നടന്മാരായ മോഹന്‍ലാലിനും സെയ്ഫ് അലിഖാനും ഒപ്പമുളള ചിത്രം പങ്കുവെച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. പുതിയ ചിത്രമായ ഹൈവാന്റെ സെറ്റില്‍ നിന്നുളളതാണ് ഈ ചിത്രം. രണ്ട് താരങ്ങളോടുമുളള തന്റെ ആരാധന വ്യക്തമാക്കുന്ന ചെറിയ കുറിപ്പും പ്രിയദര്‍ശന്‍ ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ജീവിതം മാറിമറിയുന്നതെങ്ങനെയെന്ന് നോക്കൂ, ഇന്നിതാ ഞാന്‍ ഹൈവാന്റെ ഷൂട്ടിംഗ് സെറ്റില്‍, എന്റെ ഏറ്റവും വലിയ ക്രിക്കറ്റ് ഹീറോകളിലൊരാളുടെ മകനും എന്റെ പ്രിയപ്പെട്ട സിനിമാ താരത്തിനുമൊപ്പം പ്രവര്‍ത്തിക്കുന്നു. സത്യത്തില്‍ ദൈവം ദയാലുവാണ്. പ്രിയദര്‍ശന്‍ ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചു.
അതിഥി വേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രം എന്താണെന്നറിയാനുള്ള ആകാംക്ഷയും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. കയ്യില്‍ വാക്കിങ് സ്റ്റിക്കും അതുപോലെ കണ്ണടയുമൊക്കെ വച്ചിട്ടുണ്ട് മോഹന്‍ലാല്‍. ഒപ്പത്തിലെ ജയരാമന്‍ എന്ന കഥാപാത്രം തന്നെയാണോ ഇതെന്നും ചോദിക്കുന്നവരുണ്ട്.
പ്രിയദര്‍ശന്‍ ഒരുക്കുന്ന ഇരുപത്തിയൊമ്പതാമത്തെ ഹിന്ദി ചിത്രമാണ് ഹൈവാന്‍. അക്ഷയ്കുമാറും സെയ്ഫ് അലിഖാനുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തില്‍ കാമയോ വേഷത്തിലാണ് മോഹന്‍ലാല്‍. ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദര്‍ശന്‍ തന്നെയാണ്.
ഇത് കൂടാതെ ഭൂത് ബംഗ്ലാ, ഹേരാ ഫേരി 3 എന്നീ ഹിന്ദി ചിത്രങ്ങളും പ്രിയദര്‍ശന്‍ ഒരുക്കുന്നുണ്ട്. രണ്ടിലും അക്ഷയ് കുമാര്‍ ആണ് നായകന്‍.