തൃശ്ശൂരിലെ ഫോട്ടോഗ്രാഫര്‍മാരോടോ വീഡിയോഗ്രാഫര്‍മാരോടോ അവര്‍ക്കിഷ്ടപ്പെട്ട ഒരു സ്ഥലം പറയാന്‍ പറഞ്ഞാല്‍ എല്ലാവരും ഒരുത്തരമേ തരു .... വിലങ്ങന്‍ കുന്ന്. തൃശ്ശൂരിലെ ഭൂരിഭാഗം കല്യാണ ആല്‍ബങ്ങളുടെയും വീഡിയോയുടെയും ഔട്ട് ഡോര്‍ ഷൂട്ടിംഗ് നടത്തുന്ന ഒരു സുന്ദര സ്ഥലം. കണ്ണടച്ച് ഏത് ആങ്കിളില്‍ ഫോട്ടോയെടുത്താലും മനോഹരമായ ഫോട്ടോ കിട്ടും എന്നും, വേനലില്‍ ഉണങ്ങി നില്‍ക്കുന്ന ആ കുന്ന് ഇപ്പോള്‍ കൂടുതല്‍ മനോഹരമാന്നെന്നും സുഹൃത്തായ ഫോട്ടോഗ്രാഫര്‍ പറഞ്ഞത് കേട്ടപ്പോള്‍ പല തവണ പോയിട്ടുള്ള സ്ഥലമാണ് എങ്കിലും വീണ്ടും ഒരു യാത്ര പോകാന്‍ തോന്നി .
യാത്രകളില്‍ തത്പരനായ അടുത്ത സുഹൃത്തിനെയും കൂട്ടി തൃശ്ശൂരില്‍ നിന്നും ഒരു വൈകുന്നേരം യാത്ര തുടങ്ങി. തൃശ്ശൂര്‍ ടൌണില്‍ നിന്നും ഏഴ് കിലോമീറെര്‍ ദൂരത്തിലാണ് വിലങ്ങന്‍ കുന്ന് സ്ഥിതി ചെയ്യുന്നത് . തൃശ്ശൂര്‍ - കുന്നംകുളം ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ പൂഗുന്നം ജംക്ഷനില്‍ നിന്നും അഞ്ചര കിലോമീറെര്‍ കഴിഞ്ഞാല്‍ ഇടതു വശത്തായി വിലങ്ങന്‍ കുന്നിലേക്ക് സ്വാഗതം പറഞ്ഞു കൊണ്ടുള്ള വലിയ ആര്‍ച്ച് ബോര്‍ഡ് കാണാം. അതുകൊണ്ട് തന്നെ ആരോടും വഴി ചോദിക്കാതെ അപരിചിതര്‍ക്ക് പോലും എളുപ്പത്തില്‍ അവിടെ എത്തിച്ചേരാം.
റോഡിന്റെ തുടക്കത്തിലുള്ള കുറച്ചു വീടുകള്‍ കഴിഞ്ഞാല്‍ വഴി വിജനമാണ് . ഇരു വശത്തും മരങ്ങളും മുളക്കൂട്ടങ്ങളും നിറഞ്ഞു നില്‍ക്കുന്ന സുന്ദരകാഴ്ചകളും കണ്ടു യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ ഒരു കുന്നിന്റെ മുകളിലേക്ക് കയറി കൊണ്ടിരിക്കുകയാണ് എന്ന് മറന്നു പോകും .
വിലങ്ങന്‍ കുന്ന് എത്തുന്നതിനു കുറച്ചു മുന്‍പായി ഒരു ടിക്കറ്റ് കൌണ്ടര്‍ ഉണ്ട് . വാഹനത്തിനും ആളുകള്‍ക്കും ടിക്കറ്റ് എടുക്കണം. രാവിലെ ഏഴുമുതല്‍ വൈകിട്ട് എഴുവരെയാണ് പ്രവേശനം എന്നാണ് കേട്ടിരുന്നത് . പക്ഷെ ഞങ്ങള്‍ ടിക്കറ്റ് എടുക്കാന്‍ ചെന്നപ്പോള്‍ ആറരക്കുള്ളില്‍ കുന്ന് ഇറങ്ങണം എന്ന് അവര്‍ പ്രത്യേകം എടുത്തു പറഞ്ഞു . എന്ത് പറഞ്ഞാലും സൂര്യന്‍ അസ്തമിക്കുന്നത് കാണാതെ ഞങ്ങള്‍ കുന്ന് ഇറങ്ങില്ല എന്റെ മാഷേ എന്നും മനസ്സില്‍ പറഞ്ഞു യാത്ര തുടര്‍ന്നു.
