"അലസാംഗി നിവർന്നിരുന്നു, മെ-
യ്യലയാതാനതമേനിയെങ്കിലും;
അയവാർന്നിടയിൽ ശ്വസിച്ചു ഹാ!
നിയമം വിട്ടൊരു തെന്നൽ മാതിരി"
ചിന്താവിഷ്ടയായ സീതയിലെ ഈ നിശ്വാസം നാം മുൻപ് വായിച്ചിട്ടുണ്ട്. സീതയുടെ ആ നിയമം വിട്ട നിശ്വാസത്തിന്റെ ഊഷമാവ് പിൽക്കാലത്തു മുഴുവൻ സീതാകാവ്യത്തിന്റെ ചർച്ചകളിൽ സജീവമായിട്ടുമുണ്ട്. അതുപോലെ ശ്വാസത്തിന്റെ വിവിധ ഭാവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ജേക്കബ് എബ്രഹാമിന്റെ ശ്വാസഗതി എന്ന കഥ.(മാധ്യമം ആഴ്ചപ്പതിപ്പ്).
'ശ്വാസമപ്പൊ ഇത്രെ വല്യ സംഗതിയാണല്ലേ ന്റെ മുത്തപ്പ!' മീര ചിന്തിക്കുന്നതു പോലെ നമ്മളും ചിന്തിച്ചുപോകും കഥ വായിച്ചുകഴിയുമ്പോൾ. വളരെ ലളിതമായി എന്നാൽ അസാമാന്യമായ നിരീക്ഷണപാടവത്തോടെ പെണ്ണിന്റെ അവസ്ഥകളെ ശ്വാസഗതിയുമായി കൂട്ടികെട്ടുകയാണ് കഥാകൃത്ത്. യോഗ അഭ്യസിക്കാൻ പോകുന്നതോടെയാണ് പ്രധാന കഥാപാത്രമായ മീര മറ്റുള്ളവരുടെ ശ്വാസഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങുന്നത്. ഈ നിരീക്ഷണം അവളുടെ ജീവിതപരിസരങ്ങളിൽ തുടരുമ്പോൾ ആൺലോക ബോധ്യങ്ങളുടെ യാഥാർത്ഥ്യങ്ങളിലേക്ക് കഥ വികാസം പ്രാപിച്ചെത്തുന്നു. മനുഷ്യരുടെയും ജന്തുക്കളുടെയും പ്രകൃതിയുടെയും സൂക്ഷ്മമായ ശ്വാസഗതി വിഗതികൾ നിരീക്ഷിക്കുന്ന മീര ആത്യന്തികമായി വന്നെത്തുന്നത് മനുഷ്യരുടെ ശ്വാസ ഗതിയിലേക്കാണ്. ആ ശ്വാസ ഗതികളെ പ്രശ്നവൽക്കരിക്കുമ്പോഴാണ് മീരയെന്നല്ല, ലോകത്തെ സകലമാന സ്ത്രീകളും അനുഭവിക്കുന്ന ശ്വാസ പിടച്ചിലിന്റെ അവസ്ഥയെയാണ് കഥാകൃത്ത് എടുത്തുകാട്ടുന്നത് എന്ന തിരിച്ചറിവുണ്ടാകുന്നത്.
ഭർത്താവ് സജീവന്റെ ശ്വാസഗതി ഒരു ഓട്ടോറിക്ഷ കയറ്റം കയറുന്നത് പോലെ ശബ്ദമുണ്ടാക്കുന്നതായി മീര നിരീക്ഷിക്കുന്നു കൂർക്കം വലിക്കലിന്റെ ശബ്ദമേളത്തിൽ ഗതികേടോടെ ഉറക്കം വരാതെ കിടക്കുന്ന മീര ആലോചിക്കുന്നത്, 'പെണ്ണുങ്ങൾ കെട്ടാൻ പോകുന്ന ആണുങ്ങളോട് കൂർക്കം വലിക്കുമോയെന്ന ചോദ്യമാണ് ആദ്യം ചോദിക്കേണ്ടതെന്നാണ്'. കഥയിലെ എല്ലാ പെണ്ണുങ്ങളും ഒട്ടൊക്കെ ഉറക്കത്തിൽ നിശ്ശബ്ദരാണ്. സജീവന്റെ 'അമ്മ ശ്വാസം പോലും ഇല്ലാത്ത രീതിയിൽ നിശ്ശബ്ദമായാണ് ഉറങ്ങുന്നത്. മീര അവരോട് ചോദിക്കുന്നുണ്ട്: 'ഈ വയറ്റിൽ എങ്ങനെയാണ് കൂർക്കം വലിക്കാരനായ ഒരു മകൻ പിറന്നത്' എന്ന്. 'ഓന്റെ അച്ഛനും വലിയ കൂർക്കം വലിക്കാരനായിരുന്നു മോളെ' എന്ന മറുപടിയിൽ അവർ സ്വന്തം ഭർത്താവിന്റെ കൂർക്കം വലി കേട്ടപോലെ അലോസരപ്പെടുന്നു എന്നു കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. ഇവിടെ സ്ത്രീയുടെ എല്ലാ ദൈന്യതകൾക്കും തുടർച്ചയുള്ളതാണെന്ന സത്യം നാം മനസ്സിലാക്കുന്നു. താൻ ജോലി ചെയ്യുന്ന പുഞ്ചിരി ടെക്സ്റ്റയിൽസിലെ മുതലാളിയിൽ, യോഗ പഠിപ്പിക്കുന്ന ഗുരുജിയിൽ, പെരുകി നിന്ന് ശ്വാസം ഉള്ളിൽ പൊട്ടിനിർത്തുന്ന വിനീഷിൽ തുടങ്ങി ആണുങ്ങളുടെ ശ്വാസഗതികളിൽ പെണ്ണ് എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് അവൾ നിശ്ശബ്ദം തിരിച്ചറിയുന്നു.
