പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് കിടക്കുന്ന കൂര്‍ഗിനെ ആദ്യ കാഴ്്ച്ചയില്‍ പ്രണയിച്ച് പോകും.കര്‍ണാടകത്തിലെ തെക്ക് - പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് കൂര്‍ഗ് ജില്ലയുടെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ സ്ഥലം. ഇന്ത്യയുടെ സ്‌കോട്ട്ലാന്റ് എന്നും കര്‍ണാടകത്തിന്റെ കശ്മീര്‍ എന്നും തുടങ്ങി ഒട്ടേറെ ഓമനപ്പേരുകളുണ്ട് കൂര്‍ഗിന്.
നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. കേരളത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നുള്ളവരുടെയും കര്‍ണാടത്തില്‍ നിന്നുള്ളവരുടെയും സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
മഞ്ഞുകാലത്താണ് കൂര്‍ഗ് അതിസുന്ദരിയാകുന്നത്, മഴക്കാലത്താകട്ടെ തീര്‍ത്തും വ്യത്യസ്തയുള്ള മറ്റൊരു വശ്യരൂപം, വേനലിലാണെങ്കില്‍ ആരെയും ചൂടേല്‍ക്കാതെ നനുത്ത തണുപ്പില്‍ പൊതിഞ്ഞുകൊണ്ട് നടക്കും പശ്ചിമഘട്ടത്തിലെ ഈ പച്ചനിറമുള്ള സുന്ദരി. താമസത്തെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ ഒന്നും കൂര്‍ഗ് യാത്രക്കിടെ ആശങ്കപ്പെടേണ്ടതില്ല, ഒട്ടേറെ ഹോം സ്റ്റേകളും റിസോര്‍ട്ടുകളുമുണ്ടിവിടെ.
ഭക്ഷണം കൂര്‍ഗ് സ്റ്റൈലിലോ, കേരള സ്റ്റൈലിലോ ടിബറ്റന്‍ രീതിയിലോ ഒക്കെയാകാം. കേരളസ്റ്റൈല്‍ റസ്റ്റോറന്റുകള്‍ ഏറെയുണ്ടിവിടെ. ഒരു ഓട്ടപ്രദക്ഷിണം നടത്തി എല്ലാമൊന്ന് കണ്ട് തിരിച്ചുപോകാമെന്ന് കരുതി കൂര്‍ഗിലേയ്ക്ക് വരരുത്. തിരക്കുകളെല്ലാം മാറ്റിവച്ച്, കുറച്ചുദിവസങ്ങള്‍ കയ്യില്‍ കരുതണം, എങ്കിലേ കൂര്‍ഗ് കണ്ട് കൊതിതീരൂ, കൊതിതീരുകയെന്നവാക്ക് കൂര്‍ഗിനെസംബന്ധിച്ച് പറയാന്‍ പാടില്ലാത്തതാണ്, കാരണം കൂര്‍ഗ് എത്രതവണ കണ്ടാലും എത്ര താമസിച്ചാലും മതിവരാത്ത സ്ഥലമാണ്. ഒറ്റയാത്രകൊണ്ടുതന്നെ അത് മനസ്സിലാകും.
കൂര്‍ഗിനെക്കുറിച്ച് ചിലത് കുടക് എന്നാണ് കൂര്‍ഗിന്റെ യഥാര്‍ത്ഥ നാമം. കുടക് എന്ന സ്ഥലനാമത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പലതരത്തിലുള്ള വാദഗതികള്‍ നിലവിലുണ്ട്. ആദിവാസി വിഭാഗമായ കൊടവരുടെ ദേശം എന്നര്‍ത്ഥമുള്ള ക്രോധദേശ എന്നതില്‍ നിന്നാണ് കുടക് എന്ന പേര് വന്നതെന്നതാണ് ഇതിലൊരു വാദം. അതല്ല കൊടുക്കുക എന്നര്‍ത്ഥം വരുന്ന കൊട, അമ്മ എന്നര്‍ത്ഥം വരുന്ന അവ്വ എന്നീ വാക്കുകള്‍ ചേര്‍ന്നുള്ള കൊടവ്വ എന്ന പേരില്‍ നിന്നാണ് കുടക് എന്ന പേര് വന്നതെന്നും ചിലര്‍ പറയുന്നു.
കൊടവ്വ എന്ന പേര് അമ്മദൈവമായ കാവേരിയെ സൂചിപ്പിക്കുന്നതാണെന്നാണ് പറയുന്നത്. എന്തായായും കുടകിനെ ബ്രിട്ടീഷുകാര്‍ കൂര്‍ഗ് എന്ന് വിളിയ്ക്കുകയും പിന്നീട് ആ പേര് തുടര്‍ന്നും ഉപയോഗിക്കുകയുമായിരുന്നു. എ ഡി എട്ടാം നൂറ്റാണ്ടില്‍ ഗംഗ സാമ്രാജ്യത്തിന് കീഴിലുള്ളകാലം മുതലുള്ള കൂര്‍ഗിന്റെ ചരിത്രം എഴുതപ്പെട്ടിട്ടുണ്ട്. ഗംഗന്മാര്‍ക്ക് പിന്നാലെ പാണ്ഡ്യരും ചോളരും കദംബരും ചാലൂക്യരും ചന്‍ഗല്‍വരുമെല്ലാം കൂര്‍ഗ് ഭരിച്ചിരുന്നു. എഡി 1174ല്‍ ഹൊയ്സാല രാജാക്കന്മാര്‍ കൂര്‍ഗ് പിടിച്ചടക്കി. പിന്നീട് പതിനാലാം നൂറ്റാണ്ടില്‍ വിജയനഗര രാജാക്കന്മാരും കൂര്‍ഗിനെ സ്വന്തം സാമ്രാജ്യത്തിന്റെ ഭാഗമാക്കി.
നായക എന്ന് വിളിക്കുന്ന നാട്ടുരാജാക്കന്മാരാണ് വിവിധ സാമ്രാജ്യങ്ങള്‍ക്കുവേണ്ടി ഇവിടം ഭരിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ ഹലേരി രാജവംശം എന്നറിയപ്പെടുന്ന ലിംഗായത്ത് രാജവംശം കൂര്‍ഗിനെ പിടിച്ചടക്കുകയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടംവരെ ഭരിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷുകാരുടെ കടന്നുകയറ്റത്തോടെ കൂര്‍ഗിന്റെ തലവിധി വീണ്ടും മാറി. ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിച്ചിരുന്ന സ്ഥലമായിരുന്നു ഇത്, സ്വാന്ത്ര്യലബ്ധിവരെ ഇതേ അവസ്ഥ തുടര്‍ന്നു. പിന്നീട് 1950ല്‍ ഇത് സ്വതന്ത്ര സ്റ്റേറ്റ് ആയി മാറി.
1956ല്‍, കൂര്‍ഗ് സ്റ്റേറ്റ് കര്‍ണാടക സംസ്ഥാനത്തില്‍ ലയിച്ചു. ഇപ്പോള്‍ കര്‍ണാടകത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് കൂര്‍ഗ്. മടിക്കേരി, സോമവാരപ്പേട്ട്, വീരാജ്പേട്ട്, മടിക്കേരി എന്നീ താലൂക്കുകളുള്‍പ്പെടുന്ന പ്രദേശമാണ് കൂര്‍ഗ്. സഞ്ചാരികളുടെ സ്വര്‍ഗം കാലാവസ്ഥയും പ്രകൃതിയുമാണ് കൂര്‍ഗിലെ താരങ്ങള്‍. ഇതിനൊപ്പം എല്ലായിത്തും കാണാന്‍ കഴിയാത്ത കാപ്പി, തേയിലത്തോട്ടങ്ങളും, വനങ്ങളും ഒപ്പം പഴയ ക്ഷേത്രങ്ങള്‍, ചരിത്രസ്മൃതികളുറങ്ങുന്ന സ്മാരകങ്ങള്‍ എന്നിവയുമെല്ലാം ചേര്‍ന്ന് കൂര്‍ഗിനെ ഒരു ടോട്ടല്‍ ടൂറിസ്റ്റ് സ്പോട്ട് ആക്കി മാറ്റുകയാണ്.
മനോഹരങ്ങളായ അബ്ബി, ഇരുപ്പു, മല്ലള്ളി വെള്ളച്ചാട്ടങ്ങള്‍, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, നല്‍ക്നാട് കൊട്ടാരം, രാജാവിന്റെ ശവകുടീരം എന്നിവയെല്ലാം ചുറ്റിയടിച്ച് കാണാം. ഭാഗമണ്ഡല, ടിബറ്റന്‍ ആരാധനാലയമായ ഗോള്‍ഡന്‍ ടെംപിള്‍, ഓംകാരേശ്വര ക്ഷേത്രം, തലക്കാവേരി എന്നിവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍. ഇതുകൂടാതെ ചെലവാര വെള്ളച്ചാട്ടം, ഹാരംഗി അണക്കെട്ട്, കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ എണ്ണിയെടുക്കാന്‍ ബുദ്ധിമുട്ടുള്ളത്രയും കാര്യങ്ങള്‍ കാണാനുണ്ട്
കൂര്‍ഗിലെത്തിയാല്‍.
സാഹസികയാത്രികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണിത്, കാരണം മറ്റൊന്നുമല്ല, കയറിത്തീര്‍ക്കാന്‍ മലകളിങ്ങനെ നിരന്നുകിടക്കുകയാണ്. ട്രക്കിങ് അതിന്റെ ഏറ്റവും മനോഹരമായ രീതിയില്‍ ഇവിടെ ആസ്വദിക്കാം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരി മലനിരകളാണ് ഇവിടത്തെ പ്രധാന ട്രക്കിങ് കേന്ദ്രം. പുഷ്പഗിരി, കോട്ടെബെട്ട, ഇക്ഷുത്താപ്പ, നിശാനി മൊട്ടേ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ട്രക്കിങ് സൗകര്യമുണ്ട്. ഗോള്‍ഫ് കളിയിഷ്ടമുള്ളവര്‍ക്കാണെങ്കില്‍ ഇതിന് സൗകര്യമുണ്ട്.
നദികളിലും തടാകങ്ങളിലും മീന്‍പിടുത്തത്തിനും സാഹസികമായ റിവര്‍ റാഫ്റ്റിങ്ങിനും അവസരം ലഭിക്കുമിവിടെ. ബ്രഹ്മഗിരിയിലൂടെ ഒഴുകുന്ന ബാരെപ്പോലെ നദിയാണ് ജലകേളികളുടെ പ്രധാന കേന്ദ്രം. ഇതുകൂടാതെ കാവേരി നദിയിലുമുണ്ട് വിനോദത്തിനുള്ള സൗകര്യങ്ങള്‍. കൂര്‍ഗിലെ പ്രാദേശിക ജീവിതം കര്‍ണാടകത്തില്‍ മറ്റെവിടെയും കാണാന്‍ കഴിയാത്ത തനതായ ജീവിതശൈലിയും സംസ്‌കാരവുമാണ് കൂര്‍ഗ് ജനതയുടേത്. ഭക്ഷണക്കാര്യത്തിലായാലും, ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കാര്യത്തിലായാലുമെല്ലാം ഏറെ വ്യത്യസ്തരാണ് കൂര്‍ഗുകാര്‍.
ഹട്ടാരി, മെര്‍ക്കാറ ദെസറ, കേളി പൊഡു, കാവേരി സംക്രമണ, തുലാ സംക്രമണ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഉത്സവങ്ങള്‍. കര്‍ണാടകത്തിലെ മറ്റു പലഭാഗങ്ങളിലും ഏറെയും കാണാന്‍ കഴിയുക സസ്യഭുക്കുകളായ ആളുകളെയാണ്. എന്നാല്‍ കൂര്‍ഗുകാര്‍ക്ക് മാംസഭക്ഷണമില്ലാതെ ജീവിതമില്ല. അപൂര്‍വ്വം ചില അവസരങ്ങളില്‍ മാത്രമേ ഇവര്‍ മാംസാഹാരം മാറ്റിവെയ്ക്കുന്നുള്ളു. പിന്നിയിറച്ചി ഇവരുടെ പ്രധാനഭക്ഷണമാണ്. കൂര്‍ഗ് രീതിയിലുള്ള മാംസവിഭവങ്ങള്‍ക്ക് ഇന്ന് ആരാധകരേറെയാണ്. ഇതുകൂടാതെ മുളങ്കൂമ്പും മുളയരിയും കൂര്‍ഗുകാരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. കൊടവ, തുളു, ഗൗഡ, കുടിയ, ബുന്‍ട തുടങ്ങി വിവിധ ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ് കൂര്‍ഗ് ജനത. ഇതില്‍ ഏറ്റവും കൂടുതലുള്ളത് കൊടവ വിഭാഗക്കാരാണ്.
അതിഥി സല്‍ക്കാരത്തിനും ധീരതയ്ക്കും പ്രശസ്തരാണ് കൊടവ വിഭാഗക്കാര്‍. കാപ്പികൃഷിയുടെ പേരിലാണ് കൂര്‍ഗ് പേരെടുത്തത്. ബ്രിട്ടീഷുകാരാണ് കൂര്‍ഗിന്റെ പ്രത്യേക കാലാവസ്ഥ മനസ്സിലാക്കി ഇവിടെ കാപ്പികൃഷിക്ക് തുടക്കമിട്ടത്. അറബിക്ക, റോബസ്റ്റ എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന കാപ്പി ഇനങ്ങള്‍. കാപ്പിപൂക്കുന്ന കാലമാകുമ്പോള്‍ കുടകിലെ കാറ്റിന് കാപ്പിപ്പൂവിന്റെ മണമാണ്. വെള്ളപ്പുക്കളാല്‍ നിറഞ്ഞ്, സുഗന്ധം പരത്തി നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍ കൂര്‍ഗിലെ മനോഹരമായ കാഴ്ചയാണ്. കാപ്പി കൂടാതെ, ഓറഞ്ച്, തേയില, ഏലയ്ക്ക, തേന്‍, കുരുമുളക് എന്നിവയുടെ കൃഷിയിലും കൂര്‍ഗ് മുന്നില്‍ത്തന്നെയാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് കൂര്‍ഗ് യാത്രയ്ക്ക് ഏറ്റവും പറ്റിയത്. റോഡാണ് പ്രധാന യാത്രാമാര്‍ഗം. ഇവിടേയ്ക്ക് തീവണ്ടി സര്‍വ്വീസ് ഇല്ല. മൈസൂര്‍ വിമാനത്താവളമാണ് അടുത്തുകിടക്കുന്നത് ഇവിടെനിന്നും കൂര്‍ഗിലേയ്ക്ക് 118 കിലോമീറ്ററുണ്ട്. തൊട്ടടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം മംഗലാപുരത്താണ്. കേരളത്തിലെ വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും കര്‍ണാടകത്തിലെ മൈസൂര്‍, ഹാസ്സന്‍, മംഗലാപുരം, ബാംഗ്ലൂര്‍, എന്നിവിടങ്ങളില്‍ നിന്നും എളുപ്പത്തില്‍ കൂര്‍ഗില്‍ എത്തിച്ചേരാം.