപ്പോള്‍ റെയ്ജന്‍ ചേട്ടന്റെ ഷര്‍ട്ട് പിടിച്ചു വലിക്കുന്നത് ഞങ്ങള്‍ കണ്ടു. രണ്ടാമത്, വളരെ അടുത്തിടെ തന്നെ ഞങ്ങളുടെ ചിത്രീകരണ സ്ഥലത്ത് പര്‍ദ്ദയിട്ടു വന്നു. ഈ വ്യക്തിയെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രവേശിപ്പിക്കില്ല. ഞങ്ങള്‍ കണ്ടാല്‍ കയറാന്‍ സമ്മതിക്കില്ല എന്ന് അറിയുന്നതുകൊണ്ട് തന്നെ ആള് തിരിച്ചറിയാതിരിക്കാനായി പര്‍ദ്ദയിട്ടു വന്നു. ചിപ്പി മോളെ കാണണം എന്ന് കള്ളത്തരം പറഞ്ഞ് പര്‍ദയിട്ട് കേറി വന്ന് റെയ്ജന്‍ ചേട്ടന്റെ കയ്യില്‍ ചോക്ലേറ്റ് കൊടുക്കാന്‍ ശ്രമിച്ചു. അപ്പോള്‍ തന്നെ റെയ്ജന്‍ ചേട്ടന് കാര്യം മനസ്സിലായി. ഇത് ഈ വ്യക്തിയാണെന്നുള്ളത് മനസ്സിലായി. അപ്പൊ പുള്ളി വലുതായിട്ട് പ്രതികരിക്കാന്‍ പോയില്ല, ആരാണ് എന്നുള്ള രീതിയില്‍ സംസാരിച്ചു. അപ്പോള്‍ തന്നെ ഇവരങ്ങ് ഇറങ്ങി പോകുന്നത് ഞങ്ങള്‍ കണ്ടതാണ്. ഈ ഒരു സ്ത്രീ തന്നെയാണ് വന്ന് ഭയങ്കരമായിട്ട് മോശമായിട്ട് ഓരോന്ന് ചെയ്യുന്നത്.
ഇപ്പോള്‍ ഈ ഒരു വിഡിയോ ഇടാന്‍ കാരണം നമ്മുടെ കൂടെ പ്രവര്‍ത്തിക്കുന്ന ഏതൊരു കലാകാരനാണെങ്കിലും അല്ലെങ്കില്‍ നമ്മളെ അടുത്തറിയുന്ന ഏതൊരു വ്യക്തിക്ക് ആണെങ്കിലും ഒരു പ്രശ്‌നം വന്നു കഴിഞ്ഞാല്‍ അവരെ പിന്തുണയ്ക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ്. ഇതൊരു പെണ്ണ് അല്ലാത്തതുകൊണ്ട് അതായത് ഇപ്പോ ഒരു ആണിനാണ് ഇങ്ങനെ ഒരു പ്രശ്‌നം വന്നത് എന്നുള്ളതുകൊണ്ട് ആള്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുന്നത് കുറവായിരിക്കും. ആളുടെ അടുത്ത് നില്‍ക്കുന്ന വളരെ അടുത്ത് നില്‍ക്കുന്ന അല്ലെങ്കില്‍ തത്സമയം കണ്ട് മനസ്സിലാക്കിയ ആള്‍ക്കാര്‍ക്ക് മാത്രമേ ആളെ പിന്തുണയ്ക്കാന്‍ പറ്റു. 'നീ എന്നെ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ ഞാന്‍ നിന്റെ തലയില്‍ ബിയര്‍ കുപ്പി വച്ച് അടിച്ചു പൊട്ടിക്കും' എന്ന തരത്തില്‍ ജീവന് ഭീഷണിയുള്ള സന്ദേശങ്ങളാണ് വന്നിരിക്കുന്നത്. ഇതൊരിക്കലും സുരക്ഷിതമല്ല. ഇപ്പോ ഡയറി മില്‍ക്ക് കൊണ്ട് നമ്മുടെ ചിത്രീകരണ സ്ഥലത്തേക്ക് വരാന്‍ ആ സ്ത്രീക്ക് കഴിഞ്ഞു എങ്കില്‍, നാളെ ആസിഡ് മുഖത്ത് ഒഴിക്കാനോ ഒന്നും മടിക്കാത്ത ഒരു വ്യക്തിയായിരിക്കും അവര്‍.
ഈ വ്യക്തി പറയുന്ന കാര്യങ്ങളും തെറ്റായിട്ടുള്ളതാണ്. റെയ്ജന്‍ ചേട്ടനെ പിന്തുണയ്ക്കാന്‍ എല്ലാവരും വേണ്ടത് ചെയ്യുക. പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഈ വിഡിയോ ചെയ്യുന്നതുകൊണ്ട് എനിക്കും മെസ്സേജ് വരാന്‍ സാധ്യതയുണ്ട്. എന്ത് മെസേജ് ആണെങ്കിലും ഞാന്‍ അത് ലൈവ് ആയിട്ട് പോസ്റ്റ് ചെയ്യുക തന്നെ ചെയ്യും. ഈ രീതിയില്‍ ഞാന്‍ പ്രതികരിക്കുക തന്നെ ചെയ്യും.
ഒരാള്‍ ഒരു പെണ്ണിനെ പറയുമ്പോഴാണല്ലോ അതൊരു തെറ്റാണോ ശരിയാണോ എന്ന് മനസ്സിലാക്കാന്‍ പറ്റാതെ വരുന്നത്. അവള്‍ ഒരു പെണ്ണാണ് എങ്കില്‍ ഞാനും ഒരു പെണ്ണ് തന്നെയാണ്. എങ്ങനെ പ്രതികരിക്കണം എന്നുള്ളത് എനിക്കറിയാം. ശരിക്കും പറഞ്ഞു കഴിഞ്ഞാല്‍ ആളെ മാത്രം അല്ല, ആളുടെ കുടുംബത്തെയും വളരെ മോശമായിട്ട് പറയാന്‍ തുടങ്ങിയിട്ടുണ്ട്. എനിക്ക് മെസ്സേജ് എന്തെങ്കിലും വന്നാല്‍ ഞാന്‍ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഇടുന്നതായിരിക്കും.'' മൃദുല വിജയ് പറയുന്നു.