കഥയിലെ യോഗാചാര്യനായ ഗുരുജിയെയും മീരയുടെ അച്ഛനെയും കുറിച്ചുള്ള പരാമർശങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടു ഡൈമെൻഷനിലുള്ള ഈ കഥാപാത്രങ്ങൾ വ്യത്യസ്‌ത രീതിയിൽ പാട്രിയാർക്കൽ വ്യവസ്ഥയുടെ രൂപകങ്ങളാണ്. കുടുംബത്തിനുള്ളിൽ അച്ഛൻ ശാസനയുടെ രൂപമായിരുന്നു എന്നു മീര ഓർക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ എല്ലാവിധ ശ്വാസ തുറന്നു വിടലുകളെയും അദൃശ്യമായ അധികാര കുരുക്കിൽ ശ്വാസം മുട്ടിച്ചു കൊല്ലുന്ന നിയന്ത്രണത്തിന്റെ പിതൃരൂപമാണ് മീരയ്ക്ക് സ്വന്തം അച്ഛൻ. അച്ഛന്റെ ചോദ്യങ്ങളിൽ ശ്വാസം മുട്ടുന്ന, മുന്നിൽ ചെന്നു പെട്ടാൽ ശ്വാസം നിലച്ചു പോകുന്ന കുട്ടിക്കാലമാണ് മീരയുടേത്. എന്നാൽ ഭർത്താവിന്റെ ബി.പി കൂടിയ ശ്വാസഗതിയെ പ്രതിരോധങ്ങളിലൂടെ മറികടക്കാൻ മീരയ്ക്ക് കഴിയുന്നുണ്ട്. യോഗ ചെയ്യിക്കുന്ന ഗുരുജിയുടെ നിയന്ത്രണാധികാരം സൗമ്യമാണ്. മൃദുഭാഷയിൽ അയാളുടെ കൽപ്പനകൾ/ചോദ്യങ്ങൾ വരുമ്പോൾ മീരയുടെ ശ്വാസം നിലച്ച പോലെയാകുന്നു. ആസനങ്ങൾ തെറ്റുമ്പോൾ അയാൾ മീരയെ മൃദുവായി ശാസിക്കുന്നു. യോഗയിലാണ് അവൾ തന്റെ പുതിയ ശ്വാസത്തെ/സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നത്. സർക്കാർ എല്ലാ പെണ്ണുങ്ങളെയും ഫ്രീയായി യോഗ പഠിപ്പിക്കണമെന്ന ചിന്ത അവളിൽ ഉണ്ടാകുന്നത് അതുകൊണ്ടാണ്. ഗുരുജിയുടെ നിയന്ത്രണാധികാരത്തിന് വിധേയയാകേണ്ട ഒരുവളാണോ മീര എന്ന സംശയം കഥയുടെ അവസാന ഭാഗം ഉണ്ടാക്കുന്നുണ്ട് എന്നതും പറയാതെ വയ്യ.
കഥയുടെ കേന്ദ്രമായി കഥാകൃത്ത് മീരയെക്കൊണ്ടു പറയിപ്പിക്കുന്ന ചില താക്കോൽ വാക്യങ്ങളുണ്ട്:
"അല്ലെങ്കിലും ശ്വാസം വിടാത്ത ജീവിതം പെണ്ണുങ്ങളുടേതാണല്ലോ. അകം മുറികളിലെ ഇരുട്ടിൽ പെട്ടുപോയ പെണ്ണുങ്ങളുടെ ദുഷിച്ച ശ്വാസം യുഗങ്ങളായി പെണ്ണിന്റെ ശ്വാസകോശങ്ങളിൽ നിറഞ്ഞു കിടക്കുകയായിരുന്നു. ആണുങ്ങൾ ഉമ്മ വെച്ചും കുഞ്ഞുങ്ങൾ പാലു കുടിച്ചും താലോലിച്ച മാർവിടങ്ങൾക്കിടയിൽ ഒരു ശ്വാസകോശമുണ്ടെന്ന് ഇവരൊക്കെ പലപ്പോഴും മറന്നു പോയിട്ടുണ്ടെന്നു യോഗയ്ക്ക് പോയതിന്റെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ മീര വിപ്ലവകരമായി ചിന്തിച്ചു തുടങ്ങി". ഇതിൽ നിന്നും കഥാകൃത്തിന്റെ പക്ഷം ആരുടെയൊപ്പമെന്നു കൃത്യമായി തെളിഞ്ഞു കിട്ടുകയും ചെയ്യുന്നു.