അവന്‍ കല്യാണത്തിനു വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പരിചയമില്ലാത്ത നമ്പറായതുകൊണ്ട് അല്‍പ്പം കടുപ്പിച്ചാണ് ഹലോ പറഞ്ഞത്. സുനീഷാണെന്നു കേട്ടപ്പോള്‍ ലോകത്ത് ഇന്നുവരെ തെറികള്‍ക്കു വേണ്ടിയൊരു ഡിക്്ഷനറി കണ്ടു പിടിച്ചില്ലല്ലോ എന്നു സങ്കടം തോന്നി. പൊറ്റശ്ശേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മുറ്റത്തു നിന്ന് കേട്ടും പറഞ്ഞും ശീലിച്ച നാലു തെറി പറഞ്ഞപ്പോഴും അവന്‍ ചിരിക്കുകയായിരുന്നു. പച്ചത്തെറിയാണോ നീലത്തെറിയാണോ അതെന്നോര്‍ത്ത് ഇപ്പോള്‍ സങ്കടം തോന്നുന്നു.
എടാ ഞാന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. നീ വരണം... ഇത്രയും വാക്കുകള്‍കൊണ്ട് വിവാഹക്ഷണം നടത്തിയ ബാല്യകാലസഖാവിനോട് മനം നിറഞ്ഞ സ്നേഹം തോന്നി. എന്റെ കല്യാണത്തിന് ഈ ടെലിഫോണ്‍ ക്ഷണപ്പത്രിക കോപ്പിയടിക്കുമെന്ന് നിമിഷനേരംകൊണ്ട് തീരുമാനിക്കുകയും ചെയ്തു. പച്ചവെള്ളത്തില്‍ മനുഷ്യനെ മയക്കുന്ന ലഹരിവസ്തുക്കളുണ്ടെന്നു കണ്ടുപിടിച്ചവനാണു കക്ഷി. അതെ, ഭൂമി മാതാവിന്റെ ഗര്‍ഭഗൃഹത്തിലെ കുടിനീരില്‍ ലഹരിയുണ്ട്. അന്ന് സുനീഷ് അങ്ങനെ പറഞ്ഞപ്പോള്‍ ആദ്യം മതിലില്‍ നിന്നു ചാടിയിറങ്ങിയത് രജനീദാസായിരുന്നു. പേരില്‍ രജനിയുണ്ടെങ്കിലും ദാസനാവാന്‍ ഇഷ്ടമുള്ള അണ്ണന്‍ സുനീഷിന്റെ പിടലിക്ക് അടിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല. പ്രൊഫസര്‍ സഹദേവന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്കു കയറി വരുമ്പോള്‍ പിന്നിയാംപാടംകാരി അനുപമ ക്ലാസിലേക്ക് ഓടിക്കയറുന്നതുപോലെ സുനീഷ് നടുവട്ടം ചാടി. കളരി മുറകളില്‍ അടവുകള്‍ ഇരുപതുണ്ടെന്ന് ജീവിതത്തില്‍ എന്നെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് അന്നാണ്. നിലത്തു പതിഞ്ഞിരുന്ന് എച്ച് 2 ഒയില്‍ ലഹരി കണ്ടെത്തിയ ലാബ് തിയറി സുനീഷ് പറഞ്ഞു തുടങ്ങി. മ്യാലില്‍ വക്കന്‍ ചേട്ടന്റെ മകന്‍ സണ്ണിച്ചന്റെ കല്യാണത്തലേന്ന് ബാച്്ലര്‍ പാര്‍ട്ടിക്ക് സ്‌കോച്ച് വിസ്‌കിയുണ്ടായിരുന്നു. റമ്മും ബിയറും ബ്രാന്‍ഡിയും വേറെ. കുടിയന്മാര്‍ക്കു മാത്രമായി പ്രത്യേകം മതവും ജാതിയുമുണ്ടെന്ന് മനസിലായത് അന്നാണ്. ലുങ്കി ബാര്‍, ഡീസന്റ് ബാര്‍, വിഐപി... ലോക്കല്‍ ബാറിന്റെ കൗണ്ടറില്‍ നില്‍പ്പനടിക്കുന്നവരുടെ ഐഡന്റിറ്റി കാര്‍ഡിന്റെ നാടന്‍ പേരാണ് ലുങ്കി ബാര്‍. സണ്ണിച്ചന്റെ തെങ്ങിന്‍ തോട്ടത്തിലെ മണ്ടപോയ ടി ഇന്റുഡിയുടെ ചുവട്ടിലായിരുന്നു കല്യാണവീടിന്റെ ലുങ്കി ബാര്‍. കുളിയും കഴിഞ്ഞ് നീല ടീഷര്‍ട്ട് ഇട്ടപ്പോള്‍ കള്ളിമുണ്ടു വേണോ അതോ പാന്റ്സിടണോ എന്നു മൂന്നാലു തവണ ആലോചിച്ചു. കല്യാണ വീടല്ലേ എന്തെങ്കിലുമൊക്കെ പണി കാണുമെന്നു കരുതി ലുങ്കിയെ അരയില്‍ സ്ഥാപിച്ചു. 501 സോപ്പിന്റെ മണം നുകര്‍ന്ന് അരയില്‍ കച്ചകെട്ടുമ്പോള്‍ വിചാരിച്ചിരുന്നില്ല പെരുമ്പള്ളിക്കുന്നേലെ ജെന്‍സിയും മൈലംവേലില്‍ തങ്കച്ചന്റെ ഭാര്യ പൊന്നമ്മയുമൊക്കെ കല്യാണ വീട്ടിലുണ്ടാകുമെന്ന്. നൂലു പൊങ്ങിയ തോര്‍ത്തും തലയിലിട്ട് നേരെ അടുക്കള ഭാഗത്തേയ്ക്കു വച്ചുപിടിച്ചു. പഴങ്കഞ്ഞിയില്‍ ഉണക്കമീനിട്ടു തന്നതിന് അല്‍സേഷ്യന്‍ പട്ടി കൊച്ചമ്മയെ നോക്കുന്ന പോലെ പൂമുഖത്തു നിന്ന് ആരൊക്കെയോ നോക്കുന്നുണ്ടായിരുന്നു. അച്ചാറും ചാളക്കറിയും മിക്സ്ചറും ചക്കവറുത്തതും പിന്നെ കുറേ ഗ്ലാസും. അടുക്കളപ്പുറത്തെ ചായ്പ്പ് ഹൈവേ ബാറിനെക്കാള്‍ വൃത്തികേടായിരുന്നു. ആദ്യം ഒരു ഗ്ലാസ് ബ്രാന്‍ഡിയെടുത്തു. തവളയും രണ്ട് ആമകളും കഴിഞ്ഞ ഞാറ്റുവേലയ്ക്കു വഴിപിഴച്ചു കൂപ്പുകുത്തിവീണ ഒരു ചേരയും സസുഖം ജീവിക്കുന്ന കിണറ്റിലെ വെള്ളം ഒഴിച്ചപ്പോള്‍ വിസ്‌കി പ്രതികരിച്ചു. നുരയും പതയും ഗ്ലാസിനെ കുളിരു കോരിച്ചു. കുടല്‍മാലകള്‍ക്കു സംസാരശേഷിയുണ്ടെന്നു മനസിലാക്കാന്‍ കല്യാണവീട്ടിലെ മദ്യപാനം തന്നെ പോംവഴി. ലൈലന്റ് ലോറി നൊട്ടമല വളവു കയറുന്നപോലെ മക്്ഡവല്‍സ് തലച്ചോറിലേക്ക് ആക്സിലറേറ്റര്‍ മുറുക്കിത്തുടങ്ങി. ചെറുകര ബേബിയും സംഘവും വണക്കം പറഞ്ഞു കേറിവന്നപ്പോള്‍ വിസ്‌കി ബോട്ടിലിലാണ് പിടി മുറുക്കിയത്. വാടാ സുനീഷേ എന്നു ക്ഷണിക്കുമ്പോള്‍ എതിര്‍ക്കുന്നതെങ്ങനെ. വയറ്റിളക്കത്തിന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു തരുന്ന ടോണിക്കിന്റെ മണമാണ് വിസ്‌കിക്ക്. നേരത്തെ മേമ്പൊടിക്കു ചേര്‍ത്ത വെള്ളം തടസം കൂടാതെ ഗ്ലാസിലേക്ക് ഒഴിച്ചു. കല്യാണ വീടിന്റെ രാത്രിക്ക് ഭംഗി കൂടിക്കൊണ്ടേയിരുന്നു. റമ്മിന്റെ ബോട്ടില്‍ തുറന്നതും പൊട്ടക്കിണറ്റിലെ വെള്ളമൊഴിച്ചതും ഓര്‍മയുണ്ട്. പൊട്രാക്റ്റര്‍കൊണ്ടുപോകാത്തതിന് എട്ടാം ക്ലാസില്‍ താറാവു മാഷ് ചെവിയില്‍ പിടിച്ചപ്പോള്‍ പെരുവിരലില്‍ നിന്നു ശിരസുവരെയുണ്ടായ മൂളല്‍ പിന്നീട് ആദ്യമായി അന്നാണ് അനുഭവപ്പെട്ടത്. പൂഞ്ചോല മലയുടെ മുകളില്‍ ആകാശത്ത് ചന്ദ്രന്‍ ഇതൊക്കെ കണ്ടു ചിരിക്കുന്നുണ്ടായിരുന്നു. കേട്ടോ ബേബിച്ചേട്ടാ. മേലില്‍ പച്ചവെള്ളം കുടിക്കരുത്. അത് ബ്രാന്‍ഡിയിലൊഴിച്ചാലും വിസ്‌കിയിലൊഴിച്ചാലും റമ്മിലൊഴിച്ചാലും മനുഷ്യന്‍ ഫിറ്റാവും. വെള്ളത്തിനു ലഹരിയുണ്ട്, സംശയമില്ല...
സോഡയില്ലാതെ മദ്യപിക്കില്ലെന്നു സുനീഷ് വാശിപിടിക്കുന്നതിന്റെ ന്യൂട്ടന്‍സ് തിയറി അന്നാണ് മനസിലായത്. കള്ളിന്റെ മണമില്ലാത്ത സുനീഷിനെ കണ്ടതില്‍ എല്ലാവര്‍ക്കും സന്തോഷം. കല്യാണത്തിന് കൂട്ടുകാരെ എച്ച 2 ഒയില്‍ നിരാടിക്കാന്‍ പാലക്കാട്ടു വച്ചു കൂട്ടായ്മ. മദ്യപ്പാട്ടയ്ക്ക് കാവലിരിക്കാന്‍ വരുന്ന പെണ്ണേതാ.. ? അച്ചന്റേതാണു സെലക്്ഷന്‍. ഒരു വര്‍ഷം മുമ്പ് മരിച്ച ജോസഫു ചേട്ടനല്ലാതെ സുനീഷിനു വേറെയും അച്ഛനോ...? പൂഞ്ചോലപ്പള്ളിയിലെ അച്ചനാടാ... അലുവയും മീന്‍ചാറും പോലെ ആകെപ്പാടെ കോമ്പിനേഷനില്ലായ്മ അപ്പോഴേ ഫീല്‍ ചെയ്തു. പള്ളീലച്ചന്‍ സുനീഷിനു പെണ്ണു കണ്ടെത്തിയിരിക്കുന്നു. വാട്ടീസ് ദിസ്...?
