Latest News

സഞ്ചാരികളെ മാടിവിളിക്കുന്ന മഞ്ഞണിഞ്ഞ ഷിംല

Malayalilife
 സഞ്ചാരികളെ മാടിവിളിക്കുന്ന മഞ്ഞണിഞ്ഞ ഷിംല

ഹിമാചല്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ഷിംല. സംസ്ഥാനത്തെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും. സമ്മര്‍ റെഫ്യൂജ് എന്നും ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്നും വിളിപ്പേരുള്ള ഷിംല സമുദ്രനിരപ്പില്‍ നിന്നും 2202 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 1972 ലാണ് ഷിംല ജില്ല നിലവില്‍വന്നത്. 

കാളിദേവിയുടെ മറ്റൊരു പേരായ ശ്യാമള എന്ന വാക്കില്‍ നിന്നാണ് ഷിംല എന്ന പേര് രൂപപ്പെട്ടതെന്നാണ് കരുതുന്നത്. ജാക്കു, പ്രോസ്പെക്ട്, എലീസിയും തുടങ്ങിയവയാണ് ഷിംലയിലെ പ്രധാനപ്പെട്ട ചില ഹില്‍സ്റ്റേഷനുകള്‍. 1864 ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം എന്ന ഖ്യാതിയും ഷിംലയ്ക്കുണ്ട്. സ്വാതന്ത്രാനന്തരം പഞ്ചാബിന്റെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശിന്റെയും തലസ്ഥാനമായി ഷിംല. 

മനോഹരമായ പര്‍വ്വതനിരകളും പ്രകൃതിഭംഗിയുമാണ് ഷിംല സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ലക്കാര്‍ ബസാര്‍, സ്‌കാന്‍ഡല്‍ പോയിന്റ് എന്നീ മലകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു സ്ഥവും ഇവിടെയുണ്ട്. ഹനുമാന്‍ സ്വാമിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജാക്കു ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്നും 8048 അടി ഉയരത്തിലാണ്. കേണല്‍ ജെ ടി ബോയിലിയു നിര്‍മിച്ച മനോഹരമായ ഒരു കൃസ്ത്യന്‍ പള്ളിയും ഷിംലയിലുണ്ട്. വിവിധ സംസ്‌കാരങ്ങളുടെ സംഗമസ്ഥലം കൂടിയാണ് ഷിംല. നിയാംഗ്മ രീതിയിലുള്ള ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി ആണ് ഇവിടത്തെ പ്രമുഖമായ ടിബറ്റന്‍ ബുദ്ധിസ്റ്റ് കേന്ദ്രം.

കാളിദേവിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കാളി ബാരി ക്ഷേത്രമെന്ന ഹിന്ദു ആരാധനാലയവും നിരവധി സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഇവിടെ സ്ഥിതിചെയ്യുന്നു. ദീപാവലി, നവരാത്രി, ദുര്‍ഗാപൂജ തുടങ്ങിവയാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 1975 മീറ്ററോളം ഉയരത്തിലാണ് സങ്കട് മോചന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1966 ല്‍ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഹനുമാനാണ്.

കോളനിഭരണക്കാലത്തെ നിരവധി കെട്ടിടങ്ങളും ഷിംലയില്‍ ഉണ്ട്. ബ്രിട്ടീഷ് നിര്‍മാണരീതിയിലുള്ള ഇവയില്‍ പ്രധാനപ്പെട്ട ഒരെണ്ണമാണ് റോത്നി കാസില്‍. മനോര്‍വില്ലി മാന്‍ഷന്‍ എന്ന ബംഗ്ലാവിലാണ് ഗാന്ധിജിയും നെഹ്റുവും സര്‍ദാര്‍പട്ടേലും മൗലാനാ അബുള്‍കലാം ആസാദും ലോര്‍ഡ് വേവലുമായി 1945 ല്‍ ചര്‍ച്ച നടത്തിയത്. മറ്റൊരു പ്രധാന ആകര്‍ഷണമായ ടൌണ്‍ഹാള്‍ നിര്‍മിച്ചത് 1910 ലാണ്. 1888ല്‍ പണിതീര്‍ത്ത ആറുനിലക്കെട്ടിടമായ രാഷ്ട്രപതി ഭവനാണ് ഷിംലയിലെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ച. ഗോതിക് - വിക്ടോറിയന്‍ ശൈലിയില്‍ പണിതീര്‍ത്തിട്ടുള്ള ഗെയ്തി സാംസ്‌കാരിക നിലയത്തിന്റെ ശില്‍പിയായി അറിയപ്പെടുന്നത് ഹെന്റി ഇര്‍വിനാണ്. േ