ഒഴിവു ദിവസം അല്ലാത്തതിനാല്‍ തിരക്ക് വളരെ കുറവായിരുന്നു. കല്യാണ ആല്‍ബത്തിന് വേണ്ടി 'അഭിനയിക്കുന്ന' രണ്ടു ദമ്പതികളെ മാത്രം കണ്ടു. സ്വന്തം ജീവിതത്തില്‍ ഇങ്ങനെ അഭിനയിക്കേണ്ടി വന്നിട്ടില്ലാത്തതുകൊണ്ട് അവരുടെ അഭിനയം കുറച്ചു നേരം നോക്കി നിന്നു. ഫോട്ടോഗ്രാഫെരുടെ വാക്കുകള്‍ കേട്ട് നടക്കുകയും ഇരിക്കുകയും ചിരിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്ന അവരെ കണ്ടപ്പോള്‍ എന്തോ സഹതാപമാണ് മനസ്സില്‍ വന്നത് . ഒരു പങ്കാളിയെകിട്ടാന്‍ എന്തെല്ലാം സഹിക്കണം എന്നോര്‍ത്തു.
ആളുകള്‍ കുറഞ്ഞത് ഒരു സൌകര്യം ആയി തോന്നി. നമ്മുടെ ഫ്രയ്മില്‍ ആരും കയറിവരാതെ കുറെ ഫോട്ടോകള്‍ എടുക്കാം. മറ്റു ബഹളങ്ങള്‍ ഇല്ലാതെ അസ്തമയം ആസ്വദിക്കാം.
കുന്നിന്‍ മുകളില്‍ കുട്ടികള്‍ക്കായി ഒരു അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് . അതായിരുന്നു വിലങ്ങന്‍ കുന്നിന്റെ മറ്റൊരു ആകര്‍ഷണം. പലയിടങ്ങളിലും ഊഞ്ഞാലുകളും കുട്ടികളുടെ കളി ഉപകരണങ്ങളും ഒരുക്കിയിരുന്നു. ചെറിയ കലാ പരിപാടികള്‍ നടത്തുന്നതിനായി ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററും അവിടെ ഒരിക്കിയിരുന്നു.
ആളുകള്‍ കുറവായതിനാല്‍ അവിടെയുള്ള ലഘു ഭക്ഷണ കട നേരത്തെ അടക്കാനുള്ള ശ്രമത്തിലാണ്. കടയുടെ മുന്‍പില്‍ നില്‍ക്കുന്ന ചേട്ടനുമായി സംസാരിച്ചപ്പോള്‍ ശനിയും ഞായറും നല്ല തിരക്കായിരിക്കുമെന്നും ബാക്കി ദിവസങ്ങളില്‍ വീഡിയോക്കാരും പിന്നെ കോളേജുകളില്‍ നിന്നും എത്തുന്ന പ്രണയ ജോടികളും മാത്രമേ അവിടെ കാണൂ എന്നും തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞു തന്നു. ആ സംസാരം കേട്ടപ്പോള്‍ മമ്മൂട്ടിയുടെ പ്രാഞ്ചിയെട്ടനെ ആണ് ഓര്‍മ്മ വന്നത് .
വിശാലമായ കുന്നിന്‍ മുകളിലെ പുല്ലുകള്‍ എല്ലാം ഉണങ്ങിയ നിലയിലായിരുന്നു. ചിലയിടങ്ങളില്‍ ഉണങ്ങിയ പുല്ലു കത്തിച്ചു കളഞ്ഞ നിലയില്‍ ആയിരുന്നു. ഈ കുന്നിനെ വലം വെച്ച് കാഴ്ചകള്‍ കണ്ടു നടക്കാനായി രണ്ടു പേര്‍ക്ക് ഒരുമിച്ചു നടക്കാവുന്ന രീതിയില്‍ കുന്നിനു ചുറ്റും വഴി വെട്ടി കല്ലുകള്‍ പാകിയിട്ടുണ്ട് . നടത്തത്തിനിടയില്‍ വിശ്രമിക്കാനായി പലയിടത്തും സിമന്റിന്റെയും തകരയുടെയും മേല്‍ക്കൂരയുമായി ചെറിയ താവളങ്ങളും ഒരിക്കിയിരുന്നു. ആ വഴികളിലൂടെ ആ കുന്നിനെ ഒന്ന് വലം വെച്ച് നടന്നു. മനുഷ്യനെ പറത്തികൊണ്ട് പോകും എന്ന നിലയില്‍ ആഞ്ഞടിക്കുന്ന കാറ്റും കൊണ്ട് നടന്നപ്പോള്‍ മനസ്സിലെ ഭാരങ്ങളെല്ലാം അലിഞ്ഞു ഇല്ലാതായി. തൃശ്ശൂര്‍ നഗരത്തില്‍ നിന്നും കുറച്ചുമാത്രം അകലെയായിട്ടും വണ്ടികളുടെ ബഹളം ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നഗരത്തില്‍ നിന്നും ഒരു പാട് അകലെയായ പ്രതീതിയാണ് അനുഭവപ്പെട്ടത് .
അമ്പത് ഏക്കറാണ് ഈ കുന്നിന്റെ വിസ്തീര്‍ണ്ണം. ഏറ്റവും മുകളിലെ പരന്നു കിടക്കുന്ന സ്ടലത്തിനു മാത്രം ഏകദേശം പത്തു ഏക്കര്‍ വിസ്ത്രിതിയുണ്ട് . തൃശ്ശൂര്‍ ജില്ല ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ ആണ് ഇതിനെ ഇങ്ങനെ ഒരു പിക്‌നിക് സ്‌പോട്ട് ആക്കി മാറിയത് . ഇതിന്റെ പരിപാലനം എല്ലാം തൃശ്ശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പരേഷന്‍ ആണ് നടത്തുന്നത് .
ആ കുന്നില്‍ മുകളില്‍ നിന്നും നോക്കിയാല്‍ തൃശ്ശൂരും പരിസര പ്രദേശങ്ങളും മുഴുവന്‍ കാണാം. തൃശ്ശൂരിലെ ഏറ്റവും വിലയേറിയ വില്ലകളുമായി പണി പൂര്‍ത്തിയായികൊണ്ടിരിക്കുന്ന ശോഭ സിറ്റിയും, ലുലുവിന്റെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും, കാന്‍സര്‍ ചികിത്സയില്‍ പേരുകേട്ട അമല മെഡിക്കല്‍ കോളേജും എല്ലാം ഈ കുന്നിന്‍ മുകളില്‍ നിന്നും കാണാം.
കേരള സര്‍ക്കാരിനു ഈ കുന്നിനെ ഒരു എക്കോ ടൂറിസം സ്‌പോട്ട് ആക്കാന്‍ ഉദ്യേശം ഉണ്ട് എന്ന് കേട്ടു. കെട്ടിടങ്ങള്‍ നിറഞ്ഞു പച്ചപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നഗരത്തിനടുത്ത് ഒരു മരുപ്പച്ച. അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി എന്നാണ് അറിവ് . കിളികളെയും മറ്റും ആകര്‍ഷിക്കാനും കുന്നില്‍ മുകളിലെ മണ്ണൊലിപ്പ് തടയാനും ആയി ഏകദേശം അറുനൂറോളം മാവുകള്‍ വെച്ചുപിടിപ്പിക്കാന്‍ ഉദ്യേശം ഉണ്ടത്രേ. പിന്നെ മെയിന്‍ റോഡില്‍ നിന്നും ഇവിടെ വരെയുള്ള റോഡിനു ഇരുവശത്തും ചെടികള്‍ കൊണ്ടും മരങ്ങള്‍ കൊണ്ടും ഒരു വേലി സൃഷ്ടിക്കാനും ഉദ്യേശം ഉണ്ട് .
അവിടെയല്ലം കറങ്ങി നടന്നും ഫോടോയെടുത്തും അസ്ടമയം കണ്ടും സമയം പോയതറിഞ്ഞില്ല. എനിക്ക് തിരിച്ചു പോകാന്‍ സമയമായി. മടക്കയാത്രയില്‍ ഒന്നും മിണ്ടാതെ സുഹൃത്തിന്റെ വണ്ടിയിലിരിക്കുമ്പോള്‍ മനസ്സ് നിറയെ ഒരു ആഗ്രഹമായിരുന്നു ...അവിടെ വെക്കാന്‍ പോകുന്ന ആ മാവുകള്‍ അവ നിറയെ മാങ്ങകള്‍ , ആ പച്ചപ്പും ഭക്ഷണവും തേടി വരുന്ന അറിയുന്നതും അറിയാത്തതും ആയ പക്ഷികള്‍ . അവക്കിടയിലൂടെ ജോലിയുടെയും ജീവിതത്തിന്റെയും ഭാരം അല്പനെരമെങ്കിലും ഇറക്കി വെക്കാന്‍ വരുന്ന എന്നെ പോലെയുള്ള ആളുകള്‍ .... ഇപ്പോള്‍ തന്നെ ഇത്ര സുന്ദരിയായിരിക്കുന്ന ഈ വിലങ്ങള്‍ കുന്ന് അതിസുന്ദരിയായി മാറില്ലേ അപ്പോള്‍ ..
ഞാന്‍ സ്വപ്നം കാണുകയാണ് ...
ഇത്തരം സ്വപ്നങ്ങളും യാത്രകളും ആണല്ലോ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് .....