ജീവിതം എന്നെ ഒന്നും പഠിപ്പിച്ചില്ല. സര്‍ട്ടിഫിക്കറ്റു കിട്ടാനായി പരീക്ഷയ്ക്കു വേണ്ടി വായിച്ച ബിഎ ഹിസ്റ്ററിയൊന്നും ഇപ്പോള്‍ ഓര്‍മയുമില്ല. മുപ്പത്തൊന്നു വയസിനിടെ കുറേ തേങ്ങയുടെ ചകിരി പൊതിച്ചു. കായക്കുലകളുടെ കണക്കെടുത്തു. അപ്പച്ചനെ നോക്കി. അമ്മച്ചി വച്ചു തന്ന കഞ്ഞിയും ചോറും മാങ്ങാച്ചമ്മന്തിയും കഴിച്ചു. പൂഞ്ചോലയ്ക്കപ്പുറത്ത് ഞാന്‍ കണ്ടിട്ടില്ലാത്ത ലോകങ്ങളിലൂടെ ദിവസവും യാത്ര ചെയ്യാറുണ്ട്. ആല്‍ക്കഹോളിന്റെ നുരകളില്‍ നീന്തിനീന്തി ദുബായി വരെയെത്തിയ രാത്രികളുണ്ട്. വാറ്റുചാരായം കുടിച്ച ദിവസം സ്വര്‍ഗത്തിലെത്തി. കാഞ്ഞിരം ടൗണില്‍ ഏറ്റവും വൃത്തികെട്ടവരെന്നു ഞാന്‍ വിചാരിച്ചവരായിരുന്നു അവിടെയുണ്ടായിരുന്നവരെല്ലാം. ഫിറ്റായി ഭാര്യയെ തല്ലിയ സങ്കടത്തിനു ചൂടിക്കയര്‍ കഴുത്തിലണിഞ്ഞു സ്റ്റൂളില്‍ നിന്നു ചാടിയ അയ്യപ്പേട്ടന്‍. കളര്‍ പെന്‍സിലില്ലാതെ ക്ലാസില്‍ നിന്ന് ഇറക്കിവിട്ട മകന്‍ കരഞ്ഞ രാത്രിയില്‍ ആസിഡ് കുടിച്ച് മനസിന്റെ നീറ്റലൊതുക്കിയ തൊമ്മിച്ചന്‍. മുഖം തിരിച്ചറിയാത്ത വേറെ കുറേയാളുകള്‍. സ്വര്‍ഗത്തിലായിട്ടും ഒറ്റയ്ക്കായതിന്റെ സങ്കടത്തില്‍ അവരൊക്കെ ഓരോ മൂലയിലിരുന്നു കരയുന്നു. ഏകാന്തത വലിയ വേദനയാണെടാ. അത് അനുഭവിച്ചറിയണം. ഭൂമിയില്‍ ആരോരുമില്ലാത്തവരുടെ അവസ്ഥ നീ ചിന്തിച്ചിട്ടുണ്ടോ...? എന്തു മറുപടി പറയണമെന്ന് ഞങ്ങള്‍ നാലംഗ സംഘം ആലോചിക്കുന്നതിനു മുമ്പ് അവന്‍ തുടര്‍ന്നു. ഇല്ല. എനിക്കറിയാം. അതുകൊണ്ട്, ഞാന്‍ ഒരു അനാഥപ്പെണ്‍കുട്ടിയുടെ കൂട്ടുകാരനാവാന്‍ തീരുമാനിച്ചു. കോയമ്പത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് അച്ചന്‍ കുട്ടിയെ കണ്ടെത്തി. പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. ആരോരുമില്ലാത്ത ഒരു പെണ്‍കുട്ടിക്കു വേണ്ടി എന്റെ ജീവിതം മാറ്റി വയ്ക്കുന്നു. ശരിയും തെറ്റുമൊന്നും ഇതിലില്ല. എതിരഭിപ്രായവും പറയണ്ട. എല്ലാവരും കല്യാണത്തിനു വരണം.