കാണ്‍ഫറന്‍സ് ഹാളും തീയറ്ററും അടങ്ങിയതാണ് ഈ കെട്ടിടം. ജനറല്‍ വില്യം റോസ് മാന്‍സ്ഫീല്‍ഡിന്റെ വസതിയായിരുന്ന വുഡ് വില്ല, 1977 ല്‍ ഹെറിറ്റേജ് ഹോട്ടലായി രൂപാന്തരം പ്രാപിക്കുകയുണ്ടായി. റെയില്‍വേ ബോര്‍ഡ് ബില്‍ഡിംഗ്, ഗോര്‍ട്ടോണ്‍ കാസില്‍ എന്നിവയും കോളനിക്കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഷിംലയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. വിവിധതരം പക്ഷികളെ കാണാനുള്ള അവസരമാണ ഹിമാലയന്‍ പക്ഷിസങ്കേതം സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. റിഡ്ജില്‍നിന്നും നാലുകിലോമീറ്റര്‍ മാത്രം അകലത്താണിത്. അണ്ണന്‍ദാലെ എന്നറിയപ്പെടുന്ന തുറസ്സായ സ്ഥലത്താണ് കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ക്രിക്കറ്റും പോളോയും മറ്റും കളിച്ചിരുന്നത്. 

96 കിലോമീറ്ററോളം യാത്രചെയ്ത് പര്‍വ്വതങ്ങളും കാഴ്ചകളും കാണാന്‍വേണ്ടി കഴ്സണ്‍ പ്രഭു 1903 ല്‍ ആരംഭിച്ച ടോയ് ട്രെയിനിന്റെ പേരില്‍ പ്രശസ്തമാണ് ഈ പ്രദേശം. സോലന്‍ ബ്രേവറി, ദര്‍ലാഘട്, കാംന ദേവീക്ഷേത്രം, ജാക്കു പര്‍വ്വതം, ഗൂര്‍ഖാ ഗേറ്റ് തുടങ്ങിയവയാണ് ഷിംലയിലെ മറ്റ് പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രങ്ങള്‍. ഹിമാചല്‍ സ്റ്റേറ്റ് മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ പഹാരി മീനിയേച്ചര്‍, മുഗള്‍, രാജസ്ഥാനി പെയിന്റിംഗുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഷോപ്പിംഗിനായി ദ മോള്‍, ലോവര്‍ ബസാര്‍, ലക്കാര്‍ ബസാര്‍ എന്നിവയാണ് പ്രധാനമായും സഞ്ചാരികള്‍ തെരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന ഐസ് സ്‌കേറ്റിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഷിംല. നിലംമുഴുവന്‍ മഞ്ഞുവീണ് മൂടിക്കിടക്കുന്ന ശൈത്യകാലത്താണ് സ്‌കേറ്റിംഗിനായി ആളുകള്‍ ഷിംലയിലെത്തുന്നത്. 

ജുംഗ, ഛെയില്‍, ചുര്‍ധാര്‍, ഷാലി പീക്, രവി, ഛനാബ്, ഝെലം തുടങ്ങിയ നദികളും പര്‍വ്വതങ്ങളും റാഫ്റ്റിംഗിനായും ട്രക്കിംഗിനായും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. വ്യോമ, റെയില്‍, റോഡ് മാര്‍ഗങ്ങളില്‍ ഷിംലയില്‍ എത്തിച്ചേരുക പ്രയാസമുള്ള കാര്യമല്ല. ജുബ്ബര്‍ഹട്ടി വിമാനത്താവളമാണ് ഷിംലയ്ക്ക് ഏറ്റവും അടുത്തുള്ളത്. കല്‍ക്ക റെയില്‍വേ സ്റ്റേഷന്‍ വഴിയും നിരവധി ബസ്സുകളിലും സഞ്ചാരികള്‍ക്ക് ഷിംലയിലെത്താം. സ്‌കേറ്റിംഗിനും സ്‌കൈയിംഗിനും മറ്റും അവസരമൊരുക്കുന്ന ശൈത്യകാലമാണ് ഷിംല സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയത്. പ്രകൃതിക്കാഴ്ചകള്‍ കാണാനും ട്രക്കിംഗിനുമായി നിരവധി ആളുകള്‍ വേനല്‍ക്കാലത്തും ഷിംലയിലെത്തുന്നുണ്ട്.

Read more topics: # ഷിംല.
shimla travel Destinati0n

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക