ഇവിടെയുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ് ...
കുറച്ചു ദിവസമായി ഫോണ്‍ അടുത്ത് വച്ചിട്ടേ കിടന്നുറങ്ങാറുള്ളൂ. പക്ഷെ വിളിയൊന്നും വന്നില്ല. മിസ്സ്ഡ് കോളും കണ്ടില്ല. ഇന്ന് പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ വന്നു. എന്റെ പേരില്ല. പോട്ടെ, എല്ലാത്തിനും അതിന്റെ സമയമുണ്ടല്ലോ.സ്ത്രീകള്‍ മൂന്നു പേരുണ്ട്. വലിയ സന്തോഷം.
യുവാക്കള്‍ പലരുണ്ട്. മന്ത്രിസഭയുടെ ശരാശരി പ്രായം അഞ്ചു വയസ്സെങ്കിലും കുറഞ്ഞിട്ടുണ്ട്. അതും സന്തോഷമാണ്. സുഹൃത്തുക്കള്‍ പലരും മന്ത്രിസഭയില്‍ ഉണ്ട്. പക്ഷെ ആശംസ അര്‍പ്പിക്കുന്നില്ല, പണിയാവരുതല്ലോ. ശൈലജ ടീച്ചര്‍ മന്ത്രിസഭയില്‍ ഇല്ല, അതില്‍ വിഷമമുണ്ട്. ആര്‍ക്കാണ് വിഷമം ഉണ്ടാകാത്തത്. '
നിപ്പയുടെ കാലം മുതല്‍ കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നില്‍ നിന്നും നയിച്ച ആളാണ്. കൊറോണയുടെ കാലത്ത് ലോകത്തിന് തന്നെ മാതൃകയായ ആളാണ്. കേരളത്തില്‍ ഏറ്റവും ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിച്ചു വിട്ട ഒരാളാണ്. ഇത്തരം ഒരാള്‍ മന്ത്രിസഭയില്‍ തുടരുമെന്ന് സ്വാഭാവികമായും ആരും പ്രതീക്ഷിക്കും, ആഗ്രഹിക്കുകയും ചെയ്യും. പക്ഷെ ആ വിഷമം ഒന്നും എല്ലാ മന്ത്രിമാരും പുതുമുഖങ്ങള്‍ ആകട്ടെ എന്നുള്ള പാര്‍ട്ടിയുടെ തീരുമാനം ഉണ്ടാക്കുന്ന സന്തോഷത്തിന്റെ മുന്നില്‍ ഒന്നുമല്ല.
ഈ പാര്‍ട്ടി ഇന്നലത്തെ പാര്‍ട്ടിയോ ഇന്നത്തെ പാര്‍ട്ടിയോ അല്ല, നാളത്തെ പാര്‍ട്ടിയാണെന്നും, നാളെയും ഇവിടെ തന്നെ ഉണ്ടാകുമെന്നതിന്റെ തെളിവാണ് യുവാക്കള്‍ ഉള്‍പ്പടെ ഉള്ള പുതുമുഖങ്ങള്‍ ആയ മന്ത്രിമാരുടെ നിര.രാഷ്ട്രീയത്തില്‍ ആളുകള്‍ ഇങ്ങനെ പൊതുവില്‍ ചെയ്യാറില്ല. എളുപ്പ വഴിയില്‍ ക്രിയ ചെയ്യാനാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് താല്പര്യം. 'never change a winning team' എന്നൊക്കെ പറയാം. പക്ഷെ പ്രയോഗത്തില്‍ റിസ്‌ക് എടുക്കാനുള്ള മടി. ജയിച്ചവര്‍ വീണ്ടും വീണ്ടും നില്‍ക്കുന്നു, രണ്ടോ മൂന്നോ തവണ ജയിച്ചു കഴിയുമ്ബോള്‍ അവര്‍ അതൊരു അവകാശമാക്കുന്നു. പറ്റുന്ന അധികാര സ്ഥാനങ്ങള്‍ ഒക്കെ കയ്യടക്കുന്നു.
പ്രായാധിക്യം കൊണ്ട് കാര്യങ്ങള്‍ ഒന്നും കൈകാര്യം ചെയ്യാന്‍ കഴിവില്ലെങ്കിലും കസേരയില്‍ പിടിച്ചിരിക്കുന്നു. അവര്‍ മാറിയാല്‍ അവരുടെ മക്കളോ മക്കളുടെ മക്കളോ ഒക്കെ അധികാരത്തില്‍ വരുന്നു, അല്ലെങ്കില്‍ വരാന്‍ ശഠിക്കുന്നു. കുടുംബ ബിസിനസ്സ് പോലെ അത്തരം പ്രസ്ഥാനങ്ങള്‍ കാലക്രമത്തില്‍ വരള്‍ച്ച മുരടിക്കുന്നു, നശിക്കുന്നു. ഇത് ബിസിനസ്സില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സ്ഥിരം കാഴ്ചയാണ്.എന്നിട്ടും രാഷ്ട്രീയക്കാര്‍ പഠിക്കുന്നില്ല എന്നതാണ് കഷ്ടം. നമ്മുടെ ചുറ്റില്‍ തന്നെ ഇതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്.അപ്പോള്‍ ഈ രീതി പിന്തുടരാതെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയും അധികാരം അവകാശമായും ജന്മാവകാശമായും മാറാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടി നമുക്കൊരു അതിശയമാണ്.
ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഇതില്‍ അല്പം റിസ്‌ക് എലമെന്റ് ഉണ്ട്. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയും ജയിക്കും എന്ന് നൂറു ശതമാനം ഉറപ്പുള്ളതുമായ തോമസ് ഐസക്കിനെയും ജി സുധാകരനെയും ഒക്കെ മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്ക് സീറ്റ് കൊടുക്കാന്‍ നിസ്സാരം രാഷ്ട്രീയ ധൈര്യം പോരാ. ജയിച്ചതിന് ശേഷം മന്ത്രിയാക്കാതിരിക്കുന്നത് പോലെ അല്ല തിരഞ്ഞെടുപ്പിന് മുന്‍പ് അവരെ മാറ്റി നിര്‍ത്തുന്നത്.ഇന്ത്യയിലെ സാഹചര്യത്തില്‍ രണ്ടു റിസ്‌ക് ഉണ്ട്.
ഒന്നാമത് മാറ്റി നിര്‍ത്തപ്പെടുന്നവര്‍ എന്ത് ചെയ്യും എന്നറിയില്ല. പാര്‍ട്ടി മാറുന്നത് മുതല്‍ കാലു വരുന്നത് വരെ നാട്ടു നടപ്പാണ്.ജനങ്ങള്‍ എന്ത് ചെയ്യുമെന്നറിയില്ല. നന്നായി പ്രവര്‍ത്തിക്കുന്നവരെ മാറ്റി നിര്‍ത്തുമ്ബോള്‍ എതിരാളിക്ക് കൊണ്ട് പോയി വോട്ട് ചെയ്യാനും മതി.സ്വന്തം നേതാക്കളിലും പ്രവര്‍ത്തകരിലും വോട്ടര്‍മാരിലും വിശ്വാസം ഉള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ ഇത്തരം റിസ്‌ക് എടുക്കാന്‍ സാധിക്കുകയുള്ളൂ.
അങ്ങനെ റിസ്‌ക് എടുക്കുന്ന രാഷ്ട്രീയ ധൈര്യം ഉള്ളതുകൊണ്ടാണ് ഈ പ്രസ്ഥാനം ഇവിടെ നില നില്‍ക്കുമെന്ന് നമുക്ക് വിശ്വാസം വരുന്നത്.പുതുമുഖങ്ങളുടെ ഈ മന്ത്രിസഭ ഏറെ സന്തോഷം നല്‍കുന്നു. ഇവരില്‍ ഇതിന് മുമ്ബുള്ളവരിലും കൂടുതല്‍ കഴിവുള്ളവര്‍ ഉണ്ടായേക്കും. അത് നമുക്ക് കാത്തിരുന്ന് കാണാം.
കേരള രാഷ്ട്രീയത്തില്‍ ടീച്ചര്‍ ഇനിയും കാണും എന്നതിലും എനിക്ക് ഒരു സംശയവും ഇല്ല. പി രാജീവിനെ രണ്ടാമത് രാജ്യസഭയിലേക്ക് അയക്കാതിരുന്നപ്പോഴും എത്രയോ ആളുകള്‍ അതാവശ്യപ്പെട്ടു, എന്തൊക്കെ സിദ്ധാന്തങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ ആ രാജീവ് മന്ത്രിയാകുന്നു. അതുപോലെ പാര്‍ട്ടിയിലും ഗവെര്‍ന്മേന്റിനലും ടീച്ചറുടെ കഴിവുകള്‍ ഇനിയും ഈ സമൂഹത്തിനായി ഉപയോഗിക്കപ്പെടുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.
പക്ഷെ അധികാര സ്ഥാനങ്ങള്‍ സ്ഥിരമല്ലെന്നും പ്രവര്‍ത്തകരില്‍ ആര്‍ക്കും അത് ലഭിക്കാമെന്നുള്ള സന്ദേശം ഇപ്പോള്‍ തന്നെ അണികള്‍ക്ക് കിട്ടിക്കഴിഞ്ഞു. രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ കുറച്ചു പേര്‍ക്ക് സ്ഥിരമായി കിട്ടുന്ന പാര്‍ട്ടികള്‍ ശോഷിച്ചു വരുന്നതും പുതുമുഖങ്ങളെ പരീക്ഷിക്കുന്ന പാര്‍ട്ടികള്‍ വിജയിച്ചു വരുന്നതും കേരള രാഷ്ട്രീയത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നതിന് സംശയം വേണ്ട. യുവാക്കളെങ്കിലും അക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.