Latest News

കാറ്റിനൊപ്പം കോട നീങ്ങുമ്പോള്‍ കാഴ്ച്ചകളുടെ ക്യാന്‍വാസ് തുറന്ന്‌ ഇല്ലിക്കല്‍ കല്ല്

Malayalilife
 കാറ്റിനൊപ്പം കോട നീങ്ങുമ്പോള്‍ കാഴ്ച്ചകളുടെ ക്യാന്‍വാസ് തുറന്ന്‌ ഇല്ലിക്കല്‍ കല്ല്

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്. പേരുപോലെ തന്നെ ആവേശം കൊള്ളിക്കുന്നയിടം തന്നെയാണിത്.ഏതൊരു യാത്രാ പ്രേമിയും തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ഇരാറ്റുപേട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇല്ലിക്കല്‍ കല്ല്. നേരിയ മഴയും മഞ്ഞുമുള്ള ദിവസങ്ങളില്‍ ഇല്ലിക്കല്‍ കല്ല് സമ്മാനിക്കുന്ന ദൃശ്യാനുഭവം പറഞ്ഞറിയിക്കാനാകില്ല. സമുദ്രനിരപ്പില്‍ നിന്ന് 6,000 അടി ഉയരമുള്ള ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. മീനച്ചിലാറിന്റെ പ്രഭവകേന്ദ്രമായിട്ടാണ് ഇവിടെം അറിയപ്പെടുന്നത്.

നേരിയ മഴയും കോടയുമുള്ള കാലാവസ്ഥയുമുള്ള സമയമാണ് ഇല്ലിക്കല്‍ കല്ല് കാണാനുള്ള ഏറ്റവും നല്ല സമയം. കാറ്റിനൊപ്പം കോട നീങ്ങുമ്പോള്‍ അകലെ നിന്നും ഇല്ലിക്കല്‍കല്ല് തെളിഞ്ഞുവരുന്ന കാഴ്ച വിവരിക്കാനാകില്ല. ആ കാഴ്ച കണ്ട് തന്നെ മനസ്സിലാക്കണം. അത്രയും മനോഹരമാണ് കോടയില്‍ കുളിച്ചു നില്‍ക്കുന്ന ഇല്ലിക്കല്‍ കല്ല്.

ടിക്കറ്റ് കൗണ്ടറിന് സമീപം വാഹനം പാര്‍ക്ക് ചെയ്ത ശേഷം പാസ് എടുത്തുവേണം മുകളിലേക്ക് യാത്ര ആരംഭിക്കാന്‍. ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. കാല്‍നടയായി യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് ജീപ്പ് സൗകര്യം ലഭ്യമാണ്. ജിപ്പ് യാത്രയ്ക്ക് നിശ്ചിത തുക നല്‍കി പാസെടുക്കണം. മുകളിലേക്കുള്ള യാത്ര ഹെയര്‍പിന്‍ വളവുകള്‍ക്ക് സമാനമാണ്. ടാറിട്ട റോഡിലൂടെ മുകളിലേക്കുള്ള യാത്ര ആരംഭിക്കുമ്പോള്‍ തന്നെ മനസ്സും തണുക്കും. ജീപ്പിലാണ് യാത്രയെങ്കില്‍ കോടയും തണുത്ത കാറ്റും നിങ്ങളെ മരവിപ്പിക്കും. നേരിയ മഴയുള്ള ദിവസമാണെങ്കില്‍ പറയുകയേ വേണ്ട. വളവുകള്‍ പിന്നിട്ട് ജീപ്പ് മുന്നിലേക്ക് കുതിക്കുമ്പോള്‍ തന്നെ അകലെ നിന്നും ഇല്ലിക്കല്‍ കല്ലിന്റെ ഭാഗങ്ങള്‍ കാണാനാകും.

യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വിനോദസഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാനാകുമെങ്കിലും ഇല്ലിക്കല്‍ കല്ല് നേര്‍ക്കുനേര്‍ നിന്ന് കാണണമെങ്കില്‍ കുറച്ച് സാഹസികത ആവശ്യമാണ്. ജീപ്പ് യാത്ര അവസാനിക്കുന്നയിടത്ത് നിന്നും കാല്‍നടയായി വേണം മുകളിലേക്ക് പോകാന്‍. പ്രായമായവര്‍ക്ക് മുകളിലേക്കുള്ള പാതയില്‍ സ്ഥാപിച്ചിരിക്കുന്ന കൈവരിയില്‍ പിടിച്ച് മുകളിലേക്ക് നടക്കാം. മുകളിലേക്കുള്ള യത്രയില്‍ തന്നെ കോടമഞ്ഞ് നിറഞ്ഞ മലകളും ചെരിവുകളും കാണാനാകും. സമീപത്തായി ചെങ്കുത്തായ ചെരിവുകളാണ്. അതിനാല്‍ കൃത്യമായ പാതയിലൂടെ തന്നെ വേണം സഞ്ചരിക്കാന്‍. സാഹസികമായ ഈ യാത്ര അവസാനിക്കുന്നത് ഇല്ലിക്കല്‍ കല്ലിന്റെ നേരെയുള്ള പോയിന്റിലേക്കാണ്. ഇവിടെ നിന്നും ഇല്ലിക്കല്‍ കല്ലിന്റെ ഭീകരമായ കാഴ്ചയും ഭംഗിയും ആസ്വദിക്കാം. കാറ്റില്‍ കോടമഞ്ഞ് നീങ്ങുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നെ ഇല്ലിക്കല്‍ കല്ലിന്റെ കാഴ്ച ആരെയും ആകര്‍ഷിക്കും.

Illikkal Kallu travel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES