ഡൽഹിയിലെ ജോലി മതിയാക്കി ജമ്മുകാശ്മീരിലെ ആ ആശുപത്രിയിൽ ജോയിൻ ചെയ്യുമ്പോൾ എന്റെ മനസ്സിൽ നടത്താനിരിക്കുന്നയാത്രകളെക്കുറിച്ചു ഒരുപാട് സ്വപ്നങ്ങളും കണക്കുകൂട്ടലുകളും ഉണ്ടായിരുന്നു.. അവയിൽ എന്നും എന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്ന സ്വപ്നമായിരുന്നു മലാന..
മലാന.....ഇന്ന് ഒട്ടുമിക്ക സഞ്ചാരികൾക്കും സുപരിചിതമായ ഈ വാക്ക് അന്നുപക്ഷേ ഇത്രയും പ്രചരിച്ചു തുടങ്ങിയിട്ടില്ല.. മലാന ക്രീം എന്ന പേരിൽ പ്രസിദ്ധമായ മയക്കുമരുന്ന് വിളയുന്ന ഗ്രാമം.. ഇന്നും വാഹനങ്ങൾ കടന്നുചെല്ലാത്ത, വിചിത്രമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വച്ചുപുലർത്തുന്ന ഒരു സമൂഹം...ഇപ്പോഴും ചുരുളഴിയാത്ത ഒരുപാട് നിഗൂഢതകൾ ഉറങ്ങിക്കിടക്കുന്ന ഒരു പർവ്വതഗ്രാമം...
രഹസ്യങ്ങളുടെ മലാന...
എന്നാൽ പെട്ടെന്നൊരു നീണ്ട യാത്രക്കുള്ള സാഹചര്യം അല്ലാത്തതിനാലും പോക്കറ്റിനു ക്ഷീണം വരാതെ യാത്ര ചെയ്യണം എന്ന് നിർബന്ധമുള്ളതിനാലും ഇത്തിരി കാത്തിരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലാരുന്നു..മാത്രമല്ല ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു പിറ്റേന്ന് തന്നെ ലീവും വേണംന്നും പറഞ്ഞങ്ങു ചെന്നാൽമതി... അടുത്ത വണ്ടിക്ക് തിരിച്ചുകേറിക്കോളാൻ പറയും സർദാർജി മൊയലാളി... ??
അതുകൊണ്ട് കുറച്ചുനാൾ അടങ്ങിയൊതുങ്ങിനിന്ന് പണിയൊക്കെ എടുക്കുന്നുണ്ട് എന്ന ഒരു നല്ല പേരൊക്കെ വരുത്തി ഞാൻ ഒരുദിവസം തീരുമാനിച്ചു..
'ഇനി ഏറ്റവും അടുത്ത ശുഭദിനം നോക്കി ലീവങ്ങട് ചോയിച്ചു കളയാം.. '
നമുക്കെന്നും ശുഭദിനം ആയോണ്ട് അടുത്ത ദിവസം തന്നെ കാര്യം അവതരിപ്പിച്ചു.
മലയാളിയോടാ കളി...
നമ്മുടെ ഭാവാഭിനയത്തിനു മുന്നിൽ സർദാർജിയും തൊപ്പി ഊരി...
സൂർത്തുക്കളെ അന്നും ഇന്നും ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്... ലീവ് കിട്ടിക്കഴിഞ്ഞാൽ പിന്നെ ആ പരിസരത്ത് നിൽക്കരുത്.. കാരണം ആശുപത്രിയാണ് ഏതു സമയത്തും പണി വരാം...
അന്നീ സഞ്ചാരി ഗ്രൂപ്പും ട്രാവെൽഫോറവും ഒന്നും ഇല്ലാത്തോണ്ട് നമ്മുടേതായ ഒരു പ്ലാനിങ്ങും മാപ്പും ഒക്കെയായിരുന്നു ആശ്രയം...പിന്നെയെല്ലാം ശടപടേ ശടപടേ എന്നാരുന്നു... റൂമിൽ എത്തുന്നു ഒരു കാക്കക്കുളി.. ഭക്ഷണം കഴിച്ചൂന്നു വരുത്തി.. അതങ്ങനാ ഇപ്പോളും.. ഒരിടത്തു പോവാൻ നിശ്ചയിച്ചുകഴിഞ്ഞാൽ പിന്നെ വിശപ്പെതിലെ പോയെന്ന് കാണൂല...
അങ്ങനെ ഇറങ്ങാൻ തുടങ്ങുമ്പോളാണ് ഒരു പ്രശ്‌നം.. സുഹൃത്ത് മണികണ്ഠൻ മുണ്ടോളിയെ കാണുന്നില്ല... പോവുന്നേനുമുന്നെ കണ്ടു അനുഗ്രഹം വാങ്ങാനൊന്നുമല്ല..സംഭവംഎന്നാന്നുവച്ചാ കക്ഷി എനിക്കൊരു ജാക്കറ്റ് തരാമെന്നു പറഞ്ഞിരുന്നു പോവുമ്പോ..അതില്ലാതെ പോവാനും പറ്റാത്ത അവസ്ഥ... അവസാനം ആളുവന്നു.. ജാക്കറ്റ് കണ്ടപ്പോൾ ഞെട്ടിപോയി.. ഒരുതരത്തിലും പാകമാവാത്ത സൈസിൽ ഒന്ന്... എന്തായാലും എടുത്തേക്കാം ന്ന് വിചാരിച്ചു സാധനം ഞാൻ ബാഗിൽ കയറ്റി... (പിന്നീട് വഴിയിൽ ഏറ്റവും ഉപകരിച്ചതും ഇതാണ്.. )
ജമ്മു ബസ്സ്റ്റാൻഡ്...
സമയം ഏതാണ്ട് 12.30 ആയെന്നാണ് ഓർമ്മ... നേരെ ടിക്കറ്റ് കൗണ്ടറിൽ ചെന്നു തിരക്കി..
'ഭയ്യാ അവി മണാലി കേലിയെ ബസ് മിലേഗാ ക്യാ.. ?'
കണ്ണുകളെ മൊത്തം മറയ്ക്കാത്ത കണ്ണടയ്ക്കു മുകളിലൂടെ നോക്കിക്കൊണ്ട് ആശാൻ പറഞ്ഞു :
'ഹാ ഭായ് ഹേ അവി ഏക്.. '
ഹാവൂ.. സമാധാനം...
പിന്നെ ആശാനേ സോപ്പിട്ടു മുന്നിൽത്തന്നെ ഒരു സീറ്റും ഒപ്പിച്ചു ബസിലേക്ക്..
അങ്ങനെ ഇത്തിരിനേരത്തെ കാത്തിരിപ്പിനുശേഷം ഡ്രൈവർസീറ്റിൽ ആളെത്തി...
ഹിമാചൽ പ്രദേശിന്റെ വണ്ടിയാണ്... നമ്മുടെ ksrtc പോലെയൊന്നുമല്ല.. അത്യാവശ്യം കളർഫുൾ ആണ് സംഭവം....
കണ്ടക്ടറുടെ നീണ്ട വിസിൽ മുഴങ്ങിയതും ആ കൃശഗാത്രനായ ഡ്രൈവർ സെക്കന്റ് ഗിയറിൽ ഇട്ടു വണ്ടി ഉരുട്ടിത്തുടങ്ങി...അയാൾക്കത് വെറും ഗിയർ ആണെങ്കിലും അത് വീണത് ഇപ്പുറത്തിരിക്കുന്നവന്റെ ഖൽബിലെ കിനാക്കളുടെ ചിറകുകളിലേക്കാണെന്നു നുമ്മക്കല്ലേ അറിയൂ...
ജമ്മുവിന്റെയും പഞ്ചാബിന്റെയും വര്ണക്കാഴ്ചകളിലൂടെ ബസ് പത്താന്‌കോട് ബസ്സ്റ്റാ ണ്ടിലേക്ക് പ്രവേശിച്ചു.. അപ്പോളേക്കും വിശപ്പിന്റെ വിളി നന്നായി കേട്ടു തുടങ്ങിയിരുന്നു.. പക്ഷേ പഞ്ചാബി ധാബയിൽ മുൻപൊരിക്കൽ കയറി പെട്ടുപോയ അനുഭവം ഉള്ളതുകൊണ്ട് വീണ്ടും പോക്കറ്റ് വച്ചൊരു കളിക്ക് മുതിർന്നില്ല...സംഭവം ഒരു ചെറിയ ബർഗറിൽ (അവർ വിളിക്കുന്ന പേര് )ഒതുങ്ങി... അല്ല... ഒതുക്കി...ബസ് വീണ്ടും മുന്നോട്ട്... പത്താൻകോട്ട് കഴിഞ്ഞതും പ്രകൃതിക്ക് ചെറിയ മാറ്റമൊക്കെ കണ്ടുതുടങ്ങി..
സ്വതവേ പഞ്ചാബ് സുന്ദരിയാണ്.... അതിന്റെകൂടെ ഇതാ ഹിമാചലിന്റെ സൗന്ദര്യംകൂടി മേൻപൊടിക്ക്...വഴിക്കിരുവശവും നിറഞ്ഞുനിൽക്കുന്ന വന്മരങ്ങൾ... കൊടുംചൂടിനെ മാറ്റിക്കടന്നുവന്ന ഇളംതണുപ്പ്...സന്ധ്യ മയങ്ങിത്തുടങ്ങി.. വെളിച്ചം ഇരുട്ടിനു വഴിമാറി കൊടുത്തു...'ബുന്ദർ .... ബുന്ദർ ...ജൽദി ദേഖ്‌ന ഭായ്... 'ആരുടെയോ ഉച്ചത്തിലുള്ള ശബ്ദമാണ് എന്നെ ഉണർത്തിയത്..
'ദൈവമേ..എനിക്കും ഇവിടാണല്ലോ ഇറങ്ങേണ്ടത്... '
അപ്പുറത്തിരുന്നവന്റെ തലയ്ക്കുമുകളിലൂടെ കുതിക്കുമ്പോൾ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല...
ചാടിത്തുള്ളി പുറത്തിറങ്ങിയപ്പോളാണ് തണുപ്പെന്താണെന്ന് ഞാനറിഞ്ഞത്...വഴിയിൽനിന്നും എപ്പോളോ എടുത്തിട്ട ജാക്കറ്റിന്റെ സിപ് അപ്പൊ അടച്ചാണ് പിന്നെ തുറന്നിട്ടില്ല...
ഞാൻ ചുറ്റും ഒന്നുനോക്കി... എന്റൊപ്പം ബസ് ഇറങ്ങിയ ആരെയും കാണാനില്ല...
അർധരാത്രി കഴിഞ്ഞ സമയത്ത് ഞാൻ ഒറ്റയ്ക്ക്... കൂട്ടിനാകെയുള്ളത് കോച്ചിവലിക്കുന്ന തണുപ്പുമാത്രം....ബസ് പോയദിക്കിലേക്ക് ഞാൻ നോക്കി... ദൂരെ വളവുതിരിഞ്ഞു പോവുന്ന ചുവന്നവെട്ടം...!
ഇവിടെനിന്നും എനിക്ക് പോവേണ്ടത് ജെറിയിലേക്കാണ് എന്നുമാത്രം അറിയാം...ഞാൻ ഏതാണ്ട് പെട്ടു എന്നെനിക്കു മനസിലായി...
എന്നതായാലും ഒരു തീരുമാനം ആകുന്നതുവരെ ബസ്റ്റോപ്പിൽ ഇരിക്കാം എന്നുകരുതി അടുത്തുകണ്ട ബസ്സ്റ്റോപ്പിലേക്ക് തിരിയാൻ തുടങ്ങിയപ്പോളാണ് ഞാൻ അത് ശ്രദ്ധിച്ചത്....
മങ്ങിയ സ്ട്രീറ്റ്ലൈറ്റിന്റെ വെട്ടത്തിലൂടെ എനിക്കുനേരെ പതിയെ നടന്നുവരുന്ന കറുത്ത കരിമ്പടം പുതച്ച ഒരു മനുഷ്യരൂപം... !ആ ഉയരമുള്ള രൂപം എന്റെ അടുത്തേക്ക് അടുക്കുംതോറും എന്റെ ഹൃദയമിടിപ്പ് കൂടുന്നതും ശരീരമാസകലം ഒരു വിറയൽ പടർന്നുകയറുന്നതും ഞാൻ അറിഞ്ഞു..... അടുത്തു വരുംതോറും ആ രൂപം കൂടുതൽ വ്യക്തമായിക്കൊണ്ടിരുന്നു..
വിജനമായ വഴി.. ഒന്നലറിക്കരഞ്ഞാൽപോലും ആരും കേൾക്കില്ല.. ആകെയുള്ളത് അവിടവിടെയായി പാർക്ക് ചെയ്ത ഏതാനും ടാക്‌സി കാറുകൾ.. എന്നാൽ അതിനുള്ളിലും മനുഷ്യ സാന്നിധ്യം ഉള്ളതായി തോന്നിയില്ല..
മനസിലൂടെ പറഞ്ഞുകേട്ടിട്ടുള്ള പല പല കഥകൾ ഓടിയെത്തി...
'പടച്ചോനെ.. ഒരു വടിയെങ്കിലും കയ്യിൽ കിട്ടിയിരുന്നെങ്കിൽ...
ഇതിപ്പോ എന്താ ചെയ്ക... '
ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ..
ഈ സമയംകൊണ്ട് അയാൾ എന്റെ അടുത്തെത്തിയിരുന്നു...
ദേഹമാസകലം മൂടിയ കറുത്ത കരിമ്പടം.. കഴുത്തിൽ ചുറ്റിയിട്ടിരിക്കുന്ന ഷാൾ കൊണ്ടുതന്നെ പകുതി മൂക്കിന് താഴോട്ടു മറച്ചിരിക്കുന്നു.. അതുകൊണ്ട്തന്നെ ആ തിളങ്ങുന്ന പൂച്ചക്കണ്ണുകൾ അല്ലാതെ മറ്റൊന്നും പുറമെ കാണാനാവുന്നില്ല...സാമാന്യം നല്ല ഉയരമുള്ള ഒരു മനുഷ്യൻ പാതിരാത്രി ദേഹം മൊത്തം മൂടി ഇങ്ങളെ മുന്നില് വന്നുനിന്നാൽ ഒന്നോർത്തുനോക്കിക്കെ...
എന്തായാലും വരുന്നത് വരട്ടെ എന്നുതന്നെ വിചാരിച്ചു ഞാൻ അൽപ്പം ധൈര്യം പോലൊരു സാധനം മുഖത്ത് വരുത്തി അത്യാവശ്യം എയർ പിടിച്ചുതന്നെ നിന്നു...കാരണം വേറൊന്നുമല്ല സൂർത്തുക്കളെ.. എന്റെ മുതുകത്തുകിടക്കുന്ന ബാഗും തൂക്കി ഓടാനുള്ള ശേഷിയുമില്ല.. വഴിയും അറിയില്ല...
പെട്ടെന്നൊരു ചോദ്യം.. കമ്പിളിക്കുള്ളിൽനിന്നു..
'ആപ്‌കോ കഹാം ജാനാ ഹൈ.. ?'