ഒലവക്കോട് സൂര്യ ബാറില്‍ വേള്‍പൂളിന്റേതാണ് എ.സി. ആ ടൗണില്‍ നല്ല തണുപ്പിലിരുന്ന് മനസിനെ ഉല്ലാസയാത്രയ്ക്ക് വിടാവുന്ന ഏറ്റവും നല്ല സ്ഥലം ഇതാണെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവം. എന്നിട്ടും ഞങ്ങള്‍ നാലുപേരും വല്ലാതെ വിയര്‍ത്തു. ചില സമയത്തെ മൗനം കൂട്ടുകാരെപ്പോലും അകറ്റും. കാലാപാനി സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കറന്റ് പോകുന്നതുപോലെ. പുറമേയ്ക്കു കാണുന്നതുപോലെയല്ല. ആളുകള്‍ പല തരത്തിലാണ് ചിന്തിക്കുന്നത്. കഴുത്തിനു താഴെ നെഞ്ചിനുള്ളിലാണോ മനസ്. തത്ക്കാലം അങ്ങനെ വിശ്വസിക്കാം. ഓരോ വേര്‍പാടുകളിലും നഷ്ടങ്ങളിലും നെഞ്ചിടിപ്പു കൂടുന്നത് അതുകൊണ്ടായിരിക്കാം.
ജോലിയുടെ പതിവു ക്ഷീണവും സായന്തന നഗരത്തിന്റെ തിക്കും തിരക്കും വകഞ്ഞു മാറ്റി കണ്ണുകള്‍ തുറന്ന് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടക്കുമ്പോള്‍ മൊബൈല്‍ റിങ്ങിങ്. ചില സമയത്ത് ഇത്രത്തോളം വെറുപ്പിക്കുന്ന മറ്റൊരു വസ്തുവില്ല. ആരോടെങ്കിലും സംസാരിക്കണമെന്നു വിചാരിച്ച് വിളിച്ചാല്‍ ഔട്ട് ഓഫ് കവറേജ്. അല്ലെങ്കില്‍ നെറ്റ്വര്‍ക്ക് ബിസി. അല്‍പ്പനേരം ഒറ്റയ്ക്കിരിക്കാന്‍ മനസിനെ കുപ്പായമണിയിക്കുമ്പോള്‍ വൈകല്യം നടിച്ചെത്തുന്ന ഭിക്ഷക്കാരനെപ്പോലെ അസമയത്തു കോളിങ് ബെല്‍. ഇന്ത്യന്‍ റെയില്‍വെയിലെ ചായ കുടിച്ച ചവര്‍പ്പോടെയാണ് കാള്‍ അറ്റന്റ് ചെയ്തത്. സുനീഷാണ്. എറണാകുളം വരുന്നുണ്ട് അടുത്ത ദിവസം. കുറച്ചു സംസാരിക്കാനുണ്ട്, സീരിയസ്...
ഒരു രാത്രിക്കും പകലിനും ഇത്രയും നീളമുണ്ടോ...? കപ്പലുകളുടെ സൈറണ്‍ പശ്ചാത്തലമൊരുക്കിയില്ലെങ്കില്‍ ബിഥോവന്റെ മ്യൂസിക്കായിരുന്നു ആ സായാഹ്നത്തിന് അനുയോജ്യം. കല്യാണം കഴിഞ്ഞിട്ട് ഒറ്റ ദിവസം പോലും ഞാന്‍ ഉറങ്ങിയിട്ടില്ല. ഇന്നേയ്ക്ക് ആറു മാസം. അവള്‍ പ്രത്യേക ടൈപ്പാ. മുറിയില്‍ നിന്നു പുറത്തിറങ്ങില്ല. രാവിലെ കുളി കഴിഞ്ഞ് അടുക്കളയിലേക്കു വരും. അമ്മ ഉണ്ടാക്കി വച്ചതു കഴിക്കും. തിരിച്ചു മുറിയില്‍ വരും. കട്ടിലില്‍ വന്നു കിടക്കും. എല്ലാവരുമായി