ഞാൻ ഒന്ന് ലൂസായി..എന്റെ മുഖത്തെ അസാമാന്യ ധൈര്യം കണ്ടിട്ടാവും അയാൾ മുഖം മറച്ചിരുന്ന ഷാൾ ചെറുതായിട്ട് മാറ്റി..കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത വന്നതോടെ ഞാനും ഉഷാറായി...
'റബ്ബേ.. ന്തായാലും ഈ സാധനം കടിക്കൂല... '
അയാളുടെ ശബ്ദം വീണ്ടും ആലോചനയിൽ നിന്നുണർത്തി.. :
'ഭായ് സാബ് ആപ്‌കോ കഹാം ജാനാ ഹൈ.. മേരാ ഗാഡി വഹാം ഗഡി ഹൈ.. '
ഇതുംപറഞ്ഞു അയാൾ ഇത്തിരി അകലേക്ക് വിരൽ ചൂണ്ടി..
അമ്പടാ.. ടാക്‌സിക്കാരനാ..
നേരത്തെ പറയണ്ടേ..
വെറുതെ പേടിച്ചു..
പിന്നീടങ്ങോട് ഞാൻ യഥാർഥ മലയാളി ആയി.. പേശലോട് പേശൽ.. അയാൾക്കുപോലും നാണംവരുന്ന തുക പറഞ്ഞതുകൊണ്ടാകാം എന്നെ തെറിയും പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞുനടന്നു.. മലപോലെ വന്നത് എലിപോലെ പോയ സന്തോഷത്തിൽ ഞാൻ അല്പം ഒന്നിരിക്കാനും...
കാലുംനീർത്തിയിരുന്നു ചെറുതായൊന്നു മയക്കം പിടിച്ചിരുന്നു.. അപ്പോളാണ് താഴേന്നു കയറ്റംകയറി വരുന്ന ഏതോ വാഹനത്തിന്റെ ശബ്ദം കേട്ടത്... പെട്ടെന്നുതന്നെ ചാടിയെണീറ്റു റെഡിയായി..എന്തുവണ്ടിയാണെന്നൊന്നും അറിയില്ല.. അഥവാ നമ്മുടെവണ്ടിയെങ്ങാനും ആണെങ്കിലോ...
മലകയറിവരുന്ന ഇരമ്പം അടുത്തടുത്ത് വരുന്നു.. ബസ് ആണ്.. ബോർഡിൽ വെളിച്ചം ഇല്ലാത്തതുകാരണം അടുത്തുവന്നാലേ എങ്ങോട്ടുള്ളതാണെന്നു പറയാൻപറ്റൂ...വണ്ടി വന്നുനിന്നു... മണികരനിലേക്ക് പോവുന്ന പഞ്ചാബിന്റെ ബസ് ആണ്... എന്തായാലും കേറുകതന്നെ.. കാരണം എനിക്കിറങ്ങേണ്ട ജെറിയിലൂടാണ് ഈ പറഞ്ഞ മണികരനിലേക്ക് പോവുന്നത്...
വേറൊന്നും ഞാൻ ആലോചിച്ചില്ല.. കേറി..
ഒന്നുരണ്ടു സീറ്റ് ഒഴിവുണ്ട്..
ആദ്യംകണ്ട സീറ്റിൽ സീറ്റിൽ ഒരു സർദാർജിയാണ്.. അങ്ങേരാണേൽ സീറ്റിന്റെ മുക്കാൽ മുക്കാൽ പങ്ക് കട്ടിലാക്കി ചെരിഞ്ഞുകിടന്നുറങ്ങുന്നു...
ശല്യപ്പെടുത്താൻ പോയില്ല..അരയിൽ കത്തിയൊക്കെ ഉള്ള ടീമാണ്.. ഞാനിപ്പോ ഒരങ്കത്തിനുള്ള ശാരീരികാവസ്ഥയിലുമല്ല.. നേരെ പിന്നോട്ട് നടന്നു.. അവിടുള്ള ഒരു സീറ്റിൽ ഇരുന്നു..
അടുത്തിരുന്ന ആൾ ഉറക്കത്തിലല്ല.. നമ്മളൊരു ചെറുചിരി പാസ്സാക്കി.. തിരിച്ചിങ്ങോട്ട് അത്ര ചെറുതല്ലാത്ത ഒരു ചിരിയും കൂടെ നല്ല കട്ട റമ്മിന്റെ നാറ്റവും.. പൊളിച്ചു.. ആശാൻ ഫിറ്റാണ്...
'എങ്ങോട്ടാ.. ?'
റമ്മടിച്ച ഹിന്ദിയിൽ ആശാൻ എന്നോട്..
'ജെറിയിൽ ഇറങ്ങും.. ' ഞാൻ പറഞ്ഞു..
പിന്നങ്ങോട്ട് ചോദ്യങ്ങളുടെ പെരുമഴയാരുന്നു..
മലനായ്ക്കാണ് പോകുന്നതെന്നറിഞ്ഞപ്പോൾ ആശാൻ എന്നെയൊന്നു മൊത്തത്തിൽ നോക്കി..
അപ്പോൾ ആ നോട്ടം ഒരു പുതുമയായി തോന്നിയെങ്കിലും പിന്നീടങ്ങോട്ട് അതൊരു സാധാരണ സംഭവമായിരുന്നു..അയാൾ ഒരുപാട് സംസാരിച്ചു.. കേരളത്തെക്കുറിച്ചും 'മദിരാസി'കളെ കുറിച്ചുമൊക്കെ വളരെ ബഹുമാനം കലർത്തിയാണ് അയാൾ ചോദിച്ചറിഞ്ഞത്..
'ജെറിയിലേക്ക് ഒരു ഒന്നര മണിക്കൂർ അടുത്ത യാത്രയുണ്ട്..' അയാൾ പറഞ്ഞു..ഉറങ്ങിക്കോളൂ.. ഞാൻ ജെറിക്കുമുന്നെ ഇറങ്ങും വിളിച്ചോളാം..പക്ഷേ എന്തോ എനിക്കുറങ്ങാൻ കഴിഞ്ഞില്ല..എന്തായാലും അയാളുടെ കൂടെ ഇത്തിരിനേരം സംസാരിച്ചുകഴിഞ്ഞപ്പോൾ തന്നെ മലാനയെക്കുറിച്ചുള്ള ഒരു ഏകദേശചിത്രം ഞാൻ മനസ്സിൽ വരച്ചിട്ടിരുന്നു..
ആ നല്ല മനുഷ്യൻ ഇറങ്ങുന്നതിനുമുന്നെ കണ്ടക്ടറോട് എന്റെ കാര്യം പറഞ്ഞേൽപ്പിക്കുകയും ഒന്ന് രണ്ടു ഹോട്ടലുകളുടെ കാർഡ് തരികയും ചെയ്തിട്ടാണ് യാത്ര പറഞ്ഞത്.. ഹിമാചലിന്റെ സ്‌നേഹം ഞാൻ അനുഭവിച്ചു തുടങ്ങുകയായിരുന്നു..വീണ്ടും ഒരു പതിനഞ്ചുമിനുട്ടത്തെ കുലുങ്ങിക്കുലുങ്ങിയുള്ള ഓട്ടത്തിനുശേഷം ബസ് നിന്നു..
ഏതാണ്ട് 2. 30 am ആയിരുന്നു എന്നു തോന്നുന്നു..
'ജെറി എത്തി.. ' കണ്ടക്ടർ പറഞ്ഞു..
ബാഗുമെടുത്ത് കണ്ടക്ടറോട് നന്ദിയും പറഞ്ഞു ഞാൻ ബസിൽ നിന്നിറങ്ങി...
അത്ര വലിയ ജംഗ്ഷൻ ഒന്നുമല്ല... ഒരു വളഞ്ഞു കിടക്കുന്ന ഗ്രാമമാണ് ജെറി..
രണ്ടു വശങ്ങളിലും മാനം മുട്ടെ വളർന്നുനിൽക്കുന്ന പർവതങ്ങൾ ആ മങ്ങിയ നിലാവിൽ ഭീമാകാരന്മാരായ രാക്ഷസനിഴലുകളെപോലെ തോന്നിച്ചു..
ഈ യാത്രയിൽ എനിക്ക് പറ്റുന്ന രണ്ടാമത്തെ കെണിയായിരുന്നു സുഹൃത്തുക്കളെ ജെറിയിൽ ഇറങ്ങിയത്..ഇന്നാണെങ്കിൽ ഈ അസമയത്ത് ആരും ഈ കുഗ്രാമത്തിൽ ഇറങ്ങരുത്.. നേരെ കസോൾ വഴി മണികരൺ പൊയ്‌ക്കോണം... ബസ് പോവുന്ന അവസാന സ്റ്റോപ്പ് ആണത്.. അവിടെയാണ് പ്രസിദ്ധമായ ഗുരുദ്വാര ഉള്ളത്.. (എത്ര കൊടുംതണുപ്പിലും ഈ ഗുരുദ്വാരയിലെ തിളയ്ക്കുന്ന ഉറവവെള്ളം പ്രസിദ്ധമാണ്.. )
എനിക്കും നേരെ അവിടെപ്പോയി ഇറങ്ങിയാൽ മതിയാരുന്നു.. ഒന്നൂല്ലെലും കിടക്കാൻ ഒരു സ്ഥലവും കഴിക്കാൻ ഭക്ഷണവും കിട്ടുമാരുന്നല്ലോ...ആദ്യ യാത്രയായതുകൊണ്ട് ഇത്തരം അബദ്ധങ്ങൾ സ്വാഭാവികമാണ്..
എന്തായാലും ജെറിയിൽ ഇറങ്ങി..
ഇവിടെയും നേരത്തെ ബുന്ദറിൽ പെട്ടുപോയപോലത്തെ അവസ്ഥയായിരുന്നെങ്കിലും എന്തോ എനിക്കൊരു പേടി തോന്നിയില്ല..
നഗരങ്ങളുടെ കാപട്യം ഈ കുഗ്രാമത്തിൽ ഉണ്ടാവില്ല എന്ന് തോന്നിയതുകൊണ്ടാണോ അതോ ഹിമാചൽ ഗ്രാമങ്ങളിൽ പെയ്യുന്ന മഞ്ഞുപോലെ നിർമ്മലമായിരിക്കും ഗ്രാമീണരുടെ മനസ് എന്ന് വിശ്വസിച്ചതുകൊണ്ടാണോ എന്നറിയില്ല.. അതുവരെ തോന്നാതിരുന്ന ഒരു സുരക്ഷിതത്വം എനിക്ക് തോന്നിത്തുടങ്ങിയിരുന്നു...
ആ ഒരു തോന്നലിന് ഈ യാത്ര നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഈ നിമിഷം വരെ ഒരു കോട്ടവും സംഭവിച്ചിട്ടില്ല.. പിന്നീട് പലപ്പോളായി നടത്തിയ ഹിമാചൽ യാത്രകൾ ഈ നാടിന്റെ സ്‌നേഹം എനിക്ക് ആവോളം മനസിലാക്കിത്തന്നു...എന്തായാലും ഇവിടെ ഇനി ഈ സമയത്ത് ആരെയും കാണാൻ പോകുന്നില്ല.. ഞാൻ കിടക്കാൻ ഒരു സ്ഥലം നോക്കി നടന്നു..
ഇന്ന് ജെറിയിൽ പോകുന്നവർക്ക് കാണാം ജെറി ബസ്സ്റ്റോപ് കഴിഞ്ഞു മലാനയിലേക്കുള്ള ടാക്‌സികൾ നിർത്തിയിടുന്നതിനു എതിർവശത്തായി ഒരു കടമുറി ഉണ്ട്.. അതിന്റെ സൈഡിൽ തന്നെ ഒരു ടാപ്പും... ആ ടാപ് കണ്ടതുകൊണ്ടും ഇത്തിരി വൃത്തിയുള്ള സ്ഥലം ആയതുകൊണ്ടും ബാക്കിയുള്ള ഉറക്കം ആ കടത്തിണ്ണയിൽ ആവാം എന്ന് ഞാൻ തീരുമാനിച്ചു...
പക്ഷെ തണുപ്പായിരുന്നു വില്ലൻ.. തണുപ്പെന്നുവച്ചാൽ അസ്ഥിക്കുപിടിക്കുന്ന തണുപ്പ്..
എന്റെ ജാക്കറ്റ് ഇട്ടിട്ടും ഞാൻ വിറയ്ക്കുന്നു.. അപ്പോളാണ് ബാഗിൽ ഇരിക്കുന്ന മണിയുടെ ജാക്കറ്റ് ഓർമവന്നത്.. ഉടനെ അതെടുത്തു ധരിച്ചു... ഒരു താൽക്കാലിക ആശ്വാസം കിട്ടിയെങ്കിലും ശക്തമായ പ്രതിരോധം ആയിരുന്നില്ല അത്...തണുപ്പുമായി ഒന്ന് പൊരുത്തപ്പെട്ടു വന്നപ്പോളാണ് അടുത്ത വില്ലൻ.. 'വിശപ്പ്.. '
സത്യത്തിൽ ഞാൻ എന്തെങ്കിലും ഭക്ഷണം കൂടെകരുതാൻ വിട്ടുപോയിരുന്നു...
ആകെ കയ്യിൽ ഉള്ളത് പഠാൻകോട്ടിൽ നിന്നും ബർഗർ കഴിച്ചപ്പോൾ എക്‌സ്ട്രാ മേടിച്ച ഒരുകൂട് ബിസ്‌കറ്റ് ആണ്.. അതുകൊണ്ട് എന്താവാൻ.. ?ആവുന്നതാവട്ടെ എന്നുകരുതി ബിസ്‌കറ്റ് പൊട്ടിച്ചു കഴിക്കാൻ തുടങ്ങിയപ്പോളാണ് എവിടെനിന്നോ ഒരു കറുത്ത പട്ടി കയറിവന്നത്... ഹിമാചൽ പട്ടികൾക്കൊക്കെ പൊതുവെ നല്ല ശരീരമാണ്.. കൂടാതെ ദേഹം മുഴുവൻ കട്ടികൂടിയ രോമവും..
തണുപ്പിനെ പ്രതിരോധിക്കാൻ പ്രകൃതികൊടുത്ത അനുഗ്രഹങ്ങൾ..
സാധാരണ പട്ടിയെ പേടിയുള്ള ഞാൻ എന്തുകൊണ്ടോ ഇതിനെ ഓടിച്ചുവിട്ടില്ല..പകരം കയ്യിൽ ഉണ്ടായിരുന്ന ബിസ്‌കറ്റിൽ ഇത്തിരി കൊടുത്തു..അങ്ങനെ ബിസ്‌കറ്റും കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു.. ഇടയ്ക്ക് എപ്പോളെക്കെയോ തണുപ്പ് കൂടിയപ്പോൾ ഞാൻ ഉണർന്നിരുന്നു..
പക്ഷേ ആശ്ചര്യം എന്തെന്നാൽ ഞാൻ ഉണർന്നപ്പോളൊക്കെ ആ പട്ടിയെയും കണ്ടിരുന്നു എന്റെ അടുത്തായി.. രണ്ടു ഗുഡ്ഡേ ബിസ്‌കറ്റിനോടുള്ള നന്ദി എനിക്കന്നു സുരക്ഷിതത്വം ഒരുക്കി..
സുഖനിദ്ര..
പിറ്റേന്ന് അതിരാവിലെ തന്നെ ഞാൻ എണീറ്റു.. ടാപ് ഉണ്ടായിരുന്നതുകൊണ്ട് ബ്രഷ് ചെയ്യാനൊക്കെ എളുപ്പമായി.. ഇത്തിരികൂടി വെളിച്ചം വീണുതുടങ്ങിയാൽ മലാനയിലേക്കുള്ള നടത്തം തുടങ്ങാം എന്ന് വിചാരിച്ചു ഞാൻ റെഡി ആവാൻ തുടങ്ങി..സഞ്ചാരികളെ അടുത്ത അബദ്ധത്തിലേക്കുള്ള തയ്യാറെടുപ്പായിരുന്നു അതെന്നു ഞാൻ ഒത്തിരി വൈകിയാണ് അറിഞ്ഞത്...
ഇത്തിരി നേരത്തേ കാത്തിരിപ്പിനൊടുവിൽ വെള്ളകീറിത്തുടങ്ങി.. ഞാൻ മെല്ലെ എണീറ്റു.. മാപ്പ് നോക്കി വഴി ഒന്നുകൂടി ഉറപ്പിച്ചു.. നടത്തം ആരംഭിച്ചു..ജെറി ജംഗ്ഷൻ കഴിഞ്ഞു കഴിഞ്ഞാൽ ഒരു ചെറിയ ഇറക്കമാണ്.. ആ ഇറക്കം നമ്മളെ കൊണ്ടെത്തിക്കുന്നത് ജെറി പൊലീസ് സ്റ്റേഷന്റെ മുന്നിൽ.. ഒരു പഴയ കെട്ടിടമാണ്.. മുറ്റത്തു കുറച്ചു പഴയ വണ്ടികൾ നിർത്തിയിട്ടിരി ക്കുന്നു..അവിടെനിന്നാണ് വഴി രണ്ടായി പിരിയുന്നത്.. വലത്തോട്ട് വളവുതിരിഞ്ഞു പോയാൽ കസോൾ, മണികരൻ.. ഇടത്തോട്ട് കാണുന്ന വഴി മലനായ്ക്ക്..
ഇവിടെയാണ് മലാന ഹൈഡ്രോ ഇലക്ട്രിക് പവർപ്ലാന്റ് ഉള്ളത്.. ഇവിടെ നിന്നും വലിയ ഒരു പൈപ്പ് മലയെ തുളച്ചു മുകളിലേക്ക് പോവുന്നത് കാണാം..ഇവിടെ നിന്നാണ് ശരിക്കും മലാനയ്ക്കുള്ള വഴി തുടങ്ങുന്നത്.. പാർവ്വതി നദിയുടെ തണുപ്പിൽ ഒന്നുകൂടി മുഖം കഴുകി ഒരു വടിയും ഓടിച്ചെടുത്ത് ഞാൻ യാത്ര തുടർന്നു...
മലാനയ്ക്കുള്ള വഴിയേ..
മരണത്തെ മുഖാമുഖം കാണാൻപോവുന്ന നിമിഷങ്ങളിലേക്കാണ് ഞാനീ നടന്നുകയറുന്നതെന്നു
അപ്പോളും ഞാൻ അറിഞ്ഞിരുന്നില്ല....നേരം വെളുത്തുവരുന്നതേയുള്ളു.. വഴിയിൽ അവിടവിടെയായി പട്ടികളുടെ കൂട്ടങ്ങളെ കാണാം.. കയ്യിൽ കരുതിയ വടിയിൽ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് നടക്കുകയാണ്..
ഹിമാചലിന്റെ സൗന്ദര്യം.. അതൊന്ന് വേറെതന്നെയാണ് സുഹൃത്തുക്കളെ.. നിങ്ങൾ വരുന്ന സമയം അതേതായാലും നിങ്ങൾക്കായി ഹിമാചൽ എന്തെങ്കിലും കരുതിയിട്ടുണ്ടാവും.. അതിമനോഹരമായത്...നാലുപാടും ഉയർന്നുനിൽക്കുന്ന പർവ്വതങ്ങൾ.. പല തട്ടുകളായി ചെരിഞ്ഞുവീഴുന്ന സൂര്യരശ്മികൾ.. ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരങ്ങളായ പ്രഭാതങ്ങളിൽ ഒന്ന്..
ഞാൻ നടന്നുകയറുന്ന വഴിയുടെ ഇടതുവശം അഗാധമായ ഗർത്തമാണ്.. താഴെ പൊട്ടുപോലെ കാണാം ഹിമാചലിന്റെ തനതു ശൈലിയിൽ പണിതീർത്തിരിക്കുന്ന കൊച്ചുകൊച്ചു വീടുകളും അതിനോട് ചേർന്നുള്ള കൃഷിയിടങ്ങളും..നടന്നു നടന്നു ടാർ ഇട്ട റോഡ് കഴിഞ്ഞു..
മനസ്സിൽ എവിടെയൊക്കെയോ സംശയത്തിന്റെ നാമ്പുകൾ മുളച്ചുതുടങ്ങി..
'ഇനി വഴിയെങ്ങാനും മാറിയോ.. ??
ഏയ്... വേറെ തിരിഞ്ഞുപോവുന്ന വഴികളൊന്നും വഴിയിൽ കണ്ടിട്ടുമില്ല..'
വഴിയൊന്നു ചോദിക്കാൻ വഴിയിൽ ആരെയും കാണാനുമില്ല.. ഏതായാലും വച്ച കാൽ മുന്നോട്ടു തന്നെ..ഏതാണ്ട് അരമണിക്കൂർ കൂടി നടന്നുകാണും.ദൂരെ നിന്ന് ഒരു വണ്ടി കയറ്റം കയറി വരുന്ന ശബ്ദം കേൾക്കാം... ഞാൻ വഴിയുടെ അരികുപറ്റി നടന്നു.. ഒത്തിരി അരികു പറ്റാനും പറ്റില്ല.. പണിപാളും.. അത്ര വലിയ താഴ്ചയാണ്..
വണ്ടിയുടെ ഇരമ്പം അടുത്തെത്തി.. ടാറ്റാ സുമോയാണ്.. ഒന്നുരണ്ടുപേർ ഇരിക്കുന്നുണ്ട് വണ്ടിക്കകത്ത്.. എന്നെക്കടന്നുപോയ വണ്ടി ഇത്തിരി മുന്നിൽ പോയി നിർത്തി.. ഞാൻ വണ്ടിക്കടുത്തെത്തിയതും ഡ്രൈവർ ചോദിച്ചു..
'കഹാ.. ?? മലാന... ???'
ഞാൻ കിതച്ചുകൊണ്ട് അതേ എന്ന് മറുപടി കൊടുത്തു..
'ഭായ്.. മലാന ഇവിടെനിന്നും ഒരുപാട് ദൂരെയാണ്.. നിങ്ങൾ ഇങ്ങനെ നടന്നാൽ വൈകുന്നേരം ആവും അവിടെയെത്താൻ.. '
പക്ഷേ ടാക്‌സിക്കാരുടെ സ്ഥിരം തന്ത്രമായി ഞാനാ വാക്കുകൾ പുച്ഛിച്ചു തള്ളി..
എങ്കിലും വെറുതെ ചോദിച്ചു ..
'കിതനെ മേം ചോട് ദെഗ.. ?'
600 രൂപാ പോലും..
വേണ്ട സഹോദരാ എന്നും പറഞ്ഞു അവനോട് പൊയ്‌ക്കോളാൻ പറഞ്ഞു...
സമയം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു..
ഏതാണ്ട് 10 മണിയോടടുത്തിരിക്കുന്നു... വെയിലിന്റെ കാഠിന്യം കൂടിവരുന്നതും ഞാൻ അറിയുന്നുണ്ട്... ഇടയ്ക്കിടയ്ക്ക് ഇരുന്നു വിശ്രമിച്ചും വെള്ളം കുടിച്ചും മുന്നോട്ടു നടന്നുകൊണ്ടിരുന്നു..
ഇപ്പോൾ സമയം 11 ആവുന്നു..
കൂടുതൽ ഉയരത്തിലേക്ക് ചെല്ലുംതോറും എന്തൊക്കെയോ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതുപോലെ...ഞാൻ നടക്കാൻ തുടങ്ങിയിട്ട് ഇപ്പോ ഏതാണ്ട് 5 മണിക്കൂറോളം ആയിരുന്നു.. താഴെ വലിപ്പം കുറഞ്ഞു കുറഞ്ഞു വരുന്ന വീടുകൾ.. ശക്തി പ്രാപിച്ചു വരുന്ന വെയിൽ..
കയ്യിൽ കരുതിയ വെള്ളവും ഏതാണ്ട് കഴിഞ്ഞിരിക്കുന്നു..അതിരാവിലെ പുറപ്പെട്ടതുകൊണ്ട് വേറെ വെള്ളം മേടിക്കാനോ ഭക്ഷണം കരുതാനോ കഴിഞ്ഞിരുന്നില്ല..അതുമാത്രമല്ല എന്റെ മനസിലെ മലാന ജെറിയിൽ നിന്നും ഏതാനും വളവുകൾക്കപ്പുറം ആയിരുന്നല്ലോ..വരുന്നത് വരട്ടെ എന്ന് കരുതി വീണ്ടും മുന്നോട്ട്.. പക്ഷേ ആരോ പിന്നിൽ നിന്നും പിടിച്ച് വലിക്കുന്നതുപോലെ.. ശ്വാസം എടുക്കുന്നതിലും ചെറിയ ബുദ്ധിമുട്ട്..
കുപ്പിയിൽ ഉണ്ടായിരുന്ന അവസാന തുള്ളിവെള്ളവും മുഖത്തിറ്റിച്ച് നടക്കാൻ ശ്രമിച്ചു..
ഒരു 10 മിനിറ്റ് കൂടി നടന്നുകാണും..അപ്പോളേക്കും ഞാൻ ജനവാസകേന്ദ്രം പിന്നിട്ടു ഒരുപാട് ദൂരം ആയിക്കഴിഞ്ഞിരുന്നു..ഇപ്പോൾ ഞാൻ വെറും പാറക്കൂട്ടങ്ങളുടെ ഇടയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്...ഏതോ പ്രൊജക്റ്റ് നടക്കുന്ന സ്ഥലമാണ്.. ഒരു ഇരുമ്പ് പാലവും കുറെ പാറക്കൂട്ടങ്ങളും ഇപ്പോളും എന്റെ ഓർമ്മയിൽ ഉണ്ട്..
വയ്യ.. ഇനി ഒരടിപോലും വയ്യ..
ഞാൻ വെറുംനിലത്തേക്കിരുന്നു.. ശ്വാസം എടുക്കാൻ നന്നേ കഷ്ടപ്പെടുന്നുണ്ട്.. കണ്ണുകൾ എത്ര തുറക്കാൻ ശ്രമിച്ചിട്ടും താനേ അടഞ്ഞുപോവുന്നു.. ഒരു തുള്ളി വെള്ളം പോലും എന്റെ കയ്യിൽ ഇല്ല.. ഞാനിവിടെ തീരാൻപോവുകയാണ്... ഞാൻ ഉറപ്പിച്ചു...
എപ്പോളോ കണ്ണടഞ്ഞു പോയി... എത്ര നേരം ഞാൻ അങ്ങിനെ ഇരുന്നു എന്നറിയില്ല..
മുഖത്തേക്ക് ശക്തമായി വെള്ളം തെളിഞ്ഞപ്പോളാണ് എഴുന്നേറ്റത്..കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് ആരോ മുഖത്തേക്ക് നീട്ടിപ്പിടിച്ചിരിക്കുന്ന വെള്ളക്കുപ്പിയാണ്..ഒന്നും ആലോചിക്കാതെ തട്ടിപ്പറിച്ചു.. മടമടാന്ന് കുടിച്ചിറക്കി... ഇരുന്നുകൊണ്ട് തന്നെ മുഖവും കഴുകി ബാക്കി തലയിലൂടെയും കമിഴ്‌ത്തി..
അത്രയും ചെയ്ത് രണ്ടു മിനിറ്റ് കൂടി കഴിഞ്ഞപ്പോളാണ് ഞാൻ എവിടാണ് എന്നൊക്കെ ഒരു വെളിവും ബോധവും വന്നത്..
ഞാൻ മെല്ലെ എണീക്കാൻ നോക്കിയപ്പോളേക്കും അയാൾ വന്നെന്നെ താങ്ങിപ്പിടിച്ചു..
സത്യത്തിൽ അപ്പോളാണ് ആ മുഖത്തേക്കു ഞാൻ നോക്കുന്നത്.. ചെമ്പിച്ച താടിയും മുടിയുമൊക്കെയുള്ള ഒരു ചെറിയമനുഷ്യൻ..ഞാൻ അയാളോടോ അയാൾ എന്നോടോ ഒന്നും ചോദിച്ചില്ല.. താങ്ങിപിടിച്ചു എന്നെ അയാൾ അയാളുടെ സുമോയുടെ മുൻസീറ്റിലേക്ക് ഇരുത്തി..
എല്ലാം ഒന്നടങ്ങിയപ്പോ അയാൾ ചോദിച്ചു.. :
'മലാനയ്ക്കല്ലേ.. ?
പോവാം.. ??'
ഞാൻ തല കുലുക്കി.. കാരണം എന്തെങ്കിലും പറയാൻ മാത്രം ശക്തി എനിക്കപ്പോൾ ഇല്ലായിരുന്നു..ഇത്തിരി കഴിഞ്ഞപ്പോളേക്കും പതിയെ ക്ഷീണം കുറഞ്ഞുവന്നു..
വെളിയിൽ വെയിലാണെങ്കിലും വണ്ടി ഓടുമ്പോൾ കിട്ടുന്ന തണുത്ത കാറ്റ് പകുതി ക്ഷീണം കൊണ്ടുപോയെന്നു പറയാം.
ഞാൻ മെല്ലെ ആ മനുഷ്യനെ നോക്കി.. ആസ്വദിച്ച് ഒറ്റ കൈകൊണ്ടു വണ്ടി പറപ്പിക്കുകയാണ്..
ഒരു വശം കൊക്കയുള്ള വഴിയിലൂടെയാണ് ഈ പോക്ക് എന്നോർത്തതും ഒന്നു ഞെട്ടി ഞാൻ..
ഞാൻ എണീറ്റു എന്ന് കണ്ടതും അയാൾ സംസാരിച്ചു തുടങ്ങി..അയാളുടെ പേര് ശീർഷ്.. ജെറിയിൽ ടാക്‌സി ഓടിക്കുന്നു... ജെറിയിൽ നിന്നും മലാനയ്ക്കുള്ള വഴിയിൽ മാത്രമാണ് ഓട്ടം..
എന്നും ജെറിയിൽ നിന്നും യാത്രക്കാർ വന്ന് വണ്ടി നിറഞ്ഞതിനു ശേഷമേ അയാൾ വരാറുള്ളൂ...പക്ഷെ ഇന്ന് അയാൾ ഇന്നലെ മലാനയിൽ കൊണ്ടുവിട്ട ഒരു ഗ്രൂപ്പ് ആൾക്കാരെ തിരിച്ചു കൊണ്ടുവരാൻ അവർ വിളിച്ചിട്ട് വരുന്ന വഴിയാണ്..അപ്പോളാണ് എന്നെ കണ്ടത് പോലും.. എന്നിട്ടും അയാൾ നിർത്താനുള്ള കാരണം ഈ വഴിയിൽ കാൽനടയാത്രക്കാർ തീരെ ഇല്ലാത്തതും പിന്നേ എന്റെ ബാഗും കുപ്പിയുമെല്ലാം ചിതറിക്കിടന്നതുമാണ്..
ശരിയായിരിക്കാം.. ഞാൻ ഇരുന്നപ്പോൾ ബാഗും കുപ്പിയുമൊന്നും ഏതുവഴിക്കു പോയി എന്നുപോലും എനിക്കോർമ്മയില്ലായിരുന്നു..എന്തായാലും അയാൾ പറഞ്ഞു ഞാൻ മലാനയ്ക്കുള്ള ഏതാണ്ട് പകുതി ദൂരത്തോളം നടന്നു കഴിഞ്ഞിരുന്നു എന്ന്..
സുഹൃത്തുക്കളെ അപ്പോൾ ഞാൻ ഓർത്തു.. ഏതാണ്ട് 5 മണിക്കൂർ കൊണ്ട് ഞാൻ നടന്നത് പകുതി ദൂരം മാത്രം..
അപ്പോൾ ഞാൻ മൊത്തം നടക്കാൻ ശ്രമിച്ചിരുന്നെങ്കിലോ.. ??ഈ നല്ല മനുഷ്യൻ ഈ വഴി വന്നില്ലായിരുന്നുവെങ്കിൽ.. ???
ആദ്യം വന്ന ടാക്‌സിക്കാരൻ പറഞ്ഞത് ശരിയായിരുന്നു.. വണ്ടിയിൽ ചുരുങ്ങിയ സമയം കൊണ്ടെത്തുന്ന ഈ ചെറിയ ദൂരം നടക്കാൻ എന്നെപോലെ ഒരാൾക്ക് ഒരു പകൽ മുഴുവനും വേണ്ടിവന്നാലും അതിശയിക്കാനില്ല..കാരണം ഞാൻ നടന്നതിനേക്കാൾ കൂടുതൽ സമയം വിശ്രമിക്കാനാണ് എടുത്തത്.
ഞാൻ ഒന്നുകൂടി ആ മനുഷ്യന്റെ മുഖത്തേക്കു നോക്കി.. ഹിമാചലിന്റെ സ്‌നേഹം എനിക്ക് പഠിപ്പിച്ചുതന്ന ആദ്യത്തെ ആൾ..
ഞാൻ മനസ്സിൽ പറഞ്ഞു..:
'ശീർഷ് ഭായ്.. മറക്കില്ല ഒരിക്കലും.. കാരണം നമ്മുടെ സൗഹൃദത്തിന് എന്റെ ജീവന്റെ വിലയാണ്.. '
(ആ സുഹൃത്ബന്ധം ഇപ്പോളും തുടരുന്നു.. അതിനുശേഷം പോയ മണാലി യാത്രകളിലെല്ലാം ഞങ്ങൾ തമ്മിൽ കാണാറുണ്ട്.. അവസാനമായി 2017 മാർച്ച് മാസത്തിൽ നാട്ടിൽ നിന്നും വന്ന സുഹൃത്തുക്കളുമായി പോയപ്പോളും കണ്ടിരുന്നു.. അതിനുശേഷം എന്റെ ഫോൺ നഷ്ടപ്പെടുകയുണ്ടായി.. കൂടത്തിൽ ശീർഷ് ഭായിയുടെ നമ്പറും ഒന്നിച്ചുള്ള ഫോട്ടോസും..
ഇനി അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു.. )
കാര്യം പറഞ്ഞു പറഞ്ഞു മലാന എത്തിയതറിഞ്ഞില്ല..
'ജിതിൻ ഭായ്.. അതാ.. ആ കാണുന്നതാണ് മലാന... '
ഇടതു വശത്തു കണ്ട പച്ചപുതച്ച മലനിരകളിലേക്കു കൈചൂണ്ടി ശീർഷ് ഭായ് പറഞ്ഞു...
'മലാന....
അവസാനം ഞാൻ നിന്നെ തേടി വന്നിരിക്കുന്നു... '
ചിത്രങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ഞാൻ അറിഞ്ഞ മലാന ഇതാ കണ്മുന്നിൽ..
ഇന്ത്യയിലെ ഒറ്റപ്പെട്ട ഗ്രാമം..
പുറംലോകവുമായി യാതൊരുവിധ ബന്ധങ്ങളും ആഗ്രഹിക്കുന്നവരല്ല ഇവർ..
മറ്റ് ഹിമാചലികളോടുപോലും അകലം പാലിക്കുന്ന ഗ്രാമീണർ പുറംനാട്ടുകാരെ സംശയത്തിന്റെ കണ്ണുകളിൽക്കൂടി മാത്രമേ കാണൂ.. നമ്മൾ ഇവരുടെ വീടുകളിലോ ദേഹത്തോ സ്പർശിച്ചാൽ അന്നാട്ടിലെ ശിക്ഷ അനുഭവിക്കേണ്ടതായി വരും...
വായിച്ചറിഞ്ഞ അറിവുകൾ ഞാൻ ഒന്നുകൂടി അയവിറക്കി...മലാനയിലേക്കുള്ള കവാടത്തിനു മുന്നിൽ വണ്ടി നിന്നു... ഞാനും ഭായിയും ഇറങ്ങി..
ഞാൻ മലാനയെ ഇമവെട്ടാതെ നോക്കുന്നത് കണ്ടിട്ടാവണം അയാൾ ചിരിച്ചു..ഈ ചിരിയുടെ അർഥം നേരത്തെ മനസിലാക്കിയതുകൊണ്ട് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു... :
'അല്ല ഭായ്... അതിനല്ല..
ഞാൻ ഈ രഹസ്യങ്ങൾ ഉറങ്ങുന്ന മലമടക്ക് ഒന്ന് കാണാൻ വന്നതാണ്.. പറ്റുമെങ്കിൽ ഒരു രാത്രി ഈ മലമുകളിൽ നക്ഷത്രങ്ങളുടെ കയ്യെത്തുംദൂരത്ത് ഉറങ്ങാതെയിരിക്കാനും... '
ഇവിടെ വരുന്ന ഭൂരിഭാഗത്തേയും പോലെ ഞാനും ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ കഞ്ചാവ് തേടി വന്നതാണ് എന്ന് വിചാരിച്ചാണ് അയാൾ ചിരിച്ചത് എന്നാണ് ഞാൻ കരുതിയത്..
എന്നാൽ അയാൾ പറഞ്ഞു..:
'ജിതിൻ ഭായ് ഞങ്ങൾ വർഷങ്ങളായി ഇവിടെ.. ഒരുപാട് മുഖങ്ങൾ ദിവസവും കാണുന്നു...
അതുകൊണ്ട് തന്നെ ഞങ്ങൾക്കറിയാം ആരൊക്കെ എന്തിനൊക്കെയാ വരുന്നതെന്ന്..
നിങ്ങൾ കഞ്ചാവാന്വേഷിച്ചു വന്ന ആളായിരുന്നുവെങ്കിൽ ഈ പകുതിവഴി നടന്നുവരില്ലായിരുന്നു.. ??'
ഞാൻ ചിരിച്ചുകൊണ്ട് പേഴ്സ് തുറന്നു പൈസ എടുക്കാൻ തുടങ്ങിയതും അയാൾ കയ്യിൽ കയറിപ്പിടിച്ചു... ഒരു രൂപ പോലും ആ മനുഷ്യൻ വാങ്ങിയില്ല എന്റെ കയ്യിൽ നിന്നും..
എനിക്ക് പോകേണ്ട വഴിയും കാണിച്ചുതന്നു.മലാനയിലേക്കുള്ള പച്ചനിറത്തിലുള്ള ബോർഡ് വച്ച സ്ഥലം വരെയേ വണ്ടികൾ ചെല്ലൂ..
അവിടുന്നങ്ങോട്ട് ഒറ്റയടിപാതയാണ്.. മലാനയിലേക്കുള്ള വഴി.. അവിടെ കണ്ട ഒരു ചെറിയ കടയിൽ നിന്നും ഒരു കുപ്പി വെള്ളവും ലെയ്‌സ് ഉം മേടിച്ചു ഞാൻ മെല്ലെ നടക്കാൻ തുടങ്ങി.. ആദ്യം ചെറിയ ഇറക്കമാണ്.. ആരുടെയൊക്കെയോ കൃഷിയിടങ്ങളിൽ കൂടി കടന്നുപോവുന്ന വഴി.. ധാരാളം മലാനികൾ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നുണ്ട്..
നടന്ന് നടന്നു ഞാൻ ഒരു പാലത്തിന്റെ അടുത്തെത്തി.. ഒരു ചെറിയ പാലം.. അത് കടന്നുകഴിഞ്ഞാല്പിന്നെ കയറ്റം ആരംഭിക്കുകയാണ്..
നേരെത്തെ ഉണ്ടായ അനുഭവം ഓർമ്മയിൽ ഉള്ളതുകൊണ്ട് വളരെ പതുക്കെ സമയം എടുത്തു മതി മലകയറ്റം എന്ന് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു.. അതുകൊണ്ട്തന്നെ വഴിയിൽ കണ്ട പാറക്കല്ലുകളിൽ ഒക്കെ ഇരുന്നു വിശ്രമിച്ചാണ് ഞാൻ മലകയറിയത്..
ഒരുപാട് മലാനികൾ അവരുടെ ആടുകളുടെ കൂടെയും അല്ലാതെയും മലയിറങ്ങി വരുന്നുണ്ടായിരുന്നു.. തൊട്ടടുത്ത കാടുകളിൽ ആടിനെ മെയ്‌ക്കാനും വിറകു ശേഖരണത്തിനുമായി പോവുന്നവരാണ്..ഓരോ മലാനിയും എന്നെ മറികടന്നുപോവുമ്പോൾ ദേഹത്ത് സ്പർശിക്കാതിരിക്കാൻ സാമാന്യം നല്ല ഒരു ദൂരം മാറിനടക്കുന്നത് ഞാൻ ശ്രദ്ധിച്ചു..
ഏതാണ്ട് ഒരു മണിക്കൂർ മിച്ചം എടുത്ത നടത്തം..
പലയിടത്തും ഇരുന്നു വിശ്രമിച്ചു മലകയറിയ എന്നെ മലാനി വൃദ്ധന്മാരുന്‌ടെ ആരോഗ്യം അക്ഷരാർഥത്തിൽ അമ്പരപ്പിച്ചു.. കാരണം എന്നെക്കടന്നു മലകയറിപ്പോയതിൽ ഭൂരിഭാഗം വൃദ്ധജനങ്ങൾ ആയിരുന്നു.. എന്നാൽ അവർ മലകയറുന്ന വേഗത.. അത് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.. പ്രായത്തിന്റേതായ യാതൊരു അവശതകളും ഞാൻ ആ വൃദ്ധന്മാരിൽ കണ്ടില്ല..
ഞാൻ മലാനയിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരുന്നു..മലാനയിലെ വീടുകൾ പ്രിത്യേക രീതിയിൽ ഉള്ളതാണ്... പൂർണ്ണമായും മരം കൊണ്ടുണ്ടാക്കിയ ഇവയ്ക്ക് മൂന്നു തട്ടുകൾ (നിലകൾ )ആണുണ്ടാവുക..ഏറ്റവും താഴത്തെ നിലയിൽ ഇവർ വളർത്തുമൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നു... തൊട്ടുമുകളിൽ വിറകു ശേഖരിച്ചു വച്ചിരിക്കുന്നത് കാണാം.. അതിനും മുകളിലായാണ് മനുഷ്യവാസം..
അങ്ങനെ ഞാൻ മലാനയുടെ മണ്ണിൽ തൊട്ടു..മലാനയുടെ ഗന്ധം അനുഭവിച്ചു.. പക്ഷേ അത്രയും നീണ്ട നടത്തം എന്നെ വല്ലാതെ ക്ഷീണിതനാക്കിയിരുന്നു.. എങ്ങനെയെങ്കിലും ഒരു റൂം എടുക്കുക.. ഇത്തിരി ഉറങ്ങുക.. ഞാൻ വിചാരിച്ചു..
മലാനയിൽ പുറത്തുനിന്നു വരുന്നവർക്ക് താമസിക്കാൻ മുറികൾ ലഭ്യമാണെന്ന് ശീർഷ്ഭായ് പറഞ്ഞതനുസരിച്ച് ഞാൻ മുറിത്തപ്പി നടന്നു..
തീർത്തും ഇടുങ്ങിയ വഴികളിൽ നമ്മളെ തുറിച്ചുനോക്കുന്ന കുട്ടികളും മുതിർന്നവരും..
ഒരു പുഞ്ചിരി പോലും ഞാൻ ആ മുഖങ്ങളിൽ കണ്ടില്ല.. പകരം തികഞ്ഞ അപരിചിതത്വം.. കൂടാതെ എന്തിനോടുള്ള ഭയവും ആ കണ്ണുകളിൽ നിറഞ്ഞിരുന്നു..
ഇവിടെ സുലഭമാണ് കഞ്ചാവ്.. എല്ലാ പെട്ടിക്കടകളിലും ഏറ്റവും മുന്നിൽത്തന്നെ കഞ്ചാവിന്റെ വകഭേദങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു.. ബീഡികൾ പോലും കഞ്ചാവ് ബീഡിയാണ്..
അങ്ങനെ കുറച്ചു നേരത്തെ അലച്ചിലിനു ശേഷം ഒരു റൂം ഒത്തുകിട്ടി.. ഇനി ഒരു നല്ല കുളി.. ഭക്ഷണം... ഉറക്കം..കുളി കഴിഞ്ഞു വന്നതും ഭക്ഷണം റെഡി ആയിരുന്നു..നല്ല റൊട്ടിയും ദാൽ കറിയും.. സത്യത്തിൽ കുളി കഴിഞ്ഞിറങ്ങിയപ്പോളേക്കും ഒരാനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു..
ഭക്ഷണവും കഴിച്ചു ബെഡിലോട്ട് വീണതെ ഓർമ്മയുള്ളു... സുഖനിദ്ര...
പിന്നെ ഞാൻ എണീക്കുന്നത് ഉച്ചത്തിലുള്ള പാട്ടും കൊട്ടും കേട്ടുകൊണ്ടാണ്.. മെല്ലെ പുറത്തിറങ്ങി നോക്കി.. സന്ധ്യ മയങ്ങിയിരിക്കുന്നു.. എല്ലാ വീടുകളിലും ലൈറ്റുകൾ കത്തിത്തുട