പരിചയമായിക്കഴിഞ്ഞാല്‍ ശരിയാകുമെന്നു വിചാരിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മുറി ഉള്ളില്‍ നിന്നു പൂട്ടിത്തുടങ്ങി. ചോദിച്ചതിനു മാത്രം മറുപടി. കറിക്ക് ഉപ്പുകൂടിയെന്നും തോരനില്‍ ഉപ്പില്ലെന്നും പറഞ്ഞ് അമ്മയോടു വഴക്കും തുടങ്ങി. വീടായാല്‍ ഇങ്ങനെയാണ്. അഡ്ജസ്റ്റ് ചെയ്യണം. നീ അടുക്കളയില്‍ കയറി എന്തെങ്കിലുമൊക്കെ ജോലി ചെയ്യണം. എല്ലാവരുമായി ഇടപഴകണം. അപ്പോള്‍ ഈ ലോണ്‍ലിനെസ് മാറും... പറഞ്ഞു തീരുന്നതിനു മുമ്പ് അവള്‍ കരഞ്ഞു തുടങ്ങിയിരുന്നു. ഞങ്ങളുടെ എല്ലാ രാത്രികളും, പിന്നീട് പകലുകളും ഇങ്ങനെയായി. കഴിഞ്ഞ ശനിയാഴ്ച ഞാന്‍ പറമ്പില്‍ പണി കഴിഞ്ഞു വരുമ്പോള്‍ അവള്‍ അമ്മയോടു വഴക്കിടുകയായിരുന്നു. അപ്പോഴത്തെ ദേഷ്യത്തിന് ഞാന്‍ എന്തൊക്കെയോ പറഞ്ഞു. അടുക്കളയില്‍ കയറി കുറച്ചു കഞ്ഞിയും കുടിച്ച് ഉമ്മറത്തു വന്നപ്പോള്‍ അമ്മ കരയുകയായിരുന്നു. കിട്ടിയതെല്ലാം ബാഗിലാക്കി അവള്‍ പോയി.
എങ്ങോട്ട്....?
ആ ചോദ്യം തന്നെയാണ് സുനീഷും ചോദിച്ചത്. വിവാഹം കഴിച്ചു വിട്ട പെണ്‍കുട്ടികള്‍ക്ക് അനാഥാലയത്തില്‍ പ്രവേശനമുണ്ടോ..? അന്വേഷിക്കാന്‍ ഇനി സ്ഥലമില്ല. കയറിച്ചെല്ലാന്‍ അവള്‍ക്കു ബന്ധുവീടില്ല.
എന്തായിരിക്കാം ആ കുട്ടിയെ സങ്കടപ്പെടുത്തിയത്, ദേഷ്യപ്പെടുത്തിയത്. സ്നേഹം എന്ന വാക്കിന് അവള്‍ സ്വയം ചിട്ടപ്പെടുത്തിയ അര്‍ഥം വേറെയായിരുന്നോ. ആയിരിക്കാം. അമ്മയില്ലാതെ, അച്ഛനില്ലാതെ, ഒരു താരാട്ടുപാട്ടിന്റെ ഈണം പോലും കേള്‍ക്കാതെ വളര്‍ന്ന അവള്‍ വേദനിച്ചിരിക്കാം, ഒരുപാട്. അതിലേറെ സങ്കടപ്പെടുന്നു ഈ മനുഷ്യന്‍. ഒരു അനാഥപ്പെണ്‍കുട്ടിയെ ജീവിത പങ്കാളിയാക്കിയതിന്റെ നൊമ്പരമല്ല അവന്റെ മുഖത്ത്. അവള്‍ ഇപ്പോള്‍ എവിടെയായിരിക്കും. വല്ലതും കഴിച്ചിട്ടുണ്ടാകുമോ... എവിടെയാ കിടന്നുറങ്ങുക...
മറൈന്‍ ഡ്രൈവിലെ അഡൈ്വര്‍ട്ടൈസിങ് ബോര്‍ഡുകളിലെ വെളിച്ചം അവന്റെ കവിളിലെ വെള്ളത്തുള്ളികളില്‍ പ്രതിബിംബങ്ങളുണ്ടാക്കി. ലഹരിയില്ലാത്ത വെള്ളത്തിന്റെ ഉപ്പുരസമാണ് കണ്ണീരിനെന്ന് അപ്പോള്‍ ഞാനും മനസിലാക്കുകയായിരുന